ക്ഷമ
അബ്ദുല്‍ ജബ്ബാര്‍ മദീനി
2020 ജൂണ്‍ 13 1441 ശവ്വാല്‍ 21
(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 21)
നിഷിദ്ധങ്ങളെ തൊട്ട് ശരീരത്തെ തടഞ്ഞിടുക, നിര്‍ബന്ധ കാര്യങ്ങളില്‍ ശരീരത്തെ തളച്ചിടുക, വിധികളില്‍ വേവലാതിയും വിദ്വേഷവും വെച്ചുപുലര്‍ത്തുന്നതില്‍നിന്ന് ശരീരത്തെ പിടിച്ചുനിര്‍ത്തുക എന്നിങ്ങനെ വിശാലമായ വിവക്ഷകളും കാഴ്ചപ്പാടുകളുമാണ് ഇസ്‌ലാമില്‍ ക്ഷമക്കുള്ളത്. ഇസ്‌ലാം ഏറ്റവും കൂടുതല്‍ പരിഗണിച്ച സ്വഭാവമാണ് ക്ഷമ. വിശുദ്ധ ക്വുര്‍ആനില്‍ തൊണ്ണൂറ് സ്ഥലങ്ങളില്‍ ക്ഷമയെ കുറിച്ചുള്ള പരാമര്‍ശം വന്നിട്ടുണ്ട്. വിവിധ നിലയ്ക്കാണ് ക്ഷമയെ കുറിച്ചുള്ള പരാമര്‍ശം വിശുദ്ധ ക്വുര്‍ആനില്‍ വന്നിട്ടുള്ളത്. ഇമാം ഇബ്‌നുല്‍ക്വയ്യിം അവ ക്രോഡീകരിച്ചത് ഇവിടെ സംക്ഷിപ്തമാക്കി നല്‍കുന്നു:
ക്ഷമിക്കുവാനുള്ള കല്‍പനകള്‍
''നീ ക്ഷമിക്കുക. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മാത്രമാണ് നിനക്ക് ക്ഷമിക്കാന്‍ കഴിയുന്നത്...'' (ക്വുര്‍ആന്‍ 16:127).
''നിന്റെ രക്ഷിതാവിന്റെ തീരുമാനത്തിന് നീ ക്ഷമാപൂര്‍വം കാത്തിരിക്കുക...'' (ക്വുര്‍ആന്‍ 52:48).
അക്ഷമനാകുന്നതിലുള്ള വിരോധം
''ആകയാല്‍ ദൃഢമനസ്‌കരായ ദൈവദൂതന്മാര്‍ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക. അവരുടെ (സത്യനിഷേധികളുടെ) കാര്യത്തിന് നീ ധൃതി കാണിക്കരുത്'' (ക്വുര്‍ആന്‍ 46:35).
അതുകൊണ്ട് നിന്റെ രക്ഷിതാവിന്റെ വിധി കാത്ത് നീ ക്ഷമിച്ചുകൊള്ളുക. നീ മത്സ്യത്തിന്റെ ആളെപ്പോലെ (യൂനുസ് നബിയെപ്പോലെ) ആകരുത്'' (ക്വുര്‍ആന്‍ 68:48).
ക്ഷമയിലാണ് വിജയം
''സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവു കാണിക്കുകയും പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'' (ക്വുര്‍ആന്‍ 03:200).
ക്ഷമാലുക്കള്‍ക്ക് പ്രതിഫലം ഇരട്ടിയാണ്
''അത്തരക്കാര്‍ക്ക് അവര്‍ ക്ഷമിച്ചതിന്റെ ഫലമായി അവരുടെ പ്രതിഫലം രണ്ടുമടങ്ങായി നല്‍കപ്പെടുന്നതാണ്'' (ക്വുര്‍ആന്‍ 28:54).
''ക്ഷമാശീലര്‍ക്ക് തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റിക്കൊടുക്ക പ്പെടുന്നത്'' (ക്വുര്‍ആന്‍ 39:10).
ക്ഷമകൊണ്ടും ദൃഢവിശ്വാസം കൊണ്ടുമാണ് നേതൃത്വം ലഭിക്കുന്നത്
''അവര്‍ ക്ഷമ കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢമായി വിശ്വസിക്കുന്നവരാകുകയും ചെയ്തപ്പോള്‍ അവരില്‍നിന്ന് നമ്മുടെ കല്‍പന അനുസരിച്ച് മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളെ നാം ഉണ്ടാക്കുകയും ചെയ്തു'' (ക്വുര്‍ആന്‍ 32:24).
