വളരുന്ന വര്‍ഗീയതയും രാഷ്ട്രീയകക്ഷികളുടെ നിലപാടുകളും

സുഫ്‌യാന്‍ അബ്ദുസ്സലാം

2020 ഡിസംബര്‍ 26 1442 ജുമാദല്‍ അവ്വല്‍ 11
മതേതര കക്ഷികളില്‍ പെട്ടവര്‍ പോലും കേവലം രാഷ്ട്രീയ ലാഭത്തിനു വേണ്ടി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. വര്‍ഗീയതയാകുന്ന വൈറസിനെ പുറത്തുവിട്ടാലുണ്ടാകുന്ന തിക്തഫലമെന്തെന്ന് അറിയാത്തവരല്ല ഇവരാരും. താല്‍ക്കാലിക ലാഭത്തിനായി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തിന്റെ സമാധാനമാണ് തകര്‍ക്കുന്നത്.

വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയമായ ചേരിതിരിവുകള്‍ രൂപപ്പെടുമ്പോഴാണ് ഒരു സമൂഹത്തില്‍ അന്തഛിദ്രതകളും കാലുഷ്യങ്ങളും വര്‍ധിക്കുന്നത്. ഒരു രാജ്യത്ത് വര്‍ഗീയത തഴച്ചുവളരുകയാണെങ്കില്‍ അത് പൂര്‍ണമായും തകര്‍ന്നടിയുമെന്ന കാര്യത്തില്‍ സംശയമില്ല. മനുഷ്യര്‍ വിവിധ വര്‍ഗങ്ങളാണ് എന്നത് ഒരു യാഥാര്‍ഥ്യമാണ്. വര്‍ണം, ഭാഷ, ദേശം തുടങ്ങിയ ജന്മനാ മനുഷ്യരില്‍ ഉണ്ടായിത്തീരുന്ന വര്‍ഗങ്ങള്‍ മാത്രമല്ല, തൊഴില്‍, ധനസ്ഥിതി, ഭൂസ്വത്ത് തുടങ്ങി മനുഷ്യര്‍ അധ്വാനത്തിലൂടെയും അല്ലാതെയും നേടിയെടുക്കുന്ന പദവികളുടെ അടിസ്ഥാനത്തിലും വര്‍ഗങ്ങള്‍ രൂപംകൊണ്ടിട്ടുണ്ട്. എന്നാല്‍ വിശ്വാസപരമായ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടായിത്തീരുന്ന വര്‍ഗങ്ങള്‍ക്കിടയില്‍ വളരുന്ന അസ്വാസ്ഥ്യങ്ങളെയാണ് ലോകം ഏറെ ഭയപ്പെടുന്നത്. വിവിധ മതവിഭാഗങ്ങളുടെ പേരിലും മതവിഭാഗങ്ങളിലെ വിവിധ ജാതികള്‍, കക്ഷികള്‍ എന്നിവയുടെ പേരിലും നടന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ ചേരിതിരിവുകളാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം.

വര്‍ഗങ്ങളും വര്‍ഗീയതയും

വിവിധ വര്‍ഗങ്ങള്‍ എന്ന യാഥാര്‍ഥ്യത്തെ നിരാകരിക്കുകയും സാമ്പത്തിക ഉച്ചനീചത്വത്തിന്റെ അടിസ്ഥാനത്തിലുള്ള വര്‍ഗങ്ങളെ മാത്രം അംഗീകരിക്കുകയും ചെയ്യുക എന്നതാണ് ഇടതു ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ പൊതുവില്‍ അംഗീകരിച്ചിട്ടുള്ള തത്ത്വം. തൊഴിലാളി മുതലാളി സംഘട്ടനങ്ങളെ വിശുദ്ധമായി കാണുകയും ഇതര വര്‍ഗങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങളെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിലേക്ക് അവരെ നയിച്ചത് ഈ തത്ത്വമാണ്. അതേസമയം ഒരേയൊരു വര്‍ഗത്തിന് മാത്രം നിലനില്‍ക്കാന്‍ അനുമതി നല്‍കുകയും മറ്റെല്ലാ വര്‍ഗങ്ങളുടെയും നിലനില്‍പിനെ അംഗീകരിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് തീവ്രവലതുപക്ഷ പ്രത്യയശാസ്ത്രങ്ങള്‍ സ്വീകരിച്ചിട്ടുള്ള നിലപാട്. ഇത്തരത്തിലുള്ള നിലപാടുകളാണ് ലോകത്തിന്റെ ആധിപത്യം കൊതിച്ചിരുന്ന സ്വേച്ഛാധിപതികള്‍ മുഴുവനും സ്വീകരിച്ചിരുന്നത്. വര്‍ഗീയതയും കക്ഷിത്വവുമായിരുന്നു അവരുടെ പ്രധാന ആയുധങ്ങള്‍. ക്വുര്‍ആന്‍ പറയുന്നു: ''തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. ഒരു വിഭാഗത്തെ ദുര്‍ബലരാക്കിക്കൊണ്ട് സമൂഹത്തെ അവന്‍ വ്യത്യസ്ത കക്ഷികളാക്കി'' (28:4).

