ആരാണ് ശിയാക്കള്‍?

നൂറുദ്ദീന്‍ സ്വലാഹി

2020 ഒക്ടോബര്‍ 10 1442 സഫര്‍ 23

മുസ്‌ലിം സമുദായത്തിന് ഏറെ അപകടങ്ങള്‍ വരുത്തിവച്ച് വ്യതിചലിച്ചുപോയ കക്ഷികളാണ് ശിയാക്കള്‍. ഹിജ്‌റ 61ല്‍ പ്രഃ ഹുസൈന്‍(റ) കര്‍ബലയില്‍വച്ച് വധിക്കപ്പെട്ടതോടെ സംഘടിത രൂപംപൂണ്ട ഈ വിഭാഗത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത് ഇസ്‌ലാമിന്റെ മുഖംമൂടി ധരിച്ച ജൂതനായിരുന്ന അബ്ദുല്ലാഹിബിനു സബഇലേക്കാണ് എന്നത് ചരിത്ര യാഥാര്‍ഥ്യമാണ്.

ഇറാക്ക്, ഇറാന്‍, ബഹ്‌റൈന്‍, കുവൈത്ത്, പാക്കിസ്ഥാന്‍. ലബനാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഏറ്റവും ശക്തവും സംഘടിതവുമായി ഇവര്‍ ഇന്ന് നിലകൊള്ളുന്നു. മാത്രമല്ല ലോകത്തിന്റെ മറ്റു പല ഭാഗത്തും ഇവരുടെ സാന്നിധ്യമുണ്ട്. ഇവരുടെ വിശ്വാസങ്ങള്‍ പല രാജ്യങ്ങളിലും വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും അത് മുസ്‌ലിംകളുടെ വിശ്വാസ, ആചാര, അനുഷ്ഠാന മേഖലയില്‍ കടന്നുകയറി അവയെ വികലമാക്കുകയും ചെയ്തിട്ടുണ്ട് എന്നത് അനിഷേധ്യമാണ്.

ശിയാക്കള്‍ യഥാര്‍ഥ മുസ്‌ലിംകളോ?  

ലോകത്തിന്റെ കണ്ണില്‍ മുസ്‌ലിംകള്‍ രണ്ടു വിഭാഗമാണ്. ഒന്ന് സുന്നികള്‍ അഥവാ അഹ്‌ലുസ്സുന്നഃ വല്‍ജമാഅഃ, രണ്ടാമത്തെത് ശിയാക്കള്‍. സാധാരണ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന കര്‍മശാസ്ത്ര ഭിന്നതകള്‍ പോലെയുള്ള എന്തൊക്കെയോ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണ് അഹ്‌ലുസ്സുന്നക്കും ശിയാക്കള്‍ക്കും ഇടയിലുള്ളത് എന്ന ധാരണവച്ചുപുലര്‍ത്തുന്ന ധാരാളം ആളുകളുണ്ട്. അതുകൊണ്ട് തന്നെ എന്താണ് ശിയാ വിശ്വാസങ്ങള്‍ എന്ന് ലളിതമായി വിവരിക്കുകയാണ് ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്.

വളരെ അപകടകരവും മതത്തില്‍നിന്നുതന്നെ തെറിച്ചുപോകുന്നതുമായ അഞ്ച് വികലവിശ്വാസങ്ങളാണ് ശിയാക്കള്‍ പ്രധാനമായും വച്ചുപുലര്‍ത്തുന്നത്. ഇമാമത്ത് വാദം, ഇസ്വ്മത്ത് വാദം, തക്വിയ്യത്ത്, തഹ്‌രീഫുല്‍ക്വുര്‍ആന്‍, റജ്അത്ത് എന്നിവയാണവ.

ഈ അഞ്ച് കാര്യങ്ങള്‍ എന്താണെന്ന് മനസ്സിലായാല്‍ തന്നെ ഇസ്‌ലാമുമായി ശിയാക്കള്‍ക്ക് യാതൊരു ബന്ധവുമില്ല എന്ന് നമുക്ക് ബോധ്യപ്പെടും.

