ശാസ്ത്രം വളര്‍ന്നപ്പോള്‍ ദൈവം തളര്‍ന്നോ?

ഡോ.സബീല്‍ പട്ടാമ്പി

2020 സെപ്തംബര്‍ 05 1442 മുഹര്‍റം 17

യുക്തിവാദ, നിരീശ്വരവാദ പ്രസ്ഥാനക്കാര്‍ മതങ്ങളെ വിമര്‍ശിക്കാന്‍ കൊണ്ടുനടക്കുന്ന ഒന്നാമത്തെ ആയുധമാണ് ശാസ്ത്രം. സര്‍ ഐസക് ന്യൂട്ടന്റെ കാലത്ത് (18ാം നൂറ്റാണ്ട്) ശാസ്ത്രത്തിനുണ്ടായ കുതിച്ചുചാട്ടത്തിനു ശേഷം അക്കാലത്ത് പ്രചരിപ്പിക്കപ്പെട്ട പ്രധാനപ്പെട്ട ഒരു ചിന്ത ഇനിയങ്ങോട്ട് ശാസ്ത്രത്തിന്റെ കാലമാണ് എന്നും ശാസ്ത്രം വളരുന്നതോടെ ദൈവവിശ്വാസം തെറ്റാണെന്ന് തെളിയുകയും മതങ്ങളൊക്കെ മണ്ണടിഞ്ഞുപോവുകയും ശാസ്ത്രം അവയെ കീഴടക്കുകയും ചെയ്യുമെന്നുമായിരുന്നു. ചരിത്രത്തില്‍ ഈ പ്രചാരണ കാലഘട്ടം അറിയപ്പെടുന്നത് പോലും 'നവോത്ഥാനകാലഘട്ടം' (Renaissance period) എന്നാണ്. ശാസ്ത്രത്തിനു പ്രപഞ്ചരഹസ്യങ്ങള്‍ മുഴുവന്‍ വിശദീകരിക്കാനാവുമെന്നും മനുഷ്യനെ നയിക്കാന്‍ ഇനി ദൈവവും മതനിയമങ്ങളും ആവശ്യമില്ല എന്നും പ്രചരിപ്പിക്കപ്പെട്ടു.

 ഇക്കാലത്തായിരുന്നു പ്രമുഖ യൂറോപ്യന്‍ ചിന്തകനായിരുന്ന നീത്‌ഷെ 'ദൈവം മരിച്ചുപോയി' എന്ന് പ്രഖ്യാപിച്ചത്. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്ന് കാറല്‍ മാര്‍ക്‌സ് പ്രഖ്യാപിച്ചതും മനുഷ്യന്‍ കുരങ്ങില്‍നിന്നും പരിണമിച്ചുണ്ടായതാണെന്ന സിദ്ധാന്തമുണ്ടായതും ഇക്കാലത്തുതന്നെ. മത നിഷേധത്തിനാവശ്യമായ ഈ ചേരുവകളെല്ലാം കൃത്യമായ അളവില്‍ ഒരുമിച്ചുകൂടിയ ഇക്കാലം യുക്തിവാദ, നിരീശ്വരവാദ പ്രസ്ഥാനക്കാരുടെ സുവര്‍ണകാലമായിരുന്നു. യൂറോപ്യന്‍ ജനതക്കിടയില്‍ ക്രമേണ  ശാസ്ത്രത്തോടുള്ള ആരാധന കൂടുകയും ദൈവത്തിനോടുള്ള ആരാധന കുറയുകയും അവസാനം മതത്തെതന്നെ വലിച്ചെറിയുന്ന അവസ്ഥയില്‍ എത്തുകയും ചെയ്തു.