മതവും ജാതിയും അടക്കമുള്ള വിവിധ വര്‍ഗങ്ങളെ സമൂഹത്തില്‍ നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളാണ് എന്ന് അംഗീകരിക്കുന്നത് വര്‍ഗീയതയല്ല. അതേസമയം ഒരു ജനാധിപത്യസമൂഹത്തില്‍ ഒരു മതത്തിനോ ജാതിക്കോ വര്‍ഗത്തിനോ മറ്റൊരു മതത്തിനും ജാതിക്കും വര്‍ഗത്തിനും മുകളില്‍ മേല്‍ക്കോയ്മായോ അധികാരമോ ഉണ്ടെന്ന് ശഠിക്കുന്നതാണ് വര്‍ഗീയത. ഒരു വര്‍ഗം അതിന്റെ അവകാശങ്ങള്‍ക്കു വേണ്ടി രാഷ്ട്രീയമായി സംഘടിക്കുന്നതോ ജനാധിപത്യ മാര്‍ഗത്തില്‍ സമരം ചെയ്യുന്നതോ വര്‍ഗീയതയല്ല. എന്നാല്‍ ഇതര വര്‍ഗങ്ങള്‍ക്കെതിരെ അവയുടെ അവകാശങ്ങള്‍ ധ്വംസിക്കുന്നതിനു വേണ്ടിയോ അവരെ കായികമായോ മറ്റോ അക്രമിക്കാന്‍ വേണ്ടിയോ ആണെങ്കില്‍ അത് വര്‍ഗീയതയാണ്.

മനുഷ്യരെ മനുഷ്യരായി കാണുകയും അവര്‍ക്കിടയിലുള്ള വിശ്വാസപരമോ ആചാരപരമോ ആയ വ്യത്യാസങ്ങളുടെ പേരില്‍ അസഹിഷ്ണുത കാണിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് വര്‍ഗീയതയെ ഉന്മൂലനം ചെയ്യാനുള്ള മാര്‍ഗം. വിയോജിപ്പിന്റെ മേഖലയില്‍ മാത്രം വിയോജിക്കുകയും യോജിപ്പിന്റെ മേഖലയില്‍ പരമാവധി യോജിക്കുകയും ചെയ്യുക വര്‍ഗീയതക്കെതിരെയുള്ള പരിഹാരമാര്‍ഗമാണ്. പൊതുയിടങ്ങളില്‍ മനുഷ്യര്‍ സമ്മേളിക്കുകയും അവരുടെ ഭൗതികവും മാനുഷികവുമായ പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കുകയും പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യുന്നത് വര്‍ഗീയതയെ ഇല്ലായ്മ ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പൊതുയിടങ്ങളിലെ ഇടപെടലുകള്‍ സാധ്യമാകുന്നത് പ്രധാനമായും രാഷ്ട്രീയകക്ഷികളിലൂടെയാണ്. എന്നാല്‍ രാഷ്ട്രീയകക്ഷികളിലും വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന കക്ഷികളുണ്ട്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി വര്‍ഗീയതയുടെ ലോകത്തെ തന്നെ ഏറ്റവും വലിയ മാതൃകയായ ആര്‍എസ്എസിന്റെ അജണ്ടകളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഭൂരിപക്ഷ വര്‍ഗീയതയെ ഉയര്‍ത്തിപ്പിടിച്ചാണ് ബിജെപി ഇന്ത്യയുടെ നഗരങ്ങളെയും ഗ്രാമങ്ങളെയും കീഴ്‌പെടുത്തിയിട്ടുള്ളത്. ന്യൂനപക്ഷങ്ങളിലും വര്‍ഗീയത അജണ്ടയാക്കി പ്രവര്‍ത്തിക്കുന്ന ചില നാമമാത്ര സംഘടനകളുണ്ട് എന്ന കാര്യവും വിസ്മരിക്കുന്നില്ല.  

ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ കക്ഷികള്‍ വര്‍ഗീയതയെ ആയുധമാക്കി പ്രവര്‍ത്തിച്ച് മുന്നേറുമ്പോള്‍ മതനിരപേക്ഷതയെയും ജനാധിപത്യത്തെയും ആയുധമാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയകക്ഷികളുടെ ഉത്തരവാദിത്തം വര്‍ധിക്കുകയാണ്. വര്‍ഗീയതയെ തളര്‍ത്തുവാനുള്ള പദ്ധതികളും തന്ത്രങ്ങളും ആവിഷ്‌കരിച്ചെങ്കില്‍ മാത്രമെ രാജ്യം രക്ഷപ്പെടൂ. വിവിധ മതസമുദായങ്ങള്‍ പരസ്പരം സംശയിക്കുന്ന തരത്തിലേക്ക് വര്‍ഗീയ ചിന്തകള്‍ എറിഞ്ഞുകൊടുക്കുന്ന പ്രവണതകള്‍ മതനിരപേക്ഷ രാഷ്ട്രീയ കക്ഷികള്‍ ഉപേക്ഷിക്കണം. കേവലമായ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി മതവിഭാഗങ്ങള്‍ക്കിടയില്‍ ധ്രുവീകരണം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും പോസ്റ്റുകളും ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കളില്‍നിന്നുമുണ്ടാകുന്നത് ഒട്ടും പ്രോത്സാഹിപ്പിക്കാന്‍ പാടുള്ളതല്ല. കേരളത്തില്‍ ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയകക്ഷികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ചില വിവാദങ്ങള്‍ പരിശോധിച്ചാല്‍ വര്‍ഗീയതയെ താലോലിച്ച് അതില്‍നിന്നും മുതലെടുപ്പ് നടത്തുന്നതിന് വേണ്ടിയുള്ളവയാണ് അതെന്ന് മനസ്സിലാക്കാന്‍ ഒട്ടും പ്രയാസമില്ല.