ഇമാമത്ത് വാദം

ശിയാക്കളിലെ ഇമാമിയ്യ വിഭാഗത്തിലെ എല്ലാ കക്ഷികള്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസമില്ലാത്ത തും അവരുടെ ഉത്ഭവത്തിനും വളര്‍ച്ചയ്ക്കും നിദാനമായതുമായ കാര്യമാണ് ഇമാമത്ത് വാദം. ഇക്കൂട്ടരുടെ വിശ്വാസകാര്യങ്ങളുടെ മുഴുവന്‍ അടിത്തറയും നിലകൊള്ളുന്നതും മുസ്‌ലിംകളുമായി അവരുടെ വിയോജിപ്പുകളുടെ പ്രധാനതലവും ഇതിലാണുള്ളത്.

എന്താണ് ഇമാമത്ത് വാദം? ഒരു വ്യക്തി വിശ്വാസിയാവണമെങ്കില്‍ സാധാരണ നമ്മള്‍ വിശ്വാസ കാര്യങ്ങളായി (ഈമാന്‍ കാര്യങ്ങള്‍) പറയുന്ന; അല്ലാഹുവിലും മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും അന്ത്യദിനത്തിലും വിധിയിലും വിശ്വസിക്കുന്നതോടൊപ്പം അലി(റ)യുടെ വിലായത്തിലും വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. വിലായത്തിലുള്ള വിശ്വാസം ഇല്ലാതെ ബാക്കി ആറു കാര്യങ്ങള്‍ വിശ്വസിച്ചാലും ഒരാളുടെ ഈമാന്‍ പൂര്‍ണമാവില്ല എന്നതാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്.

'അലി(റ)യുടെ വിലായത്ത്' എന്നതുകൊണ്ട് എന്താണ് വിവക്ഷ? നബി ﷺ  തന്റെ മരണത്തിനു ശേഷം അലി(റ)യെക്കൊണ്ട് ഈ സമുദായത്തിന്റെ ഉത്തരവാദിത്തവും ഖിലാഫത്തും വസ്വിയ്യത്ത് ചെയ്തു എന്നും അദ്ദേഹമാണ് പ്രവാചകനു ശേഷം ഇസ്‌ലാം ദീനിന്റെ പൂര്‍ത്തീകരണം നിര്‍വഹിക്കുക എന്നുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. നുബുവ്വത്ത് (പ്രവാചകത്വം) പോലെ അല്ലാഹു നല്‍കുന്ന ഒരു സ്ഥാനമായിട്ടാണ് ഇതിനെ ഇവര്‍ കണക്കാക്കുന്നത്. അല്ലാഹു തന്റെ അടിമകളില്‍നിന്ന് അവനുദ്ദേശിക്കുന്നവര്‍ക്ക് പ്രവാചകത്വം നല്‍കുന്നതുപോലെ മറ്റുചിലര്‍ക്ക് ഇമാമത്ത് നല്‍കുമെന്നതാണ് ഈ വിശ്വാസത്തിന്റെ അടിസ്ഥാനം. ഇത്തരം പന്ത്രണ്ട് ഇമാമുരാണ് ഇമാമിയ്യ വിശ്വാസത്തില്‍ ഉള്ളത.് ഇവരിലെല്ലാം വിശ്വസിക്കല്‍  നിര്‍ബന്ധവുമാണ്!

ഇമാമത്ത് വിശ്വാസം ഉള്‍ക്കൊള്ളാത്തവരെല്ലാം അല്ലാഹുവില്‍ അവിശ്വസിച്ചവരാണെന്നാണ് ഇവരില്‍ ഭൂരിപക്ഷത്തിന്റെയും വാദം. ബാക്കിയുള്ളവരുടെ വാദം അവര്‍ വിശ്വാസികളല്ല, മറിച്ച് അധര്‍മകാരികളാണ് (ഫാസിക്വുകള്‍) എന്നുമാണ്.

