പ്രവാചകസ്‌നേഹം അനാചാരങ്ങളിലൂടെ പ്രകടിപ്പിക്കുകയോ?

നൂറുദ്ദീന്‍ സ്വലാഹി

2020 ഒക്ടോബര്‍ 31 1442 റബിഉല്‍ അവ്വല്‍ 13

ഹിജ്‌റ വര്‍ഷം പതിനൊന്ന്, റബീഉല്‍അവ്വല്‍ മാസത്തിലെ ഒരു തിങ്കളാഴ്ച ദിവസം മുഹമ്മദ് നബി ﷺ ക്ക് രോഗം മൂര്‍ച്ഛിച്ചു. അസഹ്യമായ വേദന അവിടുത്തെ അലട്ടിക്കൊണ്ടിരിക്കുന്നു. രംഗം കണ്ടു സഹിക്കാനാവാതെ പ്രിയപുത്രി ഫാത്വിമ(റ) പറഞ്ഞു: 'എന്റെ ഉപ്പാക്ക് എന്തൊരു വേദനയാണ്.' ആശ്വാസ വാചകമെന്നോണം പ്രവാചകന്‍ ﷺ  മന്ത്രിച്ചു: 'ഇന്നേക്കു ശേഷം നിന്റെ ഉപ്പാക്ക്  വേദനകളൊന്നുമില്ല.'

 അതെ, അല്ലാഹുവിന്റെ പ്രവാചകന്‍ ﷺ  അന്ത്യയാത്രക്ക് ഒരുങ്ങിയിരിക്കുന്നു. പ്രവാചകന് പല്ലുതേക്കാന്‍ താല്‍പര്യമുണ്ടെന്ന് തിരിച്ചറിഞ്ഞ മഹതി ആഇശ(റ) വേഗത്തില്‍ അത് നിര്‍വഹിച്ചു കൊടുത്തു. 'ലാഇലാഹ ഇല്ലല്ലാഹ്, മരണത്തിന് എന്തൊരു വേദനയാണ്' പ്രവാചകന്‍ ഇങ്ങനെ ഉരുവിട്ടുകൊണ്ടിരുന്നു. ശേഷം ഇങ്ങനെ പ്രാര്‍ഥിച്ചു: 'നാഥാ, എനിക്കു നീ പൊറുത്തുതരികയും നിന്റെ അനുഗ്രഹങ്ങള്‍ എന്നില്‍ കടാക്ഷിക്കുകയും നിന്റെ അനുഗ്രഹങ്ങള്‍ ലഭിച്ച ഉന്നതരായ ആളുകളുടെ കൂടെ എന്നെ ചേര്‍ക്കുകയും ചെയ്യേണമേ.' പ്രവാചക ശബ്ദം നിലച്ചു. ശരീരം നിശ്ചലമായി. ആഇശ(റ)യുടെ മടിയില്‍ കിടന്ന് അന്തിമദൂതന്‍ ﷺ  ലോകത്തോട് വിടപറഞ്ഞു.

ആ ദുഃഖസത്യം താങ്ങാനാവാതെ മദീന വിങ്ങിപ്പൊട്ടി. അതിശീഘ്രം കാതുകളില്‍നിന്ന് കാതുകളിലേക്ക് വാര്‍ത്ത പരന്നു.

ഇബ്‌നു റജബ്(റഹി) പറയുന്നു: 'പ്രവാചകന്റെ വിയോഗവാര്‍ത്ത കേട്ടപ്പോള്‍  സ്വഹാബിമാരെല്ലാം പരിഭ്രാന്തരായി. ചിലര്‍ക്ക് ഇരിക്കുന്നിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാതെയായി. ചിലര്‍ക്ക് സംസാരിക്കാന്‍ കഴിയാത്ത വിധം നാവ് നിശ്ചലമായി. ചിലര്‍ അവിടുത്തെ മരണത്തെ തന്നെ നിഷേധിച്ചു.'

ഈ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പ്രകോപിതനായി നില്‍ക്കുന്ന ഉമര്‍(റ)വിന്റെ സന്നിധിയില്‍വച്ച് അബൂബക്കര്‍(റ) ഈ ക്വുര്‍ആന്‍ സൂക്തം പാരായണം ചെയ്തു:

''മുഹമ്മദ് അല്ലാഹുവിന്റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്നപക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്'' (ക്വുര്‍ആന്‍ 3:144).