വിരോധവും പ്രീണനവും

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് അറബിക് സര്‍വകലാശാലയെ കുറിച്ച് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ ഇത്തരത്തിലുള്ളതായിരുന്നു. അറബിക് ഒരു ഭാഷ മാത്രമാണ്. ഭാഷക്ക് മതമോ ജാതിയോ ഒന്നുമില്ല. കേരളത്തില്‍ വിവിധ മതസ്ഥരില്‍ പെട്ട എത്രയോ ആളുകള്‍ സ്‌കൂള്‍ തലത്തിലും കോളേജ് തലത്തിലും അറബി പഠനം നടത്തുന്നുണ്ട്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി 2006ല്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ നിയോഗിച്ച പാലോളി മുഹമ്മദ്കുട്ടി കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ സുപ്രധാന ശിപാര്‍ശയായിരുന്നു അറബിക് സര്‍വകലാശാല. ഈ നിര്‍ദേശം മുന്‍നിര്‍ത്തിയാണ് 2011ല്‍ അധികാരമേറ്റ യു.ഡി.എഫ് സര്‍ക്കാറിന്റെ വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്ത് അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്. സംസ്ഥാനത്തെ അറബിക് കോളേജുകളെ കുറിച്ച് പഠിച്ച ഡോ. പി.അന്‍വര്‍ ചെയര്‍മാനായ ഒമ്പതംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം സര്‍വകലാശാല സ്ഥാപിക്കണമെന്നായിരുന്നു. റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ച് സര്‍ക്കാറിന്റെ പരിഗണനക്കായി സമര്‍പ്പിച്ചു. എന്നാല്‍ ധനവകുപ്പ് ഉടക്കി. സാമ്പത്തിക പരാധീനതകളായിരുന്നു ധനവകുപ്പിന്റെ എതിര്‍വാദം. എന്നാല്‍ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി പറഞ്ഞത് വര്‍ഗീയതയായിരുന്നു. 'കലാപകലുഷിതമായ അന്തരീക്ഷത്തില്‍ വര്‍ഗീയത ആളിക്കത്തിക്കാനേ സര്‍വകലാശാല ഉപകരിക്കൂ' എന്നായിരുന്നു ജിജി തോംസണ്‍ ഉന്നയിച്ച വാദം. മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജാതിമത വ്യത്യാസങ്ങള്‍ക്ക് അതീതമായി ഉപയോഗിക്കുന്ന ഒരു ഭാഷക്കെതിരെ ഇത്രയും കടുത്തഭാഷയില്‍ വര്‍ഗീയത ആരോപിച്ചതിന്റെ പിന്നിലുള്ള രാഷ്ട്രീയം മറ്റൊന്നാണ്; ഭൂരിപക്ഷ പ്രീണനം. മുന്നണികള്‍ മാറിമാറി ഭരിക്കുമ്പോഴെല്ലാം ഇങ്ങനെയുള്ള വര്‍ഗീയ വിരോധങ്ങളും പ്രീണനങ്ങളും അരങ്ങേറുന്നു എന്നത് വരാനിരിക്കുന്ന വന്‍വിപത്തിലേക്കുള്ള സൂചനയാണ്.

