ഇസ്‌ലാം നന്മയാണ്

നബീല്‍ പയ്യോളി

2020 ഏപ്രില്‍ 18 1441 ശഅബാന്‍ 25

കൊറോണ വൈറസ് ലോകമാകെ പടര്‍ന്നുപിടിച്ചിരിക്കുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗവും വീടുകളില്‍ ഒതുങ്ങിക്കഴിയുകയാണ്. നോക്കൂ, നാം എത്ര നിസ്സാരന്മാരാണ്! രോഗങ്ങള്‍  നമ്മെ തകര്‍ത്ത് കളയുന്നു! ക്യാന്‍സറാണ്  ഈ നൂറ്റാണ്ടിലെ മാരക രോഗങ്ങളില്‍ ഒന്ന്. അനുദിനം എത്രയോ പേര്‍ ക്യാന്‍സര്‍ പിടിപെട്ട് മരണമടയുന്നു. അനേകംപേര്‍ വേദനതിന്ന് കഴിഞ്ഞുകൂടുന്നു. അതില്‍ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ല. പണക്കാരനും പണിക്കാരനും ധനികനും ദരിദ്രനും ഭരണാധികാരികളും ഭരണീയരും രോഗങ്ങള്‍ക്ക് മുമ്പില്‍ നിസ്സഹായരാകുന്നു. പാവപ്പെട്ടവര്‍ ചികിത്സയ്ക്ക് വേണ്ട പണം കണ്ടെത്താന്‍ പാടുപെടുമ്പോള്‍ സന്മനസ്സുകള്‍ അവര്‍ക്ക് തണലാകുന്നു. പണക്കാര്‍ നാട്ടില്‍ കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ചികിത്സ തേടുന്നു. ചിലര്‍ വിദേശ രാജ്യങ്ങളില്‍ വിദഗ്ധ ചികിത്സക്ക് വേണ്ടി പോകുന്നു. മരണത്തിന് മുന്നില്‍ ഈ വ്യത്യാസങ്ങള്‍ ഒന്നുമില്ല എന്നല്ലേ നമ്മുടെ അനുഭവം പറയുന്നത്?

മാരകരോഗങ്ങളും അപകടങ്ങളും പെട്ടെന്നുള്ള മരണങ്ങളുമെല്ലാം മനസ്സിനെ വല്ലാതെ പിടിച്ചുകുലുക്കുന്നതാണ്. ഓര്‍ക്കാന്‍ പറ്റാത്ത രീതിയില്‍ നാടിനെ നടുക്കിയ പ്രളയവും ചുഴലിക്കാറ്റും സുനാമിയും അടക്കം പലസംഭവങ്ങളിലും നമ്മളുമായി ഒരു ബന്ധവും ഇല്ലാത്ത നൂറുകണക്കിന് ആളുകളുടെ ജീവന്‍ നഷ്ടമായപ്പോള്‍ നമ്മുടെയൊക്കെ മനസ്സ് വേദനിച്ചിട്ടുണ്ട്. മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ഏതൊരാളുടെയും മനസ്സിനെ പിടിച്ചുകുലുക്കുന്ന പ്രതിഭാസം തന്നെയാണ് മരണം. അതിനെ തടുക്കാന്‍ ലോകത്ത് ഒരാള്‍ക്കും സാധ്യമല്ല. അധികാരം, സമ്പത്ത്, സ്വാധീനം, ബൗദ്ധികനിലവാരം തുടങ്ങി മനുഷ്യന്റെ ഔന്നത്യത്തിന്റെ അടയാളമായി നാം കാണുന്ന ഒന്നിനും മരണത്തില്‍നിന്ന് അവനെ രക്ഷപ്പെടുത്തുക സാധ്യമല്ല. അതിനെക്കാള്‍ നമ്മെ ചിന്തിപ്പിക്കുന്നത് നാം എപ്പോള്‍ മരിക്കും എന്നതിലെ അജ്ഞതയാണ്. വിവരസാങ്കേതിക വിദ്യയുടെ കാലത്ത് കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും ഒക്കെ പ്രവചിക്കാന്‍ ഒരു പരിധിവരെ സാധിക്കുന്നു എന്നാണ് ലോകം പറയുന്നത്. അത് എത്രത്തോളം പ്രയോഗികവല്‍ക്കരിക്കാന്‍ സാധിച്ചു എന്നത് ചോദ്യചിഹ്നമായി നില്‍ക്കുന്നു.

