യുക്തിദീക്ഷയും സഹനശീലവും

അബ്ദുല്‍ ജബ്ബാര്‍ മദീനി

2020 മാര്‍ച്ച് 28 1441 ശഅബാന്‍ 04

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 11)

വേണ്ടത് വേണ്ടരീതിയില്‍ വേണ്ടസമയം പ്രവര്‍ത്തിക്കല്‍ ഹിക്മത്താണ്. ശരി പറയലും ശരി പ്രവര്‍ത്തിക്കലും ശരിയായ വിശ്വാസം വെച്ചുപുലര്‍ത്തലും ഒരു വസ്തു വെക്കേണ്ടിടത്ത് വെക്കലും ഹിക്മത്താണ്. ഒരാള്‍ ഹിക്മത്തോടെ വര്‍ത്തിക്കുമ്പോള്‍ അവകാശങ്ങള്‍ അര്‍ഹരായവര്‍ക്ക് അയാള്‍ വകവെക്കുകയും അതില്‍ അതിരുവിടാതിരിക്കുകയും അത് കൃത്യസമയത്താക്കുകയും ചെയ്യും.

അറിവും വിവേകവും അവധാനതയും ഹിക്മത്തിന്റെ അടിസ്ഥാനങ്ങളാണ്. അജ്ഞതയും അവിവേക വും ധൃതിയും ഹിക്മത്തിനെ ഹനിക്കുന്നവയും അതിന് നിരക്കാത്തതുമാണ്. ഹിക്മത്ത് അല്ലാഹുവില്‍ നിന്നാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അത് അവന്‍ നല്‍കുന്നു:

''താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു (യഥാര്‍ഥ) ജ്ഞാനം നല്‍കുന്നു. ഏതൊരുവന്ന് (യഥാര്‍ഥ) ജ്ഞാനം നല്‍കപ്പെടുന്നുവോ അവന്ന് (അതുവഴി) അത്യധികമായ നേട്ടമാണ് നല്‍കപ്പെടുന്നത്'' (ക്വുര്‍ആന്‍ 2:269).

അല്ലാഹു–ഹിക്മത്ത് ഏകി അനുഗ്രഹിച്ച രണ്ടു മഹനീയ വ്യക്തിത്വങ്ങളായിരുന്നു ദാവൂദ് നബി(അ)യും പുത്രന്‍ സുലൈമാന്‍ നബി(അ)യും. ഗവേഷണാത്മക വിഷയങ്ങളില്‍, യുക്തിപരമായ തീരുമാനങ്ങളില്‍ ദാവൂദ് നബി(അ)യെക്കാള്‍ സുലൈമാന്‍ നബി(അ) മികച്ചുനിന്നതായി നമുക്ക് ചരിത്ര ത്തില്‍ വായിക്കാം. അബൂഹുറയ്‌റ(റ)യില്‍ നിന്നുള്ള ഒരു തിരുമൊഴി ഇപ്രകാരമുണ്ട്:

''രണ്ടു സ്ത്രീകള്‍, അവരോടൊപ്പം അവരുടെ ആണ്‍മക്കളുണ്ടായിരിക്കെ ഒരു ചെന്നായ വന്ന് രണ്ടില്‍ ഒരു കുഞ്ഞിനെ കൊണ്ടുപോയി. ഒരുവള്‍ തന്റെ കൂട്ടുകാരിയോടു പറഞ്ഞു: 'നിന്റെ കുഞ്ഞിനെയാണ് ചെന്നായ കൊണ്ടുപോയത്.' അപര പറഞ്ഞു: 'നിന്റെ കുഞ്ഞിനെയാണ് കൊണ്ടുപോയത്.' സ്ത്രീകള്‍ ഇരുവരും ദാവൂദ് നബി(അ)യോട് വിധി തേടി. ദാവൂദ് നബി(അ) മുതിര്‍ന്ന സ്ത്രീക്ക് കുഞ്ഞിനെ വിധിച്ചു. അങ്ങനെ അവരിരുവരും സുലൈമാന്‍ നബി(അ)യുടെ അടുക്കലേക്ക് പുറപ്പെട്ടു. സുലൈമാന്‍ നബിയെ അവരിരുവരും വിവരം അറിയിച്ചു. അദ്ദേഹം പറഞ്ഞു: 'ഒരു കത്തികൊണ്ടു വരൂ. ഇവര്‍ ഇരുവര്‍ക്കുമിടയില്‍ ഞാന്‍ കുഞ്ഞിനെ കഷ്ണിച്ചു വിഭജിക്കാം.' ഉടന്‍ ഇളയവള്‍ പറഞ്ഞു: 'അല്ലാഹു താങ്കളില്‍ കരുണ ചൊരിയട്ടെ. കുഞ്ഞ് അവരുടേതാണ്. നിങ്ങള്‍ കുഞ്ഞിനെ കഷ്ണിക്കരുത്.' അപ്പോള്‍ സുലൈമാന്‍ നബി(അ) കുഞ്ഞിനെ ഇളയവള്‍ക്കു വിധിച്ചു നല്‍കി'' (ബുഖാരി).