ശിയാക്കളുടെ പ്രധാന ഗ്രന്ഥങ്ങളിലൊന്നായ 'അല്‍കാഫി'യില്‍ പറയുന്നത് നോക്കൂ: ''നിശ്ചയം, അലി(റ)യോടുള്ള അനുസരണക്കേട് കുഫ്‌റാകുന്നു. അദ്ദേഹത്തെക്കാളും ഇമാമത്തിന് അര്‍ഹരായി മറ്റാരെങ്കിലും ഉണ്ടെന്ന വിശ്വാസമാവട്ടെ ശിര്‍ക്കുമാണ്''(അല്‍കാഫി 1/52).

'ഒരാള്‍ ഇമാമുകളില്‍ ഏതെങ്കിലും ഒരു ഇമാമിനെയോ അവര്‍ക്ക് അല്ലാഹു നിര്‍ബന്ധമാക്കിയ അനുസരണത്തെയോ നിഷേധിച്ചാല്‍ അവന്‍ കാഫിറും ശാശ്വത നരകപ്രവേശനത്തിന് അര്‍ഹനുമാണ്' (ബിഹാറുല്‍ അന്‍വാര്‍ 33/390).

അലി(റ) പ്രവാചകന്റെ സ്വഹാബിയും(അനുചരന്‍) ഖലീഫമാരില്‍ ഒരാളും അഹ്‌ലുബൈത്തില്‍ (നബികുടുംബം) പെട്ട വ്യക്തിയും പ്രവാചകന്റെ മരുമകനും ഇസ്‌ലാമിന്റെ യോദ്ധാവും എന്നു തുടങ്ങി ധാരാളം വിശേഷണങ്ങളുള്ള വ്യക്തിയാണല്ലോ. ഇതെല്ലാം ഉള്‍ക്കൊള്ളുകയും അദ്ദേഹത്തെ സ്‌നേഹിക്കുകയും ചെയ്താലും അദ്ദേഹത്തിന്റെമേല്‍ ഇവര്‍ കെട്ടിവച്ച വിലായത്ത് വാദം ഉള്‍ക്കൊണ്ടില്ല എന്നതുകാരണം അഹ്‌ലുസ്സുന്നയുടെ ആളുകളുടെ വിശ്വാസം പൂര്‍ണമല്ല എന്നതാണ് ശിയാക്കളുടെ വാദം.

ശിയാ നേതാവ് മുഹമ്മദ് സ്വാദിഖ് റൂഹാനിയോട് ചോദിക്കപ്പെട്ടു: 'അഹ്‌ലുസ്സുന്നയുടെ ആളുകള്‍ അലി(റ)യെ വെറുക്കുന്നില്ല. അവര്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വിലായത്തിനെ അംഗീകരിക്കുന്നില്ല. ഇക്കാരണത്താല്‍ അവരുടെമേല്‍ കുഫ്ര്‍ (സത്യനിഷേധം അഥവാ അവിശ്വാസം) വിധിക്കാമോ? അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമോ?'

അദ്ദേഹം നല്‍കിയ മറുപടി ഇതാണ്: 'ഇബാദത്തുകളുടെ സ്വീകാര്യതക്ക് അമീറുല്‍ മുഅ്മിനീന്‍ അലി(റ)യുടെ വിലായത്തിലുള്ള വിശ്വാസം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. ഈ നിബന്ധന നഷ്ടപ്പെട്ട ഒരാള്‍ക്ക് എങ്ങനെയാണ് അതിനെത്തുടര്‍ന്നുള്ളത് ലഭിക്കുക?'

അഹ്‌ലുസ്സുന്നയുടെ ആളുകളുടെ കര്‍മങ്ങള്‍ പൂര്‍ണമല്ലെന്നും  ഈ വിശ്വാസം ഉള്‍ക്കൊള്ളാത്തതിന്റെ പേരില്‍ അവരുടെ ഇബാദത്തുകള്‍കൊണ്ട് യാതൊരു പ്രയോജനവും ഇല്ല എന്നുമാണല്ലോ ഇതില്‍നിന്ന് ഇവരുടെ വാദമായി മനസ്സിലാകുന്നത്.

