കൊറോണ കാലത്തെ ഗൃഹവാസം

അഷ്‌റഫ് എകരൂല്‍

2020 ഏപ്രില്‍ 04 1441 ശഅബാന്‍ 11

ആധുനിക കാലം നമ്മില്‍നിന്ന് കവര്‍ന്നെടുത്ത അമൂല്യമായ ഒന്നാണ് വീടുകളില്‍ ചെലവഴിക്കാന്‍ മാത്രം മതിയായ ഒഴിവ് സമയം. ഇന്ന് ലോകത്തിന്റെ പലഭാഗത്തുള്ളവര്‍ക്കും അത് തിരികെ ലഭിച്ചിരിക്കുന്നു. കൊറോണ നമ്മെ വീട്ടുതടങ്കലില്‍ നിര്‍ത്തുമ്പോള്‍ അത് പല നല്ല കാര്യങ്ങള്‍ക്കുമുള്ള പരിശീലന കാലമായി വിശ്വാസികള്‍ക്ക് എടുക്കാവുന്നതാണ്. 'നിങ്ങള്‍ വെറുക്കുന്ന ഒരു കാര്യം നിങ്ങള്‍ക്ക് ഗുണകരമായേക്കാം' എന്ന അല്ലാഹുവിന്റെ സന്തോഷവാര്‍ത്തയും 'ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അധ്വാനിക്കുക. നിന്റെ രക്ഷിതാവിലേക്ക് തന്നെ നിന്റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക' (ക്വുര്‍ആന്‍ 94:7,8) എന്ന അല്ലാഹുവിന്റെ കല്‍പനയും ഇവിടെ നമ്മള്‍ ഓര്‍ക്കുക.

'ഏതൊരു നല്ല ദുരന്തത്തെയും നാം പാഴാക്കികളയരുത്' (ണല ചല്‌ലൃ ണമേെല മ ഴീീറ രൃശശെ)െ എന്ന വിന്‍സന്‍ ചര്‍ച്ചിലിന്റെ പ്രസിദ്ധ വചനം പലരും ഇപ്പോള്‍ ഉദ്ധരിക്കുന്നുണ്ട്. പല നാടുകളിലും ആരോഗ്യപ്രവര്‍ത്തകര്‍ ആളുകളോട് വീടുകളില്‍ ഇരിക്കാന്‍ നിര്‍ദേശിക്കുന്നു. പാഠശാലകളും തൊഴിലിടങ്ങളും ആരാധനാലയങ്ങളിലെ സംഘടിത പ്രാര്‍ഥനകള്‍പോലും നിര്‍ത്തിവച്ച് പുറത്തിറങ്ങാതെ 'സാമൂഹ്യ അകല്‍ച്ച' പുലര്‍ത്തി കൊറോണയെ പ്രതിരോധിക്കാന്‍ കല്‍പിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ വീടുകള്‍ക്കുള്ളില്‍ സമയം കഴിച്ചുകൂട്ടുന്ന വിശ്വാസികള്‍ ഈ ദുരന്ത-പരീക്ഷണ കാലത്തെ ക്രിയാത്മകമായി ഉപയോഗിക്കാവുന്ന ഇസ്‌ലാമികാധ്യാപനങ്ങളെക്കുറിച്ച ചിന്തകള്‍ക്കും പഠനങ്ങള്‍ക്കും പ്രസക്തിയുണ്ട്.

