ശുദ്ധജലവും ഉപ്പുജലവും അവയ്ക്കിടയിലെ മറയും

ഡോ.സബീല്‍ പട്ടാമ്പി

2020 ജൂലൈ 04 1441 ദുല്‍ക്വഅദ് 13

(കടലിലെ അത്ഭുതങ്ങളും കുര്‍ആന്‍ നല്‍കുന്ന വെളിച്ചവും: 2)

സമുദ്രത്തിലെ വിവിധ തട്ടുകളെക്കുറിച്ചും അവയിലെ ജൈവ വൈവിധ്യത്തത്തെക്കുറിച്ചും ചില കാര്യങ്ങള്‍ നാം കഴിഞ്ഞ ഭാഗത്ത് സൂചിപ്പിച്ചല്ലോ. ഇനി ക്വുര്‍ആനില്‍ കടലിനെക്കുറിച്ച് പറഞ്ഞ മറ്റൊരു പ്രതിഭാസത്തെപ്പറ്റി മനസ്സിലാക്കാം.

ശുദ്ധജലവും ഉപ്പുജലവും അവയ്ക്കിടയിലെ മറയും

കടലില്‍ ഉപ്പുജലവും ശുദ്ധജലവും ഉണ്ടെന്നും എന്നാല്‍ അവ കൂടിക്കലരാതെ വേര്‍തിരിഞ്ഞ് നില്‍ക്കുന്നുവെന്നും ക്വുര്‍ആനില്‍ അല്ലാഹു പറയുന്നുണ്ട്. ആ വചനങ്ങള്‍ കാണാം:

''രണ്ട് ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടവനാകുന്നു അവന്‍. ഒന്ന് സ്വച്ഛമായ ശുദ്ധജലം, മറ്റൊന്ന് അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു'' (ക്വുര്‍ആന്‍ 25:53).

''അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും അതിനിടയില്‍ നദികളുണ്ടാക്കുകയും അതിന് ഉറപ്പ് നല്‍കുന്ന പര്‍വതങ്ങള്‍ ഉണ്ടാക്കുകയും രണ്ടുതരം ജലാശയങ്ങള്‍ക്കിടയില്‍ ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ?). അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരില്‍ അധികപേരും അറിയുന്നില്ല'' (ക്വുര്‍ആന്‍ 27:61).

'രണ്ട് കടലുകളെ (ജലാശയങ്ങളെ) തമ്മില്‍ കൂടിച്ചേരത്തക്കവിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു. അവ രണ്ടിനുമിടയ്ക്ക് അവ അനേ്യാന്യം അതിക്രമിച്ച് കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്'' (ക്വുര്‍ആന്‍ 55:19,20).

കടലില്‍ ശുദ്ധജലം വരുന്നത് പ്രധാനമായും 3 സ്രോതസ്സുകളില്‍ നിന്നാണ്.

(1) മഴവെള്ളം.

(2) പുഴയില്‍നിന്ന് ഒഴുകി കടലില്‍ വന്നുചേരുന്ന വെള്ളം.

(3) മഞ്ഞുമലകള്‍ ഉരുകി കടലിലെത്തുന്ന വെള്ളം.

ഉപ്പുജലവും ശുദ്ധജലവും സംഗമിക്കുന്ന പ്രതിഭാസം ലോകത്തിന്റെ പല ഭാഗങ്ങളില്‍ കാണപ്പെടുന്നുണ്ട്. ഇത് ഏറ്റവുമധികം കാണപ്പെടുന്നത് ശുദ്ധജല സ്രോതസ്സുകളായ നദികളോ മഞ്ഞുരുകിയ ജലമോ ഉപ്പുജല സ്രോതസ്സായ സമുദ്രങ്ങളുമായി സംഗമിക്കുന്ന ഭാഗങ്ങളിലാണ്. ഇത്തരം സംഗമ സ്ഥാനങ്ങള്‍ 'കടലിടുക്കുകള്‍' (Esturies / Bay) എന്നാണറിയപ്പെടുന്നത്.

ഇനി എന്തുകൊണ്ടാണ് ഈ രണ്ട് ജലവും വേറിട്ട് നില്‍ക്കുന്നതെന്ന് പരിശോധിക്കാം. ശുദ്ധ ജലത്തിന്റെ പ്രത്യേകത താഴെ പറയുന്നവയാണ്:

(1) തണുത്തത്.

(2) ലവണത്വം (Salintiy) കുറഞ്ഞത്.