ശിയാ വിശ്വാസപ്രകാരം ഒരാള്‍ മുസ്‌ലിമാകണമെന്നുണ്ടെങ്കില്‍ ശഹാദത്ത് കലിമയില്‍ (സാക്ഷ്യവാക്യം) ഈ വാദംകൂടി പറയണം:

'അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹു വ അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്, വ അന്ന അലിയ്യന്‍ വലിയുല്ലാഹ്' (ആരാധനക്കര്‍ഹനായി അല്ലാഹു മാത്രമാണെന്നും നിശ്ചയം മുഹമ്മദ് ﷺ  അല്ലാഹുവിന്റെദൂതനാണെന്നും അലി(റ) അല്ലാഹുവിന്റെ വലിയ്യാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു).

ഈ ഇമാമത്ത് വാദത്തെ എങ്ങനെയാണ് വിശ്വാസിയായ ഒരാള്‍ കേവല അഭിപ്രായ വ്യത്യാസമായി കണക്കാക്കുക? ഇതുപോലെത്തന്നെ അപകടകരമാണ് ബാക്കിയുള്ള നാലു കാര്യങ്ങളും.

ഇസ്വ്മത്ത് വാദം

ഇസ്വ്മത്ത് (പാപസുരക്ഷിതത്വം) വാദമാണ് ശിയാക്കളും അഹ്‌ലുസ്സുന്നയുമായുള്ള വിയോജിപ്പിലെ മറ്റൊരു പ്രധാന വിഷയം. ഇതാകട്ടെ അത്യധികം അപകടകരവുമാണ്. അല്ലാഹുവില്‍നിന്നുള്ള വഹ്‌യ് (ദിവ്യബോധനം) ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക എന്നതാണല്ലോ പ്രവാചകന്മാരുടെ ദൗത്യം. ഈ ദൗത്യനിര്‍വഹണത്തില്‍ അവര്‍ക്ക് പ്രത്യേകം സംരക്ഷണം ലഭിച്ചിട്ടുണ്ടെന്നും യാതൊരു വിധത്തിലുള്ള പിഴവുകളോ കുറവുകളോ സംഭവിച്ചിട്ടില്ല, അവര്‍ പാപമുക്തരാണ് എന്നുമാണ് നമ്മള്‍ വിശ്വസിച്ചു പോരുന്നത്. ഇങ്ങനെ വിശ്വസിച്ചാല്‍ മാത്രമാണ് പ്രവാചകന്മാരിലുള്ള വിശ്വാസം പൂര്‍ണമാവുക.

എന്നാല്‍ ശിയാക്കള്‍ക്ക്, 'പ്രവാചകന്മാര്‍ക്ക് ഇസ്വ്മത്ത് ഉള്ളതുപോലെ അലി(റ)ക്കും അദ്ദേഹത്തിന് ശേഷമുള്ള മുഴുവന്‍ ഇമാമുമാര്‍ക്കും റബ്ബില്‍നിന്നുള്ള ഇസ്വ്മത്ത് ലഭിച്ചിട്ടുണ്ട്, അവരെല്ലാം പ്രവാചകന്മാരെ പോലെ തന്നെ അല്ലാഹുവിന്റെ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നവരാണ്, അതിനാല്‍ത്തന്നെ ഈ സംരക്ഷണം അവര്‍ക്കുമുണ്ട്' എന്ന വിശ്വാസം നിര്‍ബന്ധമാണ്.

ഇക്കാരണത്താല്‍തന്നെ തങ്ങളുടെ ഇമാമുമാരുടെ ഓരോ വാക്കിനും നബിമാരുടെ വാക്കുകളുടെ സ്ഥാനമാണ് ഇവര്‍ നല്‍കുന്നത്.

എത്രമാത്രം അപകടകരമാണ് ഈ വാദം എന്ന് ആലോചിച്ചുനോക്കൂ! ലോകമുസ്‌ലിംകളുടെ  വിശ്വാസപ്രകാരം 'സുന്നത്ത്' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് പ്രവാചകന്റെ ചര്യകള്‍ എന്നതാണ്. അതാവട്ടെ ക്വുര്‍ആനിന്റെ വിശദീകരണമാണ്. അതിനാല്‍ തന്നെ അത് മതത്തിന്റെ പ്രമാണമാണ്. എന്നാല്‍ ശിയാ വിശ്വാസപ്രകാരം അവരുടെ ഇമാമുമാരില്‍നിന്നും ഉദ്ധരിക്കപ്പെടുന്നതിനെയും അവര്‍ സുന്നത്തായി പരിഗണിക്കുന്നു. അതുകൊണ്ടുതന്നെ അവര്‍ പ്രവാചകന്റെയും അവരുടെ മറ്റു ഇമാമുമാരുടെയും  ചര്യകള്‍ക്കിക്കിടയില്‍ യാതൊരു വ്യത്യാസവും കല്‍പിക്കുന്നില്ല; എല്ലാം ഒരുപോലെ സുന്നത്തായി പരിഗണിക്കുന്നു.

