മുസ്‌ലിം ബ്രദര്‍ഹുഡ്: ഗള്‍ഫ് രാഷ്ട്രങ്ങള്‍ നിലപാട് കടുപ്പിക്കുമ്പോള്‍

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

2020 നവംബര്‍ 28 1442 റബീഉല്‍ ആഖിര്‍ 13
മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ മുസ്‌ലിംകള്‍ക്കിടയില്‍ ഒളിഞ്ഞും തെളിഞ്ഞും തീവ്ര രാഷ്ട്രീയ ചിന്തകള്‍ കുത്തിവെക്കുന്നതിനും അതിന് താത്വികമായ അടിത്തറ പാകുന്നതിനും മുന്‍പന്തിയില്‍ നിന്ന പ്രസ്ഥാനമാണ് മുസ്‌ലിം ബ്രദര്‍ഹുഡ്. അതതു കാലത്തെ ഭരണകൂടങ്ങളുടെ നിയന്ത്രണങ്ങള്‍ മറികടന്ന് സാമൂഹികഛിദ്രതക്ക് ആക്കംകൂട്ടിയിരുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവില്‍ കൂച്ചുവിലങ്ങിട്ടിരിക്കുകയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍. മുസ്‌ലിം ലോകത്ത് ഇതുണ്ടാക്കിയേക്കാവുന്ന പരിവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

മുസ്‌ലിം ബ്രദര്‍ഹുഡ് ഭീകരസംഘമാണെന്നും ഇസ്‌ലാമിന്റെ സമീപനങ്ങളെയും രീതിശാസ്ത്രത്തെയും അത് പ്രതിനിധീകരിക്കുന്നില്ലെന്നും സൗദി ഉന്നതപണ്ഡിതസഭയുടെ വിശദീകരണത്തില്‍ വ്യക്തമാക്കി. ഇസ്‌ലാമിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ 'ഗ്രൂപ്പിസ' ലക്ഷ്യങ്ങളാണ് മുസ്‌ലിം ബ്രദര്‍ഹുഡ് പിന്തുടരുന്നത്. മതത്തിന്റെ മേലങ്കിയണിഞ്ഞ് മതവിരുദ്ധമായ ഛിദ്രതയും കുഴപ്പങ്ങളും അക്രമവും ഭീകരതയും കുത്തിപ്പൊക്കുകയും പ്രചരിപ്പിക്കുകയുമാണ് അവര്‍ ചെയ്യുന്നതെന്നും ഉന്നതപണ്ഡിതസഭയുടെ പ്രസ്താവനയില്‍ പറയുന്നു. മാര്‍ഗഭ്രംശം സംഭവിച്ച സംഘമാണവര്‍. ഭരണാധികാരികള്‍ക്കെതിരായ സംഘര്‍ഷം, ധിക്കാരം, രാജ്യങ്ങളില്‍ കലാപമുണ്ടാക്കല്‍, രാജ്യത്തെ ജനങ്ങളുടെ സഹവര്‍ത്തിത്വത്തിന് തുരങ്കംവെക്കല്‍, ഇസ്‌ലാമിക സമൂഹങ്ങളെ ജാഹിലിയ്യത്തെന്ന് വിശേഷിപ്പിക്കല്‍ എന്നീ കാര്യങ്ങളിലൂന്നിയാണ് ബ്രദര്‍ഹുഡ് പ്രവര്‍ത്തിക്കുന്നത്.(1)

ഈ സംഘം സ്ഥാപിതമായതുമുതല്‍ വിശ്വാസത്തോടോ വിശുദ്ധഗ്രന്ഥത്തോടോ പ്രവാചകചര്യയോടോ ഒരുവിധത്തിലുള്ള താല്‍പര്യവും പ്രകടിപ്പിച്ചിട്ടില്ല. അധികാരത്തിലെത്തുകയെന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. തിന്മകളും കലഹങ്ങളും നിറഞ്ഞതാണ് ഈ ഗ്രൂപ്പിന്റെ ചരിത്രം. ലോകത്ത് അക്രമങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും കുഴപ്പങ്ങളും സൃഷ്ടിക്കുന്ന ഭീകര-തീവ്രവാദ ഗ്രൂപ്പുകളുടെയെല്ലാം ആവിര്‍ഭാവം ബ്രദര്‍ഹുഡില്‍നിന്നാണ്. മുസ്‌ലിം ബ്രദര്‍ഹുഡ് തീവ്രഗ്രൂപ്പാണെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാണ്. മുസ്‌ലിം ബ്രദര്‍ഹുഡിനെ എല്ലാവരും ജാഗ്രതയോടേ കരുതിയിരിക്കണമെന്നും ഈ സംഘത്തില്‍ ചേരാനോ ഇവരോട് അനുഭാവം പുലര്‍ത്താനോ പാടില്ലെന്നും ഗ്രാന്റ്മുഫ്തി അബ്ദുല്‍അസീസ് ആലുശൈഖിന്റെ അധ്യക്ഷതയിലുള്ള ഉന്നതപണ്ഡിതസഭ വിശദീകരിക്കുന്നു.(2)