ശേഷം അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു: 'ആരെങ്കിലും മുഹമ്മദ് നബി ﷺ യെയാണ് ആരാധിച്ചിരുന്നത് എങ്കില്‍ അദ്ദേഹം മരണപ്പെട്ടിട്ടുണ്ട്. ആരെങ്കിലും അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നത് എങ്കില്‍ അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്' (ബുഖാരി).

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: 'അബൂബക്കര്‍(റ) ഈ ആയത്ത് പാരായണം ചെയ്തപ്പോള്‍  ഇതിനു മുമ്പ് ഇങ്ങനെ ഒരു സൂക്തത്തെക്കുറിച്ച് അറിയാത്തവരെ പോലെയായിരുന്നു എല്ലാവരും.'

ഉമര്‍(റ) പറയുന്നു:  'അല്ലാഹുവാണ് സത്യം!  ഈ സൂക്തം ഇതിനുമുമ്പ് തീരെ പാരായണം ചെയ്യാത്ത പോലെ എനിക്ക് അനുഭവപ്പെട്ടു.'

അത്രമാത്രം പ്രവാചക വിയോഗം അവരുടെ മനസ്സുകളെ തളര്‍ത്തിയിട്ടുണ്ട്. മദീനയിലേക്ക് വരുന്ന ദുഐബ് അല്‍ ഹുദലി(റ) അവിടുത്തെ രംഗം വിശദീകരിക്കുന്നത് നോക്കൂ: 'ഞാന്‍ മദീനയില്‍ വരുമ്പോള്‍ ഹാജിമാരുടെ തല്‍ബിയത്ത് ശബ്ദം പോലെയുള്ള സ്വഹാബിമാരുടെ തേങ്ങലിന്റെ ശബ്ദം ഞാന്‍ കേട്ടു. കാര്യം ആരാഞ്ഞപ്പോള്‍ പ്രവാചകന്‍ യാത്രയായി എന്ന് അവര്‍ എന്നോട് പറഞ്ഞു.'

 പ്രവാചക സ്‌നേഹത്താല്‍ കീഴ്‌പെടുത്തപ്പെട്ട ഒരു സമൂഹത്തിന് പ്രവാചകനില്ലാത്ത മദീനയെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയുന്നില്ല. അവരുടെ മുഖം വാടിയിരിക്കുന്നു. ശബ്ദങ്ങള്‍ക്ക് ഇടര്‍ച്ച വന്നിരിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് പലരും.

അബ്ദുല്ലാഹിബ്‌നു സൈദ്(റ) തന്റെ തോട്ടത്തില്‍ പണിയെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഈ വാര്‍ത്ത കേള്‍ക്കുന്നത്. അദ്ദേഹം ഉടനെ ഇപ്രകാരം പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, എന്റെ പ്രവാചകനു ശേഷം എനിക്കിനി ഒരാളെയും കാണേണ്ടതില്ല. എന്റെ കാഴ്ചയെ തിരിച്ചെടുക്കണേ.'

അദ്ദേഹത്തിന്റെ പ്രാര്‍ഥനക്ക് ഉത്തരം ലഭിച്ചു എന്നും ശിഷ്ടകാലം അന്ധനായിട്ടായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത് എന്നും ചരിത്രം.

ചരിത്രം വായിച്ച് ആശ്ചര്യപ്പെടുന്നതിനപ്പുറം പ്രവാചക സ്‌നേഹം എത്രമാത്രം അവരുടെ ഹൃദയത്തെ സ്വാധീനിച്ചിരുന്നു എന്ന പാഠം ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കണം

ഉസ്മാന്‍(റ) പറയുകയാണ്: 'ആളുകള്‍ അബൂബക്കര്‍(റ)വിന് ബൈഅത്ത് (അനുസരണപ്രതിജ്ഞ)ചെയ്തുകൊണ്ടിരിക്കെ മദീനയിലെ ഒരു തൂണില്‍ ഞാന്‍ ചാരിയിരിക്കുകയായിരുന്നു. എന്നോട് സലാം പറഞ്ഞുകൊണ്ട് ഉമര്‍(റ) അതിലൂടെ കടന്നുപോയി. പക്ഷേ, പ്രവാചക വിയോഗത്താലുണ്ടായ ദുഃഖത്താലുള്ള ആ ഇരിപ്പില്‍ എനിക്കത് കേള്‍ക്കാന്‍ കഴിഞ്ഞില്ല.'

