അഭിമാനം കവരുന്ന സൗജന്യ ഭക്ഷ്യക്കിറ്റുകള്‍

അബൂഹംദ ആലിക്കല്‍

2020 മെയ് 09 1441 റമദാന്‍ 16

'കൊറോണ വൈറസ് ഡിസീസ് 2019' എന്ന 'കോവിഡ്19' ലോകത്തെ വലിയ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്നു. ഈ വൈറസ്ബാധ നിമിത്തം മരണപ്പെട്ടവരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. രോഗ ബാധിതര്‍ ഇരുപത് ലക്ഷത്തിനു മുകളിലാണ്.  

നമ്മുടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണവും മരണപ്പെട്ടവരുടെ എണ്ണവും ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ താരതമ്യേന കുറവാണ്. രാജ്യം പരിപൂര്‍ണ ജാഗ്രതയിലാണ്. കേന്ദ്രഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും സമയാസമയം ഗൗരവതരമായ മുന്നറിയിപ്പുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. വിദേശത്തേക്കുള്ള യാത്രകളും വിദേശത്തുനിന്നുള്ള തിരിച്ചുവരവുകളും നിര്‍ത്തിവെച്ചിട്ട് ആഴ്ചകളോളമായി. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ നമ്മുടെ സംസ്ഥാനമാകട്ടെ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ്.

ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് കഴിഞ്ഞ മാര്‍ച്ച് 22ാം തീയതി രാജ്യം മുഴുവന്‍ കര്‍ഫ്യൂ ആചരിച്ചു. തുടര്‍ന്ന് കേരള സര്‍ക്കാര്‍ മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. എന്നാല്‍ അതിനു പുറകെ കേന്ദ്രഗവണ്‍മെന്റ് ഏപ്രില്‍ 14 വരെ ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് 'ലോക്ക്ഡൗണ്‍' പ്രഖ്യാപിച്ചു. ശേഷം പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണയായി.

ഈ അവസ്ഥയില്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ പ്രയാസങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. രാജ്യത്തെ ജനങ്ങള്‍ പലവിധ ജോലികള്‍ ചെയ്തുകൊണ്ട് നിത്യവൃത്തിക്കുള്ള വക കണ്ടെത്തുന്നവരാണ്. കൂറെ പേര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. അതിലേറെയാളുകള്‍ ചെറുകിട വ്യാപാരികളും കൂലിത്തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരായും ഉണ്ട്. ഇതില്‍ ഏറെ പരിതാപകരമാണ് കൂലിപ്പണി ചെയ്തുകൊണ്ട് ദൈനംദിന ചെലവ് കണ്ടെത്തുന്നവരുടെ അവസ്ഥ. അവരെ സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്. പാവപ്പെട്ടവന്റെ പ്രയാസങ്ങള്‍ നീക്കം ചെയ്യാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.

കേരളം ഈ രംഗത്ത് നല്ല മാതൃകയാണ്.  ഇതിനകം കേരള ജനത അഭിമുഖീകരിച്ച പ്രയാസങ്ങളെയെല്ലാം നിഷ്പ്രയാസം തരണം ചെയ്തിട്ടുണ്ട്. കേരള ജനതയുടെ കൈമെയ് മറന്ന സഹകരണവും നിഷ്‌കളങ്ക മനോഭാവവും തന്നെയാണ് ഇതിനുപിന്നിലെ കരുത്ത് എന്ന് ലോകം അഭിപ്രായപ്പെട്ടു. തുടര്‍ച്ചയായി രണ്ടു വര്‍ഷങ്ങളില്‍ സംഭവിച്ച പ്രളയത്തില്‍ ഒരുപാട് പേര്‍ക്ക് സ്വന്തം കിടപ്പാടങ്ങള്‍ നഷ്ടമായി. ജീവിതമാര്‍ഗം വഴിമുട്ടി. ഈ ഘട്ടത്തില്‍ കേരള സര്‍ക്കാറും കേരളത്തിലെ വ്യത്യസ്ത മതസംഘടനകളും കൂട്ടായ്മകളും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തു.