ബ്രദര്‍ഹുഡിനെക്കുറിച്ചുള്ള ഉന്നതപണ്ഡിതസഭയുടെ പ്രസ്താവന കാര്യം മനസ്സിലാക്കാന്‍ പര്യാപ്തമാണെന്ന് ഇസ്‌ലാമിക കാര്യമന്ത്രി ശൈഖ് ഡോ.അബ്ദുല്ലത്വീഫ് ആലുശൈഖും വ്യക്തമാക്കിയിട്ടുണ്ട്. ഈ ഭീകര ഗ്രൂപ്പിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ച് തങ്ങള്‍ അജ്ഞരായിരുന്നുവെന്ന് ഇനിയാര്‍ക്കും ന്യായീകരിക്കാന്‍ സാധിക്കില്ല. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഇവരെപ്പറ്റി താന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇക്കാരണത്താല്‍ ബ്രദര്‍ഹുഡ്കാരില്‍നിന്നും ശാരീരികവും മാനസികവും സാമ്പത്തികവുമായ പലവിധ ഉപദ്രവങ്ങളും നേരിട്ടിട്ടുണ്ടെന്നും ഇസ്‌ലാമികകാര്യ മന്ത്രി വിശദീകരിക്കുന്നു.(3)

ബ്രദര്‍ഹുഡ് അടക്കം സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കുന്ന വിവിധ ഗ്രൂപ്പുകളെക്കുറിച്ച് വിശ്വാസികള്‍ക്ക് മുന്നറിയിപ്പു നല്‍കാന്‍ ജുമുഅ നമസ്‌കാരത്തോടനുബന്ധിച്ചുള്ള ഉദ്‌ബോധനപ്രസംഗം ഉപയോഗപ്പെടുത്തണമെന്നും രാജ്യത്തെ മുഴുവന്‍ ഖത്വീബുമാര്‍ക്കും ഡോ. അബ്ദുല്ലത്വീഫ് ആലുശൈഖ് നിര്‍ദേശം നല്‍കി. ബ്രദര്‍ഹുഡിനെ ഭീകരസംഘമാണെന്ന് വിശേഷിപ്പിച്ച് ഉന്നതപണ്ഡിതസഭ പുറത്തിറക്കിയ പ്രസ്താവന മുഴുവനായും ഖുത്വുബക്കിടെ വായിക്കണമെന്നും ഖത്വീബുമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ തീവ്രവാദ, വിധ്വംസക ഗ്രൂപ്പുകള്‍ക്കെതിരില്‍ ശക്തമായ നടപടികളും വിചാരണയും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൗദിയിലെ ഉന്നതപണ്ഡിത സഭയുടെ ഈ പ്രസ്താവന ബ്രദര്‍ഹുഡ് കേന്ദ്രങ്ങളില്‍ ശക്തമായ ഞെട്ടല്‍ സൃഷ്ടിച്ചിട്ടുണ്ട്.

ഉന്നതകാര്യസമിതിയിലെ പ്രമുഖന്മാരായ പതിനാറ് പണ്ഡിതന്മാരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്. ഇസ്‌ലാമിക വിഷയങ്ങളില്‍ അഗാധമായ പരിജ്ഞാനവും പ്രാവീണ്യവുമുള്ള പണ്ഡിത പ്രമുഖന്മാരാണ് ഈ സമിതിയിലെ അംഗങ്ങള്‍. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സൗദിക്ക് പുറത്തുള്ള പണ്ഡിതന്മാരില്‍നിന്നും ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിക്കാറുണ്ട്. 1971ല്‍ രാജകീയ നിര്‍ദേശമനുസരിച്ചാണ് ഈ സമിതി രൂപീകരിക്കപ്പെട്ടത്.