ഇവിടെ രണ്ടു സ്ത്രീകളുടെ കൈകളിലും ഒരു പോലെ ഇരിക്കുവാന്‍ കുട്ടി തയ്യാറായിക്കണ്ടതിനാലാണ് ദാവൂദ് നബി(അ) മൂത്ത സ്ത്രീക്ക് അവരുടെ വയസ്സു മാനിച്ച് അനുകൂലമായി വിധിച്ചത്. എന്നാല്‍ കുഞ്ഞ് രണ്ടു പേരുടെതും ആകുവാനുള്ള സാധ്യത സുലൈമാന്‍ നബി(അ) കാണുകയാണ്. അതിനാല്‍ അദ്ദേഹം നല്ല രീതിയില്‍ ഗവേഷണം നടത്തി. രണ്ടു പേരുടെതും ഗവേഷണമായിരുന്നു. എന്നാല്‍ പിതാവിനെക്കാള്‍ ബുദ്ധികൂര്‍മതയായിരുന്നു പുത്രനായ സുലൈമാന്‍ നബിക്ക്.

ഹിക്മത്ത് അല്ലാഹു അരുളി അനുഗ്രഹിച്ച മഹദ്‌വ്യക്തിത്വമായിരുന്നു മുഹമ്മദ് നബി ﷺ . തിരുന ബിയുടെ ഹിക്മത്തുള്ള പെരുമാറ്റങ്ങളും മൊഴികളും ധാരാളമാണ്. തന്റെ ജനതയോട് തികഞ്ഞ ഹിക്മത്തോടെ വര്‍ത്തിച്ച ഒരു ചരിത്രത്തിലേക്കു മാത്രം ഇവിടെ വെളിച്ചമേകുന്നു:

സംരക്ഷകനായിരുന്ന പിതൃവ്യന്‍ അബൂത്വാലിബിന്റെയും പ്രിയപത്‌നി ഖദീജ(റ)യുടെയും മരണശേ ഷം ബഹുദൈവവിശ്വാസികളുടെ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ താങ്ങാവുന്നതിലുമധിക മായി തിരുനബി ﷺ ക്ക്. അതിനാല്‍ തിരുമേനി മക്കയില്‍നിന്ന് ത്വാഇഫിലേക്ക് പലായനം ചെയ്തു. ത്വാഇ ഫിലെത്തിയ ശേഷം ഉത്തരവാദപ്പെട്ടവരോട് തന്റെ ദൗത്യ നിര്‍വഹണത്തിന് തന്നെ സഹായിക്കണമെന്നും തനിക്ക് അഭയംനല്‍കണമെന്നും കേണപേക്ഷിച്ചു. പരിഹാസങ്ങളും കുത്തുവാക്കുകളും മാത്രമായിരുന്നു അവരുടെ പ്രതികരണം. അവര്‍ അവിവേകികളെയും അടിമകളെയും തിരുമേനിക്കെതിരില്‍ പ്രലോഭിപ്പിച്ച് ഇളക്കി വിട്ടു. തിരുമേനി പ്രാണനും കൊണ്ടോടി. അവര്‍ കൂക്കി വിളിച്ച് പിറകെയും. ഓടുവാന്‍ ഉയര്‍ത്തുന്ന ഓരോകാലും നോക്കി വഴിവക്കില്‍ കല്ലുകളുമായി കാത്തുനിന്നവര്‍ തിരുമേനിയെ എറിഞ്ഞു. ഇരു കാലുകളിലും മുറിവുകള്‍ വീണു. രക്തം വാര്‍ന്നൊലിച്ചു. വാരകള്‍ക്കപ്പുറം ഒരു മതിലിനുള്ളിലെ തോട്ട ത്തില്‍ തിരുമേനി ﷺ  തല്‍കാലം രക്ഷപ്രാപിച്ചു. ത്വാഇഫുകാര്‍ ഏറും കൂവും മതിയാക്കി മടങ്ങി. തിരുമേനി ﷺ  പറയുന്നു: 'ക്വര്‍നുഥആലിബ് എന്ന സ്ഥലത്തെത്തിയപ്പോള്‍ ഞാന്‍ തലയുയര്‍ത്തി. അപ്പോഴതാ ഒരു കാര്‍മേഘം എനിക്ക് തണല്‍വിരിച്ചിരിക്കുന്നു. ജിബ്‌രീല്‍ എന്നെ വിളിക്കുന്നു: 'നിശ്ചയം അല്ലാഹു താങ്കളുടെ ജനതയുടെ സംസാരവും താങ്കളോട് അവര്‍ പ്രതികരിച്ചതും കേട്ടിരിക്കുന്നു. അവരുടെ വിഷയത്തില്‍ താങ്കള്‍ ഉദ്ദേശിക്കുന്നത് കല്‍പിക്കുവാനായി മലകുല്‍ജിബാലിനെ അല്ലാഹു താങ്കളിലേക്ക് അയച്ചിരിക്കുന്നു. അപ്പോള്‍ മലകുല്‍ജിബാല്‍ എന്നെ വിളിച്ചു. എനിക്ക് സലാം പറഞ്ഞു. ശേഷം പറഞ്ഞു: 'മുഹമ്മദ്! താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അഖ്ശബയ്ന്‍(മക്കയിലെ അബൂഖുബയ്‌സ്, ക്വുഐക്വിആന്‍ എന്നീ രണ്ടു പര്‍വതങ്ങള്‍) അവരുടെമേല്‍ മറിച്ചിടുവാന്‍ അല്ലാഹു പറഞ്ഞിരിക്കുന്നു.' തിരുനബി പറഞ്ഞു: 'വേണ്ട. അല്ലാഹുവെ മാത്രം ആരാധിക്കുന്ന, അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാത്തവരെ അല്ലാഹു അവരുടെ മുതുകില്‍ നിന്ന് ജന്മമേകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.''

പ്രശ്‌നങ്ങളില്‍ അവസരോചിതമായി ഇടപെടലും അത് കൈകാര്യം ചെയ്യലും അതില്‍ ഉചിതമായി സംസാരിക്കലും ഒരു വ്യക്തിയുടെ ഹിക്മത്താണ് വിളിച്ചറിയിക്കുന്നത്. നബി ﷺ യുടെ വിയോഗാനന്തരം ഉമര്‍(റ) ഏറെ വിഷമം പ്രകടിപ്പിക്കുകയും വികാരഭരിതനാവുകയുമുണ്ടായി. തിരുമേനി മരണപ്പെട്ടു എന്ന വാര്‍ത്ത നിരാകരിച്ചുകൊണ്ട് ഉമര്‍(റ) സംസാരിക്കുവാനും പെരുമാറുവാനും തുടങ്ങി. തിരുനബി ﷺ യോടുള്ള സ്‌നേഹാധിക്യത്താല്‍ മാത്രമായിരുന്നു അതെല്ലാം. ഈ സന്ദര്‍ഭത്തില്‍ അബൂബകറി(റ)ന്റെ ഹിക്മത്തോടു കൂടിയുള്ള പ്രസംഗവും സമീപനങ്ങളും ഇപ്രകാരം ചരിത്രത്തില്‍ വായിക്കാം:

 ''നിശ്ചയം, ഉമര്‍ ജനങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ അബൂബകര്‍ വന്നു. അദ്ദേഹം ഉമറിനോട് പറഞ്ഞു: 'താങ്കള്‍ ഇരിക്കൂ.' ഉമര്‍ വിസമ്മതിച്ചു. അബൂബകര്‍ പ്രസംഗിക്കുവാനെന്നോണം സാക്ഷ്യവചനങ്ങള്‍ ചൊല്ലി. ജനങ്ങള്‍ അദ്ദേഹത്തിലേക്ക് അടുക്കുകയും ഉമറിനെ ഒഴിവാക്കുകയും ചെയ്തു. അബൂകര്‍ ഇപ്രകാരം പ്രസംഗിച്ചു: 'നിങ്ങളില്‍ വല്ലവരും മുഹമ്മദിനെ ആരാധിച്ചിരുന്നുവെങ്കില്‍ നിശ്ചയം മുഹമ്മദ് മരണപ്പെട്ടിരിക്കുന്നു. വല്ലവരും അല്ലാഹുവെ ആരാധിച്ചിരുന്നുവെങ്കില്‍ അല്ലാഹു മരണമില്ലാത്തവനും എന്നെന്നും ജീവിച്ചിരിപ്പുള്ളവനുമാകുന്നു. അല്ലാഹു പറഞ്ഞിരിക്കുന്നു: മുഹമ്മദ് അല്ലാഹുവിന്റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്''(ക്വുര്‍ആന്‍ 3:144). അല്ലാഹുവാണെ സത്യം! അബൂബകര്‍ പാരായണം ചെയ്യുന്നതുവരെ ജനങ്ങള്‍ ആ ആയത്ത് അറിയാതെ അദ്ദേഹത്തില്‍ നിന്ന് അത് സ്വീകരിച്ചവരെപ്പോലെയായി. അതോടെ പ്രസ്തുത ആയത്ത് എല്ലാവരും പാരായണം ചെയ്യുന്നതായി കേള്‍ക്കപ്പെട്ടു.''

 

സഹനശീലം

കോപം വരുമ്പോള്‍ സ്വന്തത്തെ നിയന്ത്രിക്കലും പ്രതികരിക്കുവാനും പ്രതിഷേധിക്കുവാനും പ്രാപ്തിയുണ്ടായിട്ടും ആത്മനിയന്ത്രണം അവലംബിക്കലുമാണ് ഹില്‍മ് (സഹനശീലം). വിശ്വാസികള്‍ ഇത്തരം സ്വഭാവക്കാരാകണമെന്നത് വിശുദ്ധ വചനങ്ങളുടെ തേട്ടവും ആഹ്വാനവുമാണ്. തത്തുല്യ പ്രതികരണവും തിന്മയെ തിന്മകൊണ്ട് ചെറുക്കലും ഇസ്‌ലാം വിലക്കി. തിന്മയെ നന്മകൊണ്ട് തടുക്കുവാനും മാപ്പേകുവാനും വിട്ടുവീഴ്ച ചെയ്യുവാനും പ്രോത്സാഹനം നല്‍കി.

''നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും,അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക'' (ക്വുര്‍ആന്‍ 7:199).

''നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു'' (ക്വുര്‍ആന്‍ 41:34).

ബനൂഅബ്ദില്‍ക്വയ്‌സ് ഗോത്രത്തിലെ അശജ്ജിനോട് തിരുദൂതര്‍ പറഞ്ഞു:''താങ്കളില്‍ രണ്ടു സ്വഭാ വങ്ങളുണ്ട്. അവ രണ്ടും അല്ലാഹു ഇഷ്ടപ്പെടുന്നു; വിവേകവും അവധാനതയും'' (മുസ്‌ലിം).

 അനസി(റ)ല്‍നിന്ന് നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു: ''സാവകാശം അല്ലാഹുവില്‍ നിന്നാണ്. ധൃതി പിശാചില്‍ നിന്നുമാണ്. അല്ലാഹുവെക്കാള്‍ കൂടുതല്‍ ഒഴിവുകഴിവുകളെടുക്കുന്ന ഒരാളുമില്ല. ഹംദിനോളം അല്ലാഹുവിലേക്ക് ഇഷ്ടകരമായ യാതൊന്നുമില്ല'' (മുസ്‌നദു അബീയഅ്‌ലാ. അല്‍ബാനി ഹസനെന്നു വിശേഷിപ്പിച്ചു).