ഇമാമത്ത് വാദം പോലെത്തന്നെ ഇസ്വ്മത്ത് വിശ്വാസം ഉള്‍കൊള്ളാത്ത മുഴുവന്‍ ആളുകളും കാഫിറുകളാണ് എന്നും അവര്‍ വാദിക്കുന്നു. ഇക്കാരണത്താല്‍ ആദ്യ മൂന്ന് ഖലീഫമാരും ഇസ്‌ലാമിന് പുറത്തും കുഫ്‌റിലുമാണ് എന്നാണ് ഇവരുടെ വിശ്വാസം. കാരണം അവരെല്ലാം അലി(റ)യുടെമേല്‍ ഇവര്‍ കെട്ടിവച്ചതും അദ്ദേഹത്തിന് അറിയാത്തതുമായ ഇസ്വ്മത്തിനെ അംഗീകരിക്കാത്തവരാണ്. അവര്‍ മാത്രമല്ല, അവരുടെ ഖിലാഫത്തിന് ബൈഅത്ത് (അനുസരണപ്രതിജ്ഞ) ചെയ്ത മറ്റു സ്വഹാബിമാരും കാഫിറുകളാണെന്ന് ഇവര്‍ വിശ്വസിക്കുന്നു.

എന്നാല്‍ സ്വഹാബിമാരെ കുറിച്ച് എന്താണ് ക്വുര്‍ആന്‍ പറയുന്നതെന്ന് നോക്കൂ: ''മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവയ്ക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം'' (ക്വുര്‍ആന്‍ 9:100).

അല്ലാഹു ഇഷ്ടപ്പെടുന്ന, അവന്‍ സ്വര്‍ഗമുണ്ട് എന്ന് സന്തോഷവാര്‍ത്തയറിയിച്ച സ്വഹാബിമാരെ കുറിച്ച് വളരെ മോശമായ ചിന്താഗതിവച്ചുപുലര്‍ത്തുന്ന, കാഫിറുകള്‍ എന്ന് മുദ്രകുത്തുന്ന ഇവരല്ലേ  യഥാര്‍ഥത്തില്‍ മതവൃത്തത്തിന്റെ പുറത്തുള്ളവര്‍?  

സ്വഹാബിമാര്‍ അല്ലാഹുവിന്റെയും പ്രവാചകന്റെയും ശത്രുക്കളാണെന്ന് വാദിക്കുന്ന ഇവര്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം അവരെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ്. ചരിത്രം വായിക്കുന്ന ഒരാള്‍ക്ക് ശിയാവിശ്വാസങ്ങളുടെ ബലഹീനതയും അതെല്ലാം യാഥാര്‍ഥ്യങ്ങളോട് എത്രമാത്രം പുറംതിരിഞ്ഞു നില്‍ക്കുന്നു എന്നും പെട്ടെന്ന് ബോധ്യപ്പെടും.

അലി(റ)യുടെ ഇമാമത്തിനെ അംഗീകരിക്കാത്തതു കാരണം ഉമര്‍(റ) ഇസ്‌ലാമിനു പുറത്താണ് എന്ന് പറയുന്ന ഇവര്‍ക്ക് അറിയില്ലേ അലി(റ) തന്റെ മകള്‍ ഉമ്മുകുല്‍സൂമിനെ വിവാഹം ചെയ്തു കൊടുത്തത് ഉമറിന്(റ) ആയിരുന്നു എന്ന്?

