ഫാഷിസം: ചരിത്രം ആവര്‍ത്തിക്കുന്നുവോ?

ഡോ.സബീല്‍ പട്ടാമ്പി

2020 ഫെബ്രുവരി 08 1441 ജുമാദല്‍ ആഖിറ 09
സ്വേച്ഛാധിപത്യത്തിന്റെയും കിരാത ഭരണത്തിന്റെയും പര്യായപദമെന്ന് വിശേഷിപ്പിക്കാവുന്ന വംശീയ ഉന്മൂലന അജണ്ടയാണ് ഇറ്റലിയില്‍ രൂപം കൊണ്ട ഫാഷിസം. മുസോളിനിയിലൂടെ തുടക്കം കുറിച്ച ഈ ദുഷ്ചിന്തക്ക് പിന്നീട് പല തുടര്‍ച്ചകളുമുണ്ടായി. അതിന്റെ വര്‍ത്തമാനകാല മുഖമാണ് ഇന്ത്യയില്‍ നടന്നു വരുന്ന സംഘ്പരിവാര്‍ ഭരണമെന്ന് പുതിയ സംഭവവികാസങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

'ചരിത്രം ആവര്‍ത്തിക്കപ്പെടും. പക്ഷേ, വലിയൊരു വിനാശം സംഭവിച്ചതിനു ശേഷം മാത്രമെ നമുക്ക് ആ ആവര്‍ത്തനത്തിന്റെ സാമ്യത തിരിച്ചറിയുകയുള്ളൂ'- അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ സിഡ്‌നി ജെ ഹാറിസ്.

മനുഷ്യരാശിയുടെയും രാജ്യങ്ങളുടെയും ചരിത്രം പഠിക്കുമ്പോള്‍ നാം കാണുന്ന ഒരു പ്രതിഭാസമാണ് പലപ്പോഴും പല ചരിത്രങ്ങളും പല സ്ഥലങ്ങളിലായി പല കാലങ്ങളില്‍ ആവര്‍ത്തിക്കുന്നു എന്നത്. ചില ആവര്‍ത്തനങ്ങള്‍ ആകസ്മികമാണെങ്കില്‍ വേറെ ചില ആവര്‍ത്തനങ്ങള്‍  'കരുതിക്കൂട്ടിയുള്ളത്' തന്നെയാണ്.  

ചരിത്രത്തില്‍ നിന്നുള്ള 'നല്ലപാഠങ്ങള്‍' പകര്‍ത്തുന്നതിലോ ആവര്‍ത്തിക്കുന്നതിലോ തെറ്റില്ല. എന്നാല്‍ ലോകം ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത ചരിത്രത്തിലെ കറുത്ത അധ്യായങ്ങള്‍  പകര്‍ത്തിയെടുത്ത് അത് ബോധപൂര്‍വം വീണ്ടും നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനെ തിരിച്ചറിഞ്ഞ് ചെറുത്ത് തോല്‍പിക്കേണ്ടതുണ്ട്.

പറഞ്ഞുവരുന്നത് ഫാഷിസത്തെയും നാസിസത്തെയും കുറിച്ച് തന്നെ. ഇന്ന് ഇന്ത്യയില്‍ നടന്ന് കണ്ടുകൊണ്ടിരിക്കുന്ന 'ഇന്ത്യന്‍ ഫാഷിസ രാഷ്ട്രീയ നാടകങ്ങള്‍' കാണുമ്പോള്‍ നമുക്ക് തോന്നുക അത് ഇറ്റലിയില്‍ നടന്ന ഫാഷിസത്തിന്റെയും ജര്‍മനിയില്‍ നടന്ന നാസിസത്തിന്റെയും കരുതിക്കൂട്ടിയുള്ള ആവര്‍ത്തനമാണോ ഇതൊക്കെ എന്നാണ്. ഒരുവേള ഇന്നത്തെ 'ഇന്ത്യന്‍ ഫാഷിസം' ഇറ്റാലിയന്‍ ഫാഷിസത്തിന്റെ 'ആവര്‍ത്തനം തന്നെയാണ്' എന്ന് വായനക്കാര്‍ക്ക് തോന്നിയാലും അത്ഭുതപ്പെടാനില്ല, കാരണം അത്രയും അമ്പരപ്പിക്കുന്ന വിധമാണ് ഫാഷിസത്തോടും നാസിസത്തോടും ഇന്ത്യന്‍ ഫാഷിസ്റ്റ് നാടകങ്ങള്‍ക്കുള്ള സാമ്യത.

ഫാഷിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണവും അധികാരാരോഹണവും

ഇന്ന് നാം ഉപയോഗിക്കുന്ന 'ഫാഷിസം' എന്ന വാക്ക് നാം ബന്ധിപ്പിക്കാറുള്ളത് ഇറ്റലിയിലെ ക്രൂരനായ ഏകാധിപധിയായിരുന്ന ബെനിറ്റോ മുസോളിനി സ്ഥാപിച്ച 'നാഷണല്‍ ഫാഷിസ്റ്റ് പാര്‍ട്ടി' എന്ന സംഘടനയിലേക്കാണ്. 1921ലാണ് മുസോളിനി ഈ സംഘടനക്ക് രൂപംകൊടുത്തത്. സംഘടനയുടെ പ്രഖ്യാപിത ആദര്‍ശം തന്നെ 'ഇറ്റാലിയന്‍ ദേശീയതയില്‍' ഊന്നിയതായിരുന്നു. 1924ല്‍ നടന്ന ഇലക്ഷനില്‍ ഫാഷിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരുകയും മുസോളിനി പ്രധാനമന്ത്രിയാവുകയും ചെയ്തു.  തുടര്‍ന്നങ്ങോട്ടുള്ള ദിനങ്ങള്‍ ഇറ്റാലിയന്‍ ജനതയുടെ കറുത്ത ദിനങ്ങളായിരുന്നു. ഫാഷിസ്റ്റ് പാര്‍ട്ടി അതിന്റെ യഥാര്‍ഥ മുഖം കാണിച്ചുതുടങ്ങി. ജനാധിപത്യരാഷ്ട്രമായ ഇറ്റലിയെ ഒരു ഏകാധിപത്യ രാഷ്ട്രമാക്കി മാറ്റുക എന്നതായിരുന്നു മുസോളിനിയുടെ ഒന്നാമത്തെ അജണ്ട. അതിന്റെ ഒന്നാം ഘട്ടമെന്നോണം ഫാഷിസ്റ്റ് പാര്‍ട്ടിയല്ലാത്ത മറ്റെല്ലാ പാര്‍ട്ടികളെയും മുസോളിനി ഇറ്റലിയില്‍ നിരോധിച്ചു. ഇനി രാജ്യത്ത് ഒരു പാര്‍ട്ടി മാത്രം!! എതിര്‍പാര്‍ട്ടിയില്ല, എതിര്‍ശബ്ദങ്ങളില്ല. തുടര്‍ന്നങ്ങോട്ട് മുസോളിനിയുടെ മരണം വരെ ഇറ്റലി ഭരിച്ചത് മുസോളിനി മാത്രം.

ഏകാധിപത്യത്തിന്റെ ഒന്നാമത്തെ നീക്കം ഏതുവിധേനയും അധികാരം പിടിക്കലാണ്. (അത് തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചോ അല്ലെങ്കില്‍ ഉള്ള ഭരണം തന്നെ അട്ടിമറിച്ചോ ആകാം). അങ്ങനെ അധികാരത്തില്‍ വന്നാല്‍ പിന്നെ എതിര്‍ശബ്ദങ്ങള്‍ക്ക് സ്ഥാനമില്ല.

ഫാഷിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും പ്രചാരണവും

'അമിത ദേശീയതാ വാദം' (Nationalism) ആണ് ഫാഷിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത സിദ്ധാന്തം എന്ന് നാം സൂചിപ്പിച്ചല്ലോ. അതായത് പുരാതന റോമന്‍ ചരിത്രത്തില്‍ (ആര്‍ഷ റോമന്‍ പൈതൃകം) ഊന്നിയായിരുന്നു ഈ വാദം. റോമന്‍ പൈതൃകം സംരക്ഷിക്കപ്പെടണം. അതിനു തടസ്സമാകുന്നതൊക്കെ ഈ രാജ്യത്ത് ഒതുക്കി നിര്‍ത്തപ്പെടുകയോ പുറംതള്ളപ്പെടുകയോ വേണം. ഇതാണ്, ഈ ചിന്തയുടെ കാതല്‍. ഈ സമയത്ത് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയ ഒരു ശബ്ദമായിരുന്നു 'പിതൃരാഷ്്രടം' (Father Nation) എന്നത്. പ്രസംഗങ്ങളിലും ലേഖനങ്ങളിലും 'പിതൃരാഷ്ടം' എന്ന വാക്കും ആശയവും ധാരാളം ഉദ്ധരിക്കപ്പെട്ടു. പാര്‍ട്ടിയുടെ ചിന്താരീതിയെ എതിര്‍ക്കുന്നവരെ ഇല്ലാതാക്കി. ഭരണം ഏറ്റെടുത്തതോടു കൂടി 'ഇറ്റാലിയന്‍ ദേശവല്‍ക്കരണം' എന്ന ലക്ഷ്യത്തിലേക്ക് എത്താനുള്ള ശ്രമങ്ങളാണു പിന്നീട് ഫാഷിസ്റ്റ് പാര്‍ട്ടി നടത്തിയത്.

നഗരങ്ങള്‍, സ്ട്രീറ്റുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ പേരുകള്‍ ഇറ്റാലിയന്‍വല്‍ക്കരിച്ചു. ഇറ്റാലിയന്‍ സംസ്‌കാരവും ഭാഷയും മാത്രമെ ആളുകള്‍ സ്വീകരിക്കാവൂ എന്ന് നിയമം വന്നു. വിദേശ സംസ്‌കാരങ്ങള്‍, മതങ്ങള്‍, വേഷഭൂഷാധികള്‍ തുടങ്ങിയവ വിലക്കപ്പെട്ടു.

വിദ്യാഭ്യാസത്തിന്റെ ഫാഷിസ്റ്റ് വല്‍ക്കരണം

സ്‌കൂള്‍ പാഠ്യപദ്ധതികളില്‍ സാരമായ മാറ്റംവരുത്തി. ഇറ്റാലിയന്‍ ഭാഷയും സംസ്‌കാരവും  സിലബസ്സില്‍ നിറച്ചു. ഇതിനോട് സഹകരിക്കാത്ത അധ്യാപകരെ തല്‍സ്ഥാനത്തുനിന്ന് നീക്കി. സ്‌കൂള്‍ സമയത്തിന്റെ 20 ശതമാനം സമയം കുട്ടികളെ എങ്ങനെ നല്ല ഫാഷിസ്റ്റ് ആക്കാം എന്നു പഠിപ്പിക്കുന്നതിനു വേണ്ടി ഉപയോഗിച്ചു! യൂണിവേഴ്‌സിറ്റികളില്‍ ഫാഷിസ്റ്റ് വിദ്യാര്‍ഥികളുടെ പ്രത്യേക വിംഗ് തന്നെ ഉണ്ടായിരുന്നു. യുവാക്കളായ ഫാഷിസ്റ്റുകള്‍ക്ക് പ്രത്യേകം കായികാഭ്യാസങ്ങളും ആയുധപരിശീലനവും നല്‍കിയിരുന്നു.

പത്രമാധ്യങ്ങളുടെ ജോലി മുസ്സോളിനിയെ പുകഴ്ത്തല്‍:

മുസോളിനി അധികാരത്തില്‍ വന്നതോടെ അതുവരെയുണ്ടായിരുന്ന മാധ്യമ സ്വാതന്ത്ര്യം ഇല്ലാതായി. ഇനി മുതല്‍ മുസോളിനിയെ പുകഴ്ത്തല്‍ മാത്രമായിരിക്കും പത്രങ്ങളുടെ പണി. മുസോളിനി പറയുന്ന വാര്‍ത്തകള്‍ മാത്രമെ പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്താവൂ, അതും പാര്‍ട്ടി ഓഫിസില്‍നിന്നുള്ള പരിശോധനക്ക് ശേഷം മാത്രം! ഇതായിരുന്നു നിയമം. മുസോളിനിയും പാര്‍ട്ടിയും ചെയ്യുന്ന കാടത്തം പത്രങ്ങള്‍ മൂടിവെച്ചു. മുസോളിനിയെയും പാര്‍ട്ടിയെയും വിശുദ്ധരായി അവതരിപ്പിച്ചു.

