കൊറോണക്ക് ശേഷം...?

നബീല്‍ പയ്യോളി

2020 മെയ് 16 1441 റമദാന്‍ 23

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ സൃഷ്ടിച്ചിരിക്കുന്നത്. ലോകബാങ്കും ഐ.എം.എഫും വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. കൊറോണക്ക് ശേഷം പുതിയ ഒരു ലോകക്രമം ഉണ്ടായിവരും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്തായിരിക്കും ആ മാറ്റം?

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ സൃഷ്ടിച്ചിരിക്കുന്നത്. ലോകബാങ്കും ഐ.എം.എഫും വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. എണ്ണ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തി. ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ് എന്ന് ഭരണകൂടങ്ങള്‍ പറഞ്ഞുകഴിഞ്ഞു. 2019 നവംബറില്‍ ആരംഭിച്ച വൈറസ് വ്യാപനം ആറ്  മാസത്തോളം ആയിട്ടും പിടിച്ചു നിര്‍ത്താന്‍ സാധിക്കാത്തത് സാമ്പത്തിക മേഖലയുടെ നട്ടെല്ലൊടിച്ചു എന്ന് തന്നെ പറയണം. 2020ലെ ആദ്യപാദത്തില്‍ ഉല്‍പാദനം സ്തംഭിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത് എങ്കില്‍ രണ്ടാം പാദത്തില്‍ അതിന്റെ പ്രതിഫലനം വിപണിയില്‍ കൂടി പ്രകടമാവും. ഇത് ലോകത്തെ ജീവിത രീതിയെയും കാഴ്ചപ്പാടുകളെയും തൊഴില്‍, സാമ്പത്തികം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മുഴുവന്‍ മേഖലകളെയും സാരമായി ബാധിക്കും. കൊറോണക്ക് ശേഷം പുതിയ ഒരു ലോകക്രമം ഉണ്ടാകും എന്ന് സാരം.

ലോകത്ത് ഏകദേശം എല്ലാ രാജ്യങ്ങളും കൊറോണ പ്രതിരോധ മാര്‍ഗം എന്ന നിലയില്‍ പൂര്‍ണ അടച്ചിടല്‍ നടപ്പിലാക്കിയിട്ടുണ്ട്. അത് വൈറസ് വ്യാപനത്തിന് ഒരു അളവുവരെ തടയിടുന്നതിന് സഹായകമായി തീര്‍ന്നിട്ടുണ്ട് എന്നതും ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ അത് സാമ്പത്തിക, സാമൂഹിക മേഖലകളില്‍ വലിയ പ്രത്യാഘാതത്തിന് കാരണമായി എന്നത് കണ്ടില്ലെന്ന് നടിക്കാന്‍ സാധ്യമല്ല. സമ്പൂര്‍ണ അടച്ചിടലും സാമൂഹിക അകലം പാലിക്കലും വ്യക്തിശുചിത്വം പുലര്‍ത്തുകയും ചെയ്യുക എന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാനമായ കാര്യങ്ങള്‍ തന്നെയാണ്. അത് തെറ്റായിപ്പോയി എന്നല്ല, മറിച്ച് അത് ഉണ്ടാക്കുന്ന പ്രതിസന്ധികളെ മനസ്സിലാക്കുകയും അതിനനുസരിച്ച് വരും നാളുകളെ ക്രമീകരിക്കുകയും ചെയ്യുക എന്നതാണ് നമ്മള്‍ ഓരോരുത്തരും ചെയ്യേണ്ടത്. സാധാരണ പൗരന്‍ മുതല്‍ ഭരണകൂടങ്ങള്‍ വരെ ഈ യാഥാര്‍ഥ്യ ബോധത്തോടെ നീങ്ങിയിട്ടില്ലെങ്കില്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും എന്ന തിരിച്ചറിവാണ് നാളെയെ നിര്‍വചിക്കുന്നതില്‍ ഏതൊരാളെയും നയിക്കേണ്ടത്.

