നോമ്പുകാരറിയാന്‍

ഉസ്മാന്‍ പാലക്കാഴി

2020 മെയ് 02 1441 റമദാന്‍ 09

ലോകം കോവിഡ് എന്ന പകര്‍ച്ചവ്യാധിയുടെ പിടിയിലമര്‍ന്ന സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ റമദാന്‍ കടന്നുവന്നിരിക്കുന്നത്. സാഹചര്യം ഏതായിരുന്നാലും ഇസ്‌ലാം നിര്‍ബന്ധമായി കല്‍പിച്ച കാര്യങ്ങള്‍ സാധ്യമാകുന്ന രൂപത്തില്‍ പ്രാവര്‍ത്തികമാക്കല്‍ വിശ്വാസികളുടെ കടമയാണ്. റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം ഒരു നിര്‍ബന്ധ ആരാധനയാണ്. അത് ഇസ്‌ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ ഒന്നാണ്.

ഇബ്‌നു ഉമര്‍(റ) നിവേദനം. നബി ﷺ പറഞ്ഞു: ''ഇസ്‌ലാം സ്ഥാപിതമായിരിക്കുന്നത് അഞ്ചു കാര്യങ്ങളിന്മേലാണ്: 'അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ല, മുഹമ്മദ് നബി ﷺ  അല്ലാഹുവിന്റെ ദൂതനാകുന്നു' എന്ന സത്യസാക്ഷ്യ വചനം, നമസ്‌കാരം മുറപോലെ നിര്‍വഹിക്കല്‍, സകാത്ത് നല്‍കല്‍, ഹജ്ജ് നിര്‍വഹിക്കല്‍, നോമ്പ് നോല്‍ക്കല്‍ എന്നിവയാണവ'' (ബുഖാരി, മുസ്‌ലിം).

മുഹമ്മദ് നബി ﷺ യുടെ സമൂഹത്തിനു മേല്‍ നിര്‍ബന്ധമാക്കിയ ഒന്നല്ല വ്രതാനുഷ്ഠാനമെന്നും മുന്‍ഗാമിള്‍ക്കും അല്ലാഹു അത് നിര്‍ബന്ധമാക്കിയിരുന്നെന്നും ക്വുര്‍ാനിലൂടെ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്.

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ക്കു മുമ്പുള്ളവര്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതു പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മാലുക്കളായിത്തീരുന്നതിനു വേണ്ടിയത്രെ അത്. എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം നോമ്പുകള്‍ വീട്ടേണ്ടതാണ്. ഞെരുക്കത്തോടെയല്ലാതെ നോമ്പെടുക്കാന്‍ സാധിക്കാത്തവര്‍ ഒരു ദരിദ്രനുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്. എന്നാല്‍ ആരെങ്കിലും സ്വയം താല്‍പര്യമെടുത്ത് കൂടുതല്‍ നന്മ ചെയ്യുന്നുവെങ്കില്‍ അതു ഗുണകരം തന്നെ, നിങ്ങള്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു കാര്യം നന്നായി മനസ്സിലാക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു നല്ലത്. ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശകമായിക്കൊണ്ടും നേര്‍വഴി കാണിക്കുന്നതായും സത്യാസത്യങ്ങളെ വിവേചിച്ചു കാണിക്കുന്നതുമായ വ്യക്തമായ തെളിവുകളും കൊണ്ട് വിശുദ്ധ ക്വുര്‍ആന്‍ അവതീര്‍ണമായ മാസമാകുന്നു റമദാന്‍. അതുകൊണ്ട് നിങ്ങളില്‍ ആരാണോ ആ മാസത്തില്‍ സന്നിഹിതരായത് അവരെല്ലാം വ്രതമെടുക്കേണ്ടതാണ്, വല്ലവരും രോഗിയാവുകയോ യാത്രപോവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം നോമ്പ് (പിന്നീട്) വീട്ടേണ്ടതാണ്. നിങ്ങള്‍ക്ക് എളുപ്പമുണ്ടാവണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്, ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും നിങ്ങള്‍ക്ക് വഴികാണിച്ചു തന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്ത്വം പ്രകീര്‍ത്തിക്കുവാനും വേണ്ടിയത്രെ (അങ്ങിനെ കല്‍പിച്ചിരിക്കുന്നത്)'' (അല്‍ബക്വറ: 183-185).

