ജനങ്ങളെ കേള്‍ക്കാത്ത ഭരണാധികാരികള്‍

നബീല്‍ പയ്യോളി

2020 മാര്‍ച്ച് 28 1441 ശഅബാന്‍ 04

ഈയിടെ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായ ഒരു കൊച്ചുപെണ്‍കുട്ടിയുണ്ട്; ലിസിപ്രിയ എന്ന എട്ടുവയസ്സുകാരി. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ കാലാവസ്ഥ പ്രവര്‍ത്തകയാണ് മണിപ്പൂര്‍ സ്വദേശിനിയായ ലിസിപ്രിയ. മാര്‍ച്ച് എട്ട്, വനിതാദിനത്തിന് തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് കരുത്തുറ്റ ഏതെങ്കിലും സ്ത്രീകളായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. സ്ത്രീസമൂഹത്തിന് നല്‍കുന്ന അംഗീകാരം എന്ന നിലയിലാണത്രെ അദ്ദേഹം ഇങ്ങയെയൊരു പ്രഖ്യാപനം നടത്തിയത്.

അതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് നല്‍കിയ അംഗീകാരം നിരസിച്ചിരിക്കുകയാണ് കാലാവസ്ഥ പ്രവര്‍ത്തകയായ ലിസിപ്രിയ കംഗുജം. ലിസിപ്രിയ തങ്ങള്‍ക്ക് പ്രചോദനമായ സ്ത്രീകളില്‍ ഒരാളാണ് എന്ന് ങ്യ ഏീ് കിറശമ ട്വീറ്റ് ചെയ്തിരുന്നു. 2019ല്‍ അവള്‍ 'ഡോ. എ.പി.ജെ അബ്ദുല്‍ കലാം ചില്‍ഡ്രന്‍ അവാര്‍ഡി'ന് അര്‍ഹയായിരുന്നു. കൂടാതെ ലോക ശിശുസമാധാന സമ്മാനം, ഇന്ത്യാ സമാധാന സമ്മാനം എന്നിവയ്ക്കും അര്‍ഹയായിട്ടുണ്ട്.

'അവള്‍ പ്രചോദനമാണെന്ന് നിങ്ങള്‍ കരുതുന്നില്ലേ? അവളെപ്പോലെ ആരെയെങ്കിലും നിങ്ങള്‍ക്ക റിയാമോ? ഞങ്ങളെ അറിയിക്കൂ. ഹാഷ് ടാഗ് #ടവലകിുെശൃലഡെ'െ എന്നായിരുന്നു ട്വീറ്റ്. പക്ഷേ, ലിസിപ്രിയ ആ അംഗീകാരം നിരസിക്കാന്‍ തീരുമാനിച്ചു. അതിനു കാരണമായി പറഞ്ഞത് പ്രധാനമന്ത്രി തനിക്ക് പറയാനുള്ളതിന് ശ്രദ്ധനല്‍കുന്നില്ല എന്നതായിരുന്നു. ട്വീറ്റിന് മറുപടിയായി ലിസിപ്രിയ ഇങ്ങനെ കുറിച്ചു: 'പ്രിയപ്പെട്ട മോദി ജീ, നിങ്ങള്‍ എന്റെ ശബ്ദം കേള്‍ക്കുന്നില്ലെങ്കില്‍ നിങ്ങളെന്നെ ആഘോഷിക്കുകയും ചെയ്യരുത്. #ടവലകിുെശൃലഡെെന്റെ ഭാഗമായി രാജ്യത്തെ പ്രചോദനമായി മാറിയ സ്ത്രീകളുടെ കൂട്ടത്തില്‍ എന്നെക്കൂടി തെരഞ്ഞെടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. പലതവണ ചിന്തിച്ചതിനുശേഷം ഞാന്‍ ഈ ആദരം നിരസിക്കുകയാണ്.'