സാമ്പത്തിക പ്രതിസന്ധി

ജിഡിപിയുടെ 10% അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള ധനക്കമ്മിയില്‍ വന്‍തോതില്‍ വര്‍ധനവ് മുതല്‍ ചൈനയും യുഎസും തമ്മിലുള്ള ബന്ധം വഷളാകുന്നത് വരെ ലോക സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് കൊറോണ വഴിവെക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പണപ്പെരുപ്പവും ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ചയും കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ ഉണ്ടായ സ്തംഭനവും എല്ലാം സാമ്പത്തിക രംഗത്തെ വലിയ തകര്‍ച്ചയിലേക്ക് നയിക്കും. ലോകരാഷ്ട്രങ്ങള്‍ സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ച് ഈ തകര്‍ച്ചയുടെ ആഘാതം തടയാനുള്ള ശ്രമത്തിലാണ്. നമ്മുടെ രാജ്യവും സംസ്ഥാനവും ഈ കാര്യങ്ങളില്‍ ഫലപ്രദമായ നടപടികളിലേക്ക് ഇനിയും പോകേണ്ടതുണ്ട്.

തൊഴില്‍ നഷ്ടം

ലോകത്ത് 1.6 ബില്യണ്‍ തൊഴിലാളികള്‍ക്ക് ഉടന്‍ തന്നെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുമെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐ.എല്‍.ഒ) പറഞ്ഞു. ഇതിനകം തന്നെ ലോകത്തെ 2 ബില്യണ്‍ അവിദഗ്ധ തൊഴിലാളികളുടെ വേതനം പ്രതിസന്ധി ഉടലെടുത്ത ആദ്യ മാസത്തില്‍ ആഗോള ശരാശരി 60% കുറഞ്ഞുവെന്ന് ഐ.എല്‍.ഒ പറയുന്നു. 3.3 ബില്യണ്‍ ആഗോള തൊഴിലാളികളില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായത് അവിദഗ്ധ തൊഴിലാളികളാണ്. ഉല്‍പാദനം, ഭക്ഷ്യമേഖല, മൊത്ത-ചില്ലറ വ്യാപാരം, റിയല്‍ എസ്‌റ്റേറ്റ്, ബിസിനസ് സംരംഭങ്ങള്‍ എന്നീ മേഖലകളിലെ തൊഴിലാളികള്‍ക്കാണ് കൂടുതല്‍ തൊഴില്‍നഷ്ടം സംഭവിക്കുന്നത്.

ഈ വര്‍ഷം രണ്ടാം പാദത്തിലെ മൊത്തം പ്രവൃത്തി സമയം 10.5 ശതമാനം കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പ്രതിസന്ധിക്ക് മുമ്പുള്ള അവസാന പാദത്തേക്കാള്‍ 305 ദശലക്ഷം മുഴുവന്‍ സമയ ജോലികള്‍ക്ക് തുല്യമാണ്. അമേരിക്ക, യൂറോപ്പ്, മധ്യേഷ്യ എന്നിവയിലെ ഏറ്റവും വലിയ ഇടിവ് പ്രവചിച്ചുകൊണ്ട് ഐ.എല്‍.ഒ. പറഞ്ഞു. ലോകത്ത് 436 ദശലക്ഷം സംരംഭങ്ങള്‍. ബിസിനസുകള്‍ തകര്‍ച്ചയുടെ വക്കിലാണെന്നും ഐ.എല്‍.ഒ. വ്യക്തമാക്കുന്നു.  

