വിട്ടുവീഴ്ച
അബ്ദുല്‍ ജബ്ബാര്‍ മദീനി
2020 ജൂലൈ 18 1441 ദുല്‍ക്വഅദ് 28
തങ്ങളോടു ചെയ്തുപോയ തെറ്റുകള്‍ മാപ്പാക്കലും അതില്‍ ശിക്ഷ ഒഴിവാക്കലും മഹത്തുകളുടെ ശീലവും മഹദ്ഗുണവുമാണ്. പ്രതികാര നടപടിയെടുക്കുവാന്‍ കഴിവുണ്ടായിട്ടും ഔദാര്യമനസ്‌കനായി തന്റെ അവകാശം ഒഴിവാക്കി മാപ്പുനല്‍കലാണ് മാന്യതയും മഹത്ത്വവും സ്തുത്യര്‍ഹവും. വിട്ടുവീഴ്ച ചെയ്യുവാന്‍ ആഹ്വാനമുള്ള വിശുദ്ധ വചനങ്ങള്‍ ധാരാളമാണ്:
''എന്നാല്‍ (ഭര്‍ത്താക്കന്‍മാരേ,) നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യുന്നതാണ് ധര്‍മനിഷ്ഠയ്ക്ക് കൂടുതല്‍ യോജിച്ചത്. നിങ്ങള്‍ അന്യോന്യം ഔദാര്യം കാണിക്കാന്‍ മറക്കരുത്'' (ക്വുര്‍ആന്‍ 2:237).
''...അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ചകാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ'' (ക്വുര്‍ആന്‍ 24:22).
മാപ്പേകുന്നതിന്റെ മഹത്ത്വം
''...എന്നാല്‍ ആരെങ്കിലും മാപ്പുനല്‍കുകയും രഞ്ജിപ്പുണ്ടാക്കുകയും ആണെങ്കില്‍ അവനുള്ള പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു. തീര്‍ച്ചയായും അവന്‍ അക്രമം പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുകയില്ല'' (ക്വുര്‍ആന്‍ 42:40).
''...ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്കു വേണ്ടി ഒരുക്കി വെക്കപ്പെട്ടതത്രെ അത് (സ്വര്‍ഗം). (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്കുവേണ്ടി. (അത്തരം) സല്‍കര്‍മകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു'' (ക്വുര്‍ആന്‍ 3:133,134).
''സത്യവിശ്വാസികളേ, തീര്‍ച്ചയായും നിങ്ങളുടെ ഭാര്യമാരിലും നിങ്ങളുടെ മക്കളിലും നിങ്ങള്‍ക്ക് ശത്രുവുണ്ട്. അതിനാല്‍ അവരെ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. നിങ്ങള്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്നപക്ഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (ക്വുര്‍ആന്‍ 42:40)
വിട്ടുവീഴ്ച ചെയ്യുവാനും പൊറുക്കുവാനും മാപ്പരുളുവാനും പ്രവാചകമൊഴികളിലും ആഹ്വാനങ്ങളുണ്ട്. അതിന്റെ മഹത്ത്വങ്ങളും തിരുമൊഴികള്‍ അറിയിക്കുന്നുണ്ട്. അബ്ദുല്ലാഹ് ഇബ്‌നുഅംറി(റ)ല്‍ നിന്ന് നിവേദനം. തിരുദൂതര്‍ ﷺ പറഞ്ഞു:
''നിങ്ങള്‍ കരുണ കാണിക്കുക; നിങ്ങള്‍ക്ക് കരുണ നല്‍കപ്പെടും. നിങ്ങള്‍ പെറുക്കുക; നിങ്ങള്‍ക്കും പൊറുക്കപ്പെടും''(ബുഖാരി, അദബുല്‍മുഫ്‌റദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).
അബ്ദുര്‍റഹ്മാന്‍ ഇബ്‌നുഔഫി(റ)ല്‍നിന്ന് നിവേദനം. തിരുദൂതര്‍ ﷺ പറഞ്ഞു: ''അല്ലാഹുവാണേ, മൂന്നു കാര്യങ്ങളില്‍ ഞാന്‍ സത്യം ചെയ്യുന്നവനാണ്. ദാനധര്‍മം ഒരു സ്വത്തും കുറച്ചിട്ടില്ല; അതിനാല്‍ നിങ്ങള്‍ ധര്‍മം ചെയ്യുക. അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ച് ഒരു ദാസനും ഒരു അന്യായത്തിനു മാപ്പരുളിയിട്ടില്ല; അതിനാല്‍ അവന്ന് അന്ത്യനാളില്‍ അല്ലാഹു ഉയര്‍ച്ച നല്‍കാതെ. ഒരു വ്യക്തി തനിക്കായി യാചനയുടെ കവാടം തുറന്നാല്‍ അല്ലാഹു അവന്ന് ദാരിദ്രത്തിന്റെ കവാടം തുറക്കുകതന്നെ ചെയ്യും'' (മുസ്‌നദു അബീയഅ്‌ലാ).