പരമ്പരാഗത മതങ്ങള്‍ പഠിപ്പിക്കുന്നത് പോലുള്ള ദൈവവിശ്വാസങ്ങള്‍ ഒഴിവാക്കപ്പെടേണ്ട അന്ധവിശ്വാസങ്ങളാണെന്നും ശാസ്ത്രമാണു പുതിയകാലത്തിന്റെ മതമെന്നും ശാസ്ത്രജ്ഞന്മാര്‍ അതിന്റെ പ്രവാചകന്മാരാണെന്നും പ്രചരിപ്പിക്കപ്പെട്ടു. ഇന്നും ഇതേപ്രചാരണം യുക്തിവാദ, നിരീശ്വരവാദക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇവര്‍ പ്രചരിപ്പിക്കുന്ന ഒരു ചിന്ത ഇങ്ങനെയാണ്: 'മതവിശ്വാസികള്‍ ശാസ്ത്ര ബോധം ഇല്ലാത്തവരാണ്. അവരുടെ വിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയമായ അടിത്തറയില്ല. ഞങ്ങള്‍ നിരീശ്വര വാദക്കാര്‍ ശാസ്ത്രത്തിലൂന്നിയാണു മുന്നോട്ടുപോകുന്നത്.'

ശാസ്ത്രകുതുകികളും അഭ്യസ്തവിദ്യരായ പലരും ഇവരുടെ പ്രചാരവേലകളില്‍ ആകൃഷ്ടരായി മതംവലിച്ചെറിഞ്ഞു യുക്തിവാദ, നിരീശ്വര ചിന്തകള്‍ പുല്‍കുന്നത് ഇന്ന് നാം കാണുന്നു.  മതനിഷ്ഠയില്‍ വളര്‍ന്ന പല കുട്ടികളും ഉന്നതവിദ്യാഭ്യാസത്തിനു ശേഷം നിരീശ്വര ചിന്തകളിലേക്ക് തെന്നിപ്പോകുന്നത് ഇത്തരം പ്രചാരണങ്ങളുടെ  കെണിയില്‍ പെട്ടതുകൊണ്ടാണ്. നിരീശ്വര,  യുക്തിവാദ പ്രസ്ഥാനക്കാരുടെ ഇത്തരം കുപ്രചാരണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ മുഖ്യ ലക്ഷ്യം. 'ശാസ്ത്രം വളരുമ്പോള്‍ ദൈവവിശ്വാസത്തിന്റെ പ്രസക്തി ഇല്ലാതായി' എന്ന നിരീശ്വരവാദ പ്രസ്ഥാനങ്ങളുടെ പ്രചാരണങ്ങളില്‍ എത്രമാത്രം സത്യമുണ്ടെന്ന് നമുക്കൊന്ന് പരിശോധിക്കാം.

പ്രമുഖ ശാസ്ത്രജ്ഞരെല്ലാം ദൈവവിശ്വാസികള്‍

നിരീശ്വര, യുക്തിവാദ പ്രസ്ഥാനക്കാരുടെ അവകാശവാദപ്രകാരം ശാസ്ത്രപഠനം ദൈവത്തെ ഇല്ലെന്ന് തെളിയിക്കുമെന്നാണല്ലോ. അങ്ങനെയായിരുന്നെങ്കില്‍ 'ഏറ്റവും വലിയ ശാസ്ത്രജ്ഞന്മാരായിരുന്നു ഏറ്റവും വലിയ നിരീശ്വര വാദികളാകേണ്ടിയിരുന്നത്.' എന്നാല്‍ ഈ വിഷയത്തില്‍ നാം ഒരു കണക്കെടുപ്പ് നടത്തുകയാണെങ്കില്‍ മനസ്സിലാവുക മരണപ്പെട്ടുപോയവരും ഇന്ന് ജീവിച്ചിരിക്കുന്നവരുമായ പ്രമുഖരായ ബഹുഭൂരിഭാഗം ശാസ്ത്രജ്ഞരും ദൈവവിശ്വാസികളായിരുന്നു എന്നതാണ്. അഥവാ ഇവര്‍ അവകാശപ്പെട്ടതുപോലെ ശാസ്ത്രവും ശാസ്ത്രപഠനവും ദൈവത്തെ നിരാകരിക്കുന്നതിലേക്കല്ല ശാസ്ത്രജ്ഞരെകൊണ്ടെത്തിച്ചത്, മറിച്ച് പ്രപഞ്ചത്തിന് ഒരു ദൈവമുണ്ട് എന്ന ചിന്തയിലേക്കാണ്. പ്രമുഖരായ ചില ശാസ്ത്രജ്ഞന്മാരുടെ ദൈവചിന്തകള്‍ എന്തായിരുന്നുവെന്നാണ് ഇനി നാം പരിശോധിക്കുന്നത്.