ഇതില്‍ വലിയ പ്രതിസന്ധി നേരിടുന്ന വിഭാഗം ലോകമെമ്പാടുമുള്ള കുടിയേറ്റ തൊഴിലാളികളാണ് എന്ന് വേള്‍ഡ് എക്കൊണോമിക്ക് ഫോറം പറയുന്നു. 2019 ല്‍ ആഗോള കുടിയേറ്റ തൊഴിലാളികളില്‍ 200 ദശലക്ഷം ആളുകള്‍ 715 ബില്യണ്‍ യു.എസ് ഡോളര്‍ ആണ്  തങ്ങളുടെ കുടുംബത്തിലേക്ക് അയച്ചത്. ഇതില്‍ 551 ബില്യണ്‍ യു.എസ് ഡോളര്‍ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ താമസിക്കുന്ന 800 ദശലക്ഷം കുടുംബങ്ങളിലേക്കാണ് അയച്ചത്. ഇവര്‍ അയക്കുന്ന താരതമ്യേന ചെറിയ തുക ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുള്‍പ്പെടെ ദൈനംദിന ഉപജീവന ആവശ്യങ്ങള്‍ക്കായാണ് ഇവര്‍ ചെലവഴിക്കുന്നത്. ഈ മേഖലയിലുള്ള തൊഴില്‍ നഷ്ടം ഇത്തരം രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് വലിയ ആഘാതമാവുമെന്നും ഡബ്യു. ഇ. എഫ്. കൂട്ടിച്ചേര്‍ത്തു.

ദാരിദ്ര്യം

കോവിഡ് അര ബില്യണ്‍ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ഓക്‌സ്ഫാം മുന്നറിയിപ്പ് നല്‍കുന്നു. ലോകത്തിലെ ദരിദ്ര പ്രദേശങ്ങളില്‍ ഈ ആഘാതം ഏറ്റവും ആഴത്തില്‍ അനുഭവപ്പെടും. പ്രതിസന്ധിയിലകപ്പെട്ട വികസ്വര രാജ്യങ്ങളെ പിന്തുണയ്ക്കാന്‍ 2.5 ട്രില്യണ്‍ ഡോളര്‍ ആവശ്യമാണെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കുന്നു. വടക്കേ ആഫ്രിക്ക, ഉപസഹാറന്‍ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് തുടങ്ങിയ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ഇതിന്റെ ആഘാതം കൂടുതല്‍ വഷളാകും എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ആവര്‍ത്തിച്ചുള്ള പകര്‍ച്ചവ്യാധികള്‍ (1980 മുതല്‍ എച്ച്.ഐ.വി, 2003 ല്‍ എസ്.എ.ആര്‍.എസ്, 2009 ല്‍ എച്ച് 1 എന്‍ 1, 2011ല്‍ മെര്‍സ്, 201416ല്‍ എബോള) കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവക്ക് കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ ഇവയെല്ലാം മനുഷ്യനിര്‍മിത ദുരന്തങ്ങളാണ് എന്ന് പറയേണ്ടിവരും. പ്രകൃതിയെയും ആരോഗ്യത്തെയും പരിഗണിക്കാതെ  തങ്ങളുടെ സ്വാര്‍ഥ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് മനുഷ്യര്‍ വശംവദരാവുന്നത് ഇത്തരം ദുരന്തങ്ങള്‍ വിളിച്ചു വരുത്തുന്നു. പകര്‍ച്ചവ്യാധികളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങളും വരും വര്‍ഷങ്ങളില്‍ ഒരു പതിവായി മാറും. അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരവുമാണ്.