കോവിഡ്19 കേരളത്തിലേക്ക് പ്രവേശിക്കുന്ന സമയത്ത് വയനാട്ടിലും അടിവാരം, ഈങ്ങാപ്പുഴ ഭാഗങ്ങളിലും കുരങ്ങ് പനി പ്രത്യക്ഷപ്പെട്ടപ്പോള്‍ കോഴിക്കോട് മലപ്പുറം ജില്ലകളിലെ ചില സ്ഥലങ്ങളില്‍ പക്ഷിപ്പനി പ്രകടമായി. നിപ വൈറസ് വരുത്തിയ ദുരന്തം കെട്ടടങ്ങും മുമ്പാണ് ഇതെല്ലാം എന്നോര്‍ക്കണം.

സാക്ഷര സമൂഹമായ കേരള ജനതയുടെ മുമ്പില്‍ പക്ഷേ, ഇതിനൊന്നും നിലനില്‍പില്ലായിരുന്നു. നഷ്ടപ്പെട്ടവരുടെ നഷ്ടങ്ങളെ സ്വന്തം നഷ്ടങ്ങളായി കണക്കിലെടുത്ത് അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ഒന്നിച്ച് കൈകോര്‍ത്തു.

ഇതിനിടയില്‍ ചിലരെങ്കിലും തങ്ങളുടെ പ്രസ്ഥാനത്തിന്റെ മൈലേജ് കൂട്ടാന്‍ തങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന വീടുകള്‍ കൈമാറുമ്പോഴും ഭക്ഷണപ്പൊതികളും അവശ്യവസ്തുക്കളുടെ കിറ്റുകളും മറ്റും അതിനര്‍ഹരായ പാവപ്പെട്ടവര്‍ക്ക് നല്‍കുമ്പോഴും ആ പാവങ്ങള്‍ അത് ഏറ്റുവാങ്ങുന്ന ഫോട്ടോ എടുക്കാനും അത് വാര്‍ത്തയാക്കാനും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാനും ശ്രമിക്കുന്നതായി കണ്ടു. പ്രവര്‍ത്തനത്തിന്റെ സുതാര്യത അവകാശപ്പെടാന്‍ രേഖകള്‍ നല്ലതുതന്നെ. എന്നാല്‍ അത് വാങ്ങുന്നവന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കാതെ ചെയ്യലല്ലേ മാന്യത?

സമ്പന്നരും ദരിദ്രരും അടങ്ങുന്നതാണ് സമൂഹം. പരസ്പരം സഹകരിച്ചും സ്‌നേഹിച്ചും സഹായിച്ചും ജീവിക്കുമ്പോഴാണ് കെട്ടുറപ്പുള്ള, ബലവത്തായ ഒരു സമൂഹമായി മാറുക. സമൂഹത്തിലെ ദരിദ്രരെയും പാവപ്പെട്ടവരെയും സംരക്ഷിക്കല്‍ കഴിവുള്ളവരുടെ ബാധ്യതയാണ്. ഇവിടെയാണ് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ സകാത്തിന്റെ പ്രസക്തി നാം തിരിച്ചറിയേണ്ടത്. സമൂഹത്തിലെ ധനികരും സമ്പന്നരുമായ ആളുകളില്‍നിന്ന് അവരിലെ ധനത്തിന് നല്‍കേണ്ട സകാത്തിന്റെ വിഹിതം ശേഖരിക്കുകയും സകാത്തിനര്‍ഹരായ സമൂഹത്തിലെ എട്ട് വിഭാഗം ആളുകള്‍ക്ക് അത് നല്‍കുകയും ചെയ്യേണ്ടതുണ്ട്.

''ദാനധര്‍മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്രന്മാര്‍ക്കും അഗതികള്‍ക്കും അതിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്‌ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും കടംകൊണ്ട് വിഷമിക്കുന്നവര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തിലും വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ അത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്'' (ക്വുര്‍ആന്‍ 9:60).