'അഞ്ചാം മന്ത്രി' വിവാദത്തിന്റെ പരിണിതിയും അതുതന്നെയായിരുന്നു. മുസ്ലിം ലീഗിന് അഞ്ചാമതൊരു മന്ത്രിയുണ്ടാകുന്നതിനെ വിമര്‍ശിക്കാന്‍ ഇതര രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവകാശമുണ്ട്. പക്ഷേ, അന്നുണ്ടായ വിവാദങ്ങള്‍ ലീഗിനെ ചുറ്റിപ്പറ്റിയായിരുന്നില്ല, മറിച്ച് മുസ്ലിം സമുദായത്തെ ആവരണം ചെയ്തുകൊണ്ടായിരുന്നു എന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ നിരുത്തരവാദപരമായ നിലപാടാണ് ബോധ്യപ്പെടുത്തുന്നത്. 'സാമുദായിക സമവാക്യം' തെറ്റിച്ചു എന്നായിരുന്നു അഞ്ചാം മന്ത്രി പ്രശ്‌നത്തില്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉന്നയിച്ചത്. അതിന്റെ പേരില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാരവാഹിത്വങ്ങളില്‍ അഴിച്ചുപണി നടത്തിയെന്നത് എത്രമാത്രം ലജ്ജാകരമാണ്! ഇപ്പോള്‍ നിലവിലുള്ള മന്ത്രിസഭയില്‍ രണ്ടു മുസ്ലിം മന്ത്രിമാര്‍ മാത്രമാണുള്ളത് എന്ന കാര്യം വിലയിരുത്തുമ്പോള്‍ 'സാമുദായിക സമവാക്യം' പറഞ്ഞിരുന്നവരുടെ നാവ് എവിടെപ്പോയി? സാമുദായിക സന്തുലനവാദികളുടെ പ്രശ്‌നം മറ്റൊന്നായിരുന്നു എന്നല്ലേ ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്? 1977ലെ 18 അംഗ ആന്റണി മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം ഏഴു ക്രിസ്ത്യന്‍ മന്ത്രിമാരും (38.8 ശതമാനം) മൂന്ന് മുസ്ലിം മന്ത്രിമാരുമാണ് (16.6 ശതമാനം) ഉണ്ടായിരുന്നത് എന്നതടക്കമുള്ള ചരിത്രം ഇതോടൊപ്പം ഓര്‍ക്കേണ്ടതുണ്ട്. ഒരുകാലത്തും മന്ത്രിമാരുടെയോ എംഎല്‍എമാരുടെയോ കാര്യങ്ങളില്‍ മതവും ജാതിയും ചര്‍ച്ചയാവാറുണ്ടായിരുന്നില്ല. രാഷ്ട്രീയത്തില്‍ പാര്‍ട്ടികള്‍ തമ്മിലും മുന്നണികള്‍ തമ്മിലും ഉണ്ടാകുന്ന ആരോപണ, പ്രത്യാരോപണങ്ങള്‍ രാഷ്ട്രീയ സ്വഭാവത്തോടുകൂടിയുള്ളതായിരിക്കണം. അതൊരിക്കലും വര്‍ഗീയതയിലേക്ക് വഴുതിമാറരുത്. ഇത്തരം വിവാദങ്ങള്‍ വഴുതിമാറുന്നതുകൊണ്ട് സംഭവിക്കുന്നതല്ല, മറിച്ച് വര്‍ഗീയത ആളിക്കത്തിച്ച് രാഷ്ട്രീയനേട്ടം കൈവരിക്കുക എന്ന ദുഷ്ടലാക്ക് മാത്രമാണ് ഇതിനുപിന്നില്‍.

ജാതിചിന്തകള്‍ക്കതീതമായി കേരളത്തില്‍ നവോത്ഥാനചിന്തകള്‍ക്ക് തിരികൊളുത്തിയ ശ്രീനാരായണഗുരുവിന്റെ പേരില്‍ സ്ഥാപിതമായ സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറായി മുസ്‌ലിം സമുദായത്തില്‍ പെട്ട ഒരാളുടെ പേര് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ അതിനെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളുടെ അപചയം എത്രമാത്രമാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്. വിവാദങ്ങള്‍ ഉയര്‍ത്തുന്നവര്‍ കേരളത്തിന്റെ മതേതരമുഖത്തെ വികൃതമാക്കുകയും വര്‍ഗീയതയ്ക്ക് വേണ്ടി രാഷ്ട്രീയത്തെ ദുരുപയോഗം ചെയ്യുകയുമാണ് ചെയ്യുന്നത് എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. ചില്ലറ ലാഭങ്ങള്‍ക്ക് വേണ്ടിയുള്ള ഇത്തരം പ്രതികരണങ്ങള്‍മൂലം കേരളത്തില്‍ സംജാതമാകുന്ന സാമുദായിക ധ്രുവീകരണം ഒടുവില്‍ തങ്ങളെത്തന്നെ തിരിഞ്ഞുകൊത്തുമെന്ന് മനസ്സിലാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും സമുദായ സംഘടനാനേതാക്കളും തയ്യാറാവേണ്ടതുണ്ട്. മുന്നാക്ക സവര്‍ണ വിഭാഗങ്ങളെ പ്രീതിപ്പെടുത്തുക എന്ന വര്‍ഗീയമായ കാഴ്ചപ്പാട് മാത്രമാണ് സാമ്പത്തിക സംവരണത്തിലേക്ക് രാഷ്ട്രീയകക്ഷികളെ എക്കാലവും നയിച്ചിട്ടുള്ളത്. വസ്തുതാപരമായി പരിശോധിക്കുമ്പോള്‍ സാമ്പത്തിക സംവരണം ഭരണഘടനാനുസൃതമായോ യുക്തിപരമായോ ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ, പ്രീണനം തന്നെയാണ് പ്രശ്‌നം. 1987ലെ കെ. കരുണാകരന്‍ സര്‍ക്കാരും ഇപ്പോള്‍ ഭരണം നടത്തുന്ന പിണറായി സര്‍ക്കാരും ഇക്കാര്യത്തില്‍ ഒരേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇങ്ങനെ വര്‍ഗീയതയെ താലോലിക്കുന്ന നിലപാടുകള്‍ വ്യത്യസ്ത ഘട്ടങ്ങളില്‍ മുന്നണികളും സര്‍ക്കാരുകളും സ്വീകരിക്കുന്നതുകൊണ്ടാണ് ഭൂരിപക്ഷ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയമായ അന്തരം സൃഷ്ടിക്കപ്പെടുന്നത്.