ബ്രദര്‍ഹുഡിനെ സംബന്ധിച്ചുള്ള ഉന്നതകാര്യ പണ്ഡിതസഭയുടെ വിശദമായ പ്രസ്താവന പുറത്തുവരുന്നതിനു മുമ്പ് പലതവണ സൗദിയിലെ പ്രമുഖന്മാരായ പണ്ഡിതന്മാര്‍ ഇവരെപ്പറ്റി മുന്നറിയിപ്പും താക്കീതും നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഇവര്‍ നടത്തിവരുന്ന നിഗൂഢമായ പ്രവര്‍ത്തങ്ങളെപ്പറ്റി 2017ല്‍ ഉന്നത പണ്ഡിതസഭ താക്കിത് നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വ്യക്തികളെയും നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. തീവ്രവാദത്തെയും ഭീകരതയെയും നേരിടുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും നടപടികളും വിപുലമാക്കി വരുന്നുമുണ്ട്. യൂറോപ്യന്‍ ഉച്ചകോടിയില്‍ ഫ്രാന്‍സ്, ജര്‍മനി, ഓസ്ട്രിയ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു.

2014 മാര്‍ച്ച് മുതല്‍ സൗദി ആഭ്യന്തര മന്ത്രാലയം മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകരതയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിരീക്ഷിച്ചുവരികയാണ്. പ്രമുഖന്മാരായ ഒട്ടനവധി പണ്ഡിതന്മാര്‍, ഗ്രന്ഥകാരന്മാര്‍ തുടങ്ങിയവരുടെ നീണ്ട ലിസ്റ്റുതന്നെ ഭീകരതയുമായി ബന്ധപ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സൗദി, ബഹ്‌റൈന്‍, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ 2017 ജൂണ്‍ 14ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ വിവിധ രാജ്യങ്ങളിലെ പ്രമുഖ വ്യക്തികള്‍, അറിയപ്പെടുന്ന ജീവകാരുണ്യ സഘടനകള്‍ തുടങ്ങിയവയ്ക്ക് ഭീകരതയുമായി ബന്ധമുണ്ടെന്ന് വിശദീകരിച്ചിരുന്നു. 59 വ്യക്തികളെയും 12 സംഘടനകളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.(4)

2018 മാര്‍ച്ച് 19ന് പ്രമുഖ അമേരിക്കന്‍ ടെലിവിഷന്‍ ചാനല്‍ സി.ബി.എസ് പ്രതിനിധി നോറ ഒ.ഡൊണെല്‍ന് നല്‍കിയ അഭിമുഖത്തില്‍ സൗദിയിലെ കിരീടാവകാശി മുഹമ്മദ്ബിന്‍ സല്‍മാന്‍ ബ്രദര്‍ഹുഡിനെ തീവ്രവാദികളെ വിരിയിച്ചെടുക്കാനുള്ള ഉപകരണമെന്നാണ് (ഇന്‍കുബേറ്റര്‍) വിശേഷിപ്പിച്ചത്. സൗദിയിലെ കലാലയങ്ങളെ ഏറെ താമസിയാതെതന്നെ 'ബ്രദര്‍ഹുഡ് വിമുക്ത'മാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.(5)

ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായി സംഭവിക്കാനിടയുള്ള പരിണിതഫലങ്ങളെ മിക്കപ്പോഴും അവഗണിക്കുന്ന നിലപാടായിരുന്നു അടുത്തകാലംവരെയും സൗദിഅറേബ്യ കൈക്കൊണ്ടിരുന്നത്. വിവിധ മന്ത്രാലയങ്ങളുടെ തലപ്പത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കടന്നുകൂടിയ ബ്രദര്‍ഹുഡിന്റെ ഉന്നത സിരാകേന്ദ്രങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച അവസരം കാര്യമായി ഉപയോഗപ്പെടുത്തിയ വിവരം ഏറെ വൈകിയാണ് സൗദി ഭരണകൂടം തിരിച്ചറിഞ്ഞത്. അതേസമയം സൗദി ഉന്നതകാര്യ പണ്ഡിതസഭയുടെ തീരുമാനത്തെ അംഗീകരിക്കുന്നതായും സ്വാഗതം ചെയ്യുന്നതായും ഈജിപ്ഷ്യന്‍ മതകാര്യ മന്ത്രാലത്തിന്റെ നിയന്ത്രണത്തിലുള്ള ഫത്‌വാസമിതിയും അഭിപ്രായപ്പെട്ടു.(6)