മറ്റൊരു ട്വീറ്റില്‍, 'സര്‍ക്കാര്‍ എനിക്ക് പറയാനുള്ളത് കേള്‍ക്കുന്നില്ല. ഇന്ന് അവരെന്നെ രാജ്യത്തെ പ്രചോദനമാകുന്ന സ്ത്രീകളില്‍ ഒരാളായി കണക്കാക്കിയിരിക്കുന്നു. അത് ശരിയാണോ?' എന്നും ലിസിപ്രിയ ചോദിച്ചു. സോഷ്യല്‍മീഡിയയില്‍ നിരവധിപേര്‍ ലിസിപ്രിയയെ പിന്തുണച്ചുകൊണ്ട് മുന്നോട്ട് വന്നു. സമകാലിക സാമൂഹിക സാഹചര്യത്തില്‍ ഈ നിലപാടിന് ഏറെ പ്രസക്തിയുണ്ട്.

രാജ്യത്തെ പ്രധാനമന്ത്രി നല്‍കിയ വലിയ ഒരു അംഗീകാരമാണ് ആ കൊച്ചുമിടുക്കി നിരസിച്ചത്. അതിനവളെ പ്രേരിപ്പിച്ചത് ഭരണീയരെ കേള്‍ക്കാന്‍ തയ്യാറാവാത്ത ഭരണാധികാരിയാണ് പ്രധാനമന്ത്രി എന്നതായിരുന്നു. ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്ന കാര്യമാണ് തന്നെ മറ്റുള്ളവര്‍ കേള്‍ക്കണം എന്നുള്ളത്. ഒരാളുടെ സുഖദുഃഖങ്ങള്‍ പങ്കുവെക്കാനും ആശയങ്ങള്‍ കൈമാറാനും മറ്റുള്ളവര്‍ അയാളെ കേള്‍ക്കണം. കുടുംബനാഥന്‍  മുതല്‍ ഭരണാധികാരികള്‍ വരെ ഈ കേള്‍വിയില്‍ നിന്നും ഒളിച്ചോടുന്നത് അനീതിയാണ്.

ഇന്ത്യയെന്ന ജനാധിപത്യരാജ്യത്ത് പ്രത്യേകിച്ചും ഭരണാധികാരികള്‍ ജനങ്ങളെ കേള്‍ക്കാതിരിക്കുന്നത് വലിയ അപരാധമാണ്. ഏതാനും വര്‍ഷങ്ങളായി മോദി ഭരണകൂടം ഈ നിലപാടാണ് സ്വീകരിച്ചു വരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിഷേധങ്ങളും രാജ്യത്ത് പലഘട്ടങ്ങളിലായി നടന്നു. ഭരണകൂടം വെച്ചുനീട്ടിയ പരമോന്നത ബഹുമതികള്‍ മുതല്‍ ഭരണകൂടത്തിന്റെ ഭാഗമായവരില്‍ നിന്ന് ബിരുദം പോലും സ്വീകരിക്കുകയില്ലെന്ന ധീരമായ നിലപാട് സ്വീകരിച്ച പലരും ഇന്നലകളില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ തെറ്റായ നിലപാടുകളില്‍ പ്രതിഷേധിച്ച് ഉന്നത സര്‍ക്കാര്‍ ഉദേ്യാഗം രാജിവെച്ചവര്‍ വേറെയും. ഇന്നും അത് തുടരുന്നു. നാളെയും അങ്ങനെയുണ്ടാവും.

രാജ്യത്തിന്റെ ഭരണഘടനയും പൈതൃകവും തുല്യനീതിയും സമാധാനവും സഹവര്‍ത്തിത്വവും സമത്വവുമടക്കം മുഴുവന്‍ മൂല്യങ്ങളും സംരക്ഷിക്കപ്പെടേണ്ട സാഹചര്യങ്ങളില്‍ അതിന്റെ ബാധ്യതയുള്ളവര്‍ കുറ്റകരമായ മൗനം പാലിക്കുന്നത് നീതീകരിക്കാവതല്ല. അധികാരസ്ഥാനങ്ങളിലേക്ക് കടന്നുകയറാനുള്ള കേവലം ചവിട്ടുപടികള്‍ മാത്രമായി രാജ്യത്തെ ജനതയെ കാണുകയും അധികാരം കൈകളില്‍ ഭദ്രമായാല്‍ അവരെ മറക്കുകയും ചെയ്യുന്നത് നല്ല ഭരണാധികാരികള്‍ക്ക് ചേര്‍ന്നതല്ല. തെരഞ്ഞടുപ്പ് സമയത്ത് കാണിക്കുന്ന കോപ്രായങ്ങളും കപടനാടകങ്ങളും അധികാരം നിലനിര്‍ത്താനുള്ള പൊടിക്കൈകള്‍ മാത്രമാണെന്ന് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു.