അളവറ്റ പ്രതിഫലം

അളവറ്റ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട ഒരു സവിശേഷ ആരാധനയാണ് റമദാനിലെ നോമ്പ്. പ്രതിഫലം കാംക്ഷിച്ചുകൊണ്ടും ഇസ്‌ലാം പഠിപ്പിച്ച മര്യാദകള്‍ പാലിച്ചുകൊണ്ടും നോമ്പെടുക്കുന്നവര്‍ക്ക് ആ പ്രതിഫലം ലഭിക്കാതിരിക്കില്ല.

അബൂഹുറയ്‌റ(റ) നിവേദനം. നബി ﷺ  പറഞ്ഞു: ''വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും ആരെങ്കിലും റമദാനിലെ നോമ്പ് അനുഷ്ഠിച്ചാല്‍ അവന്റെ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും ആരെങ്കിലും ലൈലതുല്‍ ക്വദ്‌റില്‍ രാത്രി നമസ്‌കരിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാകുന്നു'' (ബുഖാരി, മുസ്‌ലിം).

അബൂഹുറയ്‌റ(റ) നിവേദനം. നബി ﷺ  പറഞ്ഞു: ''അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു:'മനുഷ്യന്റെ മുഴുവന്‍ കര്‍മങ്ങളും അവനുള്ളതാകുന്നു. നോമ്പൊഴികെ. അത് എനിക്കുള്ളതാണ്. ഞാന്‍ അതിന് പ്രതിഫലം നല്‍കുകയും ചെയ്യും. നോമ്പ് ഒരു പരിചയാണ്. അതിനാല്‍ നിങ്ങളിലൊരാളും നോമ്പിന്റെ ദിനത്തില്‍ അസഭ്യം പറയുകയോ കലഹിക്കുകയോ ചെയ്യരുത്. ആരെങ്കിലും തന്നോട് ചീത്ത പറയുകയോ കലഹിക്കുകയോ ചെയ്താല്‍ 'ഞാന്‍ നോമ്പുകാരനാണെ'ന്ന് അവന്‍ പറയട്ടെ. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം, നോമ്പെടുക്കുകവഴി നോമ്പുകാരന്റെ വായില്‍നിന്നുന്ന ഗന്ധം അന്ത്യനാളില്‍ അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയെക്കാള്‍ സുഗന്ധമുള്ളതായിരിക്കും. നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. ഒന്ന് നോമ്പ് തുറക്കുമ്പോഴും മറ്റൊന്ന് അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴും'' (ബുഖാരി, മുസ്‌ലിം).

സഅ്‌ലുബ്‌നു സഅ്ദ്(റ) നിവേദനം. നബി ﷺ  അരുളി: ''റയ്യാന്‍ എന്നു പേരുള്ള ഒരു കവാടം സ്വര്‍ഗത്തിലുണ്ട്. അത് നോമ്പുകാര്‍ക്കുള്ളതാണ്. അന്ത്യനാളില്‍ നോമ്പുകാര്‍ അതിലൂടെ പ്രവേശിക്കുന്നതാണ്. നോമ്പുകാരല്ലാതെ അവരോടൊപ്പം (അതിലൂടെ) ആരും പ്രവേശിക്കുന്നതല്ല. (ആ കവാടത്തിന്റെയടുത്ത് നിന്നും) ഇപ്രകാരം വിളിച്ചുപറയപ്പെടും: 'എവിടെ നോമ്പുകാര്‍?' അങ്ങനെ അവര്‍ മാത്രം പ്രവേശിക്കും. അവര്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ആ കവാടം അടക്കപ്പെടും. പിന്നീട് ഒരാളെയും അതിലൂടെ കടത്തിവിടുകയില്ല'' (ബുഖാരി, മുസ്‌ലിം).

