കുഞ്ഞ് ജനിച്ചാല്‍

ശമീര്‍ മദീനി

2020 ജൂണ്‍ 13 1441 ശവ്വാല്‍ 21

സന്താനമോഹം മനുഷ്യസഹജമാണ്. പ്രവാചകന്മാര്‍ പോലും അതിനായി കൊതിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. മഹാനായ ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിച്ചത് ക്വുര്‍ആന്‍ നമുക്ക് പറഞ്ഞുതരുന്നു.

''എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ''(ക്വുര്‍ആന്‍ 37:100).

സകരിയ്യാ നബി(അ) നടത്തിയ പ്രാര്‍ഥന ഇങ്ങനെയാണ്: ''...എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു'' (ക്വുര്‍ആന്‍ 3:38).

മക്കളുണ്ടാകുന്നത് വലിയ അനുഗ്രഹമാണ്. എന്നാല്‍ അതിന്റെ മഹത്ത്വമറിയാത്തതുകൊണ്ടും മറ്റുപല തെറ്റുധാരണകള്‍ കൊണ്ടും മക്കള്‍ അധികരിക്കുന്നത് വലിയ നാണക്കേടാണ് പലര്‍ക്കുമിന്ന്. അത് എന്തോ വലിയ അപരാധം പോലെയാണ് പൊതുവില്‍ പലരും ധരിച്ചുവച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ 'അബോര്‍ഷനു' കളുടെയും (ഗര്‍ഭഛിദ്രം) ശിശുഹത്യകളുടെയും ബാല പീഡനങ്ങളുടെയും എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണിന്ന്.

അതേസമയം ഒരു കുഞ്ഞ് പിറന്ന് കാണുവാനുള്ള ആഗ്രഹത്തിന്റെ പേരില്‍ കുറെയേറെ വിഷമങ്ങള്‍ സഹിച്ചുള്ള ചികിത്സകളും നിയന്ത്രണങ്ങളുമൊക്കെ പാലിക്കുന്ന ചിലരെയും മറുവശത്ത് കാണാം. ആഗ്രഹവും പരിശ്രമങ്ങളും പ്രാര്‍ഥനകളും ഒക്കെയുണ്ടായിട്ടും മക്കളില്ലാത്തതിന്റെ സ്വകാര്യ ദുഃഖവും പേറി നടക്കുന്ന എത്രയോ ആളുകള്‍! അവിടെയും ചിലരുടെ ചുവടുകള്‍ തെറ്റാറുണ്ട്. പിശാചിന്റെ കെണിയില്‍ പെട്ട് ആത്യന്തിക പരാജയത്തിന്റെ പടുകുഴികളിലേക്ക് ആപതിക്കാറുമുണ്ട്. പലരുടെയും ഉപദേശങ്ങള്‍ കേട്ട്, അതിന്റെ മതപരമായ വിധിവിലക്കുകളൊന്നും അന്വേഷിക്കാനോ പിന്‍പറ്റാനോ തയ്യാറാകാതെ ശിര്‍ക്കിന്റെയും (ബഹുദൈവത്വം) മറ്റു തിന്മകളുടെയും വഴി സ്വീകരിച്ച് ആഗ്രഹ സഫലീകരണത്തിനായി ശ്രമിക്കാറുണ്ട്. സത്യത്തില്‍ നമ്മുടെ വിശ്വാസത്തിന്റെയും 'തൗഹീദി'ന്റെയും 'തവക്കുലി'ന്റെയുമൊക്കെ ശരിയായ ആദര്‍ശം തെളിഞ്ഞ് ജ്വലിച്ച് നില്‍ക്കേണ്ട രംഗമാണതൊക്കെ. മേല്‍പറഞ്ഞ പ്രവാചകന്മാരുടെ ജീവിതം നമുക്ക് സ്ഥൈര്യവും ധൈര്യവും പകരുന്ന മാതൃകകളാവണം.