ഇന്ത്യടക്കമുള്ള രാജ്യങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം; നമ്മുടെ കൊച്ചു കേരളത്തിലും. രാഷ്ട്രീയ അഭിപ്രായ വ്യതാസങ്ങള്‍ക്ക് അപ്പുറം ക്രിയാത്മക കാഴ്ചപ്പാടുകളും പദ്ധതികളും ആണ് ഈ ഘട്ടത്തില്‍ ആവശ്യം. നൂറ്റി മുപ്പത് കോടിയില്‍ അധികം ജനങ്ങള്‍ ഉള്ള ഇന്ത്യപ്പോലെയുള്ള വലിയ രാജ്യത്തിന് കൊറോണ നല്‍കിയ സാധ്യതകളെ കൂടി കാണേണ്ടതുണ്ട്. ചൈന കൊറോണ വിഷയത്തില്‍ കാണിച്ച ഗുരുതരമായ വീഴ്ചകള്‍ ആണ് ലോകത്താകമാനം വൈറസ് വ്യാപനത്തിന് കാരണമായത് എന്ന് ലോകം ഇന്ന് വിലയിരുത്തുന്നു. ഇതിനകം തന്നെ ലോക രാജ്യങ്ങളില്‍ പലതും തങ്ങളുടെ കമ്പനികളുടെ ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. ഇന്ത്യയില്‍ കമ്പനികള്‍ ആരംഭിക്കാന്‍ പല കമ്പനികളും ഇതിനകം താല്‍പര്യം അറിയിച്ചു കഴിഞ്ഞു. കുറഞ്ഞ ഉത്പാദന ചെലവും തൊഴിലാളികളുടെ ലഭ്യതയും ഭൗതിക സാഹചര്യങ്ങളുടെ അനൂകൂല്യങ്ങളും എല്ലാം ലോകത്തെ വിവിധ കമ്പനികള്‍ക്ക് ഇന്ത്യയെ തെരഞ്ഞെടുക്കാന്‍ അനുകൂല ഘടകമാണ്. ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. ഭീമന്‍ കമ്പനികള്‍ രാജ്യത്തെ കമ്പനികള്‍ വാങ്ങാനുള്ള സാധ്യത, രാഹുല്‍ ഗാന്ധി ഈ പ്രതിസന്ധിയുടെ തുടക്കത്തില്‍ പങ്കുവച്ച ആശങ്കയാണ്. അത് ഉള്‍ക്കൊണ്ട്, നിലവില്‍ ഇന്ത്യയിലെ കമ്പനികളെ നിലനിര്‍ത്തിക്കൊണ്ട് വിദേശ കമ്പനികള്‍ക്ക് നമ്മുടെ രാജ്യത്ത് വ്യവസായ ശാലകളും ബിസിനസ് സംരംഭങ്ങളും തുടങ്ങുവാന്‍ ആവശ്യമായ അന്തരീക്ഷം ഉണ്ടാക്കണം. വര്‍ഗീയ കലാപങ്ങളും വംശീയ ഉന്മൂലനവും അതിദേശീയ വാദവും അടക്കം രാജ്യത്തെ ലോകത്തിന് മുന്നില്‍ അവമതിക്കുന്ന ഘടകങ്ങള്‍ കൂടി ഇല്ലാതാക്കിയാലേ ലോകരാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിന് മുതിരൂ. ഇത്തരം നിക്ഷേപങ്ങള്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ വലിയ തോതില്‍ സഹായിക്കും. ആയിരങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാകുന്നതോടോപ്പം വിദേശ പണം രാജ്യത്തേക്ക് വരികയും ആഭ്യന്തര വിപണി കൂടുതല്‍ സജീവമാവുകയും ചെയ്യും.