നോമ്പ് നിര്‍ബന്ധമുള്ളവര്‍

പ്രായപൂര്‍ത്തിയായ, ബുദ്ധിയും ആരോഗ്യവുമുള്ള ഓരോ വിശ്വാസിക്കും നോമ്പ് നിര്‍ബന്ധമാണ്. എന്നാല്‍ ആര്‍ത്തവകാരികളും പ്രസവാനന്തരം രക്തസ്രാവമുള്ളവരും നോമ്പെടുക്കേണ്ടതില്ലെന്ന് പ്രമാണങ്ങള്‍ മനസ്സിലാക്കിത്തരുന്നു. അവര്‍ അത്തരം സമയങ്ങളില്‍ നോമ്പ് അനുഷ്ഠിച്ചാല്‍ അത് പരിഗണിക്കപ്പെടുകയില്ല. കാരണം ആര്‍ത്തവ-പ്രസവ രക്ത സ്രാവങ്ങളില്‍ നിന്നു ശുദ്ധിയായിരിക്കുക എന്നത് നോമ്പിന്റെ നിബന്ധനകളില്‍ പെട്ടതാണ്.

ആഇശ(റ) പറഞ്ഞു: ''ഞങ്ങള്‍ക്ക് നബി ﷺ യുടെ കാലത്ത് ആര്‍ത്തവമുണ്ടായാല്‍ നോമ്പ് പിന്നീട് നോറ്റുവീട്ടുവാന്‍ ഞങ്ങളോട് കല്‍പിക്കുമായിരുന്നു. നമസ്‌കാരം വീട്ടാന്‍ കല്‍പിക്കാറുണ്ടായിരുന്നില്ല''(ബുഖാരി).

സാധിക്കാത്തവര്‍ എന്ത് ചെയ്യും?

പ്രായാധിക്യത്താലോ മറ്റോ നോമ്പനുഷ്ഠിക്കാന്‍ സാധിക്കാത്തവര്‍ ഓരോ നോമ്പിനും പകരമായി ഓരോ ദരിദ്രര്‍ക്കുള്ള ഭക്ഷണം നല്‍കിയാല്‍ മതിയാകുന്നതാണ്.

''ഞെരുക്കത്തോടെയല്ലാതെ നോമ്പെടുക്കാന്‍ സാധിക്കാത്തവര്‍ പകരമായി ഒരു ദരിദ്രനുള്ള ഭക്ഷണം പ്രായച്ഛിത്തമായി നല്‍കേണ്ടതാണ്'' (2:184) എന്ന ആയത്തില്‍ നിന്നും അതാണ് വ്യക്തമാകുന്നത്.

അത്വാഅ്(റ) പറയുന്നു: 'ഞെരുക്കത്തോടെയല്ലാതെ നോമ്പെടുക്കാന്‍ സാധിക്കാത്തവര്‍ ഒരു ദരിദ്രനുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്' എന്ന സൂക്തം ഇബ്‌നു അബ്ബാസ്(റ) പാരായണം ചെയ്യുകയും അതിലെ വിധി ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടില്ലെന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നു. അതായത്, കിഴവന്മാരും കിഴവികളും നോമ്പ് എടുക്കാന്‍ കഴിയില്ലെന്ന് കണ്ടാല്‍ ഓരോ നോമ്പിനും പകരമായി ഓരോ ദരിദ്രര്‍ക്കുള്ള ഭക്ഷണം നല്‍കിയാല്‍ മതിയാകുന്നതാണ്'' (ബുഖാരി).

നിയ്യത്ത് ചൊല്ലിപ്പറയേണ്ടതുണ്ടോ?

