റമദാനില്‍ എന്തു നേടി?

അബൂമുസ്‌ലിം അല്‍ഹികമി

2020 മെയ് 30 1441 ശവ്വാല്‍ 06

പുണ്യങ്ങളുടെ വസന്തോത്സവമായ റമദാന്‍ നമ്മില്‍നിന്നും വിടപറഞ്ഞു. പതിവില്‍ നിന്ന് വിപരീതമായി, പകിട്ടുകളില്ലാതെ കടന്നുവന്ന ഈ അതിഥി അതേരൂപത്തില്‍ തന്നെ തിരിച്ചുപോകുമ്പോള്‍ നമുക്ക് നേടാന്‍ കഴിഞ്ഞതിനെക്കുറിച്ചൊരു ആത്മവിചാരണ നടത്തുന്നത് നന്നായിരിക്കും.

ഇന്നലെകളില്‍ ജീവിതത്തിലുണ്ടായ പുഴുക്കുത്തുകളില്‍നിന്നും മനസ്സിനെയും ശരീരത്തെയും  ശുദ്ധീകരിക്കാനുള്ള അവസരമായിരുന്നു റമദാന്‍. പറഞ്ഞുതീര്‍ത്ത വാക്കുകളും ചെയ്തുകഴിഞ്ഞ  പ്രവര്‍ത്തനങ്ങളും നരകം വിലയ്ക്കുവാങ്ങുന്നതായിരുന്നെങ്കില്‍ അവ തിരുത്താനുള്ള മഹത്തായ അവസരം. നാം ഈ അവസരം ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നതാണ് പ്രധാനം.

പ്രവാചകൻ ﷺ  പറഞ്ഞു: ''വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും ആരെങ്കിലും റമദാനില്‍ നോമ്പെടുത്താല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്'' (ബുഖാരി, മുസ്‌ലിം).

''വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും ആരെങ്കിലും റമദാനില്‍ രാത്രി നമസ്‌കരിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്'' (ബുഖാരി, മുസ്‌ലിം).

''അല്ലാഹുവിന് റമദാനിലെ എല്ലാ രാത്രിയിലും നരകത്തില്‍നിന്നും മോചിപ്പിക്കുന്ന ചിലരുണ്ട്'' (തിര്‍മിദി).

ഈ കൂട്ടത്തില്‍ നാം ഉള്‍പ്പെട്ടിട്ടുണ്ടാകുമോ? പുറത്തിറങ്ങാന്‍ കഴിയാത്തവിധം വീടകങ്ങളില്‍ ഒതുക്കപ്പെട്ട നാം നേടിയെടുത്ത വിഭവങ്ങള്‍ എന്തായിരുന്നു?

തിരിച്ചറിവ് അനിവാര്യമാണ്. അടഞ്ഞ പള്ളികളും ശബ്ദം നിലച്ച മിമ്പറുകളും നമ്മുടെ മനസ്സിനോട് ചിലതൊക്കെ പറയുന്നില്ലേ?

വിജയത്തിലേക്ക് ക്ഷണിച്ചുകൊണ്ട് അഞ്ചുനേരങ്ങളില്‍ ഉയര്‍ന്നിരുന്ന ബാങ്കോലികള്‍ ഇന്നും ഉയരുന്നുണ്ട്. മുമ്പ് ഉത്തരം കൊടുക്കാതിരുന്നത് മനസ്സ് സമ്മതിക്കാതിരുന്നിട്ടായിരുന്നെങ്കില്‍ ഇന്ന് മനസ്സ് കൊതിച്ചിട്ടും സാഹചര്യം സമ്മതിക്കുന്നില്ല. മിമ്പറുകളിലുയര്‍ന്ന ഉപദേശങ്ങള്‍ക്കായിരുന്നില്ല പ്രശ്‌നം,  അവ സ്വീകരിക്കാനുള്ള നമ്മുടെ മനസ്സിനായിരുന്നു. ഇന്ന് ആ മിമ്പറുകളൊന്ന് ചലിച്ചു കാണാന്‍ ഹൃദയം കൊതിക്കുമ്പോഴും സാധ്യമാകാത്തത് മനസ്സിനെ വേദനിപ്പിക്കുന്നില്ലേ?