കേരളവും ഈ വഴിയിലേക്ക് നീങ്ങേണ്ടിയിരിക്കുന്നു. രാഷ്ടീയ പകപോക്കലും അക്രമ സമരങ്ങളും ഹര്‍ത്താലും തൊഴിലിടങ്ങള്‍ ഇല്ലാതാക്കുന്ന തൊഴിലാളി കൂട്ടങ്ങളും ആണ് കേരളത്തിന്റെ എക്കാലത്തെയും ശാപം. ഇത് തിരിച്ചറിയാനും അത്തരം പിന്തിരിപ്പന്‍ നയങ്ങളില്‍ നിന്ന് മാറാനും രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണം. നിക്ഷേപ സൗഹൃദ അന്തരീക്ഷം ഉണ്ടാവുക എന്നത് അനിവാര്യമാണ്.  കേരളത്തിന്റെ തനത് വിഭവങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് ലോക മാര്‍ക്കറ്റില്‍ എത്തിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ ഇനിയും വൈകരുത്. കാര്‍ഷിക രംഗത്തെ ആധുനികവല്‍ക്കരണം, യന്ത്രവല്‍ക്കരണം തുടങ്ങിയ ക്രിയാത്മകമായ മാറ്റങ്ങള്‍ക്ക് കേവല പ്രത്യയ ശാസ്ത്രത്തിന്റെ പേരില്‍ തടയിടരുത്. ലോകത്തോടൊപ്പം ഓടിയാല്‍ മാത്രമെ നമുക്ക് ഈ കാലത്ത് പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. പരമാവധി പ്രൊഡക്ടിവിറ്റി എന്നത് വളരെ പ്രധാനമാണ്. അത് പ്രായോഗികമാക്കാനാണ് പദ്ധതികള്‍ ഉണ്ടാവേണ്ടത്. ഉല്‍പാദനം, സംഭരണം, വിതരണം എന്നീ അവിഭാജ്യമായ മൂന്ന് മേഖലകളെയും പ്രൊഡക്ടീവ് ആക്കാന്‍ ഉള്ള പദ്ധതികള്‍ കേരളത്തിന്റെ ഭാവിയില്‍ വളരെ പ്രധാനമാണ്. മദ്യവും ലോട്ടറിയും തരുന്ന നികുതി നികുതിയേതര വരുമാനത്തില്‍ കണ്ണ് നട്ടിരിക്കുന്ന, നികുതി വര്‍ധന മാത്രമാണ് പരിഹാരം എന്ന് ചിന്തിക്കുന്ന ഭരണാധികാരികള്‍ നമ്മുടെ നാടിനെ വലിയ പ്രതിസന്ധിയിലേക്ക് മാത്രമെ തള്ളിവിടുകയുള്ളൂ.

ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം തൊളിലാളികളുടെ ശമ്പളം അടുത്ത ആറ് മാസത്തേക്കെങ്കിലും വെട്ടിക്കുറയ്ക്കാന്‍ തൊഴില്‍ ദാതാക്കള്‍ക്ക് അനുവാദം നല്‍കിക്കഴിഞ്ഞു. കൊറോണ നിയന്ത്രണങ്ങള്‍ പ്രതിസന്ധിയിലാക്കിയ കമ്പനികള്‍ പലതും തൊഴിലാളികളെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതരായി. വലിയ പദ്ധതികളില്‍ പലതും തൊഴിലാളികളുടെ എണ്ണം കുറച്ച് പദ്ധതി കാലാവധി ദീര്‍ഘിപ്പിക്കാനാണ് സാധ്യത. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കടുത്ത സാമ്പത്തിക നടപടികളാണ് വരാനിരിക്കുന്നത്. അതില്‍ പ്രധാനം ആഭ്യന്തര സാമ്പത്തിക ക്രയവിക്രയങ്ങള്‍ വര്‍ധിപ്പിക്കുക എന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ വിദേശ തൊഴിലാളികളെ പിരിച്ചുവിടാനും പരമാവധി സ്വദേശികള്‍ക്ക് ജോലി നല്‍കാനും സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് വിവിധ രാജ്യങ്ങള്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഒമാനില്‍ സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ വിദേശികളെയും പിരിച്ചുവിടാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. ഇവിടെയെല്ലാം ആദ്യത്തെ ഇര അവിദഗ്ധ തൊഴിലാളികളാണ്. (ഭൂരിഭാഗവും മലയാളികളും). അവരുടെ ഭാവി ഇരുട്ടിലാകുന്നു എന്നത് കണ്ടില്ലെന്ന് നടിക്കാന്‍ അതാത് രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്ക് സാധ്യമല്ല. ലോകം മുഴുവന്‍ കുടിയേറ്റ തൊഴിലാളികളെ തങ്ങളുടെ നാട്ടിലേക്ക് തിരിച്ചയക്കുകയാണ്. ഗള്‍ഫില്‍ നിന്നും വിമാനങ്ങള്‍ പറന്നിറങ്ങുമ്പോള്‍ ആയിരക്കണക്കിന് പാവങ്ങള്‍ വെറും കയ്യോടെയാണ് വരുന്നത്. നമ്മുടെ നാടിന്റെ മജ്ജയും മാംസവും ആയിരുന്നവര്‍ ഇരുണ്ട നാളെയെക്കുറിച്ചുള്ള ഭീതിയിലാണ്. അവര്‍ക്ക് കൊറോണ ചികിത്സയും ക്വറന്റൈന്‍ സംവിധാനവും ഒരുക്കുക എന്നത് പ്രധാനമാണ.് അതോടൊപ്പം പുനരധിവാസ പദ്ധതികള്‍ കൂടി ആവിഷ്‌കരിച്ച് നടപ്പിലാക്കണം.