(3) കട്ടി (Denstiy) കുറഞ്ഞത്.

എന്നാല്‍ സമുദ്രജലം ഇതിനു നേര്‍വിപരീത സ്വഭാവങ്ങളോടുകൂടിയതാണ്. അതിന്റെ പ്രത്യേകതകള്‍:

(1) ചൂടുള്ളതാണ്.

(2) ലവണത്വം കൂടിയതാണ്.

(3) കട്ടി കൂടിയതാണ്.

 ഈ ഗുണങ്ങളില്‍ ഇവ തമ്മിലുള്ള അന്തരം എത്ര വര്‍ധിക്കുന്നുവോ അത്രത്തോളം അവ പരസ്പരം കൂടിക്കലരാതെ വേറിട്ട് നില്‍ക്കുന്നു. ഇനി അവയ്ക്കിടയിലൊരു 'മറ' എന്ന് അല്ലാഹു പറഞ്ഞതിനെ പറ്റി പരിശോധിക്കാം.

മറകള്‍ രണ്ടുവിധം

ഈ മറകള്‍ രണ്ടുതരമുണ്ട് എന്നാണു നമുക്ക് മനസ്സിലാകുന്നത്. അതില്‍ ഒന്നാമത്തെ തരം മറ 'ജലത്തിന്റെ മറ' തന്നെയാണ്. ഇതെങ്ങനെ രൂപപ്പെടുന്നു എന്ന് വിശദീകരിക്കാം. ഈ രണ്ട് ജല സ്രോതസ്സുകള്‍ സംഗമിക്കുന്ന സ്ഥലത്ത് മൂന്നാമതൊരു തരം ജലംകൂടി രൂപംകൊള്ളുന്നു. അതായത് ഉപ്പുവെള്ളത്തിന്റെയും ശുദ്ധജലത്തിന്റെയും ഒരു മിശ്രിതജലം. ഈ മിശ്രിതജലം Brackish water എന്നാണ് അറിയപ്പെടുന്നത്. ഈ വെള്ളം ശുദ്ധജലത്തിനും ഉപ്പുവെള്ളത്തിനുമിടയില്‍ ഒരു മറയായി നില്‍ക്കുന്നു. ഈ മറ ഭേദിച്ച് ഈ രണ്ടുജലങ്ങള്‍ക്കും എതിര്‍വശത്തേക്ക് കടക്കാനാകില്ല. ഇത്തരം പ്രതിഭാസങ്ങള്‍ കടലിടുക്കുകളില്‍ സാധാരണമാണ്. ഇതാണു രണ്ട് ജലങ്ങള്‍ക്കിടയിലുള്ള മറയുടെ ഒരു രൂപം.

ഇനി രണ്ടാമത്തെ തരം 'മറ' എന്താണെന്ന് നോക്കാം. ക്വുര്‍ആന്‍ വചനം 55:20 ന്റെ വിശദീകരണത്തില്‍ ഇമാം ഇബ്‌നുകഥീര്‍(റഹി) 'അവയ്ക്കിടയിലുള്ള മറ' എന്നതിന് വ്യത്യസ്തമായൊരു വ്യാഖ്യാനം നല്‍കിക്കാണുന്നുണ്ട്. അത് ഇപ്രകാരമാണ്:

'ഈ രണ്ട് ജലാശയങ്ങള്‍ക്കിടയില്‍ (അവയെ വേര്‍തിരിക്കുന്ന) ഒരു കര ഉണ്ട്.'