അബൂഹുറയ്(റ)യില്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ''ശക്തന്‍ ഗുസ്തിപിടിച്ചു നിലം പറ്റിക്കുന്നവനല്ല. കോപം വരുമ്പോള്‍ ആത്മനിയന്ത്രണം പാലിക്കുന്നവനാണ് ശക്തന്‍'' (ബുഖാരി, മുസ്‌ലിം).

സഹനശീലത്തിന്റെ മഹത്ത്വമറിയിക്കുന്ന മഹല്‍വചനങ്ങള്‍ ധാരാളാമണ്. അലിയ്യ് ഇബ്‌നുഅബീത്വാലിബ്(റ) പറഞ്ഞു: ''താങ്കളുടെ സമ്പത്തും സന്തതികളും വര്‍ധിക്കലല്ല നന്മ. പ്രത്യുത, താങ്കളുടെ അറിവ് വര്‍ധിക്കലും സഹനശീലം മഹത്തരമാകലും അല്ലാഹുവിന്ന് ഇബാദത്തെടുത്ത് ജനങ്ങളോട് പെരുമകാണിക്കാതിരിക്കലുമാണ് നന്മ. താങ്കള്‍ സുകൃതം ചെയ്താല്‍ അല്ലാഹുവെ സ്തുതിക്കുക. തെറ്റു ചെയ്താല്‍ അല്ലാഹുവോട് പൊറുക്കലിനെ തേടുക'' (ഹില്‍യതു അബീനുഐം 1:75).

സഹനത്തിന്റെ അനിവാര്യതയും പ്രാധാന്യവമറിയിക്കുന്ന ഒരു വചനം കാണുക: ഉമര്‍ ഇബ്‌നു അബ്ദില്‍അസീസില്‍(റഹ്)നിന്നു നിവേദനം:''അഞ്ചു സ്വഭാവങ്ങള്‍ ഉണ്ടാകുന്നതുവരെ ഒരാള്‍ ക്വാദി (വിധികര്‍ത്താവ്) ആകല്‍ ഭൂഷണമല്ല. പവിത്രത, വിവേകം, തന്റെ മുമ്പുണ്ടായിരുന്നത് (വിധികളും സുന്നത്തുകളും) അറിയുന്നവനാകല്‍, ബുദ്ധിയുള്ളവരോടു കൂടിയാലോചന നടത്തല്‍, അല്ലാഹുവിന്റെ വിധി നടപ്പാക്കുന്നതില്‍ യാതൊരു ആക്ഷേപകന്റെയും ആക്ഷേപത്തെ ഭയക്കാതിരിക്കല്‍ എന്നിവയാണവ'' (അല്‍ബാനിയുടെ ഇര്‍വാഉല്‍ഗലീല്‍ 8:239).

തിരുനബി ﷺ യില്‍ വിവേകവും സഹനവും മികച്ച് നില്‍ക്കുമായിരുന്നു. അവിവേകിയുടെ പെരുമാറ്റം നബി ﷺ യെ കൂടുതല്‍ വിവേകമുള്ളവനാക്കുകയും ചെയ്തിരുന്നു. സെയ്ദ് ഇബ്‌നുസഅ്‌ന എന്ന ജൂത പുരോഹിതന്‍ തന്റെ അനുഭവം നോക്കൂ:

ഒരു ദിനം അദ്ദേഹം തിരുനബി ﷺ യോടൊത്ത് നില്‍ക്കവെ, ഒരാള്‍ തന്റെ വാഹനപ്പുറത്ത് ആഗതനായി. ഒരു ഗ്രാമത്തിലെ മുസ്‌ലിംകള്‍ കാലക്കെടുതികളിലും കഷ്ടപ്പാടുകളിലുമാണെന്ന വിവരം പറഞ്ഞു. അവരെ സഹായിക്കുവാനുള്ള സമ്പത്ത് നബി ﷺ യുടെ കയ്യിലില്ലായിരുന്നു. ആ സമയം സെയ്ദ് ഇബ്‌നുസഅ്‌നഃ തിരുനബി ﷺ യുടെ അടുത്തുചെന്ന് പറഞ്ഞു: 'ഇതാ എണ്‍പത് സ്വര്‍ണ നാണയങ്ങള്‍. നിര്‍ണിത തീയതിയായാല്‍ പകരം ഈ സംഖ്യക്കൊത്ത കാരക്ക തന്ന് കടംവീട്ടിയാല്‍ മതി.' തിരുനബി ﷺ  അത് സ്വീകരി ക്കുകയും വാഹനപ്പുറത്തെത്തിയ വ്യക്തിയെ ഏല്‍പിക്കുകയും ചെയ്തു. നബി ﷺ  അയാളോട് പറഞ്ഞു: 'ആ ഗ്രാമവാസികളിലേക്ക് മടങ്ങിച്ചെന്ന് അവരെ സഹായിക്കൂ.'