ഇത്തരം കാര്യങ്ങളുടെ പ്രചാരണങ്ങള്‍ക്ക് വേണ്ടി മാത്രം 1937ല്‍ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് ഫാഷിസ്റ്റ് ഗവണ്മെന്റിനു കീഴില്‍ രൂപീകരിച്ചു. ഫാഷിസത്തിനു വേണ്ടി എഴുതുന്ന പത്രങ്ങള്‍ക്ക് സബ്‌സിഡി നല്‍കി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഫാഷിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കാനും ബോധവല്‍ക്കരിക്കാനും തുടങ്ങി. ഇതിനു മാത്രം പ്രത്യേകം സംഘങ്ങള്‍ ഉണ്ടായിരുന്നു. 'കറുത്ത വസ്ത്രധാരികള്‍' (Black shirts) എന്നായിരുന്നു ഈ സംഘം അറിയപ്പെട്ടിരുന്നത്. മതിലുകളിലും ചുവരുകളിലും ഫാഷിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ തിങ്ങിനിറഞ്ഞു.

 1930കള്‍ റേഡിയോ പ്രചരിക്കുന്ന കാലമായിരുന്നു. മുസോളിനിയുടെ പ്രസംഗം റേഡിയോയിലൂടെ ഒഴുകിവന്നിരുന്നു. ഈ പ്രസംഗങ്ങള്‍ പൊതുസ്ഥലങ്ങളില്‍ സംപ്രേക്ഷണം ചെയ്യപ്പെട്ടു.

വ്യക്തിപ്രഭാവം പ്രചരിപ്പിക്കല്‍

മാധ്യമങ്ങള്‍ മുസോളിനിയെ ഒരു ഹീറോ ആയും ഇറ്റലിയുടെ രക്ഷകനായും പ്രചരിപിപ്പിച്ചു. പത്രങ്ങളില്‍ എന്താണ് മുസോളിനിയെ കുറിച്ച് എഴുതേണ്ടതെന്ന് നിര്‍ദേശം നല്‍കപ്പെട്ടു. മുസോളിനി കുതിരപ്പന്തയത്തില്‍ ഓടുന്നതും സിംഹത്തിന്റെ കൂടെ നില്‍ക്കുന്നതും കാറോട്ട മല്‍സരം നടത്തുന്നതും നീന്തുന്നതുമായ ഫോട്ടോകള്‍ പത്രത്തില്‍ നിറഞ്ഞുനിന്നു. മുസോളിനി സ്വയം തിരഞ്ഞെടുത്ത ഫോട്ടോകള്‍ മാത്രമാണ് പത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നത്. ഫ്രാന്‍സിസ് പുണ്യാളനുമായും യേശുക്രിസ്തുവുമായും മുസോൡനിയെ താരതമ്യപ്പെടുത്തുന്ന ലേഖനങ്ങള്‍ പത്രങ്ങളില്‍ വന്നിരുന്നു. മുസോൡനിയുടെ ജന്മസ്ഥലം പുണ്യസ്ഥലവും തീര്‍ഥാടനകേന്ദ്രവുമായി മാറ്റപ്പെട്ടു. മുസോളിനിക്ക് അമാനുഷികമായ പല കഴിവുകളുമുണ്ടെന്നും അദ്ദേഹം എറ്റ്‌ന പര്‍വതത്തിലെ (Mount Etna) ലാവ ഒഴുക്ക് തടഞ്ഞുവെന്നും ലിബിയ സന്ദര്‍ശിച്ചപ്പോള്‍ അവിടെ മഴപെയ്യിച്ചു എന്നും പത്രങ്ങളില്‍ വന്നു!

ഇക്കാലത്ത് വളരെയധികം പ്രചരിപ്പിക്കപ്പെട്ട ഒരു മുദ്രാവാക്യമായിരുന്നു 'മുസോളിനിയാണ് എപ്പോഴും ശരി' (Mussolini is always right) എന്നത്. മുസോളിനി തെറ്റുപറ്റാത്തവനാണെന്ന് ഉദ്ദേശം! ഈ വാക്യം പൊതുസ്ഥലങ്ങളിലും സ്‌കൂളുകളിലും മറ്റും എഴുതിവെക്കപ്പെട്ടു.