ക്ഷമിക്കുവാനുള്ള കല്‍പനയും ക്ഷമയുടെ മഹത്ത്വവും ഫലങ്ങളും അറിയിക്കുന്ന വചനങ്ങള്‍ വേറെയും ധരാളമാണ്.
''താങ്കള്‍ക്ക് സന്ദേശം നല്‍കപ്പെടുന്നതിനെ താങ്കള്‍ പിന്തുടരുക. അല്ലാഹു തീര്‍പ്പു കല്‍പിക്കുന്നതുവരെ ക്ഷമിക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 10:109).
''നീ ക്ഷമിക്കുക. സുകൃതവാന്മാരുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച''(ക്വുര്‍ആന്‍ 11:115)
''അതിനാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു...'' (ക്വുര്‍ആന്‍ 40:55).
(ഇമാം ഇബ്‌നുല്‍ക്വയ്യിമിന്റെ 'ഇദ്ദത്തുസ്സ്വാബിരീന്‍' നോക്കുക).
''ആകയാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ദൃഢവിശ്വാസമില്ലാത്ത ആളുകള്‍ നിനക്ക് ചാഞ്ചല്യം വരുത്താതിരിക്കുകയും ചെയ്യട്ടെ'' (ക്വുര്‍ആന്‍ 30:60).
''...നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നപക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല...'' (ക്വുര്‍ആന്‍ 3:120).
''(പിന്നീട് അല്ലാഹു വാഗ്ദാനം ചെയ്തു:) അതെ, നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും നിങ്ങളുടെ അടുക്കല്‍ ശത്രുക്കള്‍ ഈ നിമിഷത്തില്‍ തന്നെ വന്നെത്തുകയുമാണെങ്കില്‍ നിങ്ങളുടെ രക്ഷിതാവ് പ്രത്യേക അടയാളമുള്ള അയ്യായിരം മലക്കുകള്‍ മുഖേന നിങ്ങളെ സഹായിക്കുന്നതാണ്'' (ക്വുര്‍ആന്‍ 8:125).
''തീര്‍ച്ചയായും ആര്‍ സൂക്ഷ്മത പാലിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നുവോ ആ സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച'' (ക്വുര്‍ആന്‍ 12:90).
''സഹനവും നമസ്‌കാരവും മുഖേന (അല്ലാഹുവിന്റെ) സഹായം തേടുക. അത് (നമസ്‌കാരം) ഭക്തന്മാരല്ലാത്തവര്‍ക്ക് വലിയ(പ്രയാസമുള്ള) കാര്യം തന്നെയാകുന്നു'' (ക്വുര്‍ആന്‍ 2:45).
''നിങ്ങള്‍ സഹനവും നമസ്‌കാരവും മുഖേന (അല്ലാഹുവിനോട്) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു'' (ക്വുര്‍ആന്‍ 2:153).
പ്രവാചകമൊഴികളും ഈ വിഷയത്തില്‍ ധാരാളമുണ്ട്. അബൂസഈദില്‍ഖുദ്‌രി(റ)യില്‍ നിന്ന് നിവേദനം: ''അന്‍സ്വാരികളില്‍ ചിലര്‍ തിരുദൂതരോട് ചോദിക്കുകയും തിരുദൂതര്‍ അവര്‍ക്ക് നല്‍കുകയും ചെയ്തു. വീണ്ടും അവര്‍ ചോദിക്കുകയും തിരുദൂതര്‍ അവര്‍ക്കു നല്‍കുകയും ചെയ്തു. പിന്നെയും അവര്‍ ചോദിക്കുകയും തിരുദൂതര്‍ അവര്‍ക്കു നല്‍കുകയും ചെയ്തു. അങ്ങനെ തിരുമേനിയുടെ അടുത്തുണ്ടായിരുന്ന സ്വത്ത് തീര്‍ന്നു പോയി. തിരുമേനി പറഞ്ഞു: 'എന്റെ അടുക്കലുള്ള ഒരു സ്വത്തും നിങ്ങള്‍ക്കു നല്‍കാതെ ഞാന്‍ സംഭരിച്ചു വെക്കുകയില്ല. വല്ലവനും (യാചിക്കാതെ) മാന്യത പുലര്‍ത്തിയാല്‍ അല്ലാഹു അവനു മാന്യത കനിയും. വല്ലവനും (ഇരക്കാതെ) സ്വയംപര്യാപ്തനായാല്‍ അല്ലാഹു അയാള്‍ക്ക് ധന്യതയേകും. വല്ലവനും അല്ലാഹുവോട് ക്ഷമിക്കുവാനുള്ള തൗഫീക്വിനു വേണ്ടി തേടിയാല്‍ അല്ലാഹു അവനു ക്ഷമ എളുപ്പമാക്കിക്കൊടുക്കും. ക്ഷമയോളം വിപുലവും ഉത്തമവുമായ ഒരു സമ്മാനവും ഒരാള്‍ക്കും നല്‍കപെട്ടിട്ടില്ല''(ബുഖാരി).