എന്തായിരിക്കും ആ 'കര?' കടലിനുള്ളില്‍ മറ്റൊരു കരയോ? ഈ വിഷയം ഒന്നുകൂടി ആഴത്തില്‍ പഠിക്കുമ്പോള്‍ ഈ വ്യാഖ്യാനവും ശരിയാണെന്ന് ബോധ്യപ്പെടും. ഇങ്ങനെയും ഒരു പ്രതിഭാസം കടലില്‍ നിലനില്‍ക്കുന്നുണ്ട് എന്നതാണു വാസ്തവം. അത് ഇപ്രകാരമാണ്: മുകളില്‍ ഉപ്പുരസമുള്ള കടല്‍വെള്ളവും താഴെ പാറയും മണ്ണും മണലും കൂടിച്ചേര്‍ന്നുണ്ടായ 'കര'യും. അതിനു താഴെ ശുദ്ധജല ശേഖരം. ഈ കരയുടെ പാളി അതിനടിയിലുള്ള ശുദ്ധജലത്തെ മുകളിലുള്ള ഉപ്പുവെള്ളത്തില്‍നിന്ന് വേര്‍തിരിച്ചു നിര്‍ത്തി സംരക്ഷിക്കുന്നു. ഈ പ്രതിഭാസത്തെ Aquifer എന്ന് വിളിക്കപ്പെടുന്നു. ഒരു അൂൗശളലൃ രൂപംകൊള്ളുന്നത് എങ്ങനെയെന്ന് നോക്കാം. മുകളില്‍ പറഞ്ഞത് പോലെ നദിയില്‍ നിന്നുള്ളതോ മഴ മൂലമുള്ളതോ ആയ ശുദ്ധജലം കടല്‍ തീരങ്ങളുടെ മണലിലേക്ക് ആഴ്ന്നിറങ്ങുകയും അത് തീരഭാഗത്തുള്ള കടലിന്റെ അടിഭാഗങ്ങളില്‍ ശേഖരിക്കപ്പെടുകയും ചെയ്യും. ഇങ്ങനെ പതിറ്റാണ്ടുകളായോ നൂറ്റാണ്ടുകളായോ ശേഖരിക്കപ്പെട്ട ശുദ്ധജലം കേടുവരാതെ, കടലിലെ ഉപ്പുവെള്ളവുമായി കൂടിക്കലരാതെ അടിത്തട്ടില്‍ സൂക്ഷിക്കപ്പെടുന്നു.

ഇത്തരത്തിലുള്ള Aquiferകള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ കടലിന്റെ അടിത്തട്ടുകളില്‍ കാണപ്പെടുന്നുണ്ട്. ആസ്‌ട്രേലിയയിലും അര്‍ജന്റീന, ബ്രസീല്‍ പരാഗ്വേ തീരങ്ങളിലും ആഫ്രിക്കയിലും അമേരിക്കയിലുമൊക്കെ Aquiferകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളെല്ലാം ഈ ശുദ്ധജല സ്രോതസ്സ് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഇത്തരത്തില്‍ കണ്ടെത്തിയ ഏറ്റവും അവസാനത്തെ Aquifer ആണ് ന്യൂസിലാന്റിലെ കാന്റര്‍ബറിയോട് ചേര്‍ന്നുള്ള കടലില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ (2020) കണ്ടെത്തിയിരിക്കുന്നത്. ഇവിടെ നടത്തിയ ഉല്‍ഖനനത്തില്‍ തീരത്തുനിന്ന് 60 കിലോമീറ്റര്‍ ചുറ്റളവിലായി ഒരു Aquifer വ്യാപിച്ച് കിടക്കുന്നു എന്ന് വ്യക്തമായി. ഈ കടല്‍ പ്രദേശത്തുള്ള അടിത്തട്ടില്‍ ഏകദേശം 2000 ക്യുബിക് കിലോമീറ്റര്‍ ശുദ്ധ ജലം ഉണ്ടാകുമെന്നാണു നിഗമനം. ഇക്കാര്യം The Guardian അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശുദ്ധജല ദൗര്‍ലഭ്യം അനുഭവിക്കുന്ന ന്യൂസിലാന്റിന് ഈ കണ്ടെത്തല്‍ ആശ്വാസദായകമാണെന്നും അധികൃതര്‍ പറയുന്നുണ്ട്.

ഇത്തരത്തില്‍ ഭൂമിക്കടിയിലെ വിവിധ ശുദ്ധജല സ്രോതസ്സുകള്‍ കണ്ടെത്തുന്നതും അവ ഉപയോഗപ്പെടുന്നതിനെ കുറിച്ചുമുള്ള പഠന ശാഖയെ Hydro geology എന്ന് വിളിക്കുന്നു.

അപ്പോള്‍ ഉപ്പുജലത്തിനും ശുദ്ധജലത്തിനുമിടയില്‍ ഒരു 'കര' ഉണ്ട് എന്ന ഇമാം ഇബ്‌നു കഥീറിന്റെ വ്യാഖ്യാനവും ശരിയാണെന്ന് വരുന്നു.

ഇവ രണ്ടുമാണ് ക്വുര്‍ആനില്‍ പറഞ്ഞ ഉപ്പുജലത്തിന്റെയും ശുദ്ധജലത്തിന്റെയും ഇടയിലുള്ള 'മറ' കളുടെ രണ്ട് രൂപങ്ങള്‍.

