ഇന്ത്യയിലെ ഇസ്‌ലാമോഫോബിക്ക് വേരുകള്‍

ഹിലാല്‍ സലീം സി.പി

2020 ജൂണ്‍ 20 1441 ശവ്വാല്‍ 28

(ജനസംഖ്യാ വിസ്‌ഫോടനം: സത്യവും മിഥ്യയും, ഭാഗം 4)

ജനസംഖ്യാവര്‍ധനവിനെതിരെയുള്ള പ്രചാരണങ്ങളില്‍ ഇന്ത്യയെ വേറിട്ടുനിര്‍ത്തുന്നത് ഭരണകൂടങ്ങള്‍ കൈക്കൊണ്ടിട്ടുള്ള വംശവെറിയിലധിഷ്ഠിതമായ നയങ്ങളാണ്. 200 മില്യണ്‍ മുസ്‌ലിംകള്‍ 966 മില്യണ്‍ വരുന്ന ഹിന്ദുക്കളെ ജനസംഖ്യയില്‍ വൈകാതെ മറികടക്കും എന്നതാണ് പ്രധാനമായുള്ള വാദം. വാദിക്കുന്നവര്‍ ഈ കണക്കുകള്‍ പറയാറില്ല എന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ വന്‍ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ ഇന്നും വിശ്വസിക്കുന്നത് ഹിന്ദുജനതയെ മറികടക്കാന്‍ മുസ്‌ലിംകള്‍ ശ്രമിക്കുന്നു എന്നാണ്! ഇത് രാജ്യവിരുദ്ധതയായി ചിത്രീകരിക്കപ്പെടുന്നു. 2011ല്‍ നടന്ന അവസാന സെന്‍സസില്‍ രാജ്യത്ത് 79.8% ഹിന്ദുക്കളും 14.2% മുസ്‌ലിംകളുമാണ് വസിക്കുന്നത് എന്ന് കാണാം.

എന്നാല്‍ രാജ്യത്തെ മൊത്തം ജനസംഖ്യാ വളര്‍ച്ചയെ താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദുക്കളുടെ വളര്‍ച്ചാ നിരക്ക് 2001-2011 കാലയളവില്‍ 0.7% കുറയുകയും അതേസമയം മുസ്‌ലിംകളുടെത് 0.8% വര്‍ധിക്കുകയുമാണുണ്ടായത്. മാത്രവുമല്ല, രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്നത് ഇസ്‌ലാം മതവുമാണ്. ഇത് കാട്ടിയാണ് തെറ്റിദ്ധാരണകള്‍ പരത്തുന്നത്. എന്താണ് യാഥാര്‍ഥ്യം? 966 മില്യണ്‍ ജനസംഖ്യയുള്ള ഹിന്ദുക്കളില്‍ 1% വര്‍ധനവുണ്ടാവാന്‍ 96.6 ലക്ഷം പേര്‍ കൂടുതല്‍ വേണം. എന്നാല്‍ 200 മില്യണ്‍ ജനസംഖ്യയുള്ള മുസ്‌ലിംകളില്‍ 1% വര്‍ധനയുണ്ടാകാന്‍ വേണ്ടത് കേവലം 20 ലക്ഷം പേര്‍ മാത്രം. അതായത് ഇന്നത്തെ സ്ഥിതിയനുസരിച്ച് മുസ്‌ലിംകളില്‍ 4% വര്‍ധനവുണ്ടായാല്‍ മാത്രമാണ് ഹിന്ദുക്കളുടെ 1% വര്‍ധനവിലേക്ക് കണക്കില്‍ എത്തിച്ചേരാന്‍ സാധിക്കുക.