എങ്കിലും മരണം എപ്പോഴാണ് എന്നെ തേടിയെത്തുക എന്നത് നമ്മുടെ മനസ്സിനെ അലട്ടുന്ന ഒരു പ്രശ്‌നം തന്നെയാണ്. മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം എന്താണ്? എന്തിനായിരിക്കും മരണം എന്ന പ്രതിഭാസം? അത് കഴിഞ്ഞാല്‍ പിന്നെയെന്ത്? നാം പലപ്പോഴും ഉത്തരം തേടിയ ചോദ്യങ്ങളാണ് ഇവ. പക്ഷേ, തൃപ്തികരമായ ഒരു ഉത്തരത്തിലേക്ക് നാം എത്തിച്ചേര്‍ന്നിട്ടുണ്ടോ? ആ ഉത്തരം നമുക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കിയിട്ടുണ്ടോ? ഇസ്‌ലാം ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നുണ്ട്. ലോകസ്രഷ്ടാവായ നാഥന്‍ അവന്റെ സൃഷ്ടികളുടെ മുഴുവന്‍ പ്രത്യേകതകളും അറിയുന്നവനാണല്ലോ. അതുകൊണ്ട് തന്നെ ആ സൃഷ്ടികളുടെ മനസ്സിനെ സമാധാനിപ്പിക്കാനും അവര്‍ക്ക് പ്രതീക്ഷ നല്‍കാനും അവനാണ് സാധിക്കുക. അല്ലാഹു പറയുന്നു:

''നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു''(ക്വുര്‍ആന്‍ 67:2).

മനുഷ്യരില്‍ ആരാണ് സല്‍പ്രവര്‍ത്തനങ്ങള്‍ നന്നായി ചെയ്യുന്നത് എന്ന് പരീക്ഷിക്കുക എന്നതാണ് ജനനത്തിനും മരണത്തിനും ഇടക്കുള്ള ജീവിതം കൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത്. നന്മയുള്ളവരാവുക എന്നതാണ് ആ ജീവിതം സാര്‍ഥകമാക്കാന്‍ ചെയ്യേണ്ടത് എന്നതാണ് ചുരുക്കം.