സമയം അവസാനിച്ചിട്ടില്ല; പശ്ചാത്താപത്തിന്റെ വാതിലുകള്‍ സൂര്യന്‍ പടിഞ്ഞാറുദിക്കും വരെ മലര്‍ക്കെ തുറന്നിരിക്കും. എന്നാല്‍ നമ്മുടെ ആയുസ്സ് എപ്പോള്‍ അവസാനിക്കുമെന്ന് നമുക്കറിയില്ല. മരണത്തെ മുന്നില്‍ കാണുമ്പോഴുള്ള പശ്ചാത്താപം കൊണ്ട് കാര്യമുണ്ടാകില്ല.

പള്ളികളുടെ വാതിലുകള്‍ മാത്രമെ അടഞ്ഞിട്ടുള്ളൂ, വാനലോകത്തിന്റെ വാതിലുകള്‍ ഇന്നും മലര്‍ക്കെ തുറന്നിരിക്കുകയാണ്. റമദാന്‍ കഴിഞ്ഞെങ്കിലും ഇനിയുള്ള സമയം ഉപയോഗിക്കാനാവണം. മനമറിഞ്ഞുള്ള തേട്ടങ്ങള്‍ക്ക് നാം സമയം കണ്ടെത്തണം.

കഴിഞ്ഞ റമദാനില്‍ കൂടെയുണ്ടായിരുന്ന പലരും, ഈ റമദാന്‍ കടന്നുവന്നപ്പോള്‍ ജീവിച്ചിരുന്ന ചിലരും ഇന്ന് ആറടി മണ്ണിന്നടിയിലാണ്. കുടുംബക്കാര്‍ക്ക് പോലും കാണാന്‍ കഴിയാത്ത വിധം ഈ കൊറോണക്കാലത്ത് മണ്ണിലേക്കിറക്കപ്പെട്ടവര്‍ അനവധിയാണ്. നമ്മുടെ ഊഴം എന്നായിരിക്കും? അതിന് മുമ്പ് ലോകൈക നാഥനോട് ചില തുറന്നുപറച്ചിലുകള്‍ അനിവാര്യമല്ലേ? വീടകങ്ങള്‍ പള്ളികളായി മാറട്ടെ. ഓരോ ദിനരാത്രവും ആരാധനകളാല്‍ സജീവമാകട്ടെ.

നബി ﷺ  പറഞ്ഞു: ''ഒരു റമദാന്‍ കടന്നു വന്നിട്ടും പാപങ്ങള്‍ പൊറുക്കപ്പെടാത്തവന്‍ നശിക്കട്ടെ.''

റമദാനില്‍ പാപമോചനം ലഭിക്കാത്തവര്‍ക്കെതിരായി പ്രാര്‍ഥിച്ച മറ്റൊരാള്‍ മലക്കുകളുടെ നേതാവ് ജിബ്‌രീല്‍(അ) ആണ്. തള്ളപ്പെടാത്ത രണ്ടു പ്രാര്‍ഥനകള്‍! അതില്‍ ഉള്‍പ്പെടുമോ ഇല്ലേ എന്ന് സ്വയം വിലയിരുത്താന്‍ നമുക്കാവണം.

ചെയ്തുകൂട്ടിയ പാപങ്ങളുടെ ആധിക്യത്താല്‍ അവ മായ്ക്കപ്പെടില്ല എന്ന ചിന്ത നമ്മെ  ഭയപ്പെടുത്തേണ്ടതില്ല. പാപമോചനത്തിനായി തേടിക്കൊണ്ടിരിക്കുക. പാപമോചന തേട്ടം വര്‍ധിപ്പിച്ചാല്‍ നമുക്ക് നേട്ടങ്ങള്‍ മാത്രമെ ലഭിക്കുകയുള്ളൂ. ചില സന്തോഷ വാര്‍ത്തകള്‍ കാണുക:

1. പാപമോചനം നടത്തുന്നവര്‍ക്ക് അവരുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തു നല്‍കുന്നതാണ്:

''ആരെങ്കിലും വല്ല തിന്മയും ചെയ്യുകയോ സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്'' (ക്വുര്‍ആന്‍ 4:110).

2. പാപമോചനം നടത്തുക എന്നത് അല്ലാഹു കല്‍പിച്ച കാര്യമാണ്:

''നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ നിര്‍ണിതമായ ഒരു അവധിവരെ അവന്‍ നിങ്ങള്‍ക്ക് നല്ല സൗഖ്യമനുഭവിപ്പിക്കുകയും ഉദാരമനസ്ഥിതിയുള്ള എല്ലാവര്‍ക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെ മേല്‍ ഞാന്‍ നിശ്ചയമായും ഭയപ്പെടുന്നു'' (ക്വുര്‍ആന്‍ 11:3).