അലി(റ) ഒരിക്കലും വിശ്വസിക്കാത്ത, ഹസന്‍(റ), ഹുസൈന്‍(റ) എന്നിവര്‍ വിശ്വസിക്കുകയോ അറിയുകയോ ചെയ്യാത്ത പല വികലവാദങ്ങളും പിന്നീട് അവരുടെമേല്‍ കെട്ടിവച്ച് ഇസ്‌ലാമിന്റെ മുഖം വികൃതമാക്കാന്‍ ശ്രമിച്ചവര്‍ എങ്ങനെ ഇസ്‌ലാമിന്റെ അനുയായികളാകും? നേരത്തെ സൂചിപ്പിച്ച പോലെ ഒരു ജൂതന്റെ ദുര്‍ബുദ്ധിയില്‍നിന്നുല്‍ഭവിച്ച ആശയങ്ങള്‍ പേറുന്നവരാണ് ശിയാക്കള്‍. ശിയായിസത്തിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ഇവരുടെ ഇസ്‌ലാംവിരുദ്ധ ആശയങ്ങളെയും വിശ്വാസങ്ങളെയും കേവലം അഭിപ്രായ വ്യത്യാസങ്ങളായി നാം എങ്ങനെ പരിഗണിക്കും?

തക്വിയ്യത്ത് വിശ്വാസം

തക്വിയ്യത്ത് വിശ്വാസമാണ് അഹ്‌ലുസ്സുന്നയുടെ ആദര്‍ശത്തില്‍നിന്നും വ്യതിചലിച്ചുപോയ ശിയാക്കളുടെ മറ്റൊരു പ്രധാന വികലവിശ്വാസം. ഏറെ പ്രാധാന്യത്തോടെയാണ് അവര്‍ ഇതിനെ കാണുന്നത്. എന്താണ് തക്വിയ്യത്ത്? ഒരാള്‍ തന്റെ മനസ്സിലുള്ളത് മറച്ചുവച്ച് അതിനു വിപരീതമായി സംസാരിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇത് വ്യക്തമായ അസംബന്ധമാണെന്ന് ആര്‍ക്കാണ് ബോധമില്ലാത്തത്? കാപട്യം, കളവ് എന്നൊക്കെയാണല്ലോ ഈ സ്വഭാവത്തിന് നമ്മള്‍ പറയാറുള്ളത്. മതത്തില്‍ തീര്‍ത്തും നിഷിദ്ധവും വലിയ പാപവുമായി കണക്കാക്കപ്പെടുന്ന കാര്യമാണിത്.

ഒരു വ്യക്തി തന്റെ വിശ്വാസം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട് ജീവനു ഭീഷണിയുണ്ടാവുന്ന  സാഹചര്യത്തില്‍ മാത്രമാണ്  ഇസ്‌ലാം ഇത്തരമൊരു അനുവാദം നല്‍കുന്നത്. അതായത് ആ സന്ദര്‍ഭത്തില്‍ വേണമെങ്കില്‍ താല്‍ക്കാലിക രക്ഷക്കുവേണ്ടി ഹൃദയത്തില്‍ ഉള്‍ക്കൊള്ളാതെ കേവല വാക്കു പറയുന്നത് അനുവദനീയമാണ്; അങ്ങനെ പ്രവര്‍ത്തിക്കലാവട്ടെ  നിര്‍ബന്ധവുമില്ല.

''വിശ്വാസിയായിരിക്കെ അവിശ്വാസം സ്വീകരിച്ചവര്‍ക്ക് അല്ലാഹുവില്‍നിന്നുള്ള കോപവും കഠിന ശിക്ഷയും ഉണ്ടാകും. എന്നാല്‍ ദൃഢവിശ്വാസിയായിരിക്കെ നിര്‍ബന്ധിക്കപ്പെട്ട് അവിശ്വാസത്തിന്റെ വാക്കുകള്‍ പറഞ്ഞവര്‍ ഇതില്‍നിന്നും ഒഴിവാണ്'' (ക്വുര്‍ആന്‍ 16:106).

