സൈബര്‍ ഇടങ്ങളിലെ വിദ്വേഷ പ്രചാരണവും ഹൈക്കോടതി ഇടപെടലും

നബീല്‍ പയ്യോളി

2020 മെയ് 23 1441 റമദാന്‍ 30

ഡിജിറ്റല്‍ യുഗത്തിന്റെ ആശയവിനിമയ സാധ്യതകള്‍ അനന്തമാണ്. ലോകത്തിന്റെ ഏതു കോണില്‍ നിന്നും മറ്റേതൊരു കോണിലെയും വാര്‍ത്തകളും വിശേഷങ്ങളും കൈമാറാന്‍ നിമിഷങ്ങള്‍ക്കകം സാധ്യമാകും എന്നതാണ് ഡിജിറ്റല്‍ യുഗത്തിലെ ആശയ വിനിമയങ്ങളുടെ ഏറ്റവും ഗുണപരമായ വശം. അതുകൊണ്ട് തന്നെ ഏതൊരു സാധാരണക്കാരനും ഈ സാധ്യതയെ ഉപയോഗപ്പെടുത്താന്‍ പരിശീലിച്ചിരിക്കുന്നു. സാങ്കേതികവിദ്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. അവശ്യ സര്‍വീസുകളുടെ ഗണത്തിലാണിന്ന് സാങ്കേതിക മേഖല. യുട്യൂബ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളാണ് ആശയ കൈമാറ്റത്തിന് ഇന്ന് ഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്നത്. നിമിഷനേരം കൊണ്ട് ലോകം മുഴുവന്‍ വാര്‍ത്തകള്‍ പരക്കുന്നു. അതിന്റെ നന്മകള്‍ നാമെല്ലാം ദിനേനയെന്നോണം അനുഭവിച്ചുകൊണ്ടിരിക്കുന്നു. കോവിഡ് കാലത്തും സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളുടെ ഗുണങ്ങള്‍ അനുഭവിച്ചറിഞ്ഞവരാണ് മലയാളികള്‍.

ഇന്ന് അസത്യമാണ് സത്യത്തെക്കാള്‍ പതിന്മടങ് വേഗതയില്‍ പ്രചരിക്കുന്നത്. അതുകൊണ്ട് സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം വലിയ പ്രത്യാഘാതങ്ങളും ദുരന്തങ്ങളും വരുത്തിവെക്കുന്നുണ്ട്. കുറച്ച് കാലമായി സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളെ വിദ്വേഷ പ്രചാരണത്തിനും അസത്യ പ്രചാരണത്തിനും വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. കഴിഞ്ഞ ലോകസഭാ ഇലക്ഷനില്‍ സംഘപരിവാര്‍ ഐടി സെല്ലുകള്‍ പടച്ചുവിട്ടത് നുണക്കഥകളുടെ കുത്തൊഴുക്കായിരുന്നു. അവര്‍ പടച്ചുവിടുന്ന ഇത്തരം നുണക്കഥകളുടെ പിന്നാമ്പുറങ്ങള്‍, അതിന്റെ ഭാഗമായിരുന്ന പലരും പിന്നീട് വെളിപ്പെടുത്തിയതും നമ്മള്‍ വായിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ ഫെയ്ക്ക് എക്കൗണ്ടുകള്‍ നിര്‍മിച്ച് അസത്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഗീബല്‍സിയന്‍ തന്ത്രം അവര്‍ ഇന്നും നിര്‍ബാധം തുടര്‍ന്നു കൊണ്ടിരിക്കുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വാര്‍ത്താ വീഡിയോ ശകലം മനഃസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. കേട്ടാലറയ്ക്കുന്ന തെറിവാചകങ്ങളുടെ പൊടിപൂരം. മുസ്‌ലിം സമുദായത്തെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന പ്രസ്തുത വാര്‍ത്ത സംപ്രേക്ഷണം ചെയ്തത് പത്തനതിട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘ്പരിവാര്‍ ഓണ്‍ലൈന്‍ മീഡിയ 'നമോ ടി.വി മലയാളം' ആയിരുന്നു. ഇത് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും പ്രസ്തുത ചാനലിനും അവതാരകക്കും എതിരെ സാമൂഹ്യ പ്രവര്‍ത്തകന്‍ കേസുകൊടുക്കുകയും ചെയ്തു. ഈ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി പരിഗണിച്ചു. ചാനല്‍ അവതാരകയോട് പത്തുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. പരമാവധി മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഐ.ടി വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. അതുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാന്‍ പ്രതിയോട് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 50,000 രൂപയുടെ ബോണ്ട് അടക്കുകയും രണ്ട് ജാമ്യക്കാരെ ഹാജരാക്കുകയും വേണം, അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം, സമാനമായ കുറ്റം ആവര്‍ത്തിക്കരുത് എന്നീ കാര്യങ്ങളും കോടതി നിര്‍ദേശിച്ചു.