മനുഷ്യര്‍ പൊതുവെ നന്മയുള്ളവരാണ്. ഏതൊരു മനുഷ്യന്റെ ഹൃദയത്തിലും നന്മയുടെ കണികകള്‍ ഉണ്ടാവും എന്ന് അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നന്മയും തിന്മയും എങ്ങനെ വേര്‍തിരിക്കാന്‍ സാധിക്കും? അത് മനസ്സിലാക്കാന്‍ എന്താണ് മാനദണ്ഡം? നമ്മെ കുഴക്കുന്ന ഒരു ചോദ്യമാണ് അത്. ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും ആണവ പരീക്ഷണം നടത്തിയവര്‍ ശാസ്ത്രലോകത്തെ വിപ്ലവകരമായ ഒരു കണ്ടുപിടിത്തം നടത്തിയതിന്റെ ചാരിതാര്‍ഥ്യത്തിലായിരുന്നു. എന്നാല്‍ അത് തീര്‍ത്ത ദുരന്തം ഇന്നും അവിടെയുള്ള ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഒരു കൂട്ടരുടെ നന്മ മറ്റൊരു കൂട്ടര്‍ക്ക് വലിയ തിന്മയായി അനുഭവപ്പെടുന്നു. ഇങ്ങനെയുള്ള നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്; നാം നിത്യേന കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായത്. മനസ്സിനെ വേദനിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ നിത്യേന നമ്മുടെ മുമ്പിലൂടെ കടന്നുപോകുന്നു. അപ്പോഴെല്ലാം നന്മ-തിന്മകളെ കുറിച്ചുള്ള ചോദ്യം നമ്മെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. എങ്കില്‍ അതിന് ഒരു പരിഹാരം വേണ്ടേ? തീര്‍ച്ചയായും എന്നതാണ് നമ്മുടെ ഉത്തരം! അത് എങ്ങിനെ സാധ്യമാകും? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എളുപ്പമാണ്. നാം ജീവിതത്തില്‍ പ്രയോഗിക്കുന്ന അതേ യുക്തി ഇവിടെയും ഉപയോഗിച്ചാല്‍ മതി. കാര്യം നിസ്സാരം. നമ്മള്‍ വാങ്ങിയ ഒരു മൊബൈല്‍ കേടായാല്‍ നാം എന്ത് ചെയ്യും? ആദ്യം നമുക്ക് അറിയാവുന്ന കാര്യങ്ങള്‍ ചെയ്യും! പിന്നെ ആ മൊബൈല്‍ കാറ്റലോഗ് പരിശോധിക്കും. അതിലും പരിഹാരം കണ്ടില്ലെങ്കില്‍ അത് പഠിച്ചവരെ സമീപിക്കും. അവരും കൈമലര്‍ത്തിയാല്‍ നിര്‍മാണ കമ്പനിയുമായി ബന്ധപ്പെടും. ഇതേ യുക്തി ഉപയോഗിച്ചാല്‍ നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം എളുപ്പത്തില്‍ ലഭ്യമാകും. മനുഷ്യന്റെ സ്രഷ്ടാവും പരിപാലകനുമായ ലോകനാഥന്റെ വിളിക്ക് കാതോര്‍ക്കുകയാണ് നന്മ തിന്മകള്‍ വേര് തിരിച്ചറിയാനുള്ള മാര്‍ഗം.  

''(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മം പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ'' (ക്വുര്‍ആന്‍ 18:110).

ചൂഷണമുക്തമായ ആരാധന സംസ്‌കാരമാണ് ഇസ്‌ലാം മുന്നോട്ട്‌വെക്കുന്നത്. സൃഷ്ടിയും അവന്റെ സ്രഷ്ടാവും നേരിട്ട് ബന്ധം സ്ഥാപിക്കുകയും ആ ബന്ധം കെടാതെ സൂക്ഷിക്കുകയും ചെയ്യുക എന്നതാണ് ആ സംസ്‌കാരം. ഏറ്റവും വലിയ നന്മ എന്നത് സ്രഷ്ടാവിനെ അറിയുക എന്നത് തന്നെയാണ്. അതില്‍ പ്രധാനം അവനെ മാത്രം ആരാധിക്കുക എന്നതും. മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ബാധ്യതയും കടമയും അതാണ് എന്ന് മനസ്സിലാക്കാന്‍ സാധിച്ചാല്‍ ജീവിതത്തില്‍ പുതിയ തിരിച്ചറിവുകള്‍ അത്  സമ്മാനിക്കും. അല്ലാഹുവിനെ മാത്രമെ ആരാധിക്കൂ എന്ന് തീരുമാനിക്കുന്ന ഒരാള്‍ക്ക് ലഭിക്കുന്ന സമാധാനവും സന്തോഷവും പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. ഇസ്‌ലാം ലോകത്തിന് മുന്നില്‍ വെക്കുന്ന പരമപ്രധാനമായ കാര്യമാണ് ആരാധന ലോകത്തിന്റെ രക്ഷിതാവിനോട് മാത്രമെ ആകാവൂ എന്നത്. ലോകത്ത് ഇന്ന് ആരാധിക്കപ്പെടുന്ന മുഴുവന്‍ സൃഷ്ടികള്‍ക്കും പരിമിതികള്‍ ഉണ്ട്. ഏതെങ്കിലും രാജ്യം, കാലയളവ്, വിഭാഗം, ഭാഷ, ദേശം, വര്‍ഗം തുടങ്ങിയ ഘടങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു ലോകത്തെ മുഴുവന്‍ ആരാധനാവസ്തുക്കളും.