വീടുകളെ പള്ളികളാക്കുക

ഇസ്‌റാഈല്‍ സമൂഹത്തിന് പുറത്തിറങ്ങാന്‍ പറ്റാത്തവിധം ഫിര്‍ഔനിന്റെയും ആള്‍ക്കാരുടെയും പീഡനങ്ങള്‍ വ്യാപകമായപ്പോള്‍ അല്ലാഹു മൂസാനബിൗക്കും ഹാറൂന്‍ നബിൗക്കും നല്‍കിയ നിര്‍ദേശം ഇപ്രകാരമായിരുന്നു: ''മൂസായ്ക്കും അദ്ദേഹത്തിന്റെ സഹോദരന്നും നാം ഇപ്രകാരം സന്ദേശം നല്‍കി: നിങ്ങള്‍ രണ്ടുപേരും നിങ്ങളുടെ ആളുകള്‍ക്ക് വേണ്ടി ഈജിപ്തില്‍ (പ്രത്യേകം) വീടുകള്‍ സൗകര്യപ്പെടുത്തുകയും നിങ്ങളുടെ വീടുകള്‍ ക്വിബ്‌ലയാക്കുകയും നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക'' (ക്വുര്‍ആന്‍ 10:87).

വീടുകളെ നമസ്‌കാര സ്ഥലമായി സ്വീകരിക്കാനാണ് 'ക്വിബ്‌ലയാക്കുക' എന്നത് കൊണ്ട് ഉദ്ദേശമെന്ന് തഫ്‌സീറുകളില്‍ കാണാം. ഇതുപോലെ കടുത്ത തണുപ്പോ ശക്തമായ മഴയോ ഉണ്ടാകുമ്പോള്‍ അല്ലാഹുവിന്റെ പ്രവാചകന്‍ ﷺ  'സ്വല്ലൂ ഫീ രിഹാലിക്കും' (നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ നിന്ന് നമസ്‌കരിച്ച് കൊള്ളുക) എന്ന് ബാങ്കിനോടൊപ്പം വിളിച്ച് പറയാന്‍ ബാങ്ക് വിളിക്കുന്നവരോട് കല്‍പിക്കാറുണ്ടായിരുന്നുവെന്ന് ഒന്നിലധികം ഹദീഥുകളില്‍ വന്നിട്ടുണ്ട് (ബുഖാരി, മുസ്‌ലിം).

ഇന്നിതാ ചരിത്രത്തിന്റെ ആവര്‍ത്തനമുണ്ടായിരിക്കുന്നു. കുവൈത്തടക്കം പലരാജ്യങ്ങളും പള്ളിയിലെ സംഘടിത നമസ്‌കാരം നിര്‍ത്തിവച്ചുകൊണ്ട് ബാങ്കില്‍ ഈ പദം ചേര്‍ത്ത് പറയുന്നു. വീടുകളില്‍ ഒരു പ്രാര്‍ഥനാസ്ഥലം പ്രത്യേകമായി സ്വീകരിക്കുന്ന പതിവ് (വീട്ടിലെ പള്ളി) റസൂലിന്റെ കാലത്തും തുടര്‍ന്നും സലഫുകള്‍ നിലനിര്‍ത്തിയിരുന്നു. ഒരിക്കല്‍ ഒരു സ്വഹാബി വന്നുകൊണ്ട് നബി ﷺ യോട് ആവശ്യപ്പെട്ടു: ''അല്ലാഹുവിന്റെ ദൂതരേ, എന്റെ കാഴ്ച മങ്ങിത്തുടങ്ങി. ശക്തമായ മഴയും വെള്ളമൊലിപ്പും എന്റെ പള്ളിയിലേക്കുള്ള വഴി തടസ്സപ്പെടുത്തി. അങ്ങ് ഒന്ന് എന്റെ വീട്ടില്‍ വന്ന് ഒരിടത്ത് നിന്ന് നമസ്‌കരിച്ചാല്‍ അവിടം എനിക്ക് പള്ളിയായി (എന്റെ നമസ്‌കാരസ്ഥലമായി) സ്വീകരിക്കാമായിരുന്നു.'' നബി ﷺ  പറഞ്ഞു: ''ഇന്‍ശാ അല്ലാഹ്, ഞാന്‍ അങ്ങനെ ചെയ്യാം'' (ബുഖാരി, മുസ്‌ലിം).