ഈ രംഗത്ത് മനുഷ്യരില്‍ ചിലര്‍ ചെയ്തുകൂട്ടുന്ന നന്ദികേടിന്റെ ഒരു രൂപം അല്ലാഹു തന്നെ വിശദമാക്കിയിട്ടുണ്ട്: ''ഒരൊറ്റ സത്തയില്‍ നിന്ന് തന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവന്‍. അതില്‍ നിന്ന് തന്നെ അതിന്റെ ഇണയെയും അവനുണ്ടാക്കി. അവളോടൊത്ത് അവന്‍ സമാധാനമടയുവാന്‍ വേണ്ടി. അങ്ങനെ അവന്‍ അവളെ പ്രാപിച്ചപ്പോള്‍ അവള്‍ ലഘുവായ ഒരു (ഗര്‍ഭ)ഭാരം വഹിച്ചു. എന്നിട്ട് അവളതുമായി നടന്നു. തുടര്‍ന്ന് അവള്‍ക്ക് ഭാരം കൂടിയപ്പോള്‍ അവര്‍ ഇരുവരും അവരുടെ രക്ഷിതാവായ അല്ലാഹുവോട് പ്രാര്‍ഥിച്ചു. ഞങ്ങള്‍ക്കു നീ ഒരു നല്ല സന്താനത്തെ തരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും. അങ്ങനെ അവന്‍ (അല്ലാഹു) അവര്‍ക്കൊരു നല്ല സന്താനത്തെ നല്‍കിയപ്പോള്‍ അവര്‍ക്കവന്‍ നല്‍കിയതില്‍ അവര്‍ അവന്ന് പങ്കുകാരെ ഏര്‍പെടുത്തി. എന്നാല്‍ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഉന്നതനായിരിക്കുന്നു. അവര്‍ പങ്കുചേര്‍ക്കുന്നത് യാതൊന്നും സൃഷ്ടിക്കാത്തവരെയാണോ? അവര്‍ (ആ ആരാധ്യര്‍) തന്നെ സൃഷ്ടിച്ചുണ്ടാക്കപ്പെടുന്നവരുമാണ്. അവര്‍ക്കൊരു സഹായവും ചെയ്യാന്‍ അവര്‍ക്ക് (പങ്കാളികള്‍ക്ക്) സാധിക്കുകയില്ല. സ്വദേഹങ്ങള്‍ക്കു തന്നെ അവര്‍ സഹായം ചെയ്യുന്നതുമല്ല'' (ക്വുര്‍ആന്‍ 7:189-192).

വേറെ ചിലര്‍ ജനിച്ച കുഞ്ഞ് പെണ്ണായതിന്റെ പേരില്‍ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട്. രണ്ടും മൂന്നും കഴിഞ്ഞ് നാലാമത്തേതും പെണ്ണായിപ്പോയി എന്നതിന്റെ പേരില്‍ കുടുംബവഴക്കുകയും ലഹളകളും അവസാനം വിവാഹമോചനം വരെയും അതിന്റെ പേരില്‍ നടന്ന സംഭവങ്ങളുണ്ട്.

ചിലര്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ ലിംഗ നിര്‍ണയം നടത്തി ജനിക്കാനുള്ള അവസരം തന്നെ നിഷേധിക്കുന്ന സ്ഥിതിയുമുണ്ട്. ഗുരുതര പാതകമാണ് ആ ചെയ്യുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ല. അല്ലാഹുവിന്റെ ദാനത്തിലും തീരുമാനത്തിലും ദേഷ്യവും വെറുപ്പും അസ്വസ്ഥതയുമല്ല ഒരു യഥാര്‍ഥ വിശ്വാസിക്കുണ്ടാവേണ്ടത്.

അല്ലാഹു പറയുന്നത് കാണുക: ''അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വശക്തനുമാകുന്നു'' (ക്വുര്‍ആന്‍ 42:49,50).

ഇവിടെ പെണ്‍കുട്ടിയെ മുന്തിച്ചു പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാണ്. ആളുകളുടെ ഇഷ്ടമല്ല; അല്ലാഹുവിന്റെ തീരുമാനമാണ് അതില്‍ നടപ്പാക്കുന്നത് എന്ന ഓര്‍മപ്പെടുത്തലാണത്. പെണ്‍കുട്ടികളെ സംരക്ഷിച്ചു വളര്‍ത്തി വലുതാക്കി മാന്യമായി വിവാഹം ചെയ്തയക്കല്‍ മഹത്തായ പുണ്യമായിട്ടാണ് നബി ﷺ  പഠിപ്പിച്ചത്.

നബി ﷺ  പറഞ്ഞു: ''ആരെങ്കിലും രണ്ട് പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകുന്നതുവരെ സംരക്ഷിച്ചാല്‍ പരലോകത്ത് അയാള്‍ എന്നോടൊപ്പമായിരിക്കും'' (മുസ്‌ലിം).