അറബ് രാജ്യങ്ങളുടെ പിന്തുണ കിട്ടാന്‍ അദ്ദേഹം 'ഇസ്‌ലാമിന്റെ സംരക്ഷകനാണെന്നു' കൂടി ലിബിയ സന്ദര്‍ശനവേളയില്‍ പറഞ്ഞു.

ഇറ്റലി സാമ്പത്തിക തകര്‍ച്ചയിലേക്ക്

ഒന്നാം ലോകയുദ്ധത്തിനു ശേഷം ഉണ്ടായ സാമ്പത്തിക മാന്ദ്യവും അതോടൊപ്പം മുസോളിനിയുടെ മണ്ടന്‍ സാമ്പത്തിക നയങ്ങളും കൂടിയായപ്പോള്‍ ഇറ്റലി സാമ്പത്തികമായി തകര്‍ന്നു. കോര്‍പ്പറേറ്റുകളെ പിന്തുണക്കുന്ന രീതിയായിരുന്നു മുസോളിനി സ്വീകരിച്ചത്. സാമ്പത്തിക പ്രധിസന്ധി നേരിടാന്‍ പൗരന്മാരെല്ലാം 'പിതൃരാജ്യത്തിനു' സ്വര്‍ണം നല്‍കണമെന്ന് മുസോളിനി ആഹ്വാനം ചെയ്തു. സാമ്പത്തിക തകര്‍ച്ചയിലാണെങ്കിലും പൊങ്ങച്ചം പറയുന്നതില്‍ മുസോളിനി ഒട്ടും കുറവ് കാണിച്ചില്ല. 'ഇറ്റലി സ്വയം പര്യാപ്തമാണെന്നും ആവശ്യത്തിലധികം എണ്ണ ഇറ്റലിയുടെ കയ്യിലുണ്ട്' എന്നും പ്രചരിപ്പിച്ചു.

ഫാഷിസ്റ്റ് പാര്‍ട്ടി സ്വന്തം പൗരന്മാരെ മെരുക്കിയെടുത്ത വിധം

പാര്‍ട്ടിയുടെ ആശയങ്ങള്‍ക്ക് എതിരു നില്‍ക്കുന്നവരെ മെരുക്കിയെടുക്കാന്‍ ഇറ്റാലിയന്‍ ഫാഷിസ്റ്റ് പാര്‍ട്ടിക്ക് ചില രീതികളുണ്ടായിരുന്നു. ഒന്നാമത്തെ രീതി എതിര്‍ക്കുന്നവരെ ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്തുക എന്നതാണ്. ഫാഷിസ്റ്റ് സൈന്യമായ കറുത്ത വസ്ത്രധാരികളെ ഉപയോഗിച്ച് എതിര്‍ത്തവരെ അടിച്ചമര്‍ത്തി.

രണ്ടാമത്തെ രീതി വളഞ്ഞ വഴിയാണ്. ഫാഷിസ്റ്റ് ഗവണ്‍മെന്റിന്റെ ആനുകൂല്യങ്ങള്‍ കിട്ടണമെങ്കില്‍ പാര്‍ട്ടിയെ അനുകൂലിക്കുകയോ അംഗത്വമെടുക്കുകയോ ചെയ്യണം. 1938ല്‍ വന്ന ഒരു ഗവണ്‍മെന്റ് ഉത്തരവ് പ്രകാരം ഫാഷിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം ഇല്ലാത്തവര്‍ക്ക് ഗവണ്‍മെന്റ് ജോലിയില്‍ ചേരാനോ തല്‍സ്ഥാനത്ത് തുടരാനോ പാടില്ല എന്ന നിയമം വന്നു. അതായത് ഗവണ്‍മെന്റ് ജോലി ചെയ്യണമെങ്കില്‍ ഫാഷിസ്റ്റ് പാര്‍ട്ടി അംഗത്വം എടുത്തേ പറ്റൂ എന്ന്!