കേസ് പരിഗണിക്കവെ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍ ആണ് നടത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള വാക്‌പോരും വിദ്വേഷ പ്രചാരണവും അവസാനിപ്പിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദേശം നല്‍കി. ഇത്തരം സാഹചര്യങ്ങളില്‍ പൊലീസ് ജാഗരൂകരാവണമെന്നും കോടതി ഡി.ജി.പിയോടും നിര്‍ദേശിച്ചു. സോഷ്യല്‍ മീഡിയയില്‍ മോശം പരാമര്‍ശം നടത്തിയാല്‍ പോലീസില്‍ പരാതി നല്‍കുന്നതിന് പകരം അതിനെതിരെ അതേ രീതിയില്‍ പ്രതികരിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്നും ഇത് നിയമവാഴ്ചയെ തകിടം മറിക്കുന്ന നടപടിയാണെന്നും ജസ്റ്റിസ് പി.വി കുഞ്ഞിക്യഷ്ണന്‍ പറഞ്ഞു. ഈ ഗുരുതര സാഹചര്യം മറികടക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സാമൂഹ്യമാധ്യമങ്ങളെ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന ഈ കാലത്ത് ഹൈക്കോടതിയുടെ ഇടപെടല്‍ സ്വാഗതാര്‍ഹമാണ്. ആരെയും നിര്‍ദാക്ഷിണ്യം തേജോവധം ചെയ്യാനും ഒരു പക്ഷേ, ജീവഹാനിക്ക് വരെ കാരണമാകാനും സാമൂഹ്യമാധ്യമങ്ങളിലെ തെറ്റായ ഇടപെടലുകള്‍ പലപ്പോഴും വഴിവെക്കാറുണ്ട്. പരസ്പരം കൊമ്പുകോര്‍ക്കുന്നവര്‍ സംസ്‌കാരത്തിന്റെ സര്‍വസീമകളും അതിലംഘിച്ച് തേജോവധവും വര്‍ഗീയ, വംശീയ വിദ്വേഷങ്ങളും പ്രചരിപ്പിക്കുന്ന കാഴ്ച അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഉത്തരേന്ത്യന്‍ ഇടങ്ങളില്‍ നാം മുമ്പ് കണ്ടിരുന്ന ഇത്തരം രീതികള്‍ മലയാളി സൈബര്‍ ഇടങ്ങളില്‍ ഇന്ന് വ്യാപകമാണ്.

രാജ്യത്തിന്റെ ഭരണഘടനയെ തന്നെ ചോദ്യം ചെയ്യുന്ന പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളെ നേരിടാന്‍ വിദ്വേഷ പ്രചാരണം എന്ന ആയുധം തന്നെയായിരുന്നു സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ അഴിച്ചുവിട്ടത്. അതിനെതിരെ ശക്തമായ ജാഗ്രത പുലര്‍ത്താനും അവര്‍ അഴിച്ചുവിട്ട നുണക്കഥകളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് പ്രക്ഷോഭങ്ങളുടെ ഓരോ ഘട്ടത്തിലും കേന്ദ്ര സര്‍ക്കാരും സംഘ പരിവാര്‍കേന്ദ്രങ്ങളും പരുങ്ങലിലായത്; പരസ്പര വിരുദ്ധമായ പ്രസ്താവനകളും നിലപാടുകളും ബിജെപി നേതാക്കളില്‍ നിന്ന് വരെ ഉണ്ടായത്. കോവിഡ് കാലം പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് താല്‍ക്കാലിക അവധി നല്‍കാന്‍ കാരണമായെങ്കിലും ഈ ദുരന്തകാലത്തും സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണങ്ങള്‍ തുടരുകയാണ്.