സെയ്ദ് ഇബ്‌നുസഅ്‌ന പറയുന്നു: ''വ്യവസ്ഥപ്രകാരം ബാധ്യത തീര്‍ക്കുവാന്‍ രണ്ടുമൂന്ന് നാളുകള്‍ ശേഷിക്കുന്നുണ്ട്. നബി ഒരു ജനാസയെ അനുഗമിച്ച് ബക്വീഅ് ക്വബ്‌റിസ്ഥാനിലേക്ക് പുറപ്പെട്ടതായിരുന്നു. അനുചരന്മാരില്‍ അബൂകറും ഉമറും ഉഥ്മാനും മറ്റുമുണ്ട്. ജനാസ നമസ്‌കരിച്ച തിരുമേനി ചാരിയിരിക്കുവാന്‍ ഒരു ചുമരിനരികിലേക്ക് അടുത്തപ്പോള്‍ ഞാന്‍ അടുത്ത് ചെന്നു. അദ്ദേഹത്തിന്റെ കുപ്പായ മാറും ശിരോവ സ്ത്രവും കൂട്ടി അദ്ദേഹത്തെ കടന്നുപിടിച്ചു. പരുഷമായ മുഖഭാവത്തോടെ അദ്ദേഹത്തെ രൂക്ഷമായി നോക്കി. ഞാന്‍ പറഞ്ഞു: 'മുഹമ്മദ്, എന്നോടുള്ള ബാധ്യത വീട്ടുന്നില്ലേ? നിങ്ങള്‍, അബ്ദുല്‍മുത്ത്വലിബിന്റെ മക്കള്‍ ബാധ്യത തീര്‍ക്കുന്നതില്‍ അമാന്തിക്കുന്നവരാണ്. നിങ്ങളോടുള്ള ഇടപഴകലില്‍ എനിക്ക് നിങ്ങളെ യെല്ലാം നന്നായി അറിയാം.' സെയ്ദ് ഇബ്‌നുസഅ്‌നഃ തുടരുന്നു: 'ഞാന്‍ ഉമറിനെ നോക്കി. കോപാകുലനായ ഉമറിന്റെ ഇരുകണ്ണുകളും ഗോളങ്ങള്‍ക്ക് സമാനമായി അദ്ദേഹത്തിന്റെ മുഖത്ത് കറങ്ങുന്നു. എന്നെ നോക്കി ഉമര്‍ പറഞ്ഞു: 'ശത്രൂ, തിരുദൂതരോടാണോ നീ ഇതെല്ലാം പറയുന്നതും ചെയ്യുന്നതും? അല്ലാഹു വാണെ, ഞാന്‍ ചില കാര്യങ്ങള്‍ ഭയക്കുന്നില്ലായിരുന്നുവെങ്കില്‍ എന്റെ ഈ വാളുകൊണ്ട് നിന്റെ തല ഞാന്‍ കൊയ്യുമായിരുന്നു. എന്നാല്‍, തിരുദൂതരാകട്ടെ തീര്‍ത്തും ശാന്തനാണ്. തികഞ്ഞ അടക്കത്തോടെ അദ്ദേഹം എന്നെ നോക്കുന്നു. അദ്ദേഹം ഉമറിനെ വിളിച്ചു: 'ഉമര്‍, ഞാനും സെയ്ദ് ഇബ്‌നുസെയ്‌നയും നിങ്ങളുടെ കോപം മൂത്ത പെരുമാറ്റം ആവശ്യമുള്ളവരല്ല. പ്രത്യുത, നല്ല നിലക്ക് ബാധ്യത തീര്‍ക്കുവാന്‍ എന്നോടും നല്ലരീതിയില്‍ അത് സ്വീകരിക്കുവാന്‍ അദ്ദേഹത്തോടും