ഇന്ത്യയില്‍ ജനസംഖ്യാവിസ്‌ഫോടനം എന്ന ഉമ്മാക്കി കാട്ടിയുള്ള ഇസ്‌ലാം വിദ്വേഷത്തിന് വേദിയായതില്‍ അങ്ങാടികള്‍ മുതല്‍ പാര്‍ലമെന്റ് വരെയുണ്ട്. 2019 ജൂലൈ മാസത്തില്‍ ബി.ജെ.പി എംപി രാഗേഷ് സിന്‍ഹ 'പോപ്പുലേഷന്‍ റെഗുലേഷന്‍ ബില്‍2019' മുന്നോട്ട് വെച്ചതിന് നാം സാക്ഷിയാണ്. അനന്തരം അല്‍ജസീറ ചാനലിന് നല്‍കിയ ഇന്റര്‍വ്യൂയില്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാരം:

''(ജനസംഖ്യാ വര്‍ധനവിന്) മൂന്ന് പ്രത്യാഘാതങ്ങളുണ്ട്. പ്രാദേശികമായ അസന്തുലിതാവസ്ഥ, പ്രകൃതിവിഭവങ്ങളുടെ ക്ഷാമം, മതപരമായ അസന്തുലിതാവസ്ഥ.''

''എന്താണ് സര്‍ മതപരമായ അസന്തുലിതാവസ്ഥ?''

''ഞങ്ങളൊരു ബഹുമത സമൂഹമാണ്. ഒട്ടനവധി ജാതികളുണ്ട്. ഇവയ്ക്കിടയില്‍ പൂര്‍ണമായ സ്വരച്ചേര്‍ച്ച അത്യാവശ്യമാണ്.''

''വിശദീകരിക്കാമോ?''

''സോറി, ഞാന്‍ തിരക്കിലാണ്. ഇനി ചോദ്യങ്ങള്‍ക്ക് ഉത്തരം തരാനൊക്കില്ല!''

സിന്‍ഹയെപ്പോലുള്ളവരുടെ ഈ തിരക്ക് തന്നെയാണ് പ്രശ്‌നം. വസ്തുതകളെ പൂര്‍ണാര്‍ഥത്തില്‍ മനസ്സിലാക്കാതെ 'ഛോട്ടാ ഫാമിലി'ക്ക് വേണ്ടി അലമുറയിടുന്ന പ്രധാനമന്ത്രിയും തിരക്കിലാണ്; സാമ്പാറില്‍ ഉപ്പും മുളകും ചേര്‍ക്കുന്ന പോലെ മനുഷ്യസൗഹാര്‍ദത്തിനിടയിലേക്ക് മതവും ജാതിയും കുത്തിക്കയറ്റി വംശവെറി ആളിക്കത്തിക്കാന്‍. 2019 മെയ് മാസത്തില്‍ ബി.ജെ. പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ ഡല്‍ഹി ഹൈക്കോടതിയില്‍ എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പിന്നില്‍ ജനസംഖ്യാ വളര്‍ച്ചയാണ് എന്ന പേരില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തു. നിര്‍ബന്ധിത ജനസംഖ്യാ നിയന്ത്രണത്തിന് ശേഷം ചൈനയില്‍ ക്രൈം റേറ്റില്‍ ആറു മടങ്ങ് വര്‍ധനവുണ്ടായതിനെ സംബന്ധിച്ച് നാം മുമ്പ് മനസ്സിലാക്കുകയുണ്ടായി. മൂന്നാമത്തെ കുഞ്ഞിന് വോട്ടവകാശം നിഷേധിക്കണമെന്ന് പറഞ്ഞ ബാബാ രാംദേവും 2018ല്‍ ജനസംഖ്യാ വിസ്‌ഫോടനത്തിന് കാരണം 'ഒരു പ്രത്യേക വിഭാഗമാണ്' എന്ന് പറഞ്ഞ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും ലക്ഷ്യമിട്ടത് മുസ്‌ലിം വിഭാഗത്തെയാണെന്നത് പകല്‍പോലെ വ്യക്തം. 'ഹം ദോ, ഹമാരേ പച്ഛീസ്' എന്ന് ആക്ഷേപിക്കുകയും മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധിത വന്ധ്യംകരണം അത്യാവശ്യമാണെന്ന് വാദിക്കുകയും ചെയ്തത് ശിവസേനയാണ്.