പ്രവാചകനോടൊപ്പമുള്ള സഹവാസത്തിന് അര്‍ഹമാക്കുന്ന മഹനീയ കര്‍മമാണ് പെണ്‍കുട്ടികളെ വളര്‍ത്തലെന്ന് നബി ﷺ  പ്രഖ്യാപിച്ച സാഹചര്യംകൂടി നാം വിലയിരുത്തുമ്പോഴാണ് അതിന്റെ വീര്യവും വലിപ്പവും വിപ്ലവാത്മകതയും ബോധ്യപ്പെടുക. പെണ്‍കുട്ടി ജനിക്കുന്നതിനെ അപമാനമായിക്കണ്ട് അവളെ ജീവനോടെ കുഴിച്ചുമൂടിയിരുന്നവരുണ്ടായിരുന്ന ഒരു സമൂഹത്തിനിടയിലാണ് മുഹമ്മദ് നബി ﷺ  ഈ ധീരമായ പ്രഖ്യാപനം നടത്തിയത്!

കുഞ്ഞ് പിറന്നാല്‍ നാം നിര്‍വഹിക്കേണ്ട ചില മര്യാദകളും ആചാരങ്ങളുമുണ്ട്. ആദ്യമായി സന്താനത്തെ നല്‍കിയതിന് റബ്ബിനെ സ്തുതിക്കുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്യുക. ശേഷം മറ്റു മര്യാദകള്‍ പാലിക്കുക.

1. ചെവിയില്‍ ബാങ്ക് വിളിക്കല്‍

ആണ്‍കുട്ടിയാണെങ്കിലും പെണ്‍കുട്ടിയാണെങ്കിലും നവജാത ശിശുവിന്റെ ചെവിയില്‍ ഏകദൈവാരാധനയുടെ വിളംബരമായ ബാങ്കിന്റെ വചനങ്ങള്‍ ഉരുവിടുന്നത് നല്ലതാണ്. പ്രസ്തുത വിഷയത്തില്‍ ഉദ്ധരിക്കപ്പെടുന്ന ഹദീഥിന്റെ പ്രബലതയില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും സച്ചരിതരായ മുന്‍ഗാമികള്‍ അംഗീകരിച്ച ഒന്നാണിത്.

ശൈഖ് ഉഥൈമീന്‍(റഹി) പറഞ്ഞു: 'നവജാതശിശു ആദ്യമായി കേള്‍ക്കേണ്ടത് ബാങ്കിന്റെ വചനങ്ങളാണെന്നുണ്ട്. എന്നാല്‍ ആദ്യസമയത്തൊന്നും അതിന് സാധിച്ചില്ലെങ്കില്‍ പിന്നീട് അത് ചെയ്യേണ്ടതില്ല. എന്നാല്‍ ഇക്വാമത്ത് കൊടുക്കുന്നതിന് രേഖകളില്ല.'

2. സന്തോഷം പ്രകടിപ്പിക്കല്‍

കുട്ടി ജനിച്ചതിന്റെ പേരിലുള്ള സന്തോഷം കാരണം മിഠായി അല്ലെങ്കില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുന്ന രീതി ആളുകള്‍ക്കിടയില്‍ കാണാറുണ്ട്. അത് പ്രത്യേക സുന്നത്തുള്ള കാര്യമല്ലെങ്കില്‍ കൂടി എതിര്‍ക്കപ്പെടേണ്ട തെറ്റല്ല. എന്നാല്‍ വര്‍ഷാവര്‍ഷം ജന്മ ദിനത്തില്‍ മധുരപലഹാരങ്ങള്‍ നല്‍കി 'ബര്‍ത്ത് ഡെ' ആഘോഷിക്കല്‍ അനിസ്‌ലാമിക സംസ്‌കാരങ്ങളുടെ ഭാഗമാണ്. അതിനാല്‍ അത് ഒഴിവാക്കപ്പെടേണ്ടതാണ്.