അബൂമാലികില്‍അശ്അരി(റ)യില്‍നിന്നു നിവേദനം. തിരുദൂതര്‍ പറഞ്ഞു: ''...വുദൂഅ് ഈമാനിന്റെ പകുതിയാകുന്നു... നമസ്‌കാരം പ്രകാശവും സ്വദക്വ പ്രമാണവും ക്ഷമ വെളിച്ചമാണ്...''(മുസ്‌ലിം).
തിരുദൂതര്‍ പറഞ്ഞു: ''ഒരു വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. നിശ്ചയം, അവന്റെ കാര്യങ്ങള്‍ എല്ലാം അവന് നന്മയാണ്. അത് വിശ്വാസിക്കല്ലാതെ മറ്റാര്‍ക്കുമില്ല. അവനൊരു നന്മ ലഭിച്ചാല്‍ അവന്‍ നന്ദികാണിക്കും. അപ്പോള്‍ അത് അവന് നന്മയാണ്. അവനൊരു ദുരിതം ബാധിച്ചാല്‍ അവന്‍ ക്ഷമിക്കും, അതും അവന് നന്മയാണ്'' (മുസ്‌ലിം).
ഉഥ്മാന്‍ ഇബ്‌നു അഫ്ഫാനി(റ)ല്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ റസൂലി ﷺ നെ ഞാന്‍ ബത്വ്ഹാഇല്‍ കണ്ടുമുട്ടി. അപ്പോള്‍ അദ്ദേഹം എന്റെ കൈപിടിച്ചു. അങ്ങനെ ഞാന്‍ അദ്ദേഹത്തോടൊപ്പം പോയി. തിരുമേനി അമ്മാറിന്റെയും അബൂഅമ്മാറിന്റെയും ഉമ്മുഅമ്മാറിന്റെയും അരികിലൂടെ നടന്നു. അവര്‍ ശിക്ഷിക്കപ്പെടുകയായിരുന്നു. അപ്പോള്‍ തിരുമേനി ﷺ പറഞ്ഞു: 'യാസിറിന്റെ കുടുംബമേ ക്ഷമിക്കുക. കാരണം, നിങ്ങളുടെ മടക്കം സ്വര്‍ഗത്തിലേക്കാകുന്നു.'' (അല്‍ബാനിയുടെ ഫിക്വ്ഹുസ്സീറയുടെ തഹ്ക്വീക്വ് നോക്കുക).
അനസ്(റ) പറഞ്ഞു: ''ഹാരിഥ ഇബ്‌നു സുറാക്വയുടെ മാതാവായ ഉമ്മുറുബയ്യിഅ് ബിന്‍ത് അല്‍ബറാഅ് നബി ﷺ യുടെ അടുക്കല്‍ വന്നു. അവര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ, ഹാരിഥയെ കുറിച്ച് നിങ്ങള്‍ എന്നോട് പറഞ്ഞാലും. (അലക്ഷ്യമായി വന്ന ഒരു അമ്പ് ഹാരിഥക്ക് ഏറ്റിരുന്നു. അദ്ദേഹം ബദ്‌റില്‍ കൊല്ലപ്പെടുകയും ചെയ്തു). ഹാരിഥ സ്വര്‍ഗത്തിലാണെങ്കില്‍ ഞാന്‍ ക്ഷമിച്ചു. അതല്ലായെങ്കില്‍ ഞാന്‍ അവനു വേണ്ടി വാവിട്ടു കരയും.' തിരുമേനി പറഞ്ഞു: 'ഉമ്മു ഹാരിഥ്, സ്വര്‍ഗമല്ല സ്വര്‍ഗീയ തോപ്പുകളാണ്. നിശ്ചയം, നിങ്ങളുടെ പുത്രന്‍ അത്യുന്നതമായ ഫിര്‍ദൗസ് നേടിയിരിക്കുന്നു''(ബുഖാരി).