ജനസംഖ്യാ നിയന്ത്രണമാണോ വാസ്തവത്തില്‍ ഇക്കൂട്ടരുടെ ലക്ഷ്യം? അല്ല എന്നതാണ് ഉത്തരം. വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളുമടക്കം ഹിന്ദുക്കളോട് കൂടുതല്‍ കുട്ടികളെ ഉല്‍പാദിപ്പിക്കണമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. അഥവാ, ജനനനിയന്ത്രണ വാദങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള വംശവെറിയില്‍ നിന്ന് മാത്രമായി ഉല്‍പാദിപ്പിക്കപ്പെട്ടതാണ് എന്നര്‍ഥം. മുസ്‌ലിം സ്ത്രീകളുടെ 'പന്നിപ്പേറി'നെ സംബന്ധിച്ചുള്ള പ്രചരാണങ്ങള്‍ക്ക് കൂടി ഒരല്‍പം വ്യക്തത ആവശ്യമാണ്.

പന്നിപ്പേറ്: കണക്കുകള്‍ സംസാരിക്കട്ടെ

1900 മുതല്‍ ഇന്ത്യയില്‍ ജനനനിരക്കിലെ മതവ്യത്യാസം ചൂടുപിടിച്ച ചര്‍ച്ചയാണ്. ആശ്വാസകരമെന്ന് പറയട്ടെ, ഇന്ത്യയില്‍ ജനസംഖ്യാശാസ്ത്രശാഖയുടെ കാലങ്ങളായുള്ള വിശ്വാസയോഗ്യമായ വിവരങ്ങള്‍ (ഡെമോഗ്രാഫിക് ഡാറ്റ) ലഭ്യമാണ്. അതിനാല്‍ത്തന്നെ ഇതില്‍ വെള്ളംചേര്‍ത്തുകൊണ്ട് തെറ്റിദ്ധരിപ്പിക്കുക ലളിതമല്ല.

1971 മുതല്‍ 2011 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ജനസംഖ്യാപതനമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഭീമമായ ജനസംഖ്യയെ സംബന്ധിച്ച് 'പതനം' എന്നത് കേവലവ്യവഹാര വാക്യമായി മാറുന്നതായി കാണാം. 'വളര്‍ച്ച'യില്ലെങ്കില്‍ പോലും പ്രസ്തുത കാലയളവില്‍ 663 മില്യണ്‍ പേരാണ് പുതുതായി നമ്മുടെ ഇടയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഒരു ചോദ്യം ഇവിടെ പ്രസക്തമാണ്: മുസ്‌ലിംകളാണോ ജനസംഖ്യാവര്‍ധനവിന് കാരണം?

1901 മുതല്‍ 2011 വരെയുള്ള കണക്കെടുത്ത് പരിശോധിച്ചാല്‍ ഇന്ത്യയുടെ ജനസംഖ്യയിലേക്ക് 14.6% മാത്രമാണ് മുസ്‌ലിംകളുടെ സംഭാവന. അതേസമയം ഹിന്ദുക്കളുടെതാകട്ടെ 79.4%വും! 1901ല്‍ ഹിന്ദുമുസ്‌ലിം ജനസംഖ്യാ വ്യത്യാസം 104 മില്യണായിരുന്നത് 2011 ല്‍ 794 മില്യണായി മാറി. ആരാണ് വര്‍ധിച്ചത്? ഹിന്ദുവോ മുസ്‌ലിമോ? ഇന്ത്യയില്‍ ജനസംഖ്യാവിസ്‌ഫോടനം (?) നടന്നുവെന്ന് തന്നെ കരുതിയാല്‍ പോലും അതിന് പിന്നില്‍ മുസ്‌ലിംകളെന്ന് പറയുക അസാധ്യമാണ്. കാരണം 1971ന് ശേഷം മുസ്‌ലിം ജനസംഖ്യാനിരക്ക് കുറയുന്നതായി കാണാം. 1961-71 കാലയളവില്‍ മുസ്‌ലിം ജനസംഖ്യാനിരക്ക് 30.9% ആയിരുന്നെങ്കില്‍ 2001-2011 കാലയളവിലിത് 24.6% മാത്രമാണ്.

ജനസംഖ്യാനിരക്കിന് മതമുണ്ടോ?