ഉപ്പുവെള്ളവും ശുദ്ധജലവും സംഗമിക്കുന്നിടത്തുള്ള ജൈവവൈവിധ്യങ്ങള്‍

വ്യത്യസ്ത ജലങ്ങളുടെ സംഗമസ്ഥാനം എന്നതിലുപരി ഈ മേഖല വ്യത്യസ്ത സസ്യജന്തുജാലങ്ങളുടെ ആവാസ മേഖല (Ecsoystem) കൂടിയാണ്. കടലില്‍ മറ്റെവിടെയും കാണാത്ത ജീവികളെയും സസ്യങ്ങളെയും ഇവിടെ കാണാം. ഇതിനുള്ള കാരണങ്ങള്‍ ഇവയാണ്:

(1) പുഴവെള്ളവും കടല്‍വെള്ളവും കൂടിച്ചേരുന്ന ഭാഗമായതിനാല്‍ ഇവിടം പുഴയിലെ ജീവികളും കടലിലെ ജീവികളും ഒരുമിക്കുന്ന സ്ഥലമാണ്. എന്നാല്‍ ഈ ജീവികള്‍ പരസ്പരം കൂടിക്കലരില്ല. കാരണം പുഴമല്‍സ്യങ്ങള്‍ക്ക് ഉപ്പുവെള്ളത്തിലും കടല്‍മല്‍സ്യങ്ങള്‍ക്ക് ശുദ്ധജലത്തിലും ജീവിക്കാന്‍ സാധ്യമല്ല എന്നത് തന്നെ. ഇവകള്‍ ഈ 'മറ' മുറിച്ചുകടക്കാതെ അവിടങ്ങളില്‍ കഴിഞ്ഞുകൂടും. എന്നാല്‍ അപൂര്‍വം ചില മല്‍സ്യങ്ങള്‍ക്ക് ഉപ്പുവെള്ളത്തിലും ശുദ്ധജലത്തിലും ജീവിക്കാന്‍ സാധിക്കും (ഉദാ: സാല്‍മണ്‍ മല്‍സ്യം, ചില തരം ആരല്‍ മല്‍സ്യങ്ങള്‍).

(2) ഒഴുകിയെത്തുന്ന പുഴവെള്ളത്തിലൂടെ ശുദ്ധമായ മണ്ണ് ഇവിടെ നിക്ഷേപിക്കപ്പെടും. അപ്പോള്‍ ഈ മേഖല പുഴമണ്ണിന്റെയും (ചേറ്) കടല്‍മണ്ണിന്‍െയും  സംഗമ സ്ഥാനം കൂടിയാണ്. രണ്ടുതരം മണ്ണുകള്‍ കൂടിച്ചേരുന്ന സ്ഥലമായതിനാല്‍ ഇവിടം ഫലഭൂയിഷ്ടവുമാണ്. ആയതിനാല്‍ ഈ മേഖലയില്‍ ചില തരം കക്കകളും മുത്തുച്ചിപ്പികളും പവിഴപ്പുറ്റുകളും മറ്റു പലതരം സസ്യങ്ങളും അധികമായി കാണപ്പെടുന്നു. ഉപ്പുജലത്തിലെയും സമുദ്രജലത്തിലെയും മല്‍സ്യങ്ങളും ഇവിടെ കാണപ്പെടുന്നു.

അഥവാ ഈ 'ജലസംഗമ മേഖല' ഭക്ഷ്യവിഭവങ്ങളുടെയും ആഭരണ, അലങ്കാര വിഭവങ്ങളുടെയും (മുത്തുകളും പവിഴങ്ങളും) കൂടി ഒരു കലവറയാണെന്നര്‍ഥം.

ജലസംഗമ സ്ഥാനത്തെയും അവയ്ക്കിടയിലെ മറയെയും കുറിച്ച് പറഞ്ഞതിനു തൊട്ടുപിറകെ അല്ലാഹു പറയുന്നത് കാണുക:

''അവ രണ്ടില്‍നിന്നും മുത്തും പവിഴവും പുറത്തുവരുന്നു. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?'' (കുര്‍ആന്‍ 55:22,23).