ആവശ്യപ്പെടുകയായിരുന്നു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. ഉമര്‍, നിങ്ങള്‍ അദ്ദേഹത്തിന്റെ കൂടെ പോയി അദ്ദേഹത്തിന്റെ ബാധ്യത തീര്‍ക്കുക. നിങ്ങള്‍ അദ്ദേഹത്തെ ഭയപ്പെടുത്തിയതിന് പകരമായി ഇരുപത് സ്വാഅ് ഈന്തപ്പഴം കൂടുതല്‍ നല്‍കുകയും ചെയ്യുക.' സെയ്ദ് ഇബ്‌നു സെയ്‌ന തുടരുന്നു: 'ഉമര്‍ എന്നെ കൂട്ടി നടന്നു. ശേഷം എന്റെ കടംവീട്ടി. ഇരു പത് സ്വാഅ് ഈന്തപ്പഴം കൂടുതല്‍ നല്‍കുകയും ചെയ്തു. ഞാന്‍ ചേദിച്ചു: ഏറെ നല്‍കിയത് എന്തിനാണ്? ഉമര്‍: 'ഞാന്‍ നിങ്ങളെ ഭയപ്പെടുത്തിയതിന് പകരമായി കൂടുതല്‍ നല്‍കുവാന്‍ തിരുദൂതര്‍ പറഞ്ഞതാണ്. ഞാന്‍ പറഞ്ഞു: 'ഉമര്‍, താങ്കള്‍ക്ക് ഞാന്‍ ആരെന്ന് അറിയുമോ?' ഉമര്‍: 'ഇല്ല, ആരാണ് താങ്കള്‍?' ഞാന്‍ പറഞ്ഞു: 'സെയ്ദ് ബ്‌നു സെയ്‌നയാണ്.' ഉമര്‍: 'വേദപണ്ഡിതന്‍?' ഞാന്‍ പറഞ്ഞു: 'അതെ, വേദപണ്ഡിതന്‍.' ഉമര്‍: 'തിരുദൂതരോട് പരുഷമായി പെരുമാറുവാനും സംസാരിക്കുവാനും നിങ്ങളെ പ്രേരിപ്പിച്ചത് എന്താണ്?' ഞാന്‍ പറഞ്ഞു: 'ഉമര്‍, തിരുദൂതരുടെ മുഖത്തേക്ക് ഒരുനോക്ക് നോക്കിയപ്പോള്‍ തന്നെ പ്രവാചകത്വത്തിന്റെ ലക്ഷണങ്ങളെല്ലാം അദ്ദേഹത്തില്‍ ഒത്തതായി ഞാന്‍ മനസ്സിലാക്കി. ശേഷിക്കുന്നത് രണ്ടെണ്ണം മാത്രമാണ്; അവയെ കുറിച്ച് എനിക്ക് വിവരം ലഭിച്ചില്ല. 'വിവേകം അദ്ദേഹത്തില്‍ മികച്ച് നില്‍ക്കും, അദ്ദേഹത്തോടുള്ള അവിവേകിയുടെ പെരുമാറ്റം അദ്ദേഹത്തെ കൂടുതല്‍ വിവേകമുള്ളവനാക്കും' ഇവയായിരുന്നു അവ രണ്ടും. ഇതോടെ അവ രണ്ടും തീര്‍ച്ചയായും ഞാന്‍ പരീക്ഷിച്ചറിഞ്ഞിരിക്കുന്നു. ഉമര്‍, താങ്കളെ ഞാന്‍ സാക്ഷിയാ ക്കുന്നു; തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ആരാധ്യനായും ഇസ്‌ലാമിനെ മതമായും മുഹമ്മദിനെ പ്രവാച കനായും തൃപ്തിപ്പെട്ടിരിക്കുന്നു.''