ജനസംഖ്യാനിരക്ക് 'ഹിജാബ് ധരിച്ചിട്ടുണ്ടോ' എന്ന് സംശയിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. എന്നാല്‍ ഈ ധാരണ തീര്‍ത്തും അബദ്ധമാണ്. ജനസംഖ്യാനിരക്ക് സാമൂഹിക, സാമ്പത്തിക ചുറ്റുപാടുകള്‍, വിദ്യാഭ്യാസം, പാര്‍പ്പിടസൗകര്യങ്ങള്‍, സാംസ്‌കാരിക മണ്ഡലങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

കണക്കുകള്‍ സംസാരിക്കട്ടെ: അവന്ധ്യതാനിരക്ക് വിവിധ അവസ്ഥകളില്‍ മാറുന്നത് കാണുക: യു.പിയിലെ മുസ്‌ലിംകളുടെത് 3.10 ആണെങ്കില്‍ കേരളത്തിലെത് 1.86 മാത്രമാണ്. ഇതേസമയം യു.പിയിലെ ഹിന്ദുക്കളുടെത് 2.67 ആണ്. ഇന്ത്യന്‍ നഗരങ്ങളില്‍ 1.75, ഗ്രാമങ്ങളില്‍ 2.41. 12ാംതരം വിദ്യാഭ്യാസം നേടിയവരില്‍ 1.71, നേടാത്തവരില്‍ 3.06. ധനികരില്‍ 1.54, ദരിദ്രരില്‍ 3.17.  അഥവാ, ജനസംഖ്യാ നിരക്ക് മതാടിസ്ഥാനത്തിലല്ല എന്ന് വ്യക്തം.

ഇസ്‌ലാം; പ്രചാരണം, പരിഹാരം

ഇസ്‌ലാമിന്റെ വളര്‍ച്ചയും യൂറോപ്യന്‍ നാടുകളില്‍ സാര്‍വത്രികമാകുന്ന ഇസ്‌ലാമാശ്ലേഷണവും ബധിരവിമര്‍ശകര്‍ക്ക് അംഗീകരിക്കാന്‍ സാധ്യമല്ലായിരുന്നു. അതിനാല്‍ത്തന്നെയാണ് വസ്തുതകളെ മറച്ചുവെക്കാന്‍ അവര്‍ പുത്തന്‍ തന്ത്രങ്ങള്‍ മെനഞ്ഞത്. ഓറിയന്റലിസ്റ്റുകള്‍ നടത്തുന്ന 'ഇസ്‌ലാം പ്രചരിക്കുന്നത് വാള്‍ത്തലയിലൂടെയാണ്' എന്ന ദുഷ്പ്രചാരണത്തെ മാതൃകയാക്കിക്കൊണ്ട് ഇക്കൂട്ടര്‍ 'ഇസ്‌ലാം പെറ്റുപെരുകുന്നു' എന്ന വ്യാജ പ്രചാരണവുമായി രംഗത്തെത്തി.