ഈ വിഷയത്തില്‍ പലര്‍ക്കുമിടയില്‍ സംശയം നിലനില്‍ക്കുന്നതായി കാണാം. വാസ്തവത്തില്‍ 'നിയ്യത്ത്' എന്ന അറബി പദത്തിന്റെ അര്‍ഥം തന്നെ മനസ്സില്‍ കരുതുക എന്നതാണ്. നമസ്‌കാരത്തിനോ നോമ്പിനോ മറ്റോ പ്രത്യേകമായ നിയ്യത്തിന്റെ വചനങ്ങള്‍ പഠിപ്പിക്കപ്പെട്ടതായി  പ്രമാണങ്ങളില്‍ കാണുവാന്‍ സാധ്യമല്ല. ഹജ്ജിനും ഉംറക്കും മാത്രമാണ് നിയ്യത്തിന് പ്രത്യേക പദം പഠിപ്പിക്കപ്പെട്ടിട്ടുള്ളതും അത് നാവുകൊണ്ട് ഉച്ചരിക്കുവാന്‍ പറഞ്ഞിട്ടുള്ളതും. എന്നാല്‍ നിയ്യത്ത് ഏതൊരു കര്‍മത്തിനും ആവശ്യമാണ് താനും.

'കര്‍മങ്ങള്‍ക്കെല്ലാം പ്രതിഫലം നില്‍കപ്പെടുക ഉദ്ദേശ്യശുദ്ധിക്കനുസരിച്ചു മാത്രമാണ്' എന്ന് നബി ﷺ  ഓര്‍മപ്പെടുത്തിയിട്ടുണ്ട്.

ഹഫ്‌സ(റ) നിവേദനം. നബി ﷺ  പറഞ്ഞു: ''പ്രഭാതോദയത്തിന് മുമ്പായി നിയ്യത്ത് ചെയ്യാത്തവരുടെ നോമ്പ് സാധുവല്ല'' (അബൂദാവൂദ്, തിര്‍മിദി).

മറന്നുകൊണ്ട് അന്നപാനീയങ്ങള്‍ ഉപയോഗിച്ചാല്‍?

മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ പിന്നീട് നോമ്പ് നോറ്റു വീട്ടുകയോ പ്രായച്ഛിത്തം നല്‍കുകയോ ചെയ്യേണ്ടതില്ല. മറിച്ച് അയാളുടെ നോമ്പ് പരിപൂര്‍ണമാണ്.

അബൂഹുറയ്‌റ(റ) നിവേദനം: ''ആരെങ്കിലും നോമ്പുകാരനായിരിക്കെ മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ അവന്‍ നോമ്പ് പൂര്‍ത്തിയാക്കിക്കൊള്ളട്ടെ, അവനെ ഭക്ഷിപ്പിച്ചതും കുടിപ്പിച്ചതും അല്ലാഹുവാണ്'' (ബുഖാരി,മുസ്‌ലിം,ഇബ്‌നുമാജ).

കരുതിക്കൂട്ടി ഛര്‍ദിക്കല്‍

അബൂഹുറയ്‌റ(റ) നിവേദനം. നബി ﷺ  പറഞ്ഞു: ''ഉണ്ടാക്കി ഛര്‍ദിക്കുന്നവന്‍ നോമ്പ് വീണ്ടും എടുക്കട്ടെ. മനഃപൂര്‍വമല്ലാതെ ഛര്‍ദിക്കുന്നവന്‍ നോമ്പ് പിന്നീട് പിടിക്കേണ്ടതില്ല'' (അബൂദാവൂദ്).

നോമ്പ് മുറിയുന്ന മറ്റു ചില കാര്യങ്ങള്‍

സ്ത്രീകള്‍ക്ക് മാസമുറയോ പ്രസവാനന്തര രക്തസ്രാവമോ ഉണ്ടാവല്‍ (നോമ്പ് തുറക്കുന്നതിനു തൊട്ടു മുമ്പാണെങ്കിലും) നോമ്പ് മുറിയുന്നതാണ്.