മേല്‍ വചനത്തില്‍ പറയപ്പെട്ട രണ്ടാമത്തെ വിഭാഗം അഗതികള്‍ അഥവാ പാവപ്പെട്ടവരാണ്. ആരാണ് യഥാര്‍ഥത്തില്‍ പാവപ്പെട്ടവര്‍? ജോലിയുണ്ട്, വീടുണ്ട്, ചിലപ്പോള്‍ ചെറിയ വാഹനവും ഉണ്ടാവാം. എങ്കിലും കിട്ടുന്ന വേദനം നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനും ആശുപത്രി ചെലവുകള്‍ക്കും മക്കളുടെ പഠനചെലവുകള്‍ക്കും മറ്റും തികയാതെ വരികയും എന്നാല്‍ തങ്ങളുടെ അഭിമാനത്തെയയോര്‍ത്ത് മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടി യാചിക്കാതിരിക്കുന്നവരുമാണ് അവര്‍. ഇവര്‍ സമൂഹത്തില്‍ ധാരാളമുണ്ട്. അന്വേഷിച്ചാല്‍ മത്രമെ ഇത്തരക്കാരെ കണ്ടുപിടിക്കാനാവൂ. ഇത്തരക്കാരുടെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോത്സാഹനം കാണിക്കാത്തവരെ കടുത്ത ഭാഷയിലാണ് ക്വുര്‍ആന്‍ വിമര്‍ശിക്കുന്നത്.

''മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്. പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍'' (ക്വുര്‍ആന്‍ 107:3).

പാവപ്പെട്ടവന് ഭക്ഷണം നല്‍കാതിരിക്കുന്നതും അതിന് പ്രേരണ നല്‍കാത്തതും എത്രത്തോളം ഗൗരവമുള്ള കാര്യമാണ് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. സന്തോഷകരമെന്നു പറയട്ടെ, കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന പാവങ്ങള്‍ക്ക് പലരൂപത്തിലും സഹായ സഹകരണങ്ങള്‍ ചെയ്തുകൊടുക്കുന്ന പല സന്നദ്ധ സംഘടനകളുമുണ്ട്.

എടുത്തുപറയേണ്ട കാര്യമാണ് ഈ അവസരത്തില്‍ കേരള സര്‍ക്കാരിന്റെ ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍. റേഷന്‍ സംവിധാനത്തിലൂടെ ഫ്രീ റേഷനും അതോടൊപ്പം തന്നെ 18ഓളം പലവ്യഞ്ജനങ്ങള്‍ അടങ്ങുന്ന കിറ്റും ഓരോ റേഷന്‍ കാര്‍ഡ് ഉടമക്കും നല്‍കാന്‍ തീരുമാനിച്ചു എന്നത് ശ്ലാഘനീയമാണ്. അതുപോലെ തന്നെ പല മതസംഘടനകളും നാട്ടുകൂട്ടങ്ങളും റസിഡന്‍സ് അസോസിയേഷനുകളും വ്യക്തികളുമൊക്കെ ഈ രംഗത്ത് പരമാവധി സഹായവുമായി രംഗത്തുണ്ട്.

നേരത്തെ സൂചിപ്പിച്ച പോലെ, ഈ സഹായം നല്‍കല്‍ പ്രയാസപ്പെടുന്നവരുടെ അഭിമാനത്തിന് ക്ഷതമേല്‍പിച്ചുകൊണ്ടാകരുത്. വാട്‌സാപ്പില്‍ വന്ന ഒരു വീഡിയോ കണ്ടു. അതിന്റെ ഉള്ളടക്കം ഇതാണ്: ഒരു കൂട്ടായ്മയിലുള്ള രണ്ടോ മൂന്നോ പേര്‍ ഒരു സൗജന്യ കിറ്റുമായി ഒരു വീട്ടുകാരന്റെ അടുത്ത് വരുന്നു. അയാള്‍ കതക് തുറന്ന് പുറത്ത് വരുന്നു. വന്നവര്‍ കാര്യങ്ങള്‍ പറയുന്നു, കിറ്റുകള്‍ അയാള്‍ക്ക് കൈമാറുന്നു. ആ സമയം വന്നവരില്‍ ഒരാള്‍ കിറ്റ് വാങ്ങുന്ന വ്യക്തിയുടെ ഫോട്ടോ എടുക്കുന്നു. ഉടന്‍ ആ വീട്ടുകാരന്‍ അവര്‍ നല്‍കിയ കിറ്റ് തിരിച്ച് കൊടുത്തുകൊണ്ട് പറയുന്നു: 'ഞാന്‍ ഇതിനര്‍ഹനല്ല. നിങ്ങള്‍ വേറെ അളുകള്‍ ഉണ്ടോ എന്നന്വേഷിക്ക്.' ഇതും പറഞ്ഞ് അയാള്‍ വീട്ടിനകത്ത് കയറി വാതില്‍ അടച്ച് വിതുമ്പുന്നു. ഭാര്യ ചോദിക്കുന്നു: 'ഹേയ്, മനുഷ്യാ! ഇവിടെ നമ്മളല്ലാതെ ആരാ അതിനര്‍ഹര്‍?' അദ്ദേഹം നൊമ്പരത്തോടെ പറയുന്നു: 'കാര്യം നമ്മള്‍ പാവങ്ങളൊക്കെ തന്നെയാ. പക്ഷേ, നമുക്കുമില്ലേ അഭിമാനം?'