എന്നാല്‍ അല്ലാഹു ഈ പരിമിതികള്‍ക്കെല്ലാം അപ്പുറത്താണ്. അവന്‍ ഏതെങ്കിലും കാലഘട്ടത്തിലെ ദൈവമല്ല. ലോകത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ അവന്‍ ദൈവം തന്നെയാണ്. അവനെ ആരാധിക്കാന്‍ ദേശ, ഭാഷ, വര്‍ഗ, വര്‍ണ വ്യത്യാസമില്ല. പ്രപഞ്ചത്തിലെ മുഴുവന്‍ സൃഷ്ടികളുടെയും ആരാധ്യനാണവന്‍. എത്ര വിശാലമായ കാഴ്ചപ്പാട്! മനുഷ്യന്റെ ആരാധ്യന്‍ ഒന്നാകുമ്പോള്‍ അവിടെ ഉച്ചനീചത്വങ്ങള്‍ക്ക് സ്ഥാനമില്ലാതാകുന്നു. വര്‍ഗ, വര്‍ണ, ഭാഷ, ദേശ വ്യത്യാസമില്ലാതെ മാനവികതയുടെ ഉദ്‌ഘോഷണം കൂടിയാണ് ഇസ്‌ലാം ഇതിലൂടെ മുന്നോട്ട് വെക്കുന്നത്. ക്വുര്‍ആന്‍ പറയുന്നു:

''അല്ലാഹു  അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ'' (ക്വുര്‍ആന്‍ 2:255).

ലോകത്തിന് നന്മയുടെ സന്ദേശം പകര്‍ന്നുനല്‍കാനാണ് കാലാകാലങ്ങളില്‍ ജനങ്ങളില്‍ നിന്ന് തന്നെ ദൈവദൂദന്മാരെ തെരഞ്ഞെടുത്ത് അല്ലാഹു നിയോഗിച്ചത്. അവര്‍ അവരുടെ ജനങ്ങളോട് നന്മ ഉപദേശിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തു. അവസാനത്തെ പ്രവാചകന്‍ മുഹമ്മദ് ﷺ  ഈ സന്ദേശം ലോകാവസാനം വരെയുള്ളവര്‍ക്ക് മാതൃകയായി കടന്നുവന്നു. ഒരു ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കുന്ന കടമകൂടി അദ്ദേഹം നിര്‍വഹിച്ചു. അപരിഷ്‌കൃതരായ ഒരു സമൂഹം ലോകം മാതൃകാ സമൂഹം എന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മാത്രം നന്മയുടെ കേദാരമായി മാറിയതിന്റെ അടിസ്ഥാനം അവരുടെ ദൈവ വിശ്വാസവും ദൈവിക സന്ദേശത്തിന്റെ വെളിച്ചത്തില്‍ ചിട്ടപ്പെടുത്തിയ ജീവിതവും ആയിരുന്നു.

സുപ്രധാനമായ ആരാധനയിലെ ഏകത്വത്തോടൊപ്പം എടുത്ത് പറഞ്ഞ വലിയ നന്മയാണ് മാതാപിതാക്കളെ പരിപാലിക്കുക എന്നത്. അല്ലാഹു പറയുന്നു:

''തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ! എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക''(ക്വുര്‍ആന്‍ 17:23).