കേരളത്തിന്റെ ജനസംഖ്യയുടെ ആറില്‍ ഒന്ന് സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരാണ്. അവരില്‍ 30 ശതമാനത്തില്‍ അധികം നാട്ടിലേക്ക് തിരിച്ചു വരും. അവര്‍ക്ക് ജീവിതോപാധി കണ്ടെത്തുക എന്നത് ശ്രമകരമാണ്, എങ്കിലും കേരളത്തില്‍ വലിയ സാധ്യതകള്‍ ഉണ്ട്. ഏതെങ്കിലും കച്ചവടങ്ങളോ പലരും ചെയ്ത് വിജയിച്ച സംരംഭങ്ങളോ കുറേ ആളുകള്‍ തുടങ്ങാന്‍ ശ്രമിക്കും. എന്നാല്‍ അത്തരം സംരംഭങ്ങള്‍ പരാജയപ്പെടാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ സര്‍ക്കാര്‍ സ്വകാര്യ ഏജന്‍സിക കളുടെ സഹായത്തോടെ തൊഴില്‍  തേടുന്നവര്‍ക്ക് കൃത്യമായ പരിശീലനങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും ലഭ്യമാക്കണം. അവര്‍ക്ക് തൊഴിലിടങ്ങള്‍ ഫലപ്രദമായി ക്രമീകരിക്കാനുള്ള സാഹചര്യങ്ങള്‍ കൂടി സൃഷ്ടിക്കേണ്ടതുണ്ട്. നടേ സൂചിപ്പിച്ചത് പോലെ കേരളത്തിന്റെ സാധ്യതകളെ അറിഞ്ഞ് അത് ഉപയോഗപ്പെടുത്താനാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. രണ്ടാം ഘട്ടം എന്ന നിലയില്‍ വേണ്ടത് വിവിധ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള പാദ്ധതികളാണ്. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ലൈസന്‍സ് നല്‍കും എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതീക്ഷ നല്‍കുന്നതാണ്. പക്ഷേ, കേരളത്തിന്റെ ഇന്നലെകള്‍ നമ്മെ ഭീതിപടുത്തുന്നും ഉണ്ട്.