ഇത് നിര്‍മിത വീഡിയോ അല്ലേ എന്ന് പറഞ്ഞ് ന്യായീകരിക്കേണ്ടതില്ല. സമാനമായ സംഭവങ്ങള്‍ എത്രയോ നടന്നിട്ടുണ്ട്. നടക്കുന്നുണ്ട്. സമൂഹത്തില്‍ പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ പ്രവര്‍ത്തിക്കുന്നവര്‍ ചിന്തിക്കുക, ഇതിനകം എത്ര പേരുടെ അഭിമാനം നിങ്ങള്‍ കവര്‍ന്നു? ആരെയൊക്കെ നിങ്ങള്‍ അപമാനിച്ചു നിങ്ങളുടെ സഹായഹസ്തം സ്വീകരിച്ചതിന്റെ പേരില്‍? ആരെയുമില്ല എന്നാണ് ഉത്തരമെങ്കില്‍ അഭിമാനിക്കാം. അല്ലെങ്കില്‍....

അല്ലാഹു പറയുന്നു: ''ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും. (അവര്‍ പറയും:) അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍ നിന്ന് യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല'' (ക്വുര്‍ആന്‍ 76:8,9).

പാവപ്പെട്ടവരെ സഹായിക്കുക. അവര്‍ക്ക് തണലാവുക. വ്യക്തിപ്രഭാവം ആഗ്രഹിച്ചുകൊണ്ടല്ല, സംഘടന വളര്‍ത്താനല്ല, പാര്‍ട്ടി വലുതാക്കാനല്ല, കൊടുക്കുന്നവരില്‍ നിന്ന് ഒരു നന്ദിവാക്ക് പോലും പ്രതീക്ഷിച്ചുമല്ല. പരലോകത്ത് ലഭിക്കുന്ന പ്രതിഫലം മാത്രം ആഗ്രഹിച്ച് ആത്മാര്‍ഥമനസ്സോടെ നല്‍കുക. അതില്‍ മാനസികോല്ലാസം കണ്ടെത്തുക.

സമൂഹത്തില്‍ ചില വ്യക്തികളും ചില സംഘടനകളും വളരെ മാതൃകപരമായി ഇത്തരം ദൗത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. അവര്‍ നല്‍കുന്നതിന്റെ ഫോട്ടോ പ്രചരിപ്പിക്കാറില്ല. എന്നാല്‍ സുതാര്യതക്ക് വേണ്ടി കൃത്യമായ എണ്ണവും കണക്കും സൂക്ഷിക്കാറുണ്ട്. തങ്ങള്‍ ആര്‍ക്ക് സഹായം നല്‍കുന്നു എന്നത് അവര്‍ സമൂഹത്തോട് കൊട്ടിഘോഷിക്കാറില്ല. അതിനാല്‍ തന്നെ ആരുടെയും അഭിമാനത്തിന് അത് ക്ഷതമേല്‍പിക്കുന്നില്ല. ആയിരങ്ങളുടെ കാഴ്ചയിലേക്ക് അത് എത്തുന്നില്ല.

ഈ ഒരു രീതിയാണ് നാം പിന്‍പറ്റേണ്ടത്. ഒരാളുടെയും അഭിമാനം നാം കാരണം നഷ്ടപ്പെട്ടുകൂടാ. അഭിമാനം പവിത്രമാണെന്ന പ്രവാചക വചനം ഓര്‍ക്കുക.