നിരപരാധികള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ഇരയാകുമ്പോഴും അധികാരത്തിന്റെ ഉന്നതങ്ങളില്‍ വിരാജിക്കുന്നവര്‍ പോലും പിഞ്ചുബാലികയെയും അല്ലാത്തവരെയും ക്രൂരമായി ബലാല്‍ക്കാരം ചെയ്യുമ്പോഴും അതിന് കൂട്ടുനില്‍ക്കുമ്പോഴും, വര്‍ഗീയതയുടെ അന്ധതയില്‍ മനുഷ്യനെ ചുട്ടുകൊല്ലുമ്പോഴും ഉയരുന്ന നിലവിളികള്‍ കേള്‍ക്കാതിരിക്കാന്‍ എങ്ങനെ ഒരു ഭരണകൂടത്തിന് സാധിക്കുന്നു എന്നത് അത്ഭുതകരമാണ്. വിഷലിപ്തമായ പ്രസ്താവനകള്‍ നടത്തി ഒരു നാടിനെ മുഴുവന്‍ സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടവര്‍ക്ക് പോലീസ് സംരക്ഷണവും നീതിതേടിയവര്‍ക്ക് ശിക്ഷയും വിധിക്കുന്നവര്‍ എങ്ങനെ രാജ്യത്തെ സംരക്ഷിക്കുന്ന ഭരണകൂടമാവും? പീഡിതര്‍ക്ക് ചെവികൊടുക്കാത്തവരെ എങ്ങനെ ജനങ്ങള്‍ അവരുടെ പ്രതിനിധികളായി ഭരണാധികാരികളെ കണക്കാക്കും?

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ ആസൂത്രിതമായ വംശീയ ഉന്‍മൂലനം നടത്തുമ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ കുറ്റകരമായ മൗനം പാലിക്കുകയായിരുന്നു. കലാപകാരികള്‍ക്ക് ഒത്താശ ചെയ്യുകയായിരുന്നു നിയമപാലകര്‍. സ്വന്തം മൂക്കിനുതാഴെ മനുഷ്യജീവനുകള്‍ ചുട്ടെരിക്കപ്പെടുമ്പോള്‍ ജീവനുവേണ്ടി യാചിച്ചവരുടെ രോദനങ്ങള്‍ കേള്‍ക്കാതിരിക്കുന്ന ഭരണാധികാരികള്‍ തരുന്ന ഏതൊരു അംഗീകാരവും നിരസിക്കുക തന്നെ വേണം. മറിച്ചാണെങ്കില്‍ അത് അവര്‍ക്ക് നല്‍കുന്ന ധാര്‍മിക പിന്തുണയായി അവര്‍ കാണുകയും ഈ നിലപാടുകള്‍ തുടരുകയും ചെയ്യും. ഭരണകൂടത്തെ തിരുത്താന്‍ കഴിയാവുന്നത്ര മാഗങ്ങള്‍ സ്വീകരിക്കുകതന്നെ വേണം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ നിലപാട് എടുക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്. സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കും വ്യക്തിഗത നേട്ടങ്ങള്‍ക്കും അപ്പുറം താന്‍ ജീവിക്കുന്ന നാടിനും സമൂഹത്തിനും വേണ്ടി ചെറുതും വലുതുമായ ഇടപെടലുകള്‍ നടത്തുക എന്നത് ഏതൊരാളുടെയും ബാധ്യതയാണ്. രാജ്യത്തെ കേള്‍ക്കാത്ത ഭരണാധികാരികളോട് പുറംതിരിഞ്ഞു നില്‍ക്കല്‍ ധീരമമായ നിലപാട് തന്നെയാണ്.