ഇന്ന് ലോകം നേരിടുന്ന വലിയയൊരു പ്രതിസന്ധിയാണ് വയോജനങ്ങളുടെ പുനരധിവാസം. പ്രായമായ മാതാപിതാക്കള്‍ മക്കള്‍ക്ക് ഭരമാകുന്നു; രാജ്യത്തിനും! അവരുടെ ചോരയും നീരും വറ്റിയിരിക്കുന്നു. തൊലി ചുളിഞ്ഞു സൗന്ദര്യം പാടെ നഷ്ടമായിരിക്കുന്നു. കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങിയ ഘടകങ്ങളില്‍ അവര്‍ക്ക് ക്രിയാത്മകമായ ഒന്നും ചെയ്യാനില്ല. അവര്‍ക്ക് വേണ്ടി ഓള്‍ഡ് എയ്ജ് ഹോം എന്ന പേരില്‍ തടവറകള്‍ തീര്‍ക്കുകയാണ് പല മക്കളും. ഇവിടെയാണ് തന്റെ ജീവിതത്തിലെ നിര്‍ബന്ധ ബാധ്യതയായി മാതാപിതാക്കളുടെ പരിചരണം ഇസ്‌ലാം നിഷ്‌കര്‍ശിക്കുന്നത്. മാതാപിതാക്കളെ പരിചരിക്കലാണ് നീതിക്ക് വേണ്ടിയുള്ള യുദ്ധത്തെക്കാള്‍ വലുതെന്ന പ്രവാചക അധ്യാപനങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍ മങ്ങിയ മനസ്സുകള്‍ക്ക് ഇസ്‌ലാം നല്‍കുന്ന വെളിച്ചം എത്രമാത്രമാണെന്ന് ബോധ്യമാകും. ജീവിതകാലം മുഴുവന്‍ തങ്ങളുടെ മക്കള്‍ക്ക് വേണ്ടി നീക്കിവെച്ച മാതാപിതാക്കള്‍ വാര്‍ധക്യത്തില്‍ അവഗണിക്കപ്പെടുന്നത് അനീതിയാണ് തിന്മയാണ് എന്ന് ഏതൊരു മനസ്സും പറയും.

മക്കളുടെ കാര്യത്തിലും ഇസ്‌ലാം കൃത്യമായ നിര്‍ദേശങ്ങള്‍ ലോകത്തിന് കൈമാറുന്നുണ്ട്. അല്ലാഹു പറയുന്നു:

''മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണമായ രണ്ടുകൊല്ലം മുലകൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂര്‍ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്. അവര്‍ക്ക് (മുലകൊടുക്കുന്ന മാതാക്കള്‍ക്ക്) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. എന്നാല്‍ ഒരാളെയും അയാളുടെ കഴിവിലുപരി നല്‍കാന്‍ നിര്‍ബന്ധിക്കരുത്. ഒരു മാതാവും തന്റെ കുട്ടിയുടെ പേരില്‍ ദ്രോഹിക്കപ്പെടാന്‍ ഇടയാകരുത്. അതുപോലെതന്നെ സ്വന്തം കുട്ടിയുടെ പേരില്‍ ഒരു പിതാവിന്നും ദ്രോഹം നേരിടരുത്. (പിതാവിന്റെ അഭാവത്തില്‍ അയാളുടെ) അവകാശികള്‍ക്കും (കുട്ടിയുടെ കാര്യത്തില്‍) അതു പോലെയുള്ള ബാധ്യതകളുണ്ട്. ഇനി അവര്‍ ഇരുവരും തമ്മില്‍ കൂടിയാലോചിച്ച് തൃപ്തിപ്പെട്ടുകൊണ്ട് (കുട്ടിയുടെ) മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല; ഇനി നിങ്ങളുടെ കുട്ടികള്‍ക്ക് (മറ്റാരെക്കൊണ്ടെങ്കിലും) മുലകൊടുപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലും നിങ്ങള്‍ക്ക് കുറ്റമില്ല; (ആ പോറ്റമ്മമാര്‍ക്ക്) നിങ്ങള്‍ നല്‍കേണ്ടത് മര്യാദയനുസരിച്ച് കൊടുത്തുതീര്‍ക്കുകയാണെങ്കില്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 2:233).