കോവിഡ് വ്യാപനത്തിന് കാരണം നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനം ആയിരുന്നു എന്ന പ്രചാരണം അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കേന്ദ്രസര്‍ക്കാരും ബിജെപി നേതാക്കളും ഈ നിലപാടില്‍ മാറ്റം വരുത്തി. അവസാനമായി തബ്‌ലീഗ് ജമാഅത്ത് നേതാവ് മൗലാനാ സഅദിന്റെ പേരില്‍ പ്രചരിച്ച ഓഡിയോ ക്ലിപ്പ് വ്യാജമെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തിയിരിക്കുന്നു. സാമൂഹ്യഅകലം പാലിക്കേണ്ടതില്ലെന്നും നിരോധനാജ്ഞാ ഉത്തരവുകള്‍ അനുസരിക്കേണ്ടതില്ലെന്നും ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശങ്ങളാണ് സഅദിന്റെ പേരില്‍ പ്രചരിച്ചിരുന്നത്. ഫോറന്‍സിക് പരിശോധനയിലാണ് ക്ലിപ്പുകളില്‍ കൃത്രിമം നടന്നതായി പൊലീസ് കണ്ടെത്തിയത്. ഇദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ വോയ്‌സ് ക്ലിപ്പുകളും പൊലീസ് വിദഗ്ധ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. നിസാമുദ്ദീന്‍ മര്‍ക്കസിലെ സമ്മേളനവുമായി ബന്ധപ്പെട്ട് മൗലാനാ സഅദിനും മറ്റു ആറു പേര്‍ക്കുമെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഈ കേസിലെ എഫ്.ഐ.ആറില്‍ ഈ ക്ലിപ്പിനെ കുറിച്ചും സൂചിപ്പിച്ചിട്ടണ്ട്. മാര്‍ച്ച് 21 മുതലാണ് മൗലാനാ സഅദിന്റെതെന്ന പേരില്‍ ഈ വോയ്‌സ് ക്ലിപ്പുകള്‍ വാട്‌സ് ആപ്പുകളില്‍ പ്രചരിച്ചിരുന്നത്. മര്‍ക്കസ് സമ്മേളനത്തിനായി ആളെക്കൂട്ടാനാണ് ഈ സന്ദേശം അയച്ചത് എന്നാണ് നേരത്തെ പൊലീസ് വിലയിരുത്തിയിരുന്നത്. ഒരുപാട് ക്ലിപ്പുകള്‍ ചേര്‍ത്താണ് വോയ്‌സ് ഉണ്ടാക്കിയത് എന്ന് ശ്രദ്ധയില്‍പെട്ടതായി കേസ് അന്വേഷിക്കുന്ന ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍ വ്യക്തമാക്കി. ഇതെല്ലം സൈബര്‍ ഇടങ്ങളിലെ നുണപ്രചാരണങ്ങളുടെ പിന്നിലെ ആസൂത്രിത നീക്കങ്ങളുടെ തെളിവുകള്‍ ആണ്. ശക്തമായ ജാഗ്രത കൈക്കൊള്ളുകമാത്രമാണ് ഇത്തരം നീചവൃത്തികളെ നേരിടാനുള്ള മാര്‍ഗം. ശക്തമായ നിയമനടപടികളും ആവശ്യമാണ്.

വിദേശ രാജ്യങ്ങളിലിരുന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം നടത്തുന്ന സംഘ്പരിവാര്‍ അനുകൂലികളെ ലോകം ഗൗരവത്തോടെ ശ്രദ്ധിച്ചത് കോവിഡ് കാലത്താണ്. ഗള്‍ഫ് രാജ്യങ്ങളിലെ സാംസ്‌കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും ഈ പ്രചാരങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുകയും അറബ് രാജ്യങ്ങളിലെ ഭരണാധികാരികളും ഭരണകൂടങ്ങളും ഇന്ത്യയില്‍ മുസ്‌ലിം സഹോദരങ്ങള്‍ നേരിടുന്ന പീഡനങ്ങളും വര്‍ഗീയ, വംശീയ വിദ്വേഷങ്ങളും അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഇസ്‌ലാമോഫോബിയക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നു ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷന്‍ ആവശ്യപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഗതി പുലിവാലാകുമെന്ന് കണ്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരണവുമായി രംഗത്തെത്തിയത്. കൊറോണ മതമോ ജാതിയോ നോക്കിയല്ല പിടിപെടുന്നതെന്നും നമ്മുടെ പ്രതികരണം സാഹോദര്യത്തില്‍ അധിഷ്ഠിതമാവണമെന്നും മോദി പ്രതികരിച്ചു. അറബ് വനിതകളെ ലൈംഗികമായി അധിക്ഷേപിച്ച് ബംഗളൂരു സൗത്തിലെ ബി.ജെ.പി എം.പി തേജസ്വി സൂര്യയുടെ 2015ലെ ട്വീറ്റ് വീണ്ടും പ്രചരിച്ചതും ഗള്‍ഫില്‍ വ്യാപക രോഷമുണര്‍ത്തി. ഇതോടെ എം.പി പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. വിദേശ രാഷ്ട്രങ്ങളിലെ സ്ഥാനപതികള്‍ ഓരോ രാജ്യത്തും ഉള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ശക്തമായ നിയമ നടപടികള്‍ നേരിടേണ്ടി വരും. വര്‍ഗീയ തിമിരം ബാധിച്ചവര്‍ക്ക് ഈ പ്രവണത തുടരുന്നത് സ്വയം നാശത്തിലേക്കുള്ള കുഴിതോണ്ടലാണെന്ന് മനസ്സിലാക്കാനുള്ള ബോധം പോലും നഷ്ടമായിരിക്കുകയാണ്. വിദേശ രാജ്യങ്ങളിലേക്ക് അന്നംതേടി പോയവര്‍ കാണിക്കുന്ന ഇത്തരം അവിവേകങ്ങള്‍ അവരുടെ ജോലി നഷ്ടപ്പെടുത്തുകയും നിയമനടപടികള്‍ക്ക് വിധേയരാവേണ്ടിവരികയും ചെയ്യുന്നു. അതോടൊപ്പം അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങള്‍ കൂടി ഇതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുന്നു.