ഇനി സ്വകാര്യ സ്ഥാപങ്ങളുടെ കാര്യമെടുക്കാം. ഫാഷിസ്റ്റ് പാര്‍ട്ടി കോര്‍പ്പറേറ്റ് വ്യവസ്ഥയെ ആണ് പിന്തുണച്ചത് എന്ന് സൂചിപ്പിച്ചല്ലോ. അതുകൊണ്ട് തന്നെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും ഫാഷിസ്റ്റ് അനുകൂലികള്‍ക്കേ ജോലി ചെയ്യാന്‍ അവസരം ഉണ്ടായിരുന്നുള്ളൂ. അല്ലാത്തവര്‍ സ്വാഭാവികമായും പിന്‍തള്ളപ്പെട്ടു.

അക്രമങ്ങള്‍ അഴിച്ചുവിടുന്നു!

മുമ്പ് നാം സൂചിപ്പിച്ചത് പോലെ പുരാതന റോമന്‍ പൈതൃകത്തിലൂന്നിയ ഒരു ഇറ്റലിയെ വാര്‍ത്തെടുക്കുക എന്നതായിരുന്നു ഫാഷിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യം. പുരാതന റോമിലെ വീരപുരുഷന്മാരായിരുന്ന ജൂലിയസ് സീസറിനെയും അഗസ്റ്റസിനെയും ഉത്തമ പുരുഷന്‍മാരായും മാതൃകാപുരുഷന്മാരായും മുസോളിനിയും ഫാഷിസ്‌ററ് പാര്‍ട്ടിയും ഉയര്‍ത്തിക്കാട്ടി.  മുസോളിനിയുടെ പാര്‍ട്ടിയുടെ താല്‍പര്യവും പിന്തുണയും റോമന്‍ പുരാതനപൈതൃകത്തെ പിന്തുണക്കുന്ന ഉയര്‍ന്ന പ്രമാണി വര്‍ഗത്തോട് (ഋഹശലേ രഹമ)ൈ ആയിരുന്നു.  

ഫാഷിസ്റ്റ് പാര്‍ട്ടിയുടെ 'റോമന്‍ പൈതൃക രാഷ്രം' എന്ന ലക്ഷ്യത്തിലേക്കുള്ള തടസ്സമായി ഇറ്റലിയില്‍ ഉണ്ടായിരുന്നത് പ്രധാനമായും രണ്ട് ശക്തികളാണ്: (1) പോപ്പിന്റെ കീഴിലുള്ള കത്തോലിക്ക സഭ. (2) സോഷ്യലിസ്റ്റ് പാര്‍ട്ടി.

1920 കളില്‍ ഫാഷിസ്റ്റ് പാര്‍ട്ടി ഭരണത്തില്‍ വന്നപ്പോള്‍ മുതല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി ഫാഷിസ്റ്റ് പാര്‍ട്ടിയുടെ കണ്ണിലെ കരടായി നിന്നു. പ്രമാണി വര്‍ഗത്തിനു വേണ്ടിയാണ് മുസോളിനിയും ഫാഷിസ്റ്റ് പാര്‍ട്ടിയും തിരക്കഥ രചിക്കുന്നത് എന്നതും രാജ്യത്തെ ജനങ്ങളുടെ പൗരസ്വാതന്ത്ര്യത്തെ പിടിച്ചു കെട്ടുന്നതാണ് ഫാഷിസ്റ്റ് നിയമങ്ങള്‍ എന്നതുമായിരുന്നു സോഷ്യലിസ്റ്റ് പാര്‍ട്ടി ഫാഷിസ്റ്റ് പാര്‍ട്ടിക്കെതിരെ തിരിയാന്‍ കാരണം. മുസോളിനി സോഷ്യലിസ്റ്റുകളെ അടിച്ചൊതുക്കാന്‍ ശ്രമിച്ചു. 1922ല്‍ ഫാഷിസ്റ്റ് സേന ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. സോഷ്യലിസ്റ്റുകളുടെ ഓഫീസുകളും വീടുകളും തകര്‍ക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

