അറിവിലൂടെ ഉയരുക

സാദിഖലി. പി, താളിയംകുണ്ട്

2020 ഒക്ടോബര്‍ 31 1442 റബിഉല്‍ അവ്വല്‍ 13

മാനവരാശിക്ക് സ്രഷ്ടാവു നല്‍കിയ വലിയ അനുഗ്രഹമാണ് അറിവ് നേടാനുള്ള കഴിവ്. അതുകൊണ്ട് തന്നെ പ്രവാചകന്‍ ﷺ  സമൂഹത്തെ സമുദ്ധരിക്കാന്‍ ഉപയോഗിച്ചതും അറിവെന്ന ആയുധമാണ്. അറിവ് നേടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് അവിടുന്ന് ഏറെ വാചാലമായതും നമുക്ക് കാണാന്‍ സാധിക്കും.

അല്ലാഹു പറയുന്നു: ''പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്‍മാര്‍ മാത്രമെ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ''(ക്വുര്‍ആന്‍ 39:9).

പരലോക വിജയത്തിന് അറിവ് അനിവാര്യമാണ്. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ പോലും അറിവില്ലായ്മ കൊണ്ട് ഒരുപാട് വീഴ്ചകളോടും സംശയങ്ങളോടും കൂടി നിര്‍വഹിക്കുന്നവരുണ്ട്. പഠിക്കാന്‍ അവസരം കിട്ടിയില്ല എന്ന ന്യായം പലരും പറയാറുണ്ട്. വാസ്തവത്തില്‍ അല്ലാഹുവിന്റെയടുക്കല്‍ ന്യായീകരിക്കാന്‍ തക്ക കാരണങ്ങള്‍ നമുക്കുണ്ടോ? ഭൗതിക സൗകര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ആര്‍ക്കെങ്കിലും സമയക്കുറവുണ്ടോ? മറ്റു കാര്യങ്ങള്‍ കഴിഞ്ഞ് സമയമുണ്ടെങ്കില്‍ മതപരമായ കാര്യങ്ങള്‍പഠിക്കാം എന്ന് കരുതുന്നവര്‍ക്കാണ് പലപ്പോഴും നഷ്ടം സംഭവിക്കുന്നത്. അഞ്ച് കാര്യങ്ങള്‍ വരുന്നതിന് മുമ്പ് അഞ്ച് കാര്യങ്ങളെ നിങ്ങള്‍ ധന്യമാക്കണം (ഹാകിം) എന്ന് നബി ﷺ  പറഞ്ഞതില്‍ ആരോഗ്യവും ഒഴിവു സമയവും എടുത്തു പറഞ്ഞിട്ടുള്ളത് നാം ഓര്‍ക്കണം.

ഒരു വിജ്ഞാനത്തിലും ആര്‍ക്കും പരിപൂര്‍ണത കൈവരിക്കാനാവില്ല. എല്ലാ കാര്യങ്ങളെ കുറിച്ചും പരിപൂര്‍ണ അറിവുള്ളത് അല്ലാഹുവിന് മാത്രമാണ്. 'അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു' (ക്വുര്‍ആന്‍ 2:29).

യുദ്ധം നടക്കുന്നവേളയില്‍ പോലും ഒരു വിഭാഗം മതകാര്യങ്ങള്‍ പഠിക്കാനിരിക്കണമെന്ന് അല്ലാഹു പറയുമ്പോള്‍ അതിന്റെ പ്രാധാന്യം എത്രമാത്രമാണെന്ന് വ്യക്തമാകുന്നു. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികള്‍ ആകമാനം (യുദ്ധത്തിന്ന്) പുറപ്പെടാവതല്ല. എന്നാല്‍ അവരിലെ ഓരോ വിഭാഗത്തില്‍നിന്നും ഓരോ സംഘം പുറപ്പെട്ട് പോയിക്കൂടേ? എങ്കില്‍ (ബാക്കിയുള്ളവര്‍ക്ക് നബിയോടൊപ്പം നിന്ന്) മതകാര്യങ്ങളില്‍ ജ്ഞാനം നേടുവാനും തങ്ങളുടെ ആളുകള്‍ (യുദ്ധരംഗത്ത് നിന്ന്) അവരുടെ അടുത്തേക്ക് തിരിച്ചുവന്നാല്‍ അവര്‍ക്ക് താക്കീത് നല്‍കുവാനും കഴിയുമല്ലോ? അവര്‍ സൂക്ഷ്മത പാലിച്ചേക്കാം''(9:122).

സമൂഹത്തില്‍ മതവിഷയങ്ങളില്‍ ആഴത്തില്‍ അറിവുനേടിയവര്‍ വേണമെന്നും സംശയം ചോദിക്കുന്നവര്‍ക്ക് അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കണമെന്നും ഈ വചനത്തെ വിശദീകരിക്കുന്ന വേളയില്‍ ഇമാം അസ്സഅദി(റഹി) പറയുന്നതായി കാണാം. നിഷിദ്ധമാക്കപ്പെട്ട പല കാര്യങ്ങളെക്കുറിച്ചും പലര്‍ക്കും ബോധമില്ല. അറിയുന്നവരില്‍ തന്നെ അതില്‍ സംശയം പ്രകടിപ്പിച്ച് ഹലാലിന്റെ പട്ടികയില്‍ പെടുത്താന്‍ പാടുപെടുന്നവരുണ്ട്. പലിശയും സംഗീതാസ്വാദനവും ഉദാഹരണം.  

അല്ലാഹു പദവികള്‍ ഉയര്‍ത്തിക്കൊടുക്കുക വിശ്വാസവും അറിവുമുള്ളവര്‍ക്കാണ്: ''നിങ്ങളില്‍നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 58:11).

'കാലം തന്നെയാണ് സത്യം. തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യം കൈക്കൊള്ളാന്‍ അനേ്യാന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അനേ്യാന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ'' (103: 1,2,3 ).

ഇതിലെ 'വിശ്വസിച്ചവര്‍' എന്നതിനെ വിശദീകരിക്കുമ്പോള്‍ അഹലുസ്സുന്നയുടെ പണ്ഡിതന്‍മാര്‍ പറയുന്നത് അറിവുളളവരായിരിക്കെ എന്നാണ്. അറിവിലൂടെയാണ് വിശ്വാസം ദൃഢമാവുന്നത്. പിന്നീട് ആ അറിവുകൊണ്ട് പ്രവര്‍ത്തിക്കുക. അത് പ്രബോധനം ചെയ്യുക. പ്രബോധന മാര്‍ഗത്തിലുണ്ടാകുന്ന പ്രയാസങ്ങളില്‍ ക്ഷമയവലംബിക്കുകയും ചെയ്യുക. ഇതൊക്കെയാണ് ഈ ചെറിയ അധ്യായം പഠിപ്പിക്കുന്നത്.