പ്രവാചന്റെ നിഴലുപോലെ കൂടെ നടന്ന അനസ്(റ) പിന്നീട് തന്റെ ഓര്‍മകളെ  പങ്കുവയ്ക്കുന്നു: 'അന്ന് പ്രവാചകന്‍ മദീനയണഞ്ഞ ദിവസം ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു. അന്നത്തെക്കാള്‍ ഉത്തമവും പ്രകാശപൂരിതവുമായ ഒരു ദിവസം ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. പ്രവാചകന്റെ വിയോഗ ദിവസവും  ഞാന്‍ സാക്ഷിയായിരുന്നു. അന്നത്തെക്കാളും ഇരുട്ടുനിറഞ്ഞതായ ഒരു ദിവസവും ഞങ്ങള്‍ക്ക്  വേറെ അനുഭവപ്പെട്ടിട്ടില്ല.'

ഉറ്റവരുടെ വിയോഗത്തില്‍ സങ്കടപ്പെടാത്തവരായി നമ്മില്‍ ആരുമുണ്ടാകില്ല. എന്നാല്‍ കാലപ്പഴക്കം നമ്മുടെ വേദനകളുടെ ഭാരം കുറയ്ക്കും. പക്ഷേ, തങ്ങളുടെ പ്രിയങ്കരനായ പ്രവാചകന്റ വിയോഗം താങ്ങാനാവാത്ത സങ്കടമായി അവരുടെ മനസ്സിനെ അലട്ടിക്കൊണ്ടേയിരുന്നു

പ്രവാചകന്‍ ﷺ  ഇല്ലാത്ത മദീനയില്‍ താമസിക്കാന്‍പോലും  കൂട്ടാക്കാതെ ബിലാല്‍(റ) മദീന വിട്ട് ശാമിലേക്ക് യാത്രപോയി. പില്‍ക്കാലത്ത് ഉമര്‍(റ) തന്റെ ഭരണകാലത്ത് ശാം സന്ദര്‍ശനവേളയില്‍ ബിലാലി(റ)നെ കാണുകയുണ്ടായി. മധുരമനോഹരമായ ശബ്ദത്താല്‍ മദീനയെ പുളകംകൊള്ളിച്ച ബിലാലിന്റെ ബാങ്കോലി ഓര്‍മ വന്നപ്പോള്‍ ബാങ്കുവിളിക്കാന്‍ അദ്ദേഹത്തോട് ഉമര്‍(റ) ആവശ്യപ്പെട്ടു. ആ ബാങ്കില്‍ ബിലാല്‍(റ)വും ഉമര്‍(റ)വും കൂടിനിന്ന എല്ലാവരും കരഞ്ഞുപോയി എന്ന് സൈദ് ബിന്‍അസ്‌ലം(റ) വിവരിക്കുന്നത് കാണാം (താരീഖുല്‍ കബീര്‍, താരീഖുദിമശ്ഖ്).

പ്രവാചകനെ സ്വശരീരത്തെക്കാളും സമ്പത്തിനെക്കാളും മറ്റെല്ലാത്തിനെക്കാളും സ്‌നേഹിച്ച അനുചരന്മാര്‍ തിരുചര്യകള്‍ അനുധാവനം ചെയ്ത് അതിന്റെ പ്രചാരകരായി ലോകത്തിന്റെ വ്യത്യസ്ത ദിക്കുകളിലേക്ക് യാത്രപോയി. അറേബ്യന്‍ ഉപദ്വീപിനപ്പുറം ഭൂഖണ്ഡങ്ങളില്‍ ഇസ്‌ലാമിന്റെ പ്രകാശം പരന്നു. പില്‍ക്കാലത്ത് കടന്നുവന്ന മഹാപണ്ഡിതന്മാര്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ പ്രവാചക ജീവിതത്തെ ക്രോഡീകരിച്ചു. അങ്ങനെ കലര്‍പ്പില്ലാതെ തിരുചര്യകളെ ക്രോഡീകരിച്ച ഹദീഥ് ഗ്രന്ഥങ്ങള്‍ പിറവികൊണ്ടു.

കാലം കടന്നുപോയപ്പോള്‍  പ്രവാചകസ്‌നേഹത്തിന്റെ രൂപവും ഭാവവും മാറി. പ്രവാചക ജന്മദിനം എന്നു പറയപ്പെടുന്ന ദിവസം ആഘോഷങ്ങളുടെയും ആരവങ്ങളുടെയും ഇടമായി മാറി. റബീഉല്‍ അവ്വല്‍ പന്ത്രണ്ട് പ്രവാചകന്റെ ജന്മദിനമാണെന്നത് ചരിത്രകാരന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമില്ലാത്ത കാര്യമാണ്. എന്നാല്‍ അവിടുത്തെ വിയോഗം അന്നായിരുന്നു എന്നത് ഭൂരിപക്ഷത്തിന്റെയും അഭിപ്രായവുമാണ്. എന്നിട്ടും എങ്ങനെയാണ് ഈ ദിവസത്തെ ആഘോഷമാക്കാന്‍ സാധിക്കുക. ആരാണിതിനു മാതൃക കാണിച്ചത്? യഥാര്‍ഥത്തില്‍ പ്രവാചകന്റെ വേര്‍പാടിലല്ലേ ഇവര്‍ ആഹ്ലാദപ്രകടനങ്ങള്‍  നടത്തിക്കൊണ്ടിരിക്കുന്നത്?