മുസോളിനിയുടെ അക്രമത്തിനെതിരെ വത്തിക്കാന്‍ പോപ്പ് പ്രതികരിച്ചതോടെ കത്തോലിക്കരും ഫാഷിസ്റ്റ് പാര്‍ട്ടിയുടെ കണ്ണിലെ കരടായി മാറി. പോപ്പിന്റെ കീഴില്‍ ക്രൈസ്തവര്‍ അണിനിരക്കുന്നത് മുസോളിനിയെ അസ്വസ്ഥനാക്കിയിരുന്നു. അത് തന്റെ പരമാധികാരത്തിന് വെല്ലുവിളിയുയര്‍ത്തുന്ന ഒരു ബദല്‍ സംവിധാനമാണെന്ന് മുസോളിനി കരുതി. അതുകൊണ്ട് തന്നെ പോപ്പിനെതിരെ മുസോളിനി ശബ്ദിച്ചു. മുസോളിനിയുടെ ചരിത്രം എഴുതിയ Dennis Mack smith എഴുതുന്നു:

"papacy was a malignant tumor in the body of Italy and must 'be rooted out once and for all,' because there was no room in Rome for both the Pope and himself" (Denis Mack Smith, Mussolini, Page. 222,23)

''ക്രൈസ്തവ പൗരോഹിത്യം ഇറ്റലിയെ കാര്‍ന്നുതിന്നുന്ന ഒരു അര്‍ബുദമാണ്. അത് എന്നെന്നേക്കുമായി പിഴുതെറിയപ്പെടണം. റോമില്‍ തനിക്കും (മുസോളിനിക്ക്) പോപ്പിനും ഒരുമിച്ച് സ്ഥാനമില്ല.' (പോപ്പിന്റെ ആവശ്യമില്ല; നേതാവായി ഇവിടെ ഞാന്‍ മാത്രം മതി എന്ന് അര്‍ഥം).

(ചെറുപ്പത്തില്‍ മുസോളിനി കത്തോലിക്ക ക്രിസ്ത്യാനിയായിരുന്നെങ്കിലും വലുതായപ്പോള്‍ മതം ഉപേക്ഷിക്കുകയും നിരീശ്വരവാദിയാവുകയും ചെയ്തു. പിന്നീട് മുസോളിനി മരണംവരെ ഒരു നിരീശ്വര വാദിയായിരുന്നുവെന്ന് ഭാര്യ റേചല്‍ മുസോളിനി Mussolini: An intimate biography എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്).

മുസോളിനി ഫാഷിസം മറ്റു രാജ്യങ്ങളിലും അടിച്ചേല്‍പിക്കുന്നു

ഇറ്റാലിയന്‍ വംശക്കാര്‍ ഉയര്‍ന്ന വിഭാഗമാണെന്നും ആഫ്രിക്കന്‍ വംശക്കാരായ കറുത്തവര്‍ വംശീയമായി ഇറ്റലിക്കാരെക്കാള്‍ താഴെ നില്‍ക്കേണ്ടവരാണെന്നും മുസോളിനി പറഞ്ഞു. അതിനാല്‍ തങ്ങള്‍ക്ക് ആഫ്രിക്കന്‍ രാജ്യങ്ങളുടെമേല്‍ അധികാരവും അവകാശവും ആവാമെന്നും വാദിച്ചു. അങ്ങനെ ആഫ്രിക്കന്‍ രാജ്യങ്ങളായ എതേ്യാപ്യയെയും ലിബിയയെയും ഇറ്റാലിയന്‍ ഫാഷിസ്റ്റ് ശക്തികള്‍ കീഴടക്കുകയും അവിടെ കോളനികള്‍ സ്ഥാപിക്കുകയും ചെയ്തു. ഈ രാജ്യങ്ങള്‍ ഇറ്റാലിയന്‍ വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ലിബിയയിലേക്ക് 15 മില്ല്യണ്‍ ഇറ്റലിക്കാരെ കൊണ്ടുവന്ന് താമസിപ്പിക്കാനും തീരുമാനിച്ചു. അതിനായി ലിബിയയിലുള്ള കറുത്തവര്‍ഗക്കാരെ കൂട്ടമായി കൊന്നൊടുക്കി. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ആയിരങ്ങളെ തടവിലാക്കി. പതിനായിരങ്ങളെ പട്ടിണിക്കിട്ട് കൊന്നു. ഒരു ലക്ഷം ലിബിയക്കാരെ നാടുകടത്തുകയും അവിടെ ഇറ്റലിക്കരെ താമസിപ്പിക്കുകയും ചെയ്തു. (Beneto Mussolini, the first fascist  by Anthony L Cardoza, pub 2006, page 109).