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. തിരുദൂതര്‍ ﷺ പറഞ്ഞു: ''ദാനധര്‍മം ഒരു സ്വത്തും കുറച്ചിട്ടില്ല. വിട്ടുവീഴ്ച കാണിച്ചതിനാല്‍ അല്ലാഹു ഒരു ദാസനും പ്രതാപമല്ലാതെ വര്‍ധിപ്പിച്ചിട്ടുമില്ല. അല്ലാഹുവിന്നായി ഒരാളും വിനയം കാണിച്ചിട്ടില്ല; അവന്ന് അല്ലാഹു ഉയര്‍ച്ച നല്‍കാതെ.''
തിരുനബി ﷺ യോട് അല്ലാഹു സ്വഫ്ഹും (വിട്ടുവീഴ്ച) അഫ്‌വും (മാപ്പ്) കൊണ്ട് കല്‍പിച്ചു.
''അവര്‍-അല്‍പം ചിലരൊഴികെ- നടത്തിക്കൊണ്ടിരിക്കുന്ന വഞ്ചന (മേലിലും) നീ കണ്ടുകൊണ്ടിരിക്കും. എന്നാല്‍ അവര്‍ക്ക് നീ മാപ്പുനല്‍കുകയും അവരോട് വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക. അല്ലാഹു, നല്ലനിലയില്‍ വര്‍ത്തിക്കുന്നവരെ തീര്‍ച്ചയായും ഇഷ്ടപ്പെടും'' (ക്വുര്‍ആന്‍ 05:13).
''അതിനാല്‍ നീ അവരെ വിട്ടു തിരിഞ്ഞുകളയുക. സലാം എന്ന് പറയുകയും ചെയ്യുക. അവര്‍ വഴിയെ അറിഞ്ഞുകൊള്ളും'' (ക്വുര്‍ആന്‍ 43:89).
സ്വഫ്ഹുന്‍ ജമീലുകൊണ്ടും അല്ലാഹു—തിരുനബി ﷺ യോട് കല്‍പിച്ചിരിക്കുന്നു. ആക്ഷേപിച്ചവനോട് യാതൊരു ആക്ഷേപവുമില്ലാതെ വിട്ടുവീഴ്ച ചെയ്യലാണ് സ്വഫ്ഹുന്‍ ജമീല്‍.
''അതിനാല്‍ നീ ഭംഗിയായി മാപ്പുചെയ്ത് കൊടുക്കുക. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് എല്ലാം സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 15:85,86).
വിട്ടുവീഴ്ചയുടെ വിഷയത്തില്‍ ഏതാനും സംഭവങ്ങള്‍ ഇവിടെ ശ്രദ്ധേയമാണ്:
''ഒരു വ്യക്തി തിരുനബി ﷺ യുടെ അടുക്കല്‍ വന്നു. അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, ഒരു ഭൃത്യന് നമ്മള്‍ എത്ര തവണ മാപ്പരുളണം?' തിരുമേനി ﷺ മൗനം ഭജിച്ചു. ആഗതന്‍ സംസാരം ആവര്‍ത്തിച്ചു. അപ്പോഴും തിരുമേനി മൗനം ഭജിച്ചു. ആഗതന്‍ മൂന്നാമതും ചോദിച്ചപ്പോള്‍ തിരുമേനി പറഞ്ഞു: 'എല്ലാ ദിവസവും ഭൃത്യന് എഴുപതു തവണ നിങ്ങള്‍ മാപ്പരുളുക'' (സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).
ആഇശ(റ)യെ കുറിച്ച് അപവാദ പ്രചരണം നടത്തിയവരില്‍ പെട്ട വ്യക്തിയായിരുന്നു മിസ്ത്വഹ് ഇബ്‌നുഅഥാഥ. മിസ്ത്വഹ് അഗതിയും ആഇശ(റ)യുടെ പിതാവ് അബൂബകറി(റ)ന്റെ ബന്ധുവുമായിരുന്നു. അപവാദ പ്രചരണത്തെ തുടര്‍ന്ന് അല്ലാഹുവില്‍ സത്യം ചെയ്ത് ഉറപ്പിച്ചുകൊണ്ട് അബൂബകര്‍(റ) മിസ്തഹിന് ചെലവിനു നല്‍കുകയില്ലെന്ന് തീര്‍ത്തു പറഞ്ഞു. അപ്പോള്‍ അല്ലാഹു താഴെ വരുന്ന വചനം അവതരിപ്പിച്ചു:
''നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ'' (ക്വുര്‍ആന്‍ 42:40).
ഉടന്‍ അബൂബകര്‍(റ) പ്രഖ്യാപിച്ചു: 'അതെ. അല്ലാഹുവാണേ സത്യം, തീര്‍ച്ചയായും ഞാന്‍ എനിക്ക് പൊറുത്തുതരുവാന്‍ ഇഷ്ടപ്പെടുന്നു.'
അങ്ങനെ അദ്ദേഹം മിസ്ത്വഹി(റ)നു ചെലവിനു നല്‍കിയിരുന്നത് വീണ്ടും നല്‍കിത്തുടങ്ങി. അദ്ദേഹം പറഞ്ഞു: 'അല്ലാഹുവാണേ സത്യം, ഞാന്‍ ഒരിക്കലും അദ്ദേഹത്തിനുള്ള ജീവിതച്ചെലവ് നല്‍കാതിരിക്കില്ല.'