3. പാപമോചനം നടത്തുന്നവരെ അല്ലാഹു പുകഴ്ത്തിയിരിക്കുന്നു:

''ക്ഷമ കൈക്കൊള്ളുന്നവരും സത്യം പാലിക്കുന്നവരും ഭക്തിയുള്ളവരും ചെലവഴിക്കുന്നവരും രാത്രിയുടെ അന്ത്യയാമങ്ങളില്‍ പാപമോചനം തേടുന്നവരുമാകുന്നു അവര്‍ (അല്ലാഹുവിന്റെ ദാസന്‍മാര്‍)''(ക്വുര്‍ആന്‍ 3:17).

4. പാപമോചന പ്രാര്‍ഥന നടത്തല്‍ സൂക്ഷ്മത കാണിക്കുന്നവരുടെ വിശേഷണമാണ്:

''നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മങ്ങള്‍ ചെയ്യുകയും കോപം ഒതുക്കിവെക്കുകയും മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. (അത്തരം) സല്‍കര്‍മകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു. വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്? ചെയ്തുപോയ (ദുഷ്)പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍'' (ക്വുര്‍ആന്‍ 3:133-136).

5. പാപമോചനം നന്മയും അനുഗ്രഹങ്ങളും വര്‍ധിപ്പിക്കും, പ്രയാസങ്ങളെ തടയും:

''...നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും'' (ക്വുര്‍ആന്‍ 71:10-12).

6. അല്ലാഹുവിന്റെ കാരുണ്യം ലഭിക്കാനുള്ള മാനദണ്ഡമാണത്:

''അദ്ദേഹം (സ്വാലിഹ് നബി) പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ് നന്മയെക്കാള്‍ മുമ്പായി തിന്മയ്ക്ക് തിടുക്കം കൂട്ടുന്നത്? നിങ്ങള്‍ക്ക് അല്ലാഹുവോട് പാപമോചനം തേടിക്കൂടേ? എങ്കില്‍ നിങ്ങള്‍ക്കു കാരുണ്യം നല്‍കപ്പെട്ടേക്കാം'' (ക്വുര്‍ആന്‍ 27:46).

7. ശിക്ഷകളെ തടുക്കുന്ന കവചമാണ്: ''എന്നാല്‍ നീ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല'' (ക്വുര്‍ആന്‍ 8:33).

8. പ്രവാചകന്മാരുടെ ചര്യയാണത്. ആദം(അ), നൂഹ്(അ), മൂസാ(അ), ശുഹൈബ്(അ), സ്വാലിഹ്(അ) എന്നീ പ്രവാചകന്മാരുടെ പ്രത്യേകതയായി അല്ലാഹു പാപമോചന പ്രാര്‍ഥനയെ എടുത്തു പറഞ്ഞിട്ടുണ്ട.്

''അവര്‍ രണ്ടുപേരും (ആദമും ഹവ്വയും) പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും കരുണകാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടംപറ്റിയവരുടെ കൂട്ടത്തിലായിരിക്കും'' (ക്വുര്‍ആന്‍ 7:23).

''അദ്ദേഹം (നൂഹ്) പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതില്‍ നിന്ന് ഞാന്‍ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്തപക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും'' (ക്വുര്‍ആന്‍ 11:47).

''അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ. അപ്പോള്‍ അദ്ദേഹത്തിന് അവന്‍ പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു' (ക്വുര്‍ആന്‍ 28:16).

ശുഹൈബ്(അ) തന്റെ ജനതയോട് പറഞ്ഞ കാര്യങ്ങളില്‍ ഒന്ന് ഇതായിരുന്നു: ''നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്റെ രക്ഷിതാവ് ഏറെ കരുണയുള്ളവനും ഏറെ സ്‌നേഹമുള്ളവനുമത്രെ'' (ക്വുര്‍ആന്‍ 11:90).

9. പാപമോചനം മുഹമ്മദ് നബി ﷺ യുടെ  ദിനചര്യയായിരുന്നു. അദ്ദേഹം ദിനേന നൂറില്‍ പരം തവണ പാപമോചനത്തിനായി തേടിയിരുന്നു.