പ്രവാചകന്റെ പേരിലുള്ള സ്‌നേഹ പ്രകടനത്തിന്റെയും സന്തോഷത്തിന്റെയും രൂപഭാവങ്ങള്‍ ഇങ്ങനെയായിരുന്നുവെങ്കില്‍ അതെല്ലാം  കാണിച്ചു തരേണ്ടത് ജീവന്‍ പോലും ബലിനല്‍കി പ്രവാചകനെ സംരക്ഷിച്ച അനുചരന്മാര്‍ ആയിരുന്നില്ലേ?

 ഹുദൈബിയാ സന്ധി കഴിഞ്ഞ് ഉര്‍വതുബ്‌നു മസ്ഊദ്(റ) തന്റെ സഖീഫ് ഗോത്രക്കാരോട് പറയുന്നത് നോക്കൂ: 'അല്ലാഹുവാണ് സത്യം, ഞാന്‍ ഒരുപാട് രാജാക്കന്മാരെ സന്ദര്‍ശിച്ചിട്ടുണ്ട്. ഖിസ്‌റ, കൈസര്‍, നജജാശിമാരുടെ അധികാരപീഠങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മുഹമ്മദിന്റെ അനുയായികള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നത്ര  ഒരു രാജാവിന്റെയും പ്രജകള്‍ അവരെ ആദരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.'

ഇത്രമേല്‍ പ്രവാചകനെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്ത, വിശ്വാസത്താല്‍ അലങ്കൃതമായ ഹൃദയത്തിന്റെ ഉടമകളെന്ന് ക്വുര്‍ആന്‍ വിശേഷിപ്പിച്ച ഉത്തമരായ സ്വഹാബിമാരായിരുന്നില്ലേ ഇന്ന് നടമാടിക്കൊണ്ടിരിക്കുന്ന ആഘോഷങ്ങള്‍ പുണ്യമാണെങ്കില്‍ അത് ആദ്യം നിര്‍വഹിക്കേണ്ടിയിരുന്നത്? അവര്‍ അത് നിര്‍വഹിച്ചിട്ടില്ലെങ്കില്‍ അത് ഇസ്‌ലാമികമല്ലാത്ത ഒരാചാരമാണ് എന്നല്ലേ വ്യക്തമാകുന്നത്?

അതുകൊണ്ട്  ആദ്യനൂറ്റാണ്ടിലെ സച്ചരിതരുടെ മാര്‍ഗം പിന്തുടര്‍ന്ന് നമുക്ക് മുന്നേറാം. അതിലാണ് വിശ്വാസിയുടെ വിജയവും രക്ഷയും. 'ഈ സമുദായത്തിലെ ആദ്യതലമുറ എന്തൊന്നുകൊണ്ടാണോ നന്നായത് അതുകൊണ്ടുമാത്രമാണ്  അവസാനനാളിലുള്ളവരും നന്നാവുക' എന്ന ഇമാം മാലികി(റഹി)ന്റെ വാക്കുകള്‍ എക്കാലഘട്ടത്തിലുമുള്ള വിശ്വാസികള്‍ ഓര്‍ക്കേണ്ടതുണ്ട്.

ക്വുര്‍ആനും പ്രവാചകചര്യയും സച്ചരിതരായ മുന്‍ഗാമികളുടെ ജീവിതപാതയും നമുക്ക് നെഞ്ചോടു ചേര്‍ക്കാം. ഹുദൈഫ(റ) പറയുന്നു: 'പ്രവാചകന്റെ സ്വഹാബത്ത് നിര്‍വഹിക്കാത്ത ഒരു ആരാധനാകര്‍മവും നിങ്ങള്‍ ചെയ്യരുത്. കാരണം ആദ്യതലമുറ അവസാനക്കാര്‍ക്കു വേണ്ടി ഒന്നും ഉപേക്ഷിച്ചുപോയിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ മുന്‍ഗാമികളുടെ മാര്‍ഗം മുറുകെ പിടിക്കുക.'