ഇന്ന് ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന മതം ഇസ്‌ലാമാണ്. കുഞ്ഞുങ്ങളെ പ്രസവിച്ച് മാത്രം അംഗബലം വര്‍ധിപ്പിക്കുന്ന മതമാണ് ഇസ്‌ലാം എന്ന പ്രചാരണത്തിലെ നിരര്‍ഥകത പാശ്ചാത്യന്‍ പഠനങ്ങള്‍ നമുക്ക് കാട്ടിത്തരുന്നുണ്ട്. ഇസ്‌ലാമിലെ സമത്വവും സാഹോദര്യവും ആത്മീയ ചൈതന്യവുമാണ് ഇതിന് ആക്കം കൂട്ടുന്നത്. ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകള്‍ നല്‍കുന്ന ഏക പ്രത്യയശാസ്ത്രത്തെ സമൂഹം അടുത്തറിയാന്‍ ആരംഭിച്ചു. ജീവിതലക്ഷ്യം തേടിയലയുന്ന യുവസമൂഹമാണ് ഇസ്‌ലാമിലേക്ക് കൂടുതല്‍ അടുത്തത് (യൂത്ത് ബള്‍ജ്). ഇത് കാരണത്താല്‍ തന്നെയാണ് ഇസ്‌ലാമിനാണ് ഭാവി എന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ജനസംഖ്യാവളര്‍ച്ചയെ സംബന്ധിച്ചുള്ള ഇസ്‌ലാമിക നിലപാടെന്താണ്? ഇസ്‌ലാം ജനസംഖ്യാ നിയന്ത്രണത്തെ പിന്തുണക്കുന്നില്ല. ജനസംഖ്യ ശാപമല്ല, പ്രത്യുത, അനുഗ്രഹമാണെന്നാണ് ഇസ്‌ലാം പറയുന്നത്. ഭ്രൂണഹത്യയെ ഇസ്‌ലാം കൊലപാതകമായി കണക്കാക്കുന്നു. കരയിലും കടലിലുമുള്ള അനേകം ജീവജാലങ്ങള്‍ മനുഷ്യനോടൊപ്പം ഭൂമിയെ പങ്കുവെക്കുന്നു. മനുഷ്യനടക്കമുള്ള എല്ലാ വര്‍ഗങ്ങള്‍ക്കും ജീവിക്കാനാവശ്യമായ വിഭവങ്ങള്‍ പടച്ചവന്‍ കരുതിയിട്ടുണ്ട്. മറ്റൊരു ജീവിവര്‍ഗത്തിലും നിര്‍ബന്ധിത വന്ധ്യംകരണവും വര്‍ഗസംഖ്യാ നിയന്ത്രണങ്ങളും കാണുക സാധ്യമല്ല. അഥവാ, ഇത്തരം പ്രവൃത്തികള്‍ സാമൂഹികമാക്കുക വഴി പ്രകൃതിതത്ത്വങ്ങള്‍ക്കെതിരെയാണ് നാം പ്രവര്‍ത്തിക്കുന്നത്.

പ്രകൃതിവിഭവങ്ങളുടെ പരിമിതികളെക്കുറിച്ച് വാചാലമാകുന്ന മാല്‍ത്തൂസിയന്‍ ജനസംഖ്യാ സിദ്ധാന്തം അക്ഷരാര്‍ഥത്തില്‍ പൊള്ളയാണെന്ന് നാം മനസ്സിലാക്കി. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭ ഘട്ടത്തിലാണ് നാമിത് പറയുന്നതെങ്കില്‍ നമ്മുടെ പ്രതിവാദങ്ങള്‍ അംഗീകരിക്കപ്പെടുമായിരുന്നില്ല. അക്കാലഘട്ടത്തിലുള്ളവര്‍ക്ക് ചിന്തിക്കുവാന്‍ സാധിക്കുന്നതിലധികം വിവിധ മണ്ഡലങ്ങളില്‍ ലോകജനത മുന്നേറിക്കഴിഞ്ഞു. ഇന്ന് ജനസംഖ്യാശാസ്ത്രം മുന്നോട്ട് വെക്കുന്ന നയങ്ങള്‍ തീര്‍ത്തും തെറ്റാണെന്ന് ഭാവിയില്‍ കണ്ടെത്താം. എന്നാല്‍, ഇസ്‌ലാം കാലാതീതമാണ്, കാലങ്ങളെ അതിജയിച്ചതാണ്. അതിനാല്‍ത്തന്നെ ഈ ദൈവികദര്‍ശനത്തെ മുറുകെപ്പിടിക്കുക വഴി മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളുടെ പാളിച്ചകള്‍ കാരണം സംഭവ്യമായേക്കാവുന്ന പ്രകൃത്യായുള്ള പ്രതിക്രിയകളില്‍ നിന്നും നമുക്ക് രക്ഷനേടാന്‍ സാധ്യമാണ്.

