വിദ്യാര്‍ഥി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാവില്ല

അര്‍ഷദ് താനൂര്‍

2020 ജനുവരി 18 1441 ജുമാദല്‍ അവ്വല്‍ 23

അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന വിദ്യാര്‍ഥികളെ അക്രമങ്ങള്‍ കൊണ്ട് നിശ്ശബ്ദരാക്കാനുള്ള ശ്രമമാണ് ജെ.എന്‍.യുവില്‍ നടന്നത്. യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ ഫീസ് ക്രമാതീതമായി ഉയര്‍ത്തിയ നടപടിക്കെതിരെ മാസങ്ങള്‍ക്ക് മുമ്പ് നടന്ന പ്രക്ഷോഭത്തിന് ശേഷം വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി എടുത്ത തീരുമാനങ്ങള്‍ കാറ്റില്‍ പറത്തും വിധം വീണ്ടും ഫീസ് ഉയര്‍ത്തുകയായിരുന്നു ജെ.എന്‍.യു അധികാരികള്‍. ഇതിനെതിരെ വീണ്ടും പ്രക്ഷോഭം നടത്തിയ സ്റ്റുഡന്‍സ് യൂണിയന്‍ ഭാരവാഹികളെയും വിദ്യാര്‍ഥികളെയും തല്ലിച്ചതയ്ക്കുകയായിരുന്നു എ.ബി.വി.പി ഗുണ്ടകള്‍. ക്യാമ്പസിന് പുറത്തുനിന്നുള്ളവര്‍ അടക്കം നൂറുകണക്കിന് അക്രമികളാണ് ക്യാമ്പസിനുള്ളില്‍ നരനായാട്ട് നടത്തിയത്. വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ച് മര്‍ദിച്ചും ലേഡീസ് ഹോസ്റ്റലില്‍ കയറി വിദ്യാര്‍ഥിനികളെ ആക്രമിച്ചും ഗുണ്ടകള്‍ ക്യാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

ദിവസങ്ങള്‍ക്കു മുമ്പേ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി പ്ലാന്‍ ചെയ്താണ് ഹോസ്റ്റലില്‍ നടപ്പിലാക്കിയ അക്രമങ്ങള്‍. മുഖം മറച്ചെത്തിയ അക്രമികള്‍ സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റ് ഐഷ ഘോഷ്, പ്രൊഫസര്‍ സുചിത്ര സെന്‍ എന്നിവരടക്കമുള്ളവരെ ഇരുമ്പു ദണ്ഡുകളും മറ്റു മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

ഈ അക്രമങ്ങള്‍ ഒക്കെയും നടന്നത് ഡല്‍ഹി പോലീസിന്റെ കണ്‍മുന്നില്‍ വച്ചായിരുന്നു എന്നത് അധികാരികള്‍ ഈ നരനായാട്ടിന് മൗനാനുവാദം നല്‍കുകയായിരുന്നു എന്നതിന് വ്യക്തമായ തെളിവാണ്. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിക്കുവാന്‍ വന്ന ആംബുലന്‍സ് പോലും തടഞ്ഞുനിര്‍ത്തി ആഹ്ലാദ പ്രകടനം നടത്തുകയായിരുന്നു ഇക്കൂട്ടര്‍.

എന്‍.ആര്‍.സി, സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി എന്നീ ക്യാമ്പസുകളില്‍ പോലീസിനെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത് അധികാരികളുടെ ഒത്താശയോടെയുള്ള ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കാണ്.

ഇന്ത്യന്‍ ജനത സി.എ.എ എന്ന കരിനിയമത്തിനെതിരെ ഒന്നിക്കുമ്പോള്‍ ഭ്രാന്തുപിടിച്ച് ജനക്കൂട്ടത്തെ ഇളക്കിവിട്ട് ന്യായമായ സമരങ്ങളെ അടിച്ചമര്‍ത്താം എന്നാണ് കരുതുന്നതെങ്കില്‍ അത് വ്യാമോഹം മാത്രമാണ്. ആധുനിക ഇന്ത്യയുടെ ശില്‍പിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നാമധേയത്തിലുള്ള, രാജ്യത്തെ ഉന്നത കലാലയത്തെ തന്നെ അക്രമത്തിന് തിരഞ്ഞെടുത്ത് സമരങ്ങളുടെ പ്രഭവകേന്ദ്രങ്ങങ്ങളെ അടിച്ചമര്‍ത്തി വിദ്യാര്‍ഥിലോകത്തെ നിശ്ശബ്ദരാക്കാം എന്നാണ് വര്‍ഗീയവാദികള്‍ വിചാരിക്കുന്നത്.

അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍, അനീതിക്കെതിരെ പോരാടാന്‍ വിദ്യാര്‍ഥി സമൂഹം എന്നും മുന്നിലുണ്ടാവും. രണ്ടാം സ്വാതന്ത്ര്യ സമരം വിജയം കാണുന്നത് വിദ്യാര്‍ഥികളിലൂടെ തന്നെയായിരിക്കും. അക്രമങ്ങള്‍ കൊണ്ടും അധികാരദണ്ഡ് കൊണ്ടും തങ്ങളെ അനീതിക്കെതിരെ ശബ്ദിക്കുന്നതില്‍നിന്നും തടയാനാവില്ല എന്നു തന്നെയാണ് വിദ്യാര്‍ഥി സമൂഹത്തിന് ഉറക്കെ പ്രഖ്യാപിക്കാനുള്ളത്.