ലോകം കണ്ടതില്‍വെച്ച് ഏറ്റവും ബുദ്ധിമാനായ ശാസ്ത്രജ്ഞന്‍ ഐസക് ന്യൂട്ടനാണെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ അല്ല അത് ഐന്‍സ്റ്റീന്‍ ആണെന്ന് വേറെ ചിലര്‍ അഭിപ്രായപ്പെടുന്നു. ശാസ്ത്രമേഖലയില്‍ ഇവരില്‍ ആരായിരുന്നു മുന്നില്‍ എന്ന കാര്യം നാം ഇവിടെ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നില്ല. എന്നാല്‍ ഇവര്‍ രണ്ടുപേരും ദൈവവിശ്വാസികളായിരുന്നു എന്നതാണു സത്യം.

സര്‍ ഐസക് ന്യൂട്ടണ്‍

ന്യൂട്ടോണിയന്‍ ഫിസിക്‌സിക്‌സിനു ശേഷം ഇനി ദൈവത്തിനു പ്രസക്തിയില്ലെന്ന് അന്ന് പ്രചരിപ്പിക്കപ്പെട്ടു എന്ന് നാം പറഞ്ഞല്ലോ. എന്നാല്‍ അറിയുക; ആ ന്യൂട്ടണ്‍ ഒരു ദൈവ വിശ്വാസിയായിരുന്നു എന്നതാണു സത്യം! ന്യൂട്ടണ്‍ ഇവരുടെ ദൈവനിഷേധ ചിന്തകളില്‍നിന്ന് മുക്തനായിരുന്നു. ന്യൂട്ടണ്‍ പറയുന്നത് കാണുക:

'സമയത്തിനും കാലത്തിനും അനുയോജ്യമായി കാണപ്പെടുന്ന പ്രകൃതിവൈവിധ്യങ്ങള്‍ ഏതോ ഒരു ശക്തിയുടെ ചിന്തയുടെയും ഉദ്ദേശ്യത്തിന്റെയും ഫലമായി രൂപംകൊണ്ടതായിരിക്കാം' (ന്യൂട്ടന്റെPrincipia Mathematica എന്ന ഗ്രന്ഥത്തില്‍നിന്ന്).

ന്യൂട്ടന്റെ പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങളില്‍ ഒന്നാണല്ലോ 'ഗുരുത്വാകര്‍ഷണ നിയമം' (Law of Gravtiy). ഈ നിയമത്തെപ്പറ്റി പറയവെ ന്യൂട്ടണ്‍ പറയുന്നത് കാണുക: 'ഗുരുത്വാകര്‍ഷണം (Gravtiy) ഗ്രഹങ്ങളുടെ സഞ്ചാരത്തെപ്പറ്റി വിവരിക്കുന്നു. എന്നാല്‍ ആരാണ് അവയുടെ സഞ്ചാരത്തെ നിയമിച്ചത് എന്ന് ഈ നിയമം പറയുന്നില്ല. ദൈവമാണ് ഈ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത്, അവയുമായി ബന്ധപ്പെട്ട് എന്തെല്ലാമാണു ചെയ്യേണ്ടതെന്ന് അവനറിയാം. സൂര്യനും ഗ്രഹങ്ങളും ഉല്‍ക്കകളും ഉള്‍പ്പെടുന്ന ഈ മനോഹര സംവിധാനം ഒരു അതിബുദ്ധിമാനായ ശക്തിയില്‍നിന്നു മാത്രമെ ഉല്‍ഭവിക്കൂ' (Quoted in the book "Isaac Newton: Inventor, Scientist and Teacher", by J.H.Tiner þ1975).