പ്രവാസികള്‍ തിരിച്ചു വന്നിട്ടെന്താ? പരമാവധി പിടിച്ചുനിന്നോ എന്നൊക്കെ ഉപദേശിക്കുന്നവര്‍, പട്ടിണികിടക്കാന്‍ പോലും ആയിരക്കണക്കിന് രൂപ ആവശ്യമുള്ള, വരുമാന മാര്‍ഗം നിലച്ചിട്ട് മാസങ്ങളായ, ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ടവരടങ്ങിയ പ്രവാസികള്‍ എങ്ങനെ പിടിച്ചു നില്‍ക്കണം എന്ന് കൂടി പറയണം. കേരളത്തില്‍ മൂന്നുകോടി ജനങ്ങള്‍ പട്ടിണിയില്ലാതെ ജീവിക്കുന്നു എങ്കില്‍ ഒരു അതിന്റെചെറിയൊരു ശതമാനം കൂടി അതില്‍ ചേരുന്നതിനെ നാം എന്തിനിത്ര ഭയപ്പെടുന്നു? കേരളത്തില്‍ നിന്നും ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ തിരിച്ചു പോയെങ്കില്‍ അവരുടെ തൊഴിലിടങ്ങളില്‍ ഉള്ള അവസരങ്ങള്‍ മലയാളി നികത്തണം. കൊറോണ കാലത്ത് കേരളം സേഫ് ആണ്, വിദേശ മലയാളികള്‍ വന്നാല്‍ അതില്‍ പ്രയാസം നേരിടും എന്ന രീതിയിലുള്ള മനോഭാവം വെച്ച് പുലര്‍ത്തുന്നത് ശരിയല്ല. അവര്‍ വരുന്നത് ആരുടെയെങ്കിലും ഔദാര്യങ്ങളിലേക്കല്ല; മറിച്ച് സ്വന്തം നാട്ടിലേക്കും വീട്ടിലേക്കുമാണ് എന്നത് ആരും മറക്കരുത്.

മറ്റൊന്ന് വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാവേണ്ട മാറ്റമാണ്. കേരള ജനതയുടെ വിദ്യാഭ്യാസ, സാംസ്‌കാരിക ഔന്നിത്യമാണ് കൊറോണ കാലത്ത് ഫലപ്രദമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായകമായത് എന്നത് ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ ലോകത്തെ ചലനങ്ങള്‍ക്കനുസരിച്ച് നമ്മുടെ വിദ്യാഭ്യാസ നയങ്ങള്‍ ഇനിയും മാറേണ്ടതുണ്ട്. ചെറുപ്പക്കാര്‍ക്ക് പഠനത്തോടൊപ്പം തൊഴില്‍ ചെയ്യാന്‍ പാകത്തിന് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. വിദേശ രാജ്യങ്ങളില്‍ ഈ സമ്പ്രദായങ്ങള്‍ നിലവിലുണ്ട് താനും. വിദ്യാഭ്യാസം എന്നത് കേവലം സിലബസ് തീര്‍ക്കലല്ല, മറിച്ച് ഓരോരുത്തര്‍ക്കും അവരുടെ ഭാവിജീവിതത്തിന് ഉതകുന്ന അറിവുകളും അനുഭവങ്ങളും പരിശീലനങ്ങളും ലഭ്യമാക്കലാണ്. പ്രൈമറി വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വരെ ഈ കാഴ്ചപ്പാടുകള്‍ പ്രതിഫലിക്കേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ജോലി ലഭ്യമാകാത്ത സാഹചര്യം, അല്ലെങ്കില്‍ അവരുടെ ക്രിയായേഷിയെ പരിപോഷിപ്പിക്കാന്‍ തങ്ങളുടെ വിദ്യാഭ്യാസം സഹായകമാവാത്ത അവസ്ഥ ഇനിയും ഉണ്ടാവരുത്. സിലബസും പരീക്ഷയും ഒക്കെ ഒരു തലമുറയുടെ ഭാവി ഇരുളടയുന്ന രൂപത്തില്‍ പ്രതിലോമകരമാവരുത്. സ്‌കില്‍ ബേസ്ഡ് വിദ്യാഭ്യാസ സമ്പ്രദായവും തൊഴില്‍ പരിശീലനങ്ങളും ശക്തമായി ഫോക്കസ് ചെയ്യുക തന്നെ വേണം. പ്രൈമറി തലത്തില്‍ മത്സര പരീക്ഷകളുടെ പേരില്‍ കുട്ടികളെ മാനസിക സമ്മര്‍ദത്തില്‍ ആക്കുകയും അവരുടെ ക്രിയാശേഷി ഇല്ലാതാക്കുകയും ചെയ്യുന്ന പ്രവണത അടുത്ത കാലത്ത് കൂടി വരുന്നതായി കാണുന്നു. അതില്‍ കൃത്യമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തേണ്ടതുണ്ട്. പ്രാഥമിക വിദ്യാലയങ്ങളില്‍ നിന്ന് കുട്ടികളുടെ കഴിവുകളെ തിരിച്ചറിയാനും അവ പരിപോഷിപ്പിക്കാനും അതിന്റെ വെളിച്ചത്തില്‍ അവരുടെ ഭാവി കെട്ടിപ്പടുക്കാനും ഉള്ള സാഹചര്യങ്ങള്‍ ഉണ്ടാവണം. കേരളീയ സമൂഹത്തിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടില്‍ സമൂല മാറ്റം വരേണ്ട കാലം അതിക്രമിച്ചു.