ഈ സംഘ്പരിവാര്‍ ചെയ്തികള്‍ കേരളത്തിലെ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ സൈബര്‍ പോരാളികള്‍ കൂടി ഏറ്റെടുക്കുന്നു എന്നത് മലയാളിക്ക് അപമാനമാണ്. തങ്ങളെ എതിര്‍ക്കുന്നവരെ അങ്ങേയറ്റം അസിഹ്ഷ്ണുതയോടെ നേരിടുകയും കേട്ടാലറയ്ക്കുന്ന അശ്ലീലങ്ങളും വര്‍ഗീയ, വംശീയ പരാമര്‍ശങ്ങളും സംസ്‌കാരശൂന്യമായ പ്രതികരണങ്ങളും വ്യാജ സ്‌ക്രീന്‍ ഷോട്ടുകളും ട്രോളുകളും മലയാളിലുടെ മാനസിക ജീര്‍ണത വിളിച്ചോതുന്നതാണ്. പെണ്ണുടലിനെ വില്‍പനച്ചരക്കായി മാത്രം കാണുന്നവരെപോലെ സൈബര്‍ റേപ്പുകള്‍ നിര്‍ബാധം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. അവിടെ സാധാരണ സ്ത്രീകള്‍ മാത്രമല്ല; ജനപ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരും ഇരകളാക്കപ്പെടുന്നു എന്നത് എത്രമാത്രം ക്രൂരമാണ്! പ്രബുദ്ധനും വിദ്യാസമ്പന്നനും ആയ മലയാളിക്ക് എങ്ങനെ ഇത്ര അധമനാകാന്‍ സാധിക്കുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. പൊതു ഇടങ്ങളിലെ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ആരോഗ്യകരമായ സംവാദങ്ങള്‍ക്കാണ് വഴിവെക്കേണ്ടത്. ആര് എന്ത് പറഞ്ഞാലും താന്‍ വിശ്വസിക്കുന്ന ആശയധാരക്കോ തന്റെ നിലപാടുകള്‍ക്കോ ഒന്നും സംഭവിക്കില്ലെന്നും എന്തിനോടും വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ആര്‍ക്കും അവകാശവും സ്വാതന്ത്ര്യവും ഉണ്ടെന്നും തിരിച്ചറിയാതെ പോകരുത്. 'എഗ്രീ ടു ഡിസെഗ്രീ' എന്നത് സംവാദ വേദികളിലെ സാമാന്യ മര്യാദയാണ്. അതെല്ലാം കാറ്റില്‍ പറത്തി എതിരാളികളെ തേജോവധം ചെയ്ത് തന്റെ നിലപാടുകള്‍ക്ക് വിജയം വരിക്കാം എന്ന് കരുതുന്നത് മൗഢ്യമാണ്. അത് പ്രബുദ്ധ മലയാളിക്ക് അപമാനവുമാണ്.

സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന ഇത്തരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കും കൂച്ചുവിലങ്ങിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിലവിലുള്ള ഐടി നിയമങ്ങളുടെ ദൗര്‍ബല്യം ചൂഷണം ചെയ്താണ് ഈ ക്രൂരത ഇപ്പോഴും തുടരുന്നത്. അത് വ്യക്തിജീവിതം മുതല്‍ സാമൂഹിക മണ്ഡലങ്ങളില്‍ വരെ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്. ആത്മഹത്യക്കും വര്‍ഗീയ ചേരിതിരിവുകള്‍ക്കും കാരണമാകുന്ന ഈ കുറ്റകൃത്യത്തെ തടയാനും ക്രിയാത്മകമായ സംവാദങ്ങള്‍ക്ക് വേദികള്‍ ഒരുക്കാനും സമൂഹം മുന്നിട്ടിറങ്ങണം. അതിന് തങ്ങളുടെ അണികളെ പാകപ്പെടുത്താന്‍ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകള്‍ക്ക് സാധ്യമാകേണ്ടതുണ്ട്. സൈബര്‍ ഇടങ്ങളിലെ സംസ്‌കാര ശൂന്യതകള്‍ അവസാനിപ്പിക്കാന്‍ ഹൈക്കോടതി ഇടപെടല്‍ വഴിയൊരുക്കും എന്ന് പ്രത്യാശിക്കാം. സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.