മറ്റൊരിക്കല്‍ ന്യൂട്ടണ്‍ പറഞ്ഞു: 'അവയെല്ലാം ലളിതമനോഹരമായി സംവിധാനിക്കപ്പെട്ടിരിക്കുന്നു. ഇവയെല്ലാം ദൈവത്തിന്റെ പ്രവര്‍ത്തനത്തിന്റെ കൃത്യതയാണ്. ആ ദൈവം കൃത്യതയുള്ളവനാണ്; അല്ലാതെ ആശയക്കുഴപ്പമുള്ളവനല്ല' ("The religion of Isaac Newton" by Frank. E. Manuel, Page: 120).

ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍

ഐന്‍സ്റ്റീനും ഒരു ദൈവവിശ്വാസിയായിരുന്നുവെന്ന് കാണാം. അദ്ദേഹം പറഞ്ഞതായി വന്ന ഒരു ഭാഗം കാണുക: 'ശാസ്ത്രം കൂടുതല്‍ പഠിക്കുന്തോറും ഞാന്‍ കൂടുതല്‍ ദൈവവിശ്വാസിയാവുകയാണു ചെയ്യുന്നത്' (The Wall Street Journal, 1997, Dec  24, article "Science resurrects God" by Jim Holt).

മറ്റൊരിക്കല്‍ ഐന്‍സ്റ്റീന്‍ ഇങ്ങനെ പറഞ്ഞതായി കാണാം: 'സയന്‍സ് ഗൗരവമായി പഠിക്കുന്ന ആര്‍ക്കും മനസ്സിലാക്കാന്‍പറ്റുന്ന ഒരുകാര്യം എന്തെന്നാല്‍ ഈ പ്രപഞ്ചത്തിന്റെ നിയമങ്ങളിലെല്ലാം ഒരു ഉന്നതശക്തിയുടെ സാന്നിധ്യം പ്രകടമാണ്, മനുഷ്യനെക്കാള്‍ ഉന്നതനായ ഒരു ശക്തി. ആ ശക്തിയുടെ മുന്നില്‍ നാം മനുഷ്യര്‍ വിനയാന്വിതരായിരിക്കണമെന്ന് മനസ്സിലാക്കുക' (Ronald W Clark എഴുതിയ Einstein: The Life & Times എന്ന പുസ്തകം. Also quoted in the book "Einstein and Religion by Prof. Max Jammer).

ആല്‍ബെര്‍ട് ഐന്‍സ്റ്റീനിന്റെ കൂട്ടുകാരനും ഇസ്രായേലിലെ ബാര്‍ലന്‍ യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് പ്രൊഫസറുമായിരുന്ന മാക്‌സ് ജാമ്മര്‍ ഐന്‍സ്റ്റീന്റെ മതവിശ്വാസത്തെക്കുറിച്ച് എഴുതിയ പുസ്തകമാണ് Einstein and Religion എന്നത്. ഈ പുസ്തകത്തില്‍ ഐന്‍സ്റ്റീന്‍ അദ്ദേഹത്തോട് പറഞ്ഞ കാര്യങ്ങളും അദ്ദേഹത്തിനയച്ച കത്തുകളും എടുത്തുകൊടുക്കുന്നുണ്ട്. ഈ പുസ്തകത്തില്‍ ദൈവത്തെക്കുറിച്ച് ഐന്‍സ്റ്റീന്‍ പറഞ്ഞതായി ഉദ്ധരിക്കുന്ന ചില പ്രസക്ത ഭാഗങ്ങള്‍ നമുക്ക് പരിശോധിക്കാം.