മാത്രവുമല്ല നിര്‍ബന്ധമല്ലാത്ത നമസ്‌കാരങ്ങള്‍ വിടുകളില്‍വച്ചാകണം എന്ന് നബി ﷺ  കല്‍പിക്കാറുണ്ടായിരുന്നു. 'നിങ്ങള്‍ വീടുകളില്‍ വെച്ച് നമസ്‌കരിക്കാന്‍ ശ്രമിക്കണം; കാരണം നിര്‍ബന്ധ നമസ്‌കാരങ്ങളല്ലാത്തവയില്‍നിന്നും വീട്ടില്‍വച്ചുള്ളതാണ് ഏറ്റവും ഉത്തമമായ നമസ്‌കാരങ്ങള്‍'' (ബുഖാരി, മുസ്‌ലിം).

ഈ പരീക്ഷണഘട്ടം ഇതിനെയെല്ലാം പൂര്‍വാധികം സജീവമാക്കാന്‍ പറ്റിയ അവസരമാണ്. കൂടാതെ അഞ്ചു നേരത്തെ ഫര്‍ള് നമസ്‌കാരങ്ങള്‍ കുടുംബസമേതം എല്ലാവരും ഒന്നിച്ച് ജമാഅത്തായി നിര്‍വഹിക്കുക മൂലം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഫര്‍ള് നമസ്‌കാരത്തിന്റെ രീതിയും മര്യാദകളും മനസ്സിലാക്കുവാനും അതിന്റെ മാഹാത്മ്യം ഉള്‍ക്കൊള്ളുവാനും സാധിക്കും. അങ്ങനെ വീടിനെ ബാങ്കും ഇക്വാമത്തും ജമാഅത്തും തുടര്‍ന്നുള്ള റവാത്തിബ് സുന്നത്തുകളുമെല്ലാം കൃത്യതയോടെ നടക്കുന്ന ഒരു ഇടമാക്കി മാറ്റുക. അതിനായി അല്ലാഹു നല്‍കിയ അമൂല്യമായ അവസരമാണിതെന്ന് മനസ്സിലാക്കിയാല്‍ വിശ്വാസത്തിന് അത് വെളിച്ചം വര്‍ധിപ്പിക്കും.

ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കല്‍

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ അവസരം കുറവാണ് ഇന്ന് പല അണുകുടുംബങ്ങള്‍ക്കും. മതപ്രബോധന രംഗത്തുള്ളവര്‍ക്ക് പോലും ഇത് പലപ്പോഴും കിട്ടാക്കനിയാണ്. ജോലി, പാഠശാലകളിലെ വ്യത്യസ്ത സമയക്രമം എന്നിവകൊണ്ടെല്ലാം ഒറ്റതിരിഞ്ഞ് ഭക്ഷിക്കാന്‍ പലരും നിര്‍ബന്ധിതരാകുന്നു. ഇതുമൂലം ഒന്നിച്ചിരുന്ന് കഴിക്കുന്നതിന്റെ അനുഗ്രഹം ആസ്വദിക്കാന്‍ പലര്‍ക്കും കഴിയാതെ പോവുകയും കുട്ടികള്‍ക്ക് ഭക്ഷണ മര്യാദകള്‍ ശീലിക്കാനുള്ള നല്ല അവസരങ്ങള്‍ കിട്ടാതാവുകയും ചെയ്യുന്നു. ഈ വിടവ് നികത്താന്‍ പറ്റിയ നല്ലകാലമാണ് ഈ 'ഗൃഹതടവറ' കാലം; പ്രത്യേകിച്ച് പ്രവാസികള്‍ക്ക്.

ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണം. ഇതില്‍ ഒട്ടനവധി നേട്ടങ്ങളുണ്ടെന്ന് അല്ലാഹുവിന്റെ പ്രവാചകന്‍ ﷺ  പഠിപ്പിച്ചിട്ടുണ്ട്. പ്രവാചകാനുചരനായ വഹ്ശി ഇബ്‌നു ഹര്‍ബില്‍(റ)നിന്ന് നിവേദനം: ''സ്വഹാബികളില്‍ ചിലര്‍വന്ന് നബി ﷺ യോട് ചോദിച്ചു: 'അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങള്‍ ഭക്ഷിക്കുന്നു; പക്ഷേ, ഞങ്ങള്‍ക്ക് വിശപ്പടങ്ങുന്നില്ല.' നബി ﷺ  അവരോട് ചോദിച്ചു: 'നിങ്ങള്‍ ഒറ്റതിരിഞ്ഞാണോ കഴിക്കാറുള്ളത്?' 'അതെ'-അവര്‍ പറഞ്ഞു. നബി ﷺ  അവരോട് പറഞ്ഞു: 'നിങ്ങള്‍ ഒന്നിച്ചിരുന്ന് കഴിക്കുക. അല്ലാഹുവിന്റെ നാമം സ്മരിക്കുക. അവന്റെ അനുഗ്രഹം ഉണ്ടാകും നിങ്ങള്‍ക്ക്' (ഇബ്‌നുഹിബ്ബാന്‍).

ഇബ്‌നുഉമര്‍(റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥില്‍ ഇങ്ങനെ കാണാം; നബി ﷺ  പറഞ്ഞു: ''നിങ്ങള്‍ സംഘമായി കഴിക്കുക; ഒറ്റതിരിഞ്ഞാവരുത്. നിങ്ങളില്‍ ഒരാളുടെ ഭക്ഷണം രണ്ടാള്‍ക്കും രണ്ടാളുടെ ഭക്ഷണം നാലാള്‍ക്കും മതിയാവുന്നതാണ്'' (സ്വഹീഹു തര്‍ഗീബ്).

ഇത്തരം സന്ദര്‍ഭങ്ങളിലാണ് പ്രായോഗിക പരിശീലനം സാധ്യമാകുന്നത്. നബി ﷺ യുടെ വീട്ടിലെ അംഗമായ അംറുബ്‌നു അബീസലമ(റ) പറയുകയാണ്: ''ഞാന്‍ നബി ﷺ യുടെ വീട്ടിലായിരുന്നു വളര്‍ന്നത്. എന്റെ കൈകള്‍ ഭക്ഷണത്തളികകളില്‍ ഓടിനടക്കുമായിരുന്നു. അപ്പോള്‍ നബി ﷺ  പറഞ്ഞു: 'കുട്ടീ! നീ അടുത്ത് ഇരിക്കു! വലത് കൈകൊണ്ട് തിന്നൂ! ബിസ്മി ചൊല്ലണം; നിന്റെ മുമ്പില്‍ നിന്ന് തിന്നുക.' ശേഷം എന്റെ ഭക്ഷണ രീതി അങ്ങനെയായിരുന്നു'' (ബുഖാരി).

ഇത് കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചിരുന്ന് ഭക്ഷികുന്നതിലൂടെ കിട്ടുന്ന ഗുണമാണ്. അതിനാല്‍ ഒന്നിച്ചുള്ള നമസ്‌കാരത്തിന് സമയക്രമം ഉണ്ടാകുന്നതുപോലെ ഭക്ഷണത്തിനും ഒരു ഏകീകൃത സമയക്രമം നിലനിര്‍ത്താന്‍ നാം ശ്രദ്ധിക്കണം. അവസരങ്ങള്‍ ആവര്‍ത്തിച്ച് വരണമെന്നില്ല.