പലരും ഇതില്‍ പരാജിതരാണ് എന്നതല്ലേ യാഥാര്‍ഥ്യം? ജോലിയും സമ്പാദിക്കാനുള്ള തിടുക്കവും മാതാപിതാക്കളെ മറക്കാന്‍ കാരണമാകുന്നുവെങ്കില്‍ പുനര്‍വിചിന്തനം നടത്തണം. നാളെ തനിക്കും ഈ ദുരവസ്ഥ വരും എന്നോര്‍ക്കണം.

ഡേ കെയറുകള്‍ ഇന്ന് വ്യാപകമാണ്; ഓള്‍ഡെയ്ജ് ഹോമുകളും. ഇവ പരസ്പര പൂരകങ്ങളാണ്. മാതാപിതാക്കള്‍ മക്കള്‍ക്ക് ചെയ്യേണ്ട കടമകള്‍ ചെയ്യായാകുമ്പോള്‍ മക്കളും അവരുടെ കടമകള്‍ മറക്കുന്നു. ജോലിത്തിരക്കും മറ്റും പറഞ്ഞു കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും അവര്‍ക്ക് വേണ്ട പരിചരണങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്നത് ഇന്ന് വ്യാപകമാണ്. കുട്ടികളെ പരിചരിക്കുന്നവരെ മാതാപിതാക്കളെ പോലെ സ്‌നേഹിക്കുകയും മാതാപിതാക്കളെ പരിചാരകരായി മാത്രം കാണുകയും ചെയ്യുന്ന സാഹചര്യം നാം തന്നെ ഉണ്ടാക്കുന്നതാണ്.

രണ്ട് വിഭാഗവും കടമകള്‍ നിര്‍വഹിക്കുക എന്നത് മാത്രമാണ് പരിഹാരം എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സമൂഹത്തിലെ ഓരോ കണ്ണിയും തങ്ങളുടെ ബാധ്യതാനിര്‍വഹണം കൃത്യമായി ചെയ്യുമ്പോള്‍ മാത്രമാണ് സന്തുലിത സമൂഹം രൂപം കൊള്ളുന്നത്. മറിച്ചാണെങ്കില്‍ അസന്തുലിതാവസ്ഥ സമൂഹത്തെ തകര്‍ച്ചയിലേക്ക് നയിക്കും. ഇന്നിന്റെ സാഹചര്യത്തില്‍ കാര്യങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഇസ്‌ലാമിക കാഴ്ചപ്പാടുകള്‍ എത്ര മനോഹരമാണ് എന്ന് നമുക്ക് ബോധ്യമാകും.

കുടുംബ ശൈഥില്യം ഇന്ന് വലിയ സാമൂഹിക പ്രശ്‌നമാണ്. കുത്തഴിഞ്ഞ ജീവിതക്രമം അതിന് കാരണമാണ്. എന്നാല്‍ അതിനപ്പുറം കഥകളും സിനിമകളും നോവലുകളും തീര്‍ത്ത ഫാന്റസികള്‍ക്ക് പുറകില്‍ പോകുന്നു എന്നതാണ്. സാങ്കല്‍പിക ലോകത്ത് നിന്നും യാഥാര്‍ഥ്യങ്ങളിലേക്ക് തിരിച്ചു നടക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. ഇവിടെ ഇസ്‌ലാമിക അധ്യാപനം പ്രസക്തമാണ്.

''നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്'' (ക്വുര്‍ആന്‍ 30:21).

തികച്ചും വ്യത്യസ്തരായ, അപരിചിതരായ രണ്ടുപേര്‍ ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങുന്നു എന്നതാണ് വിവാഹജീവിതത്തിന്റെ പ്രത്യേകത. അത് സമാധാനത്തിന്റെ കൂടിച്ചേരല്‍ ആവണം. സ്‌നേഹവും കാരുണ്യവും ജീവിതത്തെ പരിപോഷിപ്പിക്കാന്‍ അത്യന്താപേക്ഷിതമാണ്. രണ്ടുപേരും മനുഷ്യരാണ് എന്ന തിരിച്ചറിവ് കൂടിയാകുമ്പോള്‍ ജീവിതം സന്തോഷകരമാവും.

''അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു...''(ക്വുര്‍ആന്‍ 2:187).

ഇവിടെ ഇണകളെ വസ്ത്രം എന്നു വിശേഷിപ്പിച്ചത് ചിന്തനീയമാണ്. വസ്ത്രം നമ്മുടെ ന്യുനതകള്‍ മറച്ചുവെക്കാനും അഭിമാനം സംരക്ഷിക്കാനും ഭംഗിക്കും വേണ്ടിയാണെല്ലോ. ഇണകളുടെ ന്യുനതകള്‍ പരസ്പരം മറച്ച് മുന്നോട്ട് പോകുമ്പോള്‍ മാത്രമാണ് വൈവാഹിക ജീവിതം അര്‍ഥപൂര്‍ണമാകുന്നത്. ഈ തിരിച്ചറിവ് നഷ്ടപ്പെടുന്നതാണ് കുടുംബ ശൈഥില്യങ്ങള്‍ക്ക് അടിസ്ഥാനവും.

മദ്യവും മയക്കുമരുന്നും കുത്തഴിഞ്ഞ ലൈംഗികതയും സാമ്പത്തിക കുറ്റകൃത്യങ്ങളും ഇന്നിന്റെ ശാപമാണ്. അല്ലാഹു പറയുന്നു:

''സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നംവെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം'' (ക്വുര്‍ആന്‍ 5:90).

മദ്യം തിന്മകളുടെ മാതാവാണ് എന്ന പ്രവാചകമൊഴി ശ്രദ്ധേയമാണ്. മദ്യവും മയക്കുമരുന്നുകളും തീര്‍ക്കുന്ന കുറ്റകൃത്യങ്ങള്‍ കണക്കില്ലാത്തതാണ്. അതിലേക്കുള്ള വാതിലുകള്‍ കൊട്ടിയടക്കുകയാണ് ഇസ്‌ലാം.

നന്മകളുടെ അധ്യാപനങ്ങള്‍ മാത്രമാണ് ഇസ്‌ലാം ലോകത്തിന് കൈമാറുന്നത്. ക്വുര്‍ആന്‍ പറയുന്നു: ''പശ്ചാത്തപിക്കുന്നവര്‍, ആരാധനയില്‍ ഏര്‍പെടുന്നവര്‍, സ്തുതികീര്‍ത്തനം ചെയ്യുന്നവര്‍, (അല്ലാഹുവിന്റെ മാര്‍ഗത്തില്‍) സഞ്ചരിക്കുന്നവര്‍, കുമ്പിടുകയും സാഷ്ടാംഗം നടത്തുകയും ചെയ്യുന്നവര്‍, സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് വിലക്കുകയും ചെയ്യുന്നവര്‍, അല്ലാഹുവിന്റെ അതിര്‍വരമ്പുകളെ കാത്തുസൂക്ഷിക്കുന്നവര്‍. (ഇങ്ങനെയുള്ള) സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക'' (ക്വുര്‍ആന്‍ 9:112).

''(നബിയേ,) പറയുക: നിങ്ങള്‍ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുകേള്‍പിക്കാം. അവനോട് യാതൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്. മാതാപിതാക്കള്‍ക്ക് നന്മചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ചുപോകരുത്. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിച്ചുകളയരുത്. നിങ്ങള്‍ ചിന്തിച്ചുമനസ്സിലാക്കുവാന്‍ വേണ്ടി അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്'' (ക്വുര്‍ആന്‍ 6:151).