'ഈ ഭൗതിക പ്രപഞ്ചത്തില്‍ ഒരു ദൈവം പ്രകടമാണ്' (Max Jammer, Page: 151).

'ദൈവം എങ്ങനെയാണ് ഈ പ്രപഞ്ചം സൃഷ്ടിച്ചതെന്ന് ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നു...ആ ദൈവത്തിന്റെ ചിന്തകളെക്കുറിച്ച് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' (Max Jammer, Page:123).

 'എന്നെ ചിന്തിപ്പിക്കുന്ന മറ്റൊരു കാര്യം, ദൈവത്തിന് ഈ ലോകം മറ്റൊരു രീതിയില്‍ സൃഷ്ടിക്കാന്‍ കഴിയുമായിരുന്നോ എന്നാണ്...' (Max Jammer, Page: 124).

'അനുഭവങ്ങളുടെ ഈ ലോകത്ത് ഉന്നതമായ ചിന്തകളുള്ള ഒരു ദൈവത്തിന്റെ സാന്നിധ്യം പ്രകടമാണ്... ഇതാണ് എന്റെ ദൈവചിന്ത' (Max Jammer, Page: 132).

'ഈ സങ്കീര്‍ണതക്കെല്ലാം പിന്നില്‍ മറഞ്ഞിരിക്കുന്ന, അനുഭവഭേദ്യമല്ലാത്ത, നമുക്ക് വിവരിക്കാന്‍ പറ്റാത്ത എന്തോഒന്ന് ഉണ്ട്. ആ ശക്തിയെ ഞാന്‍ വണങ്ങുന്നു. അതാണ് എന്റെ മതം. അങ്ങനെ നോക്കുകയാണെങ്കില്‍ ഞാന്‍ ഒരു മതവിശ്വാസിയാണ്' (Max Jammer, Page: 40).

'അനന്തനായ (അന്ത്യമില്ലാത്തവന്‍), ഉന്നതനായ ഒരു ശക്തിയുടെ മുന്നില്‍ വിനയപ്പെടലാണ, എന്റെ മതം; ആ ഉന്നത ശക്തിസാന്നിധ്യമാണു ഞാന്‍ വിശ്വസിക്കുന്ന ദൈവം' (The Quotable Einstein, Page: 195,196).

ഐന്‍സ്റ്റീന്റെ മുകളിലെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. അദ്ദേഹം ഒരു പ്രപഞ്ച ശക്തിയില്‍ വിശ്വസിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ശക്തി എന്താണെന്നോ എങ്ങനെയാണെന്നോ ആ ശക്തിയോട് തനിക്ക് എന്തെങ്കിലും കടമകള്‍ ഉണ്ടോ എന്നോ ഉണ്ടെങ്കില്‍ അത് എങ്ങനെ നിര്‍വഹിക്കണം എന്നോ ഐന്‍സ്റ്റീനിനു മനസ്സിലാവുന്നില്ല. കാരണം അതൊന്നും മനുഷ്യ ബുദ്ധിയുടെയോ ശാസ്ത്രത്തിന്റെയോ പരിധിയില്‍ വരുന്ന കാര്യമല്ലല്ലോ. അത്തരം വിശദാംശങ്ങള്‍ കൂടുതല്‍ അറിയണമെങ്കില്‍ ആ ശക്തിതന്നെ സ്വയം പരിചയപ്പെടുത്തുന്ന, ആ ശക്തിയില്‍നിന്നുള്ള ഏതെങ്കിലും പ്രമാണഗ്രന്ഥങ്ങളോ സന്ദേശ വാഹകനോ ആവശ്യമാണ്. ഇവിടെയാണു വേദഗ്രന്ഥങ്ങളുടെ പ്രസക്തി കടന്നുവരുന്നത്.