നോമ്പുള്ളവരായിരിക്കെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് വലിയ അപരാധമാണ്. അതുമുഖേന നോമ്പ് നഷ്ടപ്പെടുത്തുന്നവരുടെ വിധി താഴെ പറയുന്ന ഹദീഥില്‍നിന്നും മനസ്സിലാക്കാം:

അബൂഹുറയ്‌റ(റ) നിവേദനം: ''ഞങ്ങള്‍ നബി ﷺ യുടെ അടുത്തായിരിക്കെ ഒരു വ്യക്തി കടന്നുവന്ന് പറഞ്ഞു: 'പ്രവാചകരേ, ഞാന്‍ നശിച്ചിരിക്കുന്നു.' അവിടുന്ന് ചോദിച്ചു: 'എന്തുപറ്റി?' അയാള്‍ പറഞ്ഞു: 'ഞാന്‍ നോമ്പുകാരനായിരിക്കെ ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്തി.' അപ്പോള്‍ നബി ﷺ  ചോദിച്ചു: 'നിനക്ക് ഒരു അടിമയെ മോചിപ്പിക്കുവാന്‍ കഴിയുമോ?' അയാള്‍ പറഞ്ഞു: 'ഇല്ല.' അപ്പോള്‍ നബി ﷺ  ചോദിച്ചു: 'നിനക്ക് രണ്ടു മാസം തുടര്‍ച്ചയായി നോമ്പെടുക്കാന്‍ കഴിയുമോ?' 'കഴിയില്ല'- അയാള്‍ മറുപടി പറഞ്ഞു. നബി ﷺ  വീണ്ടും ചോദിച്ചു: 'നിനക്ക് അറുപത് ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുമോ?' അയാള്‍ പറഞ്ഞു: 'ഇല്ല.' അങ്ങനെ നബി ﷺ യും അനുയായികളും പള്ളിയില്‍ തന്നെയിരിക്കെ ഒരു കുട്ടനിറയെ ഈന്തപ്പഴം നബി ﷺ യുടെ മുന്നില്‍ കൊണ്ടുവരപ്പെട്ടു. നബി ﷺ  ചോദിച്ചു: 'എവിടെ ആ ചോദ്യകര്‍ത്താവ്?' അദ്ദേഹം പറഞ്ഞു: 'ഞാനിതാ.' നബി ﷺ  പറഞ്ഞു: 'ഈ കുട്ടയിലുള്ള ഈന്തപ്പഴം എടുത്തു നീ ദരിദ്രര്‍ക്ക് വിതരണം ചെയ്യുക.' അയാള്‍ പറഞ്ഞു: 'എന്നെക്കാളും ദരിദ്രനോ പ്രവാചകരേ? ഈ രണ്ടു കുന്നുകള്‍ക്കിടയില്‍ എന്നെക്കാള്‍ ദരിദ്രനായി വേറെ ആരുമില്ല.' അപ്പോള്‍ നബി ﷺ  തന്റെ അണപ്പല്ലുകള്‍ കാണുന്നതുവരെ ചിരിച്ചു. എന്നിട്ടു പറഞ്ഞു: 'എങ്കില്‍ നീയും നിന്റെ കുടുംബവും ഭക്ഷിച്ചു കൊള്ളുക'' (ബുഖാരി, മുസ്‌ലിം).

അത്താഴത്തെ നിസ്സാരമായി കാണരുത്

അനസ്(റ) നിവേദനം. നബി ﷺ  പറഞ്ഞു: ''നിങ്ങള്‍ അത്താഴം കഴിക്കുക, നിശ്ചയമായും അതില്‍ അനുഗ്രഹമുണ്ട്'' (ബുഖാരി, മുസ്‌ലിം).

അത്താഴത്തിന് ഭക്ഷണമൊന്നും വേണ്ട എന്ന് ഒരാള്‍ക്ക് തോന്നിയാല്‍ അല്‍പം വെള്ളമെങ്കിലും കുടിച്ച് അത്താഴത്തിന്റെ പുണ്യം നേടാന്‍ ശ്രമിക്കണം.

ഇബ്‌നു ഉമര്‍(റ) നിവേദനം: ''നിങ്ങള്‍ അല്‍പം വെള്ളം കുടിച്ചുകൊണ്ടെങ്കിലും അത്താഴം കഴിക്കുക'' (അല്‍ജാമിഅ്, ഇബ്‌നുഹിബ്ബാന്‍).