സഹജീവികളെ സ്‌നേഹിക്കുന്ന, പരസ്പരം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മാതൃകാ സമൂഹ സൃഷ്ടി സാധ്യമാണെന്ന് പ്രവാചക ജീവിതം ലോകത്തോട് വിളിച്ചുപറയുന്നു. തിന്മയും അനീതിയും ഉച്ചനീചത്വങ്ങളും ചൂഷണവും കൊലപാതകവും അക്രമവും ഒന്നും ഇല്ലാത്ത, സമാധാനം നിലനില്‍ക്കുന്ന സമൂഹം. ഇസ്‌ലാമിക അധ്യാപനങ്ങള്‍ ശിരസ്സാവഹിക്കുന്നതോടെ ഓരോ വ്യക്തിക്കും ആ സമാധാനം അനുഭവിക്കാനും ആസ്വദിക്കാനും സാധിക്കും.

''വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുര്‍മൂര്‍ത്തികള്‍ അവരെ നയിക്കുന്നത്. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു'' (ക്വുര്‍ആന്‍ 2:257).

ഇനി മരണത്തിന് ശേഷം എന്ത് എന്നതിനും ഇസ്ലാം നമുക്ക് കൃത്യമായ ഉത്തരം നല്‍കുന്നു.

''പിന്നീട് നിങ്ങളുടെ മരണത്തിന് ശേഷം നിങ്ങളെ നാം എഴുന്നേല്‍പിച്ചു. നിങ്ങള്‍ നന്ദിയുള്ളവരായിത്തീരാന്‍ വേണ്ടി.'' (ക്വുര്‍ആന്‍ 2:56)

മരണാനന്തരം ഒരു ജീവിതം ഉണ്ടെന്നും അവിടെ നന്മതിന്മകള്‍ക്ക് പ്രതിഫലം ഉണ്ടെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. അത് നല്‍കുന്ന ആത്മവിശ്വാസവും പ്രതീക്ഷയും ആണ് വിശ്വാസിയുടെ കരുത്ത്.

''ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.'' (ക്വുര്‍ആന്‍ 3:185)

ഈ ലോകത്ത് മുകളില്‍ സൂചിപ്പിച്ച മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന നന്മകള്‍ ചെയ്തവര്‍ക്ക് നാളെയുടെ ലോകത്ത് വിജയം കൈവരിക്കാന്‍ സാധിക്കും. അവര്‍ ശാശ്വത സുഖസന്തോഷങ്ങളുടെ കേദാരമായ സ്വര്‍ഗാവകാശികളായി മാറും. ഈ ലോക ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ നൈമിഷികമാണ്. ഒരുവേള അവഗണിക്കപ്പെടേണ്ട കാര്യങ്ങള്‍, അതിനപ്പുറം നാളെയുടെ ശാശ്വത ജീവിതത്തിലേക്കുള്ള വിഭവങ്ങള്‍ ഒരുക്കുകയാണ് ഒരു വിശ്വാസിയുടെ കടമ. അത് ബോധ്യപ്പെടുന്ന ഏതൊരാള്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ സാധ്യമാകും. ശുഭപ്രതീക്ഷ മാത്രമായിരിക്കും അവരെ നയിക്കുക. നിരാശയോ അമിത പ്രതീക്ഷയോ അവനെ ഭരിക്കുകയില്ല. മറിച്ച് ഈ ലോകജീവിതത്തിന്റെ നശ്വരതയും മരണാനന്തര ജീവിതത്തിന്റെ അനശ്വരതയും തീര്‍ത്ത പ്രകാശപൂരിത പാതയില്‍ അവന്‍ ജീവിതം നയിക്കും. അത് ഈ ലോകത്തെ ഏറ്റവും സമാധാനമുള്ള മനുഷ്യനായി അവനെ മാറ്റുകയും ചെയ്യും. പ്രകൃതിമതമായ ഇസ്ലാമിനല്ലാതെ മറ്റൊന്നിന്നിനും ഈ പോസിറ്റീവ് എനര്‍ജിയോ കാഴ്ചപ്പാടോ ലോകത്തിന് കൈമാറാന്‍ സാധ്യമല്ല.