ഇതിനെ തുടര്‍ന്ന് 1935ല്‍ മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയെയും ഇറ്റലി ആക്രമിക്കുകയും അവിടെയും ഫാഷിസ്റ്റ് കോളനിവല്‍ക്കരണം നടത്താന്‍ തുടങ്ങുകയും ചെയ്തു.

ഫാഷിസം: പടരുന്ന ക്യാന്‍സര്‍

പിന്നീട് മുസോളിനിക്കും പാര്‍ട്ടിക്കും എന്ത് സംഭവിച്ചു എന്നത് വിശദീകരിക്കുന്നതിനു മുമ്പ് വേറെ ചില കാര്യങ്ങള്‍ കൂടി ഓര്‍മപ്പെടുത്താനുണ്ട്. ഫാഷിസം എന്നത് നേരത്തെ തിരിച്ചറിഞ്ഞു പ്രതിരോധിക്കേണ്ട ഒരു അര്‍ബുദമാണ്. അത് വളര്‍ന്ന് രാക്ഷസീയ രൂപം പ്രാപിച്ചു കഴിഞ്ഞാല്‍ പിന്നെ കീഴടക്കാന്‍ ബുദ്ധിമുട്ടാണ്. പലപ്പോഴും അതിനെ തിരിച്ചറിയുമ്പോഴേക്കും രാജ്യം അതിന്റെ കൈപ്പിടിയിലൊതുങ്ങിക്കഴിഞ്ഞിരിക്കും. മാത്രവുമല്ല, ഈ ക്യാന്‍സര്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുകയും ചെയ്യും. ഇറ്റലിയില്‍ തുടങ്ങിയ ഫാഷിസം ലിബിയയിലേക്കും എതേ്യാപ്യയിലേക്കും പടര്‍ന്നത് നാം കണ്ടല്ലോ.

എന്നാല്‍ ഈ ക്യാന്‍സര്‍ ഇവിടെയൊന്നും അവസാനിച്ചില്ല. മുസോളിനിയെ പിന്തുടര്‍ന്ന് പല രാജ്യത്തും പല നേതാക്കളും ഫാഷിസ്റ്റ് പാര്‍ട്ടിയുടെ അടിച്ചമര്‍ത്തല്‍ ഭരണരീതിയില്‍ ആകൃഷ്ടരായി അത് തങ്ങളുടെ രാജ്യത്തും നടപ്പിലാക്കാന്‍ തുടങ്ങി. ഉദാഹരണമായി, മുസോളിനി ഇറ്റലി അടക്കിവാഴുന്ന അതേ കാലത്ത് മുസോളിനിയെ അനുകരിച്ച് ജര്‍മനിയിലും ഒരു സ്വേഛാധിപതി/ഏകാധിപതി അധികാരത്തില്‍ വന്നു; നാസി പാര്‍ട്ടിയുടെ നേതാവ് അഡോള്‍ഫ് ഹിറ്റ്‌ലര്‍. ഇത് പോലെ റഷ്യയില്‍ Russian Fascist Organizationനും റൊമാനിയയില്‍ National Fascist movementഉം സാന്‍മാരിനോവില്‍ Summarinise Fascist Patryയും യുഗോസ്ലാവിയയില്‍ Yugoslav Radical Unionനും നിലവില്‍ വന്നു. ഇവരെല്ലാം പ്രചോദനം കൊണ്ടതും മാതൃകയാക്കിയതും മുസോളിനി സ്ഥാപിച്ച National Fascist Patryയെ തന്നെ. ഇക്കൂട്ടത്തില്‍ ഏറ്റവും അപകടം വരുത്തിവച്ചത് ജര്‍മനിയിലെ നാസി പാര്‍ട്ടിയുടെ തലവന്‍ അഡോള്‍ഫ് ഹിറ്റ്‌ലറും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ്. (തുടരും).

അവലംബ കൃതികള്‍:

1) Stanley G. Payne. A History of Fascism.

2) World Fascism: A Historical Encyclopedia.

3) Walter Laqueur (1978). Fascism: A Reader's Guide: Analyses, Interpretations, Bibliography.

4) Macdonald, Hamish (1999). Mussolini and Italian Fascism.

5) "Mussolini and Fascism in Italy". FSmitha.com. 8 January 2008