3. 'തഹ്‌നീക്ക്' (മധുരംനല്‍കല്‍)

സ്വഹാബികള്‍ക്ക് കുട്ടികള്‍ ജനിച്ചാല്‍ അവര്‍ ആ കുട്ടികളെ നബി ﷺ യുടെ അടുക്കല്‍ കൊണ്ടുപോവുകയും നബി ﷺ  പഴുത്ത ഈത്തപ്പഴം വായിലിട്ട് ചവച്ച് ആ കുട്ടിയുടെ നാവില്‍ വെച്ചുകൊടുക്കുകയും ചെയ്യുമായിരുന്നു. ഇതിനാണ് 'തഹ്‌നീക്ക്' എന്ന് പറയുന്നത്. എന്നാല്‍ പണ്ഡിതന്മാരിലൊരു വിഭാഗം ഇത് നബി ﷺ യ്ക്ക് മാത്രമുള്ള സവിശേഷതയാണെന്നാണ് അഭിപ്രായപ്പെടുന്നത്. മറ്റൊരു വിഭാഗം ഈത്തപ്പഴത്തിന്റെ മഹത്ത്വവും മര്‍യം ബീവി ഗര്‍ഭിണിയായി പ്രസവിക്കാനടുത്ത സമയത്ത് അല്ലാഹു ഈത്തപ്പഴം നല്‍കിയതും ക്വുര്‍ആന്‍ വിവരിച്ചതിന്റെ വ്യാപകാര്‍ഥവും പരിഗണിച്ചുകൊണ്ട് നബി ﷺ യ്ക്ക് മാത്രമുള്ളതല്ലായെന്നും അഭിപ്രായപ്പെടുന്നു. മധുരം തൊട്ടുകൊടുക്കുന്ന വ്യക്തിയില്‍ നിന്ന് പ്രത്യേകം അനുഗ്രഹങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടും ദിവ്യത്വമാരോപിച്ചുകൊണ്ടുമാണെങ്കില്‍ അത് പാടില്ലാത്തതാകുന്നു. എന്നാല്‍ അത്തരത്തിലുള്ള വിശ്വാസങ്ങളൊന്നുമില്ലാതെ കേവലം ഒരു ആചാരമായി അതുചെയ്യുന്നതിന് വിരോധമില്ല എന്നുമാണ് മനസ്സിലാകുന്നത്.

4. പേരിടല്‍

കുട്ടി ജനിച്ച അന്നുതന്നെ പേര് വിളിക്കലാണ് ഉത്തമം. അതിനായി നല്ല പേരുകള്‍ കണ്ടെത്തി കരുതിവെക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഇമാം ബൈഹക്വി(റ) പറയുന്നു: 'കുട്ടി ജനിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ പേരുവിളിക്കലാണ് ഏഴാം ദിവസം പേരുവിളിക്കണമെന്നതിനെക്കാള്‍ പ്രബലം' (ഫത്ഹുല്‍ ബാരി 9/589). സ്വഹീഹുല്‍ ബുഖാരിയില്‍ 'കുട്ടി ജനിച്ച ദിവസം പേരുവിളിക്കല്‍' എന്നൊരു അധ്യായം തന്നെ കൊടുക്കുന്നുണ്ട്.

പേരുവിളിക്കുമ്പോള്‍ നല്ല അര്‍ഥമുള്‍കൊള്ളുന്നതും ഇസ്‌ലാമിന്റെ ആദര്‍ശത്തെ ധ്വനിപ്പിക്കുന്നതുമാവാന്‍ ശ്രദ്ധിക്കണം. അല്ലാഹുവിന്റെ ദാസന്‍ എന്നര്‍ഥം വരുന്ന അബ്ദുല്ലാഹ്, അബ്ദുറഹ്മാന്‍ എന്നീ പേരുകളാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടമെന്ന് നബി ﷺ  പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ പേരിനോട് ചേര്‍ത്ത് അടിമ/ദാസന്‍ എന്നര്‍ഥം വരുന്ന അബ്ദ് ചേര്‍ത്ത് വിൡക്കുന്ന ഏത് പേരുകളും (ഉദാ: അബ്ദുറഹീം, അബ്ദുല്‍ കരീം, അബ്ദുല്‍ അസീസ്... തുടങ്ങിയവ) ഈ പരിധിയില്‍ വരുമെന്നാണ് പണ്ഡിതാഭിപ്രായം.

മോശമായ പേരുകള്‍ നബി ﷺ  തിരുത്തിയ പല സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ആധുനികതയുടെയും ഫാഷനുകളുടെയും പേരില്‍ പുതിയ പേരുകള്‍ നിര്‍മിക്കുമ്പോള്‍ ഇസ്‌ലാമിക വിശ്വാസം ആദര്‍ശങ്ങള്‍ക്ക് എതിരാകാതിരിക്കാനെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം. പേരും വിളിക്കപ്പെടുന്ന വ്യക്തിയും തമ്മില്‍ പ്രത്യേകമായ ബന്ധവും സ്വാധീനവുമുണ്ട് എന്ന കാര്യം വിസ്മരിക്കരുത്.