കുടുംബാംഗങ്ങളോടൊപ്പം വിനോദങ്ങളില്‍ ഏര്‍പ്പെടുക

ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ബന്ധങ്ങളില്‍ വരള്‍ച്ചയും അകല്‍ച്ചയും വര്‍ധിക്കാനുള്ള പ്രധാന കാരണം സ്വകാര്യ സമയങ്ങളുടെ അഭാവമാണ്. മനസ്സുതുറന്ന് സല്ലപിക്കാനും സംസാരിക്കാനും കളിതമാശകളില്‍ ഏര്‍പെടാനും തിരക്കുകള്‍ക്കിടയില്‍ പലര്‍ക്കും സമയം കിട്ടുന്നില്ല. തന്മൂലം നാം തികച്ചും ഒരു തരം 'ഒഫീഷ്യല്‍ കമ്മ്യൂണിക്കേഷനില്‍' കെട്ടിമറിയുന്നു എന്നതാണ് വാസ്തവം. ഇത് ഇല്ലാതാക്കുവാന്‍ ഈ അവസരം ഉപയോഗിക്കാവുന്നതാണ്.

ഇണകള്‍ക്കിടയിലെ പ്രണയത്തിന് പ്രായംവ്യത്യാസം തടസ്സമല്ല എന്നതാണ് സത്യം. തന്റെ പ്രിയപത്‌നി ആഇശ(റ)യോടൊപ്പം ഓട്ടപ്പന്തയത്തിലേര്‍പെടുമ്പോള്‍ ഭര്‍ത്താവായ നബി ﷺ യുടെ വയസ്സ് 53ന് മുകളിലായിരുന്നു എന്നത് ഓര്‍ക്കുക. ഇണകള്‍ തമ്മിലുള്ള സല്ലാപം നന്മകള്‍ നിറഞ്ഞ വിനോദമാണെന്ന് പഠിപ്പിച്ച മതമാണ് ഇസ്‌ലാം. സോഷ്യല്‍ മീഡിയകളിലെ ഇമോജികളിള്‍ ഒതുങ്ങുന്ന വൈകാരിക പ്രകടനങ്ങളെ മാറ്റിവച്ച് മനസ്സും മനസ്സും ശരീരവും ശരീരവും 'കമ്യൂണിക്കേറ്റ്' ചെയ്യാവുന്ന തലത്തിലേക്ക് ഈ അവസരങ്ങളെ ഉപയോഗിക്കാനുള്ള മനഃപൂര്‍വ ശ്രമങ്ങള്‍ ഉണ്ടായിരിക്കണം.

അതുപോലെ മക്കള്‍ തമ്മിലും മതാപിതാക്കളും മക്കളും തമ്മിലും സാധ്യമായ വിധത്തിലുള്ള വിനോദങ്ങളിലേര്‍പെടുകയും ചെയ്യാം. നബി ﷺ  ഹസന്‍(റ), ഹുസൈന്‍(റ) എന്നീ പേരക്കുട്ടികളോടൊപ്പം ആനകളിക്കുന്ന ചരിത്രം നമ്മെ പഠിപ്പിക്കുന്നത് എത്രവലിയവര്‍ക്കും ഇതൊക്കെ സാധ്യമാകണമെന്ന് തന്നെയല്ലേ? ഫ്‌ളാറ്റുകളിലായാലും വില്ലകളിലായാലും പറ്റാവുന്ന മത്സരങ്ങളും വിനോദങ്ങളും സാധ്യമാക്കുന്നതിലൂടെ കുടുംബാംഗങ്ങള്‍ക്കിടയിലുള്ള വ്യക്തിബന്ധങ്ങള്‍ സുദൃഢമാവുകയും പരസ്പരം സംസാരങ്ങളും ആശയകൈമാറ്റങ്ങളും സാധ്യമാവുകയും ചെയ്യും. വീടുകള്‍ മുകമാവുന്നത് ഇതിന്റെ അഭാവത്താലാണ്.