എന്നാല്‍ ഇത്തരം സന്ദര്‍ഭത്തില്‍ പോലും തങ്ങളുടെ വിശ്വാസം മറച്ചുവയ്ക്കാതെ ശത്രുവിന് മുന്നില്‍ തുറന്നുപറഞ്ഞ് രക്തസാക്ഷിത്വംവരിച്ച എത്രയോ സഹാബിമാരുടെ ചരിത്രം നാം വായിച്ചിട്ടില്ലേ? ഖുബൈബ്(റ) മരണം വരിക്കുന്നതും ബിലാല്‍(റ) മക്കയില്‍ പീഡിപ്പിക്കപ്പെട്ടതും അറിയാത്തവരായി ആരാണുള്ളത്?

ശിയാക്കളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വികലവിശ്വാസങ്ങളും വൃത്തികേടുകളും സ്ഥാപിച്ചെടുക്കാനായി അവര്‍ കണ്ടെത്തിയ അടവുനയമാണ് തക്വിയ്യത്ത്. മത, ഭൗതിക കാര്യങ്ങളില്‍ പ്രയാസങ്ങള്‍ വരുത്തിവയ്ക്കുന്ന എന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ശത്രുക്കളുമായി ഏറ്റുമുട്ടലിന് മുതിരാതിരിക്കുക, തങ്ങളുടെ യഥാര്‍ഥ വിശ്വാസം പുറത്ത് പ്രകടിപ്പിക്കാതിരിക്കുക, സത്യം മറച്ചുവച്ച് സംസാരിക്കുക ഇതൊക്കെയാണ് ഇവരുടെ തക്വിയ്യത്തിന്റെ പൊരുള്‍. അതായത് തങ്ങള്‍ ഇച്ഛിക്കുന്നതോ  പ്രയാസമെന്ന് തോന്നുന്നതോ ആയ കാര്യങ്ങളില്‍ ആഗ്രഹപൂര്‍ത്തീകരണത്തിന് വേണ്ടി ഏതുവിധത്തിലും കളവു പറയാനുള്ള ലൈസന്‍സ് നല്‍കുന്നതാണ് ഈ വിശ്വാസം.

അലിയ്യുബ്‌നു അബീത്വാലിബി(റ)നാണ് പ്രവാചകന്‍ തന്റെശേഷം മതത്തിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും  വസ്വിയ്യത്ത് നല്‍കിയതെന്നും അദ്ദേഹത്തിനാണ് ഇമാമത്തും ഇസ്വ്മത്തും ലഭിച്ചത് എന്നുമാണ് ശിയാവിശ്വാസം എന്ന് നാം സൂചിപ്പിച്ചുവല്ലോ. ഇതാണ് വാസ്തവമെങ്കില്‍ എന്തുകൊണ്ടാണ് അലി(റ) അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) തുടങ്ങിയവരുടെ ഖിലാഫത്തിനെ (ഭരണത്തെ) അംഗീകരിച്ചതും അവര്‍ക്കു കീഴില്‍ എല്ലാ കാര്യങ്ങളിലും  പൂര്‍ണമനസ്സോടെ നിലകൊണ്ടതും തന്റെ മകളെ ഉമറി(റ)ന് വിവാഹം ചെയ്തു കൊടുത്തതും എന്ന് ചോദിക്കുമ്പോള്‍ ശിയാക്കള്‍ ഈ കള്ളവാദവുമായി രംഗത്ത് വരും. അതെല്ലാം തക്വിയ്യത്തിന്റെ ഭാഗമായിരുന്നു എന്ന് ന്യായീകരിക്കും.  

എന്തുമാത്രം അപരാധമാണ് സ്വഹാബികളുടെമേല്‍ ഇവര്‍ വച്ചുകെട്ടുന്നതെന്ന് ആലോചിച്ചുനോക്കൂ! അവരെല്ലാം കാഫിറുകള്‍ തന്നെയായിരുന്നു, അതെല്ലാം അലി(റ)ക്ക് അറിയുകയും ചെയ്തിരുന്നു, തക്വിയ്യത്തിന്റെ ഭാഗമായി അദ്ദേഹം മറച്ചുവച്ചതാണ് എന്ന് പറയുന്നതിനെ അംഗീകരിക്കാന്‍ എങ്ങനെ ഒരു സത്യവിശ്വാസിക്കു സാധിക്കും?