അപക്വമായ പ്രതികരണങ്ങള്‍

ഭൂരിപക്ഷ വര്‍ഗീയത രാജ്യം മുഴുവന്‍ കത്തിയാളുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്‌നങ്ങളിലുള്ള പ്രതികരണങ്ങള്‍ വളരെ സൂക്ഷിച്ചുവേണം. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയെന്ന് പറയപ്പെടുന്ന ചില പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഫലത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ ഏകീകരണത്തിന് കാരണമാകുന്നു എന്ന വസ്തുത മനസ്സിലാക്കാതെ സ്ഥാനത്തും അസ്ഥാനത്തും പ്രതികരണങ്ങളുമായി എഴുന്നള്ളുന്നവരും വര്‍ഗീയതയുടെ ഉയര്‍ച്ചക്ക് അറിഞ്ഞോ അറിയാതെയോ കാരണമാവുകയാണ്.

'ബീഫ്' ജാതിമത വ്യത്യാസങ്ങള്‍ക്ക് അതീതമായി രാജ്യത്തെ മനുഷ്യര്‍ കഴിക്കുന്ന ഭക്ഷ്യയിനമാണ്. പക്ഷേ, അതിന്റെ പേരിലുള്ള ഫെസ്റ്റുകളും സമരങ്ങളും പ്രതികരണങ്ങളും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ വേണ്ടി നടത്തുമ്പോള്‍ മറുഭാഗത്ത് അതിന്റെ പേരില്‍ തന്നെ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളരുവാനുള്ള സാഹചര്യം സൃഷ്ടിച്ചുവെന്നത് മറന്നുപോകരുത്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ സമരങ്ങള്‍ക്ക് വിഷയദാരിദ്ര്യം അനുഭവിക്കുമ്പോള്‍ എടുത്തുപയറ്റാവുന്ന കാര്യങ്ങളല്ല ന്യൂനപക്ഷങ്ങളുടെ പേരിലുള്ള സമരങ്ങള്‍. ന്യൂനപക്ഷങ്ങളെ ആവേശത്തിന്റെ കൊടുമുടികളില്‍ എത്തിക്കുകയും അവരുടെ പ്രശ്‌നങ്ങളില്‍ പ്രായോഗിക നടപടികളൊന്നും സ്വീകരിക്കാതിരിക്കുകയും ചെയ്യുകയെന്ന ശൈലി ഉത്തരവാദപ്പെട്ട രാഷ്ട്രീയകക്ഷികള്‍ സ്വീകരിച്ചുവരുന്നത് ഖേദകരമാണ്. അറബിക് സര്‍വകലാശാലയുടെ പേരുപറഞ്ഞ് അറബി ഭാഷയെ സ്‌നേഹിക്കുന്നവരെ പ്രലോഭിപ്പിച്ചവര്‍ ഇപ്പോഴും അതിനെ പ്രയോഗവത്കരിക്കാന്‍ ശ്രമിക്കുന്നില്ല എന്ന് കാണുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ കേവലം ചട്ടുകങ്ങള്‍ മാത്രമായി മാറുകയാണെന്ന് മനസ്സിലാകും.

'ജയ്ശ്രീറാം' ബാനറിലെ രാഷ്ട്രീയം

പാലക്കാട് നഗരസഭ കാര്യാലയത്തിനുമുകളില്‍ 'ജയ്ശ്രീറാം' ബാനറുയര്‍ത്തിയ ബിജെപി, ശ്രീരാമനോടുള്ള സ്‌നേഹം കൊണ്ടല്ല അത് ചെയ്തത് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ശ്രീരാമനെ ഭക്ത്യാദരപൂര്‍വം കാണുന്ന ഹൈന്ദവസമൂഹത്തിന്റെ പിന്തുണയൊന്നും ഇത്തരം കാപട്യങ്ങള്‍ക്കില്ലെന്ന വസ്തുതയും മതേതരകേരളം മനസ്സിലാക്കിയിട്ടുണ്ട്. ശ്രീരാമനെ പരസ്യമായി ഇങ്ങനെ അവഹേളിക്കുന്നതിനോട് ഹൈന്ദവസമൂഹം അനുകൂലമായി പ്രതികരിക്കുമെന്ന് ആരും കരുതുന്നില്ല. ശ്രീരാമനോടുള്ള സ്‌നേഹമല്ലെങ്കില്‍ പിന്നെയെന്തിനാണവര്‍ നഗരസഭാകാര്യാലയത്തിനു മുകളില്‍ ബാനര്‍ ഉയര്‍ത്തിയത്? ന്യൂനപക്ഷ വിഭാഗങ്ങളെ പ്രകോപിപ്പിക്കുവാനും അവരെ വൈകാരിക പ്രതികരണങ്ങള്‍ക്ക് പ്രേരിപ്പിക്കുവാനും വേണ്ടി മാത്രമാണ് ഇത്തരം കോപ്രായങ്ങള്‍ സംഘടിപ്പിക്കുന്നതിന് പിന്നിലുള്ള ലക്ഷ്യം. ഇതുകണ്ട് ഏതെങ്കിലും വിവരദോഷികള്‍ 'അല്ലാഹു അക്ബര്‍,' 'ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ' തുടങ്ങിയ ബാനറുകള്‍ സ്ഥാപിച്ചാല്‍ അതുവഴി ഒരു വര്‍ഗീയ കലാപത്തിന് തിരികൊളുത്താമെന്നുമെല്ലാം അവര്‍ മനക്കോട്ട കെട്ടി. എന്നാല്‍ ഇത്തരം കോപ്രായങ്ങള്‍ക്ക് നിമിഷങ്ങളുടെ ആയുസ്സ് മാത്രമേയുള്ളൂവെന്ന് കേരളത്തിലെ ഭൂരിപക്ഷം വരുന്ന മതേതര വിശ്വാസികള്‍ മനസ്സിലാക്കിക്കൊടുത്തു.