അത്താഴം പരമാവധി പിന്തിപ്പിക്കുന്നതാണ് സുന്നത്ത്. സൈദ് ബിന്‍ ഥാബിത്(റ) നിവേദനം: ''ഞങ്ങള്‍ നബി ﷺ  യോടൊന്നിച്ച് അത്താഴം കഴിക്കുകയും സുബ്ഹി നമസ്‌കരിക്കുകയും ചെയ്തു. അപ്പോള്‍ അനസ്(റ) ചോദി ച്ചു: 'അത്താഴത്തിനും ബാങ്കിനുമിടയില്‍ എത്ര സമയം ഉണ്ടായിരുന്നു?' സൈദ്(റ) പറഞ്ഞു: 'അമ്പത് ആയത്തുകള്‍ പാരായണം ചെയ്യുവാനുള്ളത്ര സമയം'' (ബുഖാരി, മുസ്‌ലിം).

വാക്കും പ്രവൃത്തിയും നന്നാക്കുക

നോമ്പ് ആമാശയത്തിനു മാത്രം ബാധകമായ ഒന്നല്ല. മനസ്സും നാവും മറ്റു അവയവങ്ങളും നോമ്പില്‍ ഭാഗഭാക്കാവണം. അല്ലാത്തപക്ഷം നോമ്പ് വെറും പട്ടിണിയായി മാറും.

നബി ﷺ  പറഞ്ഞു: ''നോമ്പ് ദിവസത്തില്‍ ആരും മ്ലേഛമായി സംസാരിക്കുകയോ ബഹളമുണ്ടാക്കുകയോ കലഹിക്കുകയോ ചെയ്യരുത്. വല്ലവനും കലഹവും ചീത്തയുമായി ആരെയെങ്കിലും നേരിട്ടാല്‍ ഞാന്‍ നോമ്പുകാരനാണെന്നു പറഞ്ഞു ഒഴിഞ്ഞുമാറട്ടെ'' (അബൂദാവൂദ്, ഹാകിം).

''വ്യാജ വാക്കുകള്‍ പറയുന്നതും അതനുസരിച്ചു പ്രവര്‍ത്തിക്കുന്നതും വെടിയാത്തവര്‍ അന്ന പാനീയങ്ങള്‍ വെടിഞ്ഞ് പട്ടിണികിടക്കണമെന്ന് അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല'' (ബുഖാരി, അബൂദാവൂദ്).

സമയമായാല്‍ ഉടന്‍ നോമ്പുതുറക്കണം

കൃത്രിമമായ ഭക്തി കാണിച്ചുകൊണ്ട് ചിലര്‍ നോമ്പു തുറക്കാന്‍ സമയമായാലും നോമ്പ് തുറക്കാതിരിക്കുന്നതായി കാണാം. ഇത് പ്രവാചക ചര്യക്ക് വിരുദ്ധമാണ്.

സഹ്ല്‍ബിന്‍ സഅദ്(റ) നിവേദനം. നബി ﷺ  പറഞ്ഞു: ''നോമ്പ് തുറക്കാന്‍ തിടുക്കം കാണിക്കുന്ന കാലമത്രയും ജനങ്ങള്‍ നന്മയില്‍ തന്നെയായിരിക്കും'' (ബുഖാരി, മുസ്‌ലിം).

നോമ്പുതുറക്കല്‍

അനസുബ്‌നു മാലിക്(റ) നിവേദനം: ''നബി ﷺ  നമസ്‌കരിക്കുന്നതിന് മുമ്പു തന്നെ ഏതാനും ഈന്തപ്പഴങ്ങള്‍ കൊണ്ട് നോമ്പ് തുറക്കുമായിരുന്നു. അതില്ലെങ്കില്‍ കാരക്ക കൊണ്ടും അതുമില്ലെങ്കില്‍ അല്‍പം വെള്ളം കുടിച്ചുകൊണ്ടുമായിരുന്നു നോമ്പു തുറക്കാറുണ്ടായിരുന്നത്'' (സ്വഹീഹുല്‍ ജാമിഅ്, അബൂദാവൂദ്).