മനുഷ്യന്‍ സ്രഷ്ടാവിനെ മനസ്സിലാക്കാത്തതാണ് ഇവിടെ പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും വഴിവെട്ടുന്നത്. ഒരു കലത്തിലെ വെള്ളം മോന്തിക്കുടിക്കുന്ന മനുഷ്യന്‍ ഒടുവില്‍ അത് മുഴുവനായി തീര്‍ന്നുപോകുന്നതായി കാണുന്നു. ഇത് മുന്‍നിര്‍ത്തി ഭൂമിയിലെ പ്രകൃതിവിഭവങ്ങളെ അവന്‍ താരതമ്യം ചെയ്യുന്നു! സൃഷ്ടികളെ നോക്കി സ്രഷ്ടാവിനെ താരതമ്യപ്പെടുത്തുകയോ? എത്രമാത്രം അബദ്ധജടിലമാണത്! സ്രഷ്ടാവ് നമ്മോട് പറയുന്നത് ഇപ്രകാരമാണ്: 'നിങ്ങളുടെ പക്കലുള്ളവ ഒരുപക്ഷേ, തീര്‍ന്നുപോയേക്കാം. എന്നാല്‍ അല്ലാഹുവിന്റെ പക്കലുള്ളത് തീര്‍ന്നുപോകില്ല.' എത്രമേല്‍ സുവ്യക്തമായിട്ടാണ് അവന്‍ നമ്മോട് സംസാരിക്കുന്നത്! ജനസംഖ്യാ വര്‍ധനവും മനുഷ്യന്റെ രിസ്‌ക്കും (ഉപജീവനം) തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നവന്‍ വ്യക്തമാക്കിയിരിക്കുന്നു.

സമൃദ്ധമായി ഒഴുകുന്ന പുഴയില്‍നിന്നാണ് വുദൂഅ് (അംഗശുദ്ധി) ചെയ്യുന്നതെങ്കില്‍ പോലും വെള്ളം അമിതമായി ഉപയോഗിക്കരുത് എന്നാണ് പ്രവാചകാധ്യാപനം. പ്രകൃതിവിഭവങ്ങള്‍ പാഴാക്കരുതെന്ന പാഠമാണ് ഇതിലൂടെ അവിടുന്ന് പകര്‍ന്നുനല്‍കിയത്. മനുഷ്യര്‍ ഭൂമിയില്‍ വ്യാപിക്കുവാനാണ് സ്രഷ്ടാവ് അവരെ ഇണകളായി സൃഷ്ടിച്ചത്. സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമെന്നാണ് ക്വുര്‍ആന്‍ പറയുന്നത്:

''സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു. എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മങ്ങളാണ് നിന്റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും'' (18:46).

ദാരിദ്ര്യഭയത്താല്‍ കുഞ്ഞുങ്ങളെ വധിക്കരുതെന്നും ഉപജീവനം നല്‍കുന്നത് സ്രഷ്ടാവാണെന്നും ക്വുര്‍ആന്‍ സ്പഷ്ടമാക്കുന്നു: ''ഭൂമിയില്‍ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റെടുത്തതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പ് സ്ഥലവുമെല്ലാം അവന്‍ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്'' (ക്വുര്‍ആന്‍ 11:06).

മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവിനാണ് മനുഷ്യനെക്കുറിച്ച് ആധികാരികമായി സംസാരിക്കുവാന്‍ സാധിക്കുക. ദീര്‍ഘവീക്ഷണമില്ലാത്ത സര്‍ക്കാരും അലസന്മാരായ ജനങ്ങളുമാണ് ഒരു നാടിന്റെ ശാപം. അതുവഴി കടന്നുവരുന്ന ഞെരുക്കങ്ങള്‍ക്ക് ജനസംഖ്യയെ പഴിക്കുന്നത് ലജ്ജാവഹമാണ്. ദാരിദ്ര്യത്തെക്കുറിച്ച് നമ്മെ ഭയപ്പെടുത്തുന്നത് പിശാചാണെന്ന് വിശുദ്ധ ക്വുര്‍ആന്‍ പ്രസ്താവിക്കുന്നു:

''പിശാച് ദാരിദ്ര്യത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും നീചവൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ അവന്റെ പക്കല്‍നിന്നുള്ള മാപ്പും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാകുന്നു'' (2:268).

ജനസംഖ്യാ നിയന്ത്രണങ്ങള്‍ക്കെതിരെ സുവ്യക്തമാണ് ഇസ്‌ലാമിക നിലപാട്, സുശക്തവും.

''അല്ലാഹു പവിത്രത നല്‍കിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിക്കരുത്...'' (ക്വുര്‍ആന്‍ 17:33). (അവസാനിച്ചു)

References:

1. Pewforum.org/

2. Forth round (201516) of National Family Health Survey (NFHS4)

3. UN Population prospectus 2019

4. The Story of India's Population (2014)