അതുകൊണ്ട്തന്നെ മതവും ശാസ്ത്രവും ശത്രുക്കളല്ല. അവ രണ്ടും മിത്രങ്ങളായി നിലകൊള്ളേണ്ടതിന്റെ ആവശ്യകത ഐന്‍സ്റ്റീന്‍ ചൂണ്ടിക്കാണിക്കുന്നത് കാണുക:

 'മതത്തിനും ശാസ്ത്രത്തിനുമിടയില്‍ ഒരു സംഘട്ടനം ഉണ്ടാകാന്‍ പാടില്ല. മതമില്ലാത്ത ശാസ്ത്രം മുടന്തനാണ്. ശാസ്ത്രം ഇല്ലാത്ത മതം അന്ധനുമാണ്' (Quoted by Max Jammer, Page: 31).

ഐന്‍സ്റ്റീന്റെയും ന്യൂട്ടന്റെയും ദൈവവിശ്വാസവും യുക്തിവാദിയുടെ വെപ്രാളവും

ഇതൊക്കെ  നാം പറയുമ്പോള്‍ യുക്തിവാദികള്‍ അസ്വസ്ഥരാകുന്നത് കാണാം. ഏറ്റവും കൂടുതല്‍ യുക്തിയും ശാസ്ത്രബോധവും ഉള്ളതായി ലോകം കണക്കാക്കുന്ന രണ്ട് ശാസ്ത്രജ്ഞര്‍ ദൈവ വിശ്വാസികളായിരുന്നു എന്നു പറഞ്ഞാല്‍ അത് യുക്തിവാദ, നിരീശ്വര ചിന്തകര്‍ക്ക് ക്ഷീണവും മതവിശ്വാസികള്‍ക്ക് അനുകൂലവുമാകും എന്നത് തന്നെയാണ് ഈ അസ്വസ്ഥതക്ക് കാരണം. അതുകൊണ്ട് തന്നെ ഈ ശാസ്ത്രജ്ഞരൊന്നും ദൈവവിശ്വാസികളായിരുന്നില്ല എന്ന് സ്ഥാപിക്കാനുള്ള വെപ്രാളം പല യുക്തിവാദക്കാരും കാണിക്കുന്നത് കാണാം. അത്തരത്തിലുള്ള ഒരു വ്യാഖ്യാന കസര്‍ത്ത് നമുക്ക് കാണാം.

ഇന്ന് ജീവിച്ചിരിക്കുന്ന യുക്തിവാദികള്‍ ഏറെക്കുറെ എല്ലാവരും അംഗീകരീക്കുന്ന ഒരു വ്യക്തിയാണ് ബ്രിട്ടനിലുള്ള റിച്ചാര്‍ഡ് ഡോക്കിന്‍സ്. ഇദ്ദേഹത്തിന്റെ (കു)പ്രസിദ്ധമായ ദൈവവിമര്‍ശന പുസ്തകമാണ് 'ദൈവമെന്ന മിഥ്യ' (The God delusion). ഈ പുസ്തകത്തില്‍ ഐന്‍സ്റ്റീനും ന്യൂട്ടനുമൊന്നും ദൈവ വിശ്വാസികളായിരുന്നില്ല എന്ന് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു പ്രസ്താവന കാണാം:

'ഐന്‍സ്റ്റീന്‍ ചില സന്ദര്‍ഭങ്ങളില്‍ ദൈവത്തെ വിളിച്ചതായി കാണാം. എന്നാല്‍ അദ്ദേഹം മാത്രമല്ല അങ്ങനെ (ദൈവത്തെ) വിളിച്ച 'നിരീശ്വരവാദിയായ' ശാസ്ത്രജ്ഞന്‍. പ്രകൃത്യാതീത ശക്തിയില്‍ വിശ്വസിക്കുന്നവര്‍ക്കിടയില്‍ അദ്ദേഹം അവരുടെ ആളാണെന്ന (ദൈവവിശ്വാസി ആണെന്ന) ഒരു തെറ്റിദ്ധാരണക്ക് ഇത് കാരണമായിട്ടുണ്ട്' (The God Delusion, Page: 34).