നോമ്പ് തുറക്കുന്ന സമയത്തുള്ള പ്രാര്‍ഥന

മര്‍വാന്‍(റ) നിവേദനം: ''നബി ﷺ  നോമ്പു തുറക്കുമ്പോള്‍ 'ധമനികളിലെല്ലാം വെള്ളമെത്തി. ദാഹം മാറുകയും ചെയ്തു, അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ (ഈ നോമ്പിന്റെ) പ്രതിഫലം സ്ഥിരപ്പെട്ടുകഴിഞ്ഞു' എന്ന് പ്രാര്‍ഥിക്കാറുണ്ടായിരുന്നു'' (സ്വഹീഹുല്‍ ജാമിഅ്, അബൂദാവൂദ്).

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കഘിനമായ ചൂടുള്ള അവസരമാണെങ്കില്‍ ശരീരത്തില്‍ വെള്ളം ഒഴിക്കാന്‍ നോമ്പുകാരന് അനുവാദമുണ്ട്. അബ്ദുറഹ്മാനുബ്‌നു അബീബക്കര്‍(റ) ചില സ്വഹാബിമാരില്‍ നിന്നും നിവേദനം: നബി ﷺ  'അര്‍ജ്' എന്ന സ്ഥലത്തുവെച്ച് ദാഹമോ ഉഷ്ണമോ കാരണമായി തന്റെ ശരീരത്തില്‍വെള്ളം കോരി ഒഴിക്കുന്നത് ഞാന്‍ കാണുകയുണ്ടായി'' (അബൂദാവൂദ്).

വലിയ അശുദ്ധിയുള്ള അവസ്ഥയില്‍ സ്വുബ്ഹിവരെ കഴിച്ചു കൂട്ടുന്നതില്‍ വിരോധമില്ല.  ഉമ്മുസലമ(റ)യില്‍ നിന്നും ആഇശ(റ)യില്‍ നിന്നും നിവേദനം: ''നബി ﷺ  നോമ്പു കാലങ്ങളില്‍ രാത്രി തന്റെ ഭാര്യമാരുമായി ബന്ധം പുലര്‍ത്തിയ കാരണത്താല്‍ വലിയ അശുദ്ധിയോടു കൂടിത്തന്നെ ഫജ്ര്‍ വരെ കഴിച്ചുകൂട്ടാറുണ്ടായിരുന്നു. പിന്നീട് കുളിച്ച് നോമ്പ് എടുക്കുകയും ചെയ്യും'' (ബുഖാരി, മുസ്‌ലിം).

സാധിക്കുമെങ്കില്‍ ദിവസം അഞ്ചുനേരവും നമസ്‌കരിക്കാന്‍ വുദൂഅ് ചെയ്യുമ്പോള്‍ പല്ലുതേക്കേണ്ടവരാണ് മുസ്‌ലിംകള്‍. എന്നിട്ടും ചിലര്‍ നോമ്പിന്റെ പകല്‍ പല്ലുതേക്കാറില്ല. നോമ്പുകാരന്റെ വായയുടെ ദുര്‍ഗന്ധം അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരി പോലെയാണ് എന്ന ഹദീഥാണത്രെ അവര്‍ക്ക് അതിനുള്ള തെളിവ്. പല്ല് തേച്ചാലും അന്നപാനീയങ്ങള്‍ വര്‍ജിക്കുന്നതിനാല്‍ വായക്ക് സാധാരണയില്ലാത്ത ദുര്‍ഗന്ധമുണ്ടാകും. അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ടുള്ള ആരാധന ചെയ്യുന്നതുകൊണ്ടുള്ള ആ ഗന്ധം അല്ലാഹു വെറുക്കുന്നില്ല എന്നതല്ലാതെ, മനഃപൂര്‍വം ദുര്‍ഗന്ധമുണ്ടാക്കാനുള്ള നിര്‍ദേശമൊന്നും ഈ ഹദീഥ് പഠിപ്പിക്കുന്നില്ല.