അത്വാഇ(റ)ല്‍ നിന്നും നിവേദനം. ഇബ്‌നു അബ്ബാസ്(റ) എന്നോട് പറഞ്ഞു: ''സ്വര്‍ഗവാസികളില്‍പെട്ട ഒരു സ്ത്രീയെ ഞാന്‍ താങ്കള്‍ക്ക് കാണിച്ചുതരട്ടെ?' ഞാന്‍ പറഞ്ഞു: 'അതെ.' അദ്ദേഹം പറഞ്ഞു: 'ഈ കറുത്ത സ്ത്രീയാണ്. അവര്‍ തിരുനബി ﷺ യുടെ അടുക്കല്‍ വന്നു. അവര്‍ പറഞ്ഞു: നിശ്ചയം, ഞാന്‍ വീഴ്ത്തപ്പെടുന്നു. എന്റെ നഗ്നത വെളിവാകുന്നു. അതിനാല്‍ താങ്കള്‍ അല്ലാഹുവോട് എനിക്കു വേണ്ടി പ്രാര്‍ഥിച്ചാലും.' നബി ﷺ പറഞ്ഞു: 'നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ നിങ്ങള്‍ ക്ഷമിക്കുക. നിങ്ങള്‍ക്ക് സ്വര്‍ഗമുണ്ട്. നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് സൗഖ്യമേകുവാന്‍ ഞാന്‍ അല്ലാഹുവോട് ദുആ ചെയ്യാം.' അവര്‍ പറഞ്ഞു: 'ഞാന്‍ ക്ഷമിക്കാം.' തുടര്‍ന്ന് അവര്‍ പറഞ്ഞു: 'എന്റെ നഗ്നത വെളിവാകാതിരിക്കുവാന്‍ താങ്കള്‍ എനിക്കു വേണ്ടി അല്ലാഹുവോട് പ്രാര്‍ഥിച്ചാലും.' അപ്പോള്‍ തിരുമേനി അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു''(ബുഖാരി, മുസ്‌ലിം)
''അല്ലാഹു— പറയുന്നു: 'എന്റെ ഒരു വിശ്വാസിയായ ദാസന്‍, അവന്റെ ഇഹലോകത്തെ ഏറ്റവും ഇഷ്ടക്കാരനെ ഞാന്‍ (മരണത്തിലൂടെ) പിടികൂടുകയും അയാള്‍ ക്ഷമിക്കുകയും ചെയ്താല്‍ അവന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല'' (ബുഖാരി).
അനസി(റ)ല്‍നിന്നും നിവേദനം. തിരുദൂതര്‍ ﷺ പറഞ്ഞു: ''നിശ്ചയം, അല്ലാഹു പറഞ്ഞു: എന്റെ ദാസനെ തന്റെ രണ്ടു കണ്ണുകളില്‍ ഞാന്‍ പരീക്ഷിക്കുകയും അവന്‍ ക്ഷമിക്കുകയും ചെയ്താല്‍ അവന് അത് രണ്ടിനും പകരമായി ഞാന്‍ സ്വര്‍ഗം നല്‍കും'' (ബുഖാരി).
മുആദ് ഇബ്‌നുജബലി(റ)ല്‍ നിന്ന് നിവേദനം: ''എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ സത്യം! ഗര്‍ഭത്തില്‍ വെച്ചു മരണപ്പെട്ട് പുറത്തുവരുന്ന കുഞ്ഞ് തന്റെ പൊക്കിള്‍കൊടികൊണ്ട് തന്റെ മാതാവിനെ സ്വര്‍ഗത്തിലേക്ക് വലിക്കുന്നതാണ്; ആ മാതാവ് ക്ഷമിക്കുകയും അല്ലാഹുവില്‍നിന്ന് പ്രതിഫലം കാംക്ഷിക്കുകയും ചെയ്താല്‍'' (മുസ്‌നദുഅഹ്മദ്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).