മറ്റൊരിടത്ത് ക്വുര്‍ആന്‍ പറയുന്നത് കാണുക: ''രണ്ടു ജലാശയങ്ങള്‍ സമമാവുകയില്ല. ഒന്ന് കുടിക്കാന്‍ സുഖമുള്ള ഹൃദ്യമായ ശുദ്ധജലം. മറ്റൊന്ന് കയ്പുറ്റ ഉപ്പുവെള്ളവും. രണ്ടില്‍നിന്നും നിങ്ങള്‍ പുത്തന്‍മാംസം എടുത്ത് തിന്നുന്നു. നിങ്ങള്‍ക്ക് ധരിക്കുവാനുള്ള ആഭരണവും (അതില്‍നിന്ന്) പുറത്തെടുക്കുകയും ചെയ്യുന്നു. അതിലൂടെ കപ്പലുകള്‍ കീറിക്കടന്നു പോകുന്നതും നിനക്ക് കാണാം. അല്ലാഹുവിന്റെ അനുഗ്രഹത്തില്‍നിന്നും നിങ്ങള്‍ തേടിപ്പിടിക്കുവാന്‍ വേണ്ടിയും നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടിയുമത്രെ അത്'' (ക്വുര്‍ആന്‍ 35:12).

ഈ ജലസംഗമ മേഖലകള്‍ ഫലഭൂയിഷ്ടമായതുകൊണ്ട് തന്നെ ഇവിടം ജലകൃഷിക്കായി (Aquaculture) ഉപയോഗപ്പെടുത്താറുണ്ട്. വലിയ വലകള്‍ ഉപയോഗിച്ച് വളച്ചുകെട്ടി അവിടങ്ങളിലെ മണ്ണിനാവശ്യമായ വളങ്ങള്‍ കൃത്രിമമായി ചേര്‍ത്ത് അതില്‍ കക്കകളും മല്‍സ്യങ്ങളും മുത്തുച്ചിപ്പികളും കളകളുമൊക്കെ കൃഷിചെയ്യുന്നത് ഇന്ന് പല തീരങ്ങളിലും നമുക്ക് കാണാന്‍ സാധിക്കും.

മനോഹരമായ, പല വര്‍ണങ്ങളിലുള്ള പവിഴപ്പുറ്റുകളും മുത്തുച്ചിപ്പികളും കടലിനടിയില്‍ അലങ്കാര വിസ്മയം തീര്‍ക്കുന്ന കാഴ്ച തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ആസ്‌ത്രേലിയയില്‍ സ്ഥിതിചെയ്യുന്ന The great barrier reef ആണ്. 2900 കിലോമീറ്ററുകള്‍ വ്യാപിച്ചുകിടക്കുന്ന ഇത് ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണു.

ചരിത്രാതീതകാലംതൊട്ടേ മനുഷ്യര്‍ കടലിലെ മുത്തുകള്‍ മുങ്ങിയെടുത്ത് ആഭരണങ്ങളായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പല പുരാതനരേഖകളിലും മനുഷ്യര്‍ കടലില്‍നിന്ന് മുത്തുകള്‍ മുങ്ങിയെടുത്ത് ഉപയോഗിച്ചിരുന്നത് എഴുതപ്പെട്ടത് കാണാം. രാജാക്കന്മാര്‍ ഇത്തരത്തിലുള്ള മുത്തുകള്‍ പതിച്ച വസ്തുക്കള്‍ ഉപയോഗിച്ചിരുന്നു. ക്വുര്‍ആനിലുമുണ്ട് ഇത്തരത്തില്‍ ഒരു ചരിത്രം. മഹാനായ സുലൈമാന്‍ നബി(അ)ക്ക് നല്‍കിയ അനുഗ്രഹങ്ങളെ പറ്റി പറയവെ അല്ലാഹു പറയുന്നത് കാണുക:

''പിശാചുക്കളുടെ കൂട്ടത്തില്‍നിന്ന് അദ്ദേഹത്തിന് വേണ്ടി (കടലില്‍) മുങ്ങുന്ന ചിലരെയും (നാം കീഴ്‌പെടുത്തികൊടുത്തു). അതു കൂടാതെ മറ്റു ചില പ്രവൃത്തികളും അവര്‍ ചെയ്തിരുന്നു. നാമായിരുന്നു അവരെ കാത്തുസൂക്ഷിച്ച് കൊണ്ടിരുന്നത്'' (ക്വുര്‍ആന്‍ 21:82).

ഈ വചനത്തിന്റെ വിശദീകരണത്തില്‍ ഇമാം ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ''അവര്‍ (പിശാചുക്കള്‍) അദ്ദേഹത്തിനു (സുലൈമാന്‍ നബിക്ക്) വേണ്ടി കടലില്‍ മുങ്ങി മുത്തുകളും 'ആഭരണങ്ങളും' കൊണ്ടുവന്ന് നല്‍കുമായിരുന്നു' (തഫ്‌സീര്‍ ഇബ്‌നുകഥീര്‍ 21:82ന്റെ വ്യാഖ്യാനം കാണുക).