ഇതെല്ലാം സ്ഥാപിച്ചെടുക്കാന്‍ ക്വുര്‍ആന്‍ വചനങ്ങളെ ദുര്‍വ്യാഖ്യാനിച്ചവരാണിവര്‍. സൂറത്തുല്‍ ഹുജ്‌റാത്തിലെ പതിമൂന്നാം വചനത്തില്‍ പ്രതിപാദിച്ച 'തീര്‍ച്ചയായും അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും ആദരണീയര്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവരാകുന്നു' എന്നതിലെ 'ആദരണീയര്‍' എന്നതിന് ശിയാക്കളുടെ പൂര്‍വകാല പണ്ഡിതനായ ശൈഖ് അസ്സ്വദൂക്വ് എന്നറിയപ്പെടുന്ന അലി അല്‍ ക്വുമ്മി നല്‍കുന്ന വ്യാഖ്യാനം 'നിങ്ങളില്‍ തക്വിയ്യത്തില്‍ അവഗാഹമുള്ളവരാകുന്നു' എന്നാണ്! (അല്‍ ഇഅതിക്വാദു ഫീ ദീനില്‍ ഇമാമിയ്യ, പേജ് 108).

'നല്ലതും ചീത്തയും സമമാവുകയില്ല' എന്നു തുടങ്ങുന്ന സൂറത്തുല്‍ ഫുസ്സ്വിലത്തിലെ വചനത്തിലെ 'നല്ലത്' എന്നതിന് ശിയാവ്യാഖ്യാനം തക്വിയ്യത്ത് എന്നാണ് (ശറഹു ഉസൂലുല്‍ കാഫി, 9/118).

ഈ തികഞ്ഞ കാപട്യത്തിന് ഇവര്‍ എന്തുമാത്രം സ്ഥാനം നല്‍കുന്നുണ്ടെന്ന് അറിയാന്‍ ഒന്നുരണ്ട് ഉദ്ധരണികള്‍ കാണുക. ശിയാ സൈദ്ധാന്തികന്‍ കുലൈനി തന്റെ അല്‍കാഫിയില്‍ അബൂബസറയില്‍നിന്ന് രേഖപ്പെടുത്തുന്നു: ''അബൂഅബ്ദില്ല പറഞ്ഞു: തക്വിയ്യത്ത് അല്ലാഹുവിന്റെ ദീനില്‍ പെട്ടതാണ്.'' ഞാന്‍ ചോദിച്ചു: ''അല്ലാഹുവിന്റെ ദീനില്‍ പെട്ടതാണോ?'' അദ്ദേഹം പറഞ്ഞു: ''അല്ലാഹുവാണ് സത്യം, അതെ. അത് മതത്തിന്റെ ഭാഗമാണ്'' (അല്‍കാഫി 2/217).

''നിശ്ചയം മതത്തിന്റെ പത്തില്‍ ഒമ്പത് ഭാഗവും തക്വിയ്യത്തില്‍ അധിഷ്ഠിതമാണ്. തക്വിയ്യത്തില്‍ വിശ്വാസം ഇല്ലാത്തവന് ദീന്‍ തന്നെയില്ല'' (അല്‍കാഫി 2/217).

''ഭക്തിയില്ലാത്തവന് മത(ദീന്‍)മില്ല. തക്വിയ്യത്ത് ഇല്ലാത്തവന് ഈമാന്‍ (വിശ്വസം) ഇല്ല. നിങ്ങളുടെ കൂട്ടത്തില്‍ ദൈവസന്നിധിയില്‍ ഉത്തമരായിട്ടുള്ളത് തക്വിയ്യത്തില്‍ അവഗാഹമുഉള്ളവരാണ്'' (ബിഹാറുല്‍ അന്‍വാര്‍).

 ഇത്തരം അപകടകരമായ  വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവരെ എങ്ങനെയാണ് മുസ്‌ലിംകളായി പരിഗണിക്കുക? എങ്ങനെയാണ് ഇതിനെയൊക്കെ  നിസ്സാരമായ പ്രശ്‌നമായി കണക്കാക്കി കണ്ണടച്ച് അവഗണിക്കാന്‍  ഒരു വിശ്വാസിക്കു സാധിക്കുക?

(അവസാനിച്ചില്ല)