ഐക്യത്തിന്റെ ലക്ഷ്യം അനൈക്യമാകരുത്

'ഐക്യം' എന്ന പദം വര്‍ഗീയതയുടെ പ്രചാരണത്തിന് കാരണമാകുന്നുണ്ടോ എന്ന പരിശോധനയും ആവശ്യമാണ്. ഹിന്ദു ഐക്യം, മുസ്ലിം ഐക്യം, ക്രിസ്ത്യന്‍ ഐക്യം എന്നിങ്ങനെയുള്ള 'ഐക്യങ്ങള്‍' ഉയര്‍ത്തുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഓരോ സമൂഹവും അതാത് സമൂഹങ്ങളുടെ പുരോഗതിക്ക് വേണ്ടിയും അവര്‍ക്കിടയില്‍ ഉണ്ടായിരിക്കേണ്ട ബന്ധങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് വേണ്ടിയും അവര്‍ക്കിടയില്‍ ഐക്യമുണ്ടാക്കുന്നത് വളരെ നല്ല കാര്യമാണ്. ഈയര്‍ഥത്തില്‍ ഹിന്ദു ഐക്യം, മുസ്ലിം ഐക്യം, ക്രിസ്ത്യന്‍ ഐക്യം തുടങ്ങിയ പ്രയോഗങ്ങള്‍ ആരോഗ്യകരമാണ്. എന്നാല്‍ ഓരോ മതവിഭാഗവും ഐക്യമുണ്ടാക്കുന്നത് ഇതര മതവിഭാഗങ്ങളോട് അസഹിഷ്ണുത കാണിക്കുന്നതിനു വേണ്ടിയോ അവര്‍ക്കെതിരെ വന്മതിലുകള്‍ സൃഷ്ടിക്കുന്നതിനു വേണ്ടിയോ ആണെങ്കില്‍ തീര്‍ച്ചയായും അത്തരം ഐക്യങ്ങള്‍ പ്രതിലോമകരമാണ്. ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ പേരില്‍ ഉണ്ടായിത്തീരുന്ന വര്‍ഗീയതയെ മറ്റേതെങ്കിലും മതവിഭാഗത്തിന്റെ മാത്രം പ്രശ്‌നമാമയിട്ടല്ല; രാജ്യത്തിന്റെ മൊത്തം പ്രശ്‌നമായി കാണാന്‍ സാധിക്കണം.

കേരളത്തിന്റെ സവിശേഷത

വര്‍ഗീയതയ്ക്ക് ഒരുകാലത്തും വേണ്ടത്ര വേരോട്ടം ലഭിക്കാത്ത നാടാണ് കേരളം. ജാതീയമായ അടിച്ചമര്‍ത്തലുകള്‍ കാരണം ഒരുകാലത്ത് കേരളത്തെ 'ഭ്രാന്താലയം' എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചിരുന്നെങ്കിലും മതത്തിന്റെ പേരിലുള്ള വര്‍ഗീയാസ്വാസ്ഥ്യങ്ങള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം അത്യപൂര്‍വമാണ്. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍, പ്രബുദ്ധമായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, ഉന്നതരായ മത, സാമുദായിക, രാഷ്ട്രീയ വ്യക്തിത്വങ്ങള്‍, സാംസ്‌കാരിക നായകന്മാര്‍ തുടങ്ങിയ ഘടകങ്ങളാണ് കേരളത്തെ 'ഭ്രാന്താലയം' എന്ന പേരുദോഷത്തില്‍നിന്നും സംരക്ഷിച്ച് മതസൗഹാര്‍ദത്തിന്റെ കേദാരമെന്ന ഖ്യാതിയിലേക്ക് വളര്‍ത്തിക്കൊണ്ടുവന്നത്. ഈ പ്രബുദ്ധത കാത്തുസൂക്ഷിക്കുന്നതില്‍ കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. മതേതരകുപ്പായമണിഞ്ഞ ചില രാഷ്ട്രീയ കക്ഷികള്‍ കേരളത്തിലെ മുഖ്യധാരാ മുസ്‌ലിം സംഘടനകള്‍ക്കുമേല്‍ വര്‍ഗീയത ആരോപിച്ചുകൊണ്ട് നടത്തുന്ന പ്രസ്താവനകള്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ആക്കംകൂട്ടാനും ന്യൂനപക്ഷങ്ങളില്‍ ഭീതിവളര്‍ത്താനും മാത്രമെ ഉപകരിക്കുകയുള്ളൂ. തീക്കൊള്ളികൊണ്ട് തല ചൊറിയുന്ന അവര്‍ ഇരിക്കുന്ന കൊമ്പാണ് മുറിക്കുന്നത് എന്ന കാര്യം ഓര്‍ത്തുകൊള്ളട്ടെ.

ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക ഘടനകളെക്കുറിച്ചും വിവിധ സമൂഹങ്ങളെക്കുറിച്ചും പഠനം നടത്തിയ രാഷ്ട്രീയ ചിന്തകനാണ് അശുതോഷ് വാര്‍ഷ്‌നി. അദ്ദേഹം രചിച്ച 'വംശീയ സംഘര്‍ഷങ്ങളും നാഗരിക ജീവിതവും: ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലിംകളും' (Ethnic Conflict and Civic Life: Hindus and Muslims in India) എന്ന പുസ്തകത്തില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ വര്‍ഗീയ സംഘര്‍ഷ സാധ്യതകളെക്കുറിച്ച് ചില താരതമ്യ പഠനങ്ങള്‍ സമര്‍പ്പിക്കുന്നുണ്ട്. മൂന്ന് സെറ്റ് നഗരങ്ങളെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്. അഹമ്മദാബാദ്-സൂറത്ത്, ഹൈദരാബാദ്-ലക്നൗ, അലിഗഢ്-കോഴിക്കോട് എന്നീ നഗരങ്ങളെയാണ് അദ്ദേഹം താരതമ്യം ചെയ്തത്. എന്തുകൊണ്ടാണ് അലിഗഢില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ കൂടുന്നതെന്നും കോഴിക്കോട്ട് എന്തുകൊണ്ടാണ് അത് നടക്കാത്തതെന്നുമുള്ള അന്വേഷണമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.

പൗരന്മാര്‍ തമ്മിലുള്ള ബന്ധങ്ങളുടെ ആഴവും പരപ്പും കൂടുമ്പോള്‍ മാത്രമാണ് ഒരു നഗരത്തില്‍ വര്‍ഗീയ സാധ്യത കുറയുകയെന്നതാണ് വാര്‍ഷ്‌നിയുടെ പ്രധാനപ്പെട്ട കണ്ടെത്തല്‍. ചരിത്രപരമായിത്തന്നെ കോഴിക്കോട്ട് നിലനില്‍ക്കുന്ന പൗരബന്ധങ്ങള്‍ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വലിയ അടുപ്പം സൃഷ്ടിച്ചിരിക്കുന്നു എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. മതം വ്യത്യസ്തമാണെങ്കിലും രാഷ്ട്രീയം, കച്ചവടം തുടങ്ങിയ പൊതുയിടങ്ങളില്‍ അവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. തൊഴിലാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഐക്യവും കോഴിക്കോടിന്റെ സവിശേഷതയാണ്. കോഴിക്കോട്ടെ വിവിധ മതവിഭാഗങ്ങളിലെ പൗരന്മാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭ്രാതൃനിര്‍വിശേഷമായ ബന്ധം ഉറച്ചതാണെന്നും അത് നേടിയെടുത്തതില്‍ മതസമൂഹങ്ങള്‍ക്കും മതേതര പ്രസ്ഥാനങ്ങള്‍ക്കുമുള്ള പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറയുന്നു. മത-മതേതര സമൂഹങ്ങള്‍ നിര്‍വഹിച്ച പരസ്പരമുള്ള ആദാന പ്രദാനങ്ങളും ആശയ വിനിമയങ്ങളുമാണ് അവര്‍ക്കിടയില്‍ ഒരു സമൂഹമാണെന്ന ബോധം വളര്‍ത്തിയത്. അലിഗഢ് അടക്കമുള്ള പല ഉത്തരേന്ത്യന്‍ നഗരങ്ങളിലുമുള്ള മുസ്ലിം പൗരജീവിതം സമുദായത്തിന്റെ അകത്തുനിന്നു മാത്രം രൂപപ്പെട്ടതാണെന്നുള്ള അശുതോഷ് വാര്‍ഷ്‌നിയുടെ നിരീക്ഷണം പ്രസക്തമാകുന്നത് ഇവിടെയാണ്. സമുദായത്തിലെ അംഗങ്ങള്‍ സമുദായത്തിന്റെ അകത്തേക്ക് ഉള്‍വലിയുകയും പൊതുയിടങ്ങളില്‍നിന്നും അപ്രത്യക്ഷമാകുകയും ചെയ്യുമ്പോള്‍ വര്‍ഗീയത വളരുവാനുള്ള സാഹചര്യം വര്‍ധിക്കുകയാണ് ചെയ്യുന്നത്.