അബൂഹുറയ്‌റ(റ)യില്‍ല്‍ നിന്ന്, നബി ﷺ  പറഞ്ഞു: ''നിശ്ചയം, ഞാന്‍ ദിനേന നൂറ് തവണ അല്ലാഹുവിനോട് പാപമോചനം തേടാറുണ്ട്'' (ബുഖാരി)

എഴുപതില്‍ പരം തവണ പാപമോചനം തേടാറുണ്ട് എന്ന് മറ്റു ചില ഹദീഥുകളില്‍ വന്നിട്ടുണ്ട്.

10. പാപമോചനക്കാര്‍ക്ക് സ്വര്‍ഗം കൊണ്ട് നബി ﷺ  സന്തോഷവാര്‍ത്ത അറിയിച്ചിരിക്കുന്നു:

അബ്ദുല്ലാഹിബ്‌നു ബുസ്‌റി(റ)ല്‍ നിന്ന്, നബി  ﷺ  പറഞ്ഞു: ''തന്റെ ഏടില്‍ ധാരാളം പാപമോചനം കണ്ടെത്തിയവന് തൂബാ'' (ഇബ്‌നുമാജ).

'തൂബാ' എന്ന പദത്തിന് സ്വര്‍ഗത്തിലെ ഒരു മരം എന്നും, മംഗളം എന്നും പണ്ഡിതന്മാര്‍ അര്‍ഥം നല്‍കിയതായി കാണാന്‍ കഴിയും

11. പാപമോചനം നന്മയുടെ ഏട് നിറക്കും (സ്വഹീഹുല്‍ ജാമിഅ്).

പാപമോചന തേട്ടം നടത്തുന്നവനുള്ള മേന്മകള്‍ ഇവിടെ അവസാനിക്കുന്നില്ല, അല്‍പം ചിലത് സൂചിപ്പിച്ചുവെന്ന് മാത്രം. കരുണാമയനായ അല്ലാഹുവിന്റെ ഖജനാവില്‍ അവനിലേക്കടുക്കുന്നവര്‍ക്ക് നല്‍കാനായി അനല്‍പമല്ലാത്തത് ഒരുക്കിയിരിപ്പുണ്ട്.

ഗതകാലജീവിതത്തില്‍ ഹൃദയത്തില്‍ അള്ളിപ്പിടിച്ച പാപക്കറകള്‍ നിശ്ശേഷം തുടച്ചുനീക്കാന്‍ റമദാനിന്റെ ശിഷ്ട ജീവിതത്തില്‍ നാം സമയം കണ്ടെത്തണം. എന്നും രാവിന്റെ മൂന്നിലൊന്നില്‍ ലോകൈക നാഥന്‍ നമുക്ക് വേണ്ടി മാത്രം ഒന്നാനാകാശത്തേക്ക് ഇറങ്ങി വരുന്നുണ്ട്; ചോദിക്കുന്നതെല്ലാം നല്‍കാന്‍, പാപങ്ങള്‍ പൊറുത്തു തരാന്‍, പ്രാര്‍ഥനകള്‍ക്ക് ഉത്തരമേകാന്‍. കരഞ്ഞു കലങ്ങിയ കണ്ണുകളും നീട്ടിപ്പിടിച്ച കരങ്ങളുമായി അവനിലേക്കടുക്കാന്‍ നമുക്ക് സാധിക്കണം.

പാപമോചനത്തിന് തേടാന്‍ തയ്യാറാകുന്നവര്‍ക്ക് സന്തോഷവര്‍ത്തയായി പ്രവാചകന്റെ ഒരു വചനം കൂടി ഓര്‍മിപ്പിക്കുന്നു:

''അല്ലാഹു പറഞ്ഞിരിക്കുന്നു: 'ഓ എന്റെ അടിമേ, എന്നോട് ചോദിച്ചാല്‍ നല്‍കുന്നതില്‍ എനിക്ക് യാതൊരു തടസ്സവുമില്ല. ആകാശംമുട്ടെ നീ പാപങ്ങള്‍ ചെയ്താലും എന്നോട് പാപമോചനം തേടിയാല്‍ ഞാന്‍ പൊറുത്തു തരുന്നതാണ്. ഭൂമി നിറയെ നിന്റെ പാപങ്ങളുണ്ടായാലും എന്നില്‍ പങ്കുചേര്‍ക്കാത്ത വിധം എന്നെ സമീപിച്ചാല്‍ ഞാന്‍ അവ പൊറുത്തു നല്‍കുന്നതാണ്'' (തിര്‍മിദി).