അതിനുശേഷം സെയ്ദ് ഇബ്‌നുസെയ്‌ന തിരുസവിധത്തില്‍വെച്ച് ഇസ്‌ലാം ആശ്ലേഷിച്ചു. ഇതു പോലുള്ള സംഭവങ്ങള്‍ തിരുചരിതത്തില്‍ ധാരാളമാണ്. നബിപുംഗവന്മാരില്‍ ചിലരുടെ സ്വഭാവങ്ങളെ അല്ലാഹു എടുത്തു പറയുമ്പോള്‍ അവരുടെ സഹനശീലത്തെ പ്രത്യേകം പറഞ്ഞതായി നമുക്ക് കാണാം. ഇസ്മാഈലി(അ)നെ കുറിച്ച് അല്ലാഹു–പറയുന്നു: 'അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു'' (ക്വുര്‍ആന്‍ 37:101).

തന്നെ അറുക്കണമെന്ന നാഥന്റെ കല്‍പന പിതാവ് ഇബ്‌റാഹീം(അ) ഇസ്മാഈലി(അ)നെ അറിയിച്ചപ്പോള്‍ ഇസ്മാഈലിന്റെ പ്രതികരണം അദ്ദേഹത്തിന്റെ സഹനശീലവും അവധാനതയും സഹിഷ്ണുതയുമാണ് വിളിച്ചറിയിക്കുന്നത്. അദ്ദേഹം പറഞ്ഞതു നോക്കൂ:

''അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കെണ്ടത്തുന്നതാണ്'' (ക്വുര്‍ആന്‍ 37:102).

ഇബ്‌റാഹീം നബി(അ)യും അപ്രകാരം സഹനീശീലവും അവധാനതയുമുള്ള പ്രവാചകനായിരുന്നു. വിശുദ്ധ ക്വുര്‍ആനില്‍ രണ്ടിടങ്ങളില്‍ അദ്ദേഹത്തിനുള്ള വിശേഷങ്ങള്‍ നോക്കൂ: ''തീര്‍ച്ചയായും ഇബ്‌റാഹീം സഹനശീലനും ഏറെ അനുകമ്പയുള്ളവനും പശ്ചാത്താപമുള്ളവനും തന്നെയാണ്'' (ക്വുര്‍ആന്‍ 11:75).

''തീര്‍ച്ചയായും ഇബ്‌റാഹീം ഏറെ താഴ്മയുള്ളവനും സഹനശീലനുമാകുന്നു'' (ക്വുര്‍ആന്‍ 9:114).

കോപം വരുമ്പോള്‍ സ്വന്തത്തെ നിയന്ത്രിക്കലും പ്രതികരണ ശേഷിയുണ്ടായിട്ടും പ്രതികരിക്കാതെ സഹിഷ്ണുത അവലംബിക്കലും മഹത്തായ കാര്യമാണ്. അത്തരക്കാര്‍ ഏറെ വിശിഷ്ടരുമാണ്. ചില തിരുമൊഴികള്‍ ഇവിടെ നല്‍കുന്നു:

മുആദ്അല്‍ജുഹനി(റ)യില്‍നിന്ന് നിവേദനം. തിരുദൂതര്‍ പറഞ്ഞു: ''ആരെങ്കിലും കോപം നടപ്പിലാക്കു വാന്‍ കഴിവുണ്ടായിട്ടും അത് അടക്കിയാല്‍ അന്ത്യനാളില്‍ അയാളെ അല്ലാഹു മുഴുസൃഷ്ടികള്‍ക്കിടയില്‍ പ്രശംസിച്ചുകൊണ്ട് വിളിക്കും. ശേഷം സ്വര്‍ഗീയസ്ത്രീകളില്‍ താനുദ്ദേശിക്കുന്നവരെ തെരഞ്ഞെടുക്കുവാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യം നല്‍കും'' (സുനനുത്തിര്‍മിദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ഇബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ''ജനങ്ങളില്‍ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടക്കാരന്‍ കോപം അടക്കുന്നവനാണ്. വല്ലവനും തന്റെ ദേഷ്യം അടക്കിയാല്‍ അയാളുടെ നഗ്നത അല്ലാഹു മറക്കുന്നതാണ്. ഒരാള്‍, അയാളുദ്ദേശിച്ചാല്‍ തന്റെ കോപം തീര്‍ക്കാന്‍ അയാള്‍ക്ക് സാധി ക്കുന്നതാണ്, എന്നിട്ടും അയാള്‍ അത് ഒതുക്കിയാല്‍ അന്ത്യനാളില്‍ അയാളുടെ ഹൃദയം അല്ലാഹു തൃപ്തി കൊണ്ട് നിറക്കുന്നതാണ്'' (മുഅ്ജമുത്ത്വബറാനി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).