പൗരത്വ നിയമം രാജ്യത്തിന്റെ പ്രശ്‌നമാണ്

പൗരത്വ വിഷയങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ സമരമാര്‍ഗങ്ങളിലേക്ക് ചാടിപ്പുറപ്പെട്ടിട്ടുള്ളവരില്‍ പലരും ഉയര്‍ത്തിപ്പിടിക്കുന്ന 'ഐക്യസന്ദേശങ്ങള്‍' വര്‍ഗീയ ധ്രുവീകരണങ്ങള്‍ക്ക് കാരണമാകുന്നുണ്ടെങ്കില്‍ അത് തിരുത്തപ്പെടേണ്ടതുണ്ട്. വര്‍ഗീയതയെ നേരിടേണ്ടത് സമുദായത്തിന്റെ ഉള്ളിലേക്ക് ഉള്‍വലിഞ്ഞുകൊണ്ടല്ല. ഭൂരിപക്ഷം വരുന്ന മതേതര സമൂഹത്തെ മുന്നില്‍ നിര്‍ത്തിയാണ്. പൗരത്വ പ്രശ്‌നം ഒരു സമുദായത്തിന്റെത് മാത്രമല്ല, മറിച്ച് അത് രാജ്യത്തിന്റെ പ്രശ്‌നമാണെന്ന് ബോധ്യപ്പെടുത്താന്‍ സാധിച്ചത് പൊതുസമൂഹത്തില്‍ മതനിരപേക്ഷതയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചതുകൊണ്ടും മതേതര കക്ഷികളെ ചേര്‍ത്തുപിടിച്ചതുകൊണ്ടുമാണ്. പക്ഷേ, ഇത്തരം സന്ദര്‍ഭങ്ങളിലും ന്യൂനപക്ഷങ്ങളുടെ വികാരങ്ങള്‍ ഇളക്കിമറിച്ച് ഒരേസമയം ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതയെ ആളിക്കത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കക്ഷികളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാന്‍ സാധിക്കുകയും ചെയ്യേണ്ടതുണ്ട്. ഏതാനും നിമിഷനേരങ്ങളിലേക്ക് മാത്രം 'ശരി' എന്നു തോന്നിപ്പിക്കുന്ന പല പ്രതികരണങ്ങളും പ്രതിഷേധങ്ങളും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാകണം. വികാരപ്രകടനങ്ങള്‍ ഒരിക്കലും പ്രശ്‌നത്തിന് പരിഹാരമാവില്ല. എന്തൊക്കെയോ ചെയ്തുവെന്ന തോന്നലുകള്‍ ഉണ്ടാക്കി മനസ്സിനെ തൃപ്തിപ്പെടുത്താന്‍ ഒരു പക്ഷേ, അതുവഴി സാധിച്ചെന്നുവരാം. എന്നാല്‍ അതിന്റെ മറുപുറം വീക്ഷിക്കുമ്പോള്‍ മാത്രമാണ് അത്തരം പ്രതികരണങ്ങള്‍ ഒരു ജനാധിപത്യ സമൂഹത്തില്‍ എന്തുമാത്രം വിള്ളലുകളാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും സ്വന്തം മുഖങ്ങള്‍ എത്രമാത്രം വികലമാക്കപ്പെട്ടിട്ടുണ്ടെന്നും മനസ്സിലാവുകയുള്ളൂ.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ന്നുചിന്തിക്കുക

ഇന്ത്യയുടെ സാമൂഹിക സാഹചര്യങ്ങളില്‍ മതേതരത്വത്തെ ഒരു ജീവിതവീക്ഷണമായി കാണുവാന്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആത്മാര്‍ഥമായും തയ്യാറാവേണ്ടതുണ്ട്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ കടന്നുവരുന്ന തെരഞ്ഞെടുപ്പുകളെ മാത്രം ലക്ഷ്യമിട്ടു നടത്തുന്ന 'ഇലക്ടറല്‍ സെക്കുലറിസം' ആവരുത് രാഷ്ട്രീയകക്ഷികളുടെ മതേതര വീക്ഷണം. തെരഞ്ഞെടുപ്പുകളില്‍ ജയവും എണ്ണവുമാണ് പ്രധാനം എന്നതിനെ അവഗണിക്കുന്നില്ല. അതിനുവേണ്ടി രൂപപ്പെടുത്തുന്ന അടവുനയങ്ങള്‍ മിക്കപ്പോഴും ജയിച്ചുകയറാനുള്ള ഒരു പാലം മാത്രമാണ്. എന്നാല്‍ അത് അടിസ്ഥാനതത്ത്വങ്ങളെ ബലി നല്‍കിക്കൊണ്ടായിരിക്കരുത്. മറിച്ച് വര്‍ഗീയതയെ ഇല്ലായ്മ ചെയ്യാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനും അതിനുവേണ്ടി പരസ്പരം കൈകോര്‍ക്കുവാനും ഭിന്നതകള്‍ മറന്നുകൊണ്ട്, 'കോംപ്ലക്‌സുകള്‍' മാറ്റിവച്ച് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരികയാണ് വേണ്ടത്. മതസമുദായ നേതാക്കളും പ്രബോധക സംഘങ്ങളും വര്‍ഗീയതക്കെതിരെ ബോധവല്‍ക്കരണം നടത്തുകയും ഇതര മതവിഭാഗങ്ങളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുവാനുള്ള വേദികള്‍ സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്.