വ്യായാമങ്ങളില്‍ ഏര്‍പെടുക

ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനും കര്‍മനിരതമായ ദിനങ്ങള്‍ക്കും അനിവാര്യമായ ഒന്നാണ് വ്യായാമം. ഈ ഒഴിവ് വേളകളില്‍ ഉള്ള സൗകര്യങ്ങളില്‍ ചെയ്യാവുന്ന വ്യായാമങ്ങള്‍ തെരഞ്ഞെടുക്കുന്നതും അതില്‍ ഏര്‍പെടുന്നതും അഭികാമ്യമാണ്. ജോലിത്തിരക്കും അതിനെത്തുടര്‍ന്നുണ്ടാകുന്ന ക്ഷീണവുമെല്ലാമാണ് അധികമാളുകളെയും വ്യായാമത്തില്‍നിന്നു തടയുന്നത്. എന്നാല്‍ ഈ ഒഴിവു കാലം അലസമായി തീര്‍ന്നുപോകാതിരിക്കാനും ബോറടിക്കാതിരിക്കാനും ആരാധനകളും മറ്റുകാര്യങ്ങളും ഉന്‍മേഷത്തോടെ നിര്‍വഹിക്കാനും വ്യായാമം സഹായിക്കും. ശക്തനായ വിശ്വാസിയാണ് ദുര്‍ബലനായ വിശ്വാസിയെക്കാള്‍ ഉത്തമനെന്ന നബിവചനം ഓര്‍ക്കുക.

അലസതയില്‍നിന്ന് രക്ഷചോദിക്കുന്ന പ്രാര്‍ഥനകള്‍ പഠിപ്പിച്ച പ്രവാചകന്‍ ﷺ  കര്‍മനിരതരാവാന്‍ കൂടി നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഉറങ്ങിയും വാട്‌സാപ്പില്‍ പരതിയും ഫേസ്ബുക്കില്‍കണ്ണോടിച്ചും സമയം നഷ്ടപ്പെടുത്താതിരിക്കുക. ഒരു പാട് നല്ലകാര്യങ്ങള്‍ ചെയ്യാന്‍ വീണുകിട്ടിയ സന്ദര്‍ഭമാണിത്.

പഠനകാലം

വായനയും പഠനവും വിശ്വാസിയുടെ ജീവിതത്തില്‍ നിന്ന് വേര്‍പെടുത്താന്‍ കഴിയാത്ത ദിനചര്യകളില്‍ പെട്ടതാണെന്ന് പഠിപ്പിക്കുന്നു ഇസ്‌ലാം. പക്ഷേ, നമുക്കതിന് പലപ്പോഴും സാധിക്കാത്തത് സമയക്കുറവും ജോലിത്തിരക്കും പുറമെ 'ഫ്രീ'യാവാത്ത മനസ്സുംകൊണ്ടാണ്. ഇപ്പോള്‍ എല്ലാം ശാന്തം. ഒഴിവുകിട്ടിയാല്‍ വായിക്കാനും പഠിക്കാനും എന്റെ ഈമാന്‍ വര്‍ധിപ്പിക്കാനും ഞാനൊരുക്കമാണെന്ന് പലപ്പോഴും നാം പറഞ്ഞിട്ടുണ്ടാവും. അല്ലാഹു അത് കേള്‍ക്കാതിരിക്കില്ലല്ലോ. അവന്‍ പരീക്ഷണാര്‍ഥം നമുക്ക് തന്നതായിരിക്കണം ഈ ഒഴിവ് വേളകള്‍. ക്വുര്‍ആന്‍ ഓതാനും പരീഭാഷകള്‍ വായിക്കാനും നല്ല പുസ്തകങ്ങള്‍ മറിച്ച് നോക്കാനും പറ്റിയ ഒരു ഇടവേളയാണിത്. വിദ്യാലയങ്ങള്‍ പൂട്ടിയതിനാല്‍ മക്കളുടെ പഠനം നിലയ്ക്കുന്നില്ലെന്ന് നാം ഉറപ്പുവരുത്തണം. ഫോണിനോടും ടാബുകളോടുമുള്ള അമിതഭ്രമം വെടിയാം.

എല്ലാം ഒന്ന് ക്രമീകരിച്ചാല്‍ കൊറോണകാലത്തെ ഗൃഹവാസം വിജ്ഞാനപരവും വിനോദപൂര്‍ണവും ഭക്തിസാന്ദ്രവുമാക്കാമെന്നര്‍ഥം.