കൊറോണ സമ്മാനിച്ച മറ്റൊരു പ്രധാന മാറ്റം വര്‍ക്ക് ഫ്രം ഹോം എന്നതാണ്. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ ഈ രീതിയില്‍ ഉണ്ടാക്കാന്‍ സാധിച്ചു എന്നത് ഒരു യാഥാര്‍ഥ്യമാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി വര്‍ക്ക് ഫ്രം ഹോം എന്നത് ഭാവിയിലെ ഒരു സ്ഥിരം സംവിധാനമായി മാറാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. വിദഗ്ധ തൊഴിലാളികള്‍ക്ക് തങ്ങളുടെ തൊഴിലിടങ്ങളില്‍ നേരിട്ടെത്താതെ തന്നെ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ജോലി ചെയ്യാം എന്നത് ഒരു പ്രധാന മാറ്റമായി ഭാവിയില്‍ വരും. ഇന്ന് ലോകത്തെ പ്രമുഖ കമ്പനികള്‍ വെര്‍ച്യുല്‍ ഓഫീസ് സമ്പ്രദായത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം ജോലി ചെയ്യുന്ന നിരവധി മലയാളികള്‍ നമ്മുടെ നാടുകളില്‍ ഉണ്ട്. അത് ചെലവ് ചുരുക്കലിനൊപ്പം മൈഗ്രേഷന്‍ ഇല്ലാതെ വിദേശ പണം നമ്മുടെ നാട്ടിലേക്ക് എത്താന്‍ സാധ്യതകള്‍ തുറന്ന് നല്‍കുന്നു എന്നതും വസ്തുതയാണ്. ഇങ്ങനെ സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളില്‍ സ്വീകരിക്കാവുന്ന ചെലവ് ചുരുക്കല്‍ നടപടികളും അതോടൊപ്പം ക്രിയാത്മക സാമ്പത്തിക ഇടപാടുകളും നാളെകളില്‍ അനിവാര്യമാണ്.

ധൂര്‍ത്തും അഴിമതിയും അമിതവ്യയവും മനഃപൂര്‍വം മാറ്റിവെച്ച് ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയാല്‍ മാത്രമെ ഈ പ്രതിസന്ധിയെ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ എങ്കിലും മറികടക്കാന്‍ നമുക്ക് സാധ്യമാവൂ. അത്യാവശ്യത്തിന് കാര്യങ്ങള്‍ ചെയ്യുക എന്നതിനപ്പുറം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്ന ഇടപെടല്‍ ഉണ്ടാവില്ല എന്ന് നാം ഓരോരുത്തരും ഉറപ്പ് വരുത്തണം. ഈ പ്രതിസന്ധിയെ നേരിടാന്‍ നാം ഒറ്റക്കെട്ടായി ആസൂത്രിതമായ ഇടപെടല്‍ നടത്തണം. നമുക്ക് മാത്രമല്ല നമ്മുടെ ഭാവി തലമുറക്ക് കൂടി സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നത് ഈ ഇടപെടലുകളുടെ ലക്ഷ്യമാണ്.