ഈ പ്രസ്താവന ശ്രദ്ധിച്ചാല്‍ മനസ്സിലാകുന്ന ചില കാര്യങ്ങള്‍ പറയാം:

(1) ഐന്‍സ്റ്റീന്‍ ഒരു ദൈവത്തെ വിളിച്ചിരുന്നു എന്ന് ഡോക്കിന്‍സ് സമ്മതിക്കുന്നു. പക്ഷേ, ഐന്‍സ്റ്റീന്‍ ദൈവവിശ്വാസിയാണെന്ന് സമ്മതിക്കാന്‍ ഡോക്കിന്‍സിനു മടിയാണു താനും!

(2) 'അദ്ദേഹം മാത്രമല്ല ദൈവത്തെ വിളിച്ച നിരീശ്വരവാദി'' എന്ന ഭാഗം ശ്രദ്ധിക്കുക. അപ്പോള്‍ വേറെയും പ്രഗത്ഭരായ പല ശാസ്ത്രജ്ഞരും ദൈവത്തെ വിളിച്ച കാര്യം ഡോക്കിന്‍സിനു തന്നെ അറിയാം. (പക്ഷേ, മറച്ചുവെക്കുന്നു എന്ന് വ്യക്തം).

എന്നാല്‍ ഡോക്കിന്‍സ് പറയുന്നത് പോലെ ഐന്‍സ്റ്റീനിന്റെ ഈ 'ദൈവ വിളി' ദൈവവിശ്വാസികള്‍ വ്യാഖ്യാനിച്ചുണ്ടാക്കിയതല്ല എന്നത് ദൈവത്തെപ്പറ്റി ഐന്‍സ്റ്റീന്‍ തന്നെ പറഞ്ഞത് മുകളില്‍ നാം ഉദ്ധരിച്ചത്  വായിച്ചാല്‍ മനസ്സിലാകും.

(3) മറ്റൊരു കാര്യം ഡോക്കിന്‍സ് പറയുന്നത് 'ഐന്‍സ്റ്റീന്‍ അവരുടെ ആള്‍ ആണെന്ന് ദൈവ വിശ്വാസികള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു' എന്നാണ്.

അത് 'തെറ്റിദ്ധാരണയല്ല; ശരിയായ ധാരണതന്നെയാണ്' എന്നാണു ഡോക്കിന്‍സിനോട് പറയാനുള്ളത്. മാത്രവുമല്ല ഐന്‍സ്റ്റീന്‍ താന്‍ നിരീശ്വരവാദികളുടെ ആളല്ല എന്നു സ്വയംതന്നെ തീര്‍ത്തു പറയുന്നതും കാണുക:

'...ചില ആളുകള്‍ പറയുന്നത് ദൈവം എന്ന ഒന്ന് ഇല്ല എന്നാണ്. എന്നാല്‍  അത്തരക്കാര്‍ (നിരീശ്വര വാദികള്‍) എന്നെ അവരുടെ ആളാണെന്ന് പറഞ്ഞ് ഉദ്ധരിക്കുന്നതാണ് എന്നെ ഏറ്റവും ദേഷ്യം പിടിപ്പിക്കുന്ന കാര്യം'(Max Jammer, Einstein and religion, Page: 97).

ഐന്‍സ്റ്റീന്‍ മരിച്ചത് 1955ലാണ്. ഡോക്കിന്‍സിനെ പോലുള്ള കുപ്രചാരകര്‍ ഐന്‍സ്റ്റീന്റെ കാലത്ത് തന്നെ ജീവിച്ചിരുന്നതുകൊണ്ടായിരിക്കണം, 'ഞാന്‍ നിരീശ്വരവാദിയല്ല, എന്നെ അതിലേക്കൊട്ട് ചേര്‍ത്തു പറയുകയും വേണ്ട' എന്ന് ഐന്‍സ്റ്റീന്‍ അന്ന് തന്നെ പറഞ്ഞുവെച്ചത്.