മുത്തുകള്‍ രണ്ടുവിധമുണ്ട്. ശുദ്ധജലത്തില്‍നിന്നുണ്ടാകുന്നതും സമുദ്രത്തിലെ ഉപ്പുജലത്തില്‍ രൂപപ്പെടുന്നതും. മനുഷ്യര്‍ ഇന്ന് ശുദ്ധജലത്തില്‍ കൃത്രിമമായി വ്യാവസായികാടിസ്ഥാനത്തില്‍ മുത്തുകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതില്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യമാണു ചൈന. എന്നാല്‍ ഗുണമേന്മ കൂടുതലുള്ളത് കടലിലെ ഉപ്പുവെള്ളത്തില്‍ താനെ രൂപപ്പെടുന്ന മുത്തുകള്‍ക്കു തന്നെയാണ്.

കുര്‍ആന്‍ എന്ന വിജ്ഞാന സമുദ്രം

സമുദ്രശാസ്ത്രം (Oceanography) എന്നത് സമുദ്രത്തെ കുറിച്ചും അതിലെ ജലവിഭവങ്ങളെ കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖയാണ്. ഇത് രൂപംകൊണ്ടത് 1870കളിലാണ്. എന്നാല്‍ ഇത് രൂപം കൊള്ളുന്നതിനും എത്രയോ മുമ്പ് കടലില്‍ ഒളിഞ്ഞിരിക്കുന്ന പല അത്ഭുത രഹസ്യങ്ങളെ കുറിച്ചും വിശുദ്ധ ക്വുര്‍ആനില്‍ പറഞ്ഞത് നാം കണ്ടു. കുര്‍ആന്‍ നിരക്ഷരനായ, മരുഭൂവാസിയായ മുഹമ്മദ് എന്ന മനുഷ്യന്റെ ചിന്തയില്‍ നിന്ന് എഴുതിയുണ്ടാക്കിയതാണെന്ന് വിമര്‍ശിക്കുന്നവര്‍ ഇത്തരത്തിലുള്ള ക്വുര്‍ആന്‍ പരാമര്‍ശങ്ങള്‍ ഒന്ന് മനസ്സിരുത്തി പഠിച്ചിരുന്നെങ്കില്‍ അവര്‍ അത്തരം മൂഢധാരണകള്‍  തിരുത്തുകയും കടലിനെ സൃഷ്ടിച്ച് സംവിധാനിച്ച അല്ലാഹുവില്‍ നിന്നുള്ളതാണ് ക്വുര്‍ആനെന്ന് അവര്‍ക്ക് നിസ്സംശയം ബോധ്യപ്പെടുക തന്നെ ചെയ്യും.

സമുദ്രംപോലെ വിശാലമാണ് ക്വുര്‍ആനും. ചിലര്‍ ക്വുര്‍ആനിന്റെ ഉപരിതലത്തിലൂടെ കപ്പലോടിക്കുകയും മുകളിലെ തിരമാലകളെ നോക്കിക്കാണുകയും മാത്രം ചെയ്യുന്നു. വേറെ ചിലര്‍ കുര്‍ആനെന്ന സമുദ്രത്തിലേക്ക് ഊളിയിട്ട് ഇറങ്ങുകയും അതില്‍നിന്ന് അമൂല്യമായ മുത്തുകളും രത്‌നങ്ങളും ജ്ഞാനവിഭവങ്ങളും സംഭരിക്കുകയും ചെയ്യുന്നു. ഒരു സത്യാന്വേഷിക്ക് നേര്‍വഴിയിലെത്താനാവശ്യമായ  വിഭവങ്ങള്‍ ക്വുര്‍ആനിലുണ്ട്. തുറന്ന മനസ്സോടെ ക്വുര്‍ആനെന്ന ആഴക്കടലില്‍ മുങ്ങിത്തപ്പുന്നവര്‍ക്കുള്ളതാണു 'നേര്‍മാര്‍ഗ'മെന്ന (ഹിദായത്ത്) അപൂര്‍വമായ 'മുത്തുകളും രത്‌നങ്ങളും' കിട്ടുക. അല്ലാഹു പറയുന്നു:

''...ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്'' (ക്വുര്‍ആന്‍ 2:2).

''തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു'' (കുര്‍ആന്‍ 17:9). (അവസാനിച്ചു)