ഇനി ന്യൂട്ടനെക്കുറിച്ച് ഡോക്കിന്‍സ് പറയുന്നത് കാണാം. ആ ഭാഗം തുടങ്ങുന്നത് ഇങ്ങനെയാണ്:'ബുദ്ധികൊണ്ട് അറിയപ്പെട്ട പലരും ദൈവവിശ്വാസികളായിരുന്നില്ല. എന്നാല്‍ അവര്‍ അക്കാര്യം മറച്ചു വെച്ചതിനു കാരണം ജീവിതവരുമാനം നിന്നുപോകുമോ എന്ന് പേടിച്ചതാണ്' (The God delusion, by Dawkins, Page: 123).

ഇങ്ങനെ പറഞ്ഞ ശേഷം ഡോക്കിന്‍സിന്റെ അടുത്ത വാചകം ഇങ്ങനെയാണ്: 'ന്യൂട്ടന്‍ ഒരു ദൈവ വിശ്വാസിയായിരുന്നു.'

അതായത് ഡോക്കിന്‍സ് പറയാന്‍ ശ്രമിക്കുന്നത് ഇങ്ങനെയാണ്: 'യഥാര്‍ഥത്തില്‍ ന്യൂട്ടന്‍ ദൈവ വിശ്വാസിയായിരുന്നില്ല. എന്നാല്‍ ഭൂരിപക്ഷംവരുന്ന മതവിശ്വാസികളോട് താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞാല്‍ ജീവിതം വഴിമുട്ടിപ്പോകുമോ എന്നു പേടിച്ചതുകൊണ്ട് മാത്രമാണു താന്‍ ഒരു ദൈവവിശ്വാസിയാണെന്ന് ന്യൂട്ടന്‍ പറഞ്ഞത്!'

 ന്യൂട്ടനെപ്പറ്റി ഇങ്ങനെ പറയാന്‍ ഡോക്കിന്‍സിനുള്ള തെളിവെന്താണെന്ന് ആരും ചോദിക്കരുത്. തനിക്ക് ബോധ്യപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ താന്‍ ഒരു ദൈവത്തില്‍ വിശ്വസിക്കുന്നുവെന്ന് ന്യൂട്ടന്‍ സ്വയം പറയുമ്പോള്‍, അല്ല ന്യൂട്ടന്‍ സ്വന്തം നിലനില്‍പിനു വേണ്ടിയാണു ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞതെന്ന് യാതൊരു തെളിവുമില്ലാതെ ന്യൂട്ടന്റെ പേരില്‍ ആരോപിക്കാന്‍ ഈ യുക്തിവാദി എന്ത് മാത്രം 'ശാസ്ത്രീയഗവേഷണം' നടത്തിക്കാണും?

ഏറ്റവും പ്രമുഖരായ രണ്ട് ശാസ്ത്രജ്ഞന്മാരുടെ ദൈവത്തെപ്പറ്റിയുള്ള ചിന്തകളാണ് നാം പരിശോധിച്ചത്. എന്നാല്‍ ഇവര്‍ മാത്രമല്ല, ശാസ്ത്രം ഏറ്റവുമധികം വളര്‍ന്ന 20ാം നൂറ്റാണ്ടില്‍ ജീവിച്ച പ്രമുഖരായ ശാസ്ത്രജ്ഞരില്‍ ഭൂരിഭാഗം പേരും ദൈവവിശ്വാസികളായിരുന്നു എന്നതാണു വാസ്തവം. അവര്‍ ആരെല്ലാമായിരുന്നുവെന്ന് അടുത്ത ലേഖനത്തില്‍ പരിശോധിക്കാം. (തുടരും)