വിവിധ അറബ്‌രാജ്യങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചുവരുന്ന മുസ്‌ലിം ബ്രദര്‍ഹുഡിന്റെ വക്താക്കള്‍ സൗദിപണ്ഡിതസഭയുടെ പ്രസ്താവനക്കെതിരില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. 1928ല്‍ സ്ഥാപിതമായ മുസ്‌ലിം ബ്രദര്‍ഹുഡ് അതിക്രമത്തിന്റെയും തീവ്രവാദത്തിന്റെയും ഭിന്നിപ്പിന്റെയും മാര്‍ഗത്തില്‍നിന്നും ഏറെ വിദൂരത്തിലാണെന്ന് ബ്രദര്‍ഹുഡ് വക്താവ് ത്വല്‍ഹത്ത് ഫഹ്മി ഔദ്യോഗികമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ അവകാശപ്പെടുന്നു. സൗദിയിലെ ഉന്നത പണ്ഡിതസഭ ഉന്നയിച്ച എല്ലാവിധത്തിലുള്ള ആരോപണങ്ങളെയും മുസ്‌ലിം ബ്രദര്‍ഹുഡ് നിഷേധിക്കുന്നതായും അതിശയോക്തിയും തീവ്രവാദവുമില്ലാതെ ക്വുര്‍ആനും നബിചര്യയുമാണ് തങ്ങളുടെ സമീപനരീതിയുടെ ആധാരമെന്നും സഘടനാ വക്താവ് പ്രസ്താവനയില്‍ അവകാശപ്പെടുന്നു. എല്ലായ്‌പ്പോഴും സ്വേച്ഛാധിപതികളായ ഭരണകൂടങ്ങളുടെ ഇരകളായ ചരിത്രമാണ് മുസ്‌ലിം ബ്രദര്‍ഹുഡിനുള്ളതെന്നും ഫലസ്തീന്‍ പ്രശ്‌നമുള്‍പ്പെടെയുള്ള മുസ്‌ലിം സമൂഹത്തിന്റെ ന്യായമായ എല്ലാ അവകാശങ്ങള്‍ക്കും കൂടെനിന്ന പാരമ്പര്യമാണ് തങ്ങള്‍ക്കുള്ളതെന്നും ത്വല്‍ഹത്ത് ഫഹ്മി കൂട്ടിച്ചേര്‍ക്കുന്നു.(7)

സൗദിയിലെ പൂര്‍വികരും അഗ്രഗണ്യരുമായിരുന്ന പണ്ഡിതപ്രമുഖന്മാര്‍ വിവിധ കാലയളവുകളില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന് നല്‍കിയെന്ന് പറയപ്പെടുന്ന അനുകൂല പരാമര്‍ശങ്ങളിലെ വാക്കുകളും വരികളുമായി ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ ഏറ്റുമുട്ടലും പ്രതിരോധവും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സത്യത്തിനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന വിഭാഗമെന്നും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പ്രബോധനവും ഇസ്‌ലാമിക പരിഷ്‌ക്കരണവുമാണ് ബ്രദര്‍ഹുഡ് ലക്ഷ്യമാക്കുന്നതെന്നും സൗദിയിലെ പൂര്‍വകാല പണ്ഡിതന്മാര്‍ ബ്രദര്‍ഹുഡിനെപ്പറ്റി അഭിപ്രായപ്പെട്ടിരുന്നതായി ഇവര്‍ അവകാശപ്പെടുന്നു.

പ്രമുഖരായ ബ്രദര്‍ഹുഡ് നേതാക്കള്‍ക്ക് അഭയംനല്‍കിയ സൗദി അറേബ്യയില്‍ നിലവില്‍ ബ്രദര്‍ഹുഡ് പരസ്യമായി പ്രവര്‍ത്തിക്കുന്നില്ല. എങ്കിലും വിവിധ ഉന്നതകലാശാലകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ തലപ്പത്തും ബ്രദര്‍ഹുഡിന്റെ സാന്നിധ്യം അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അറിയപ്പെടുന്ന പണ്ഡിതന്മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയ നിരവധി ബ്രദര്‍ഹുഡ് അനുഭാവികളെ സൗദി ആഭ്യന്തരമന്ത്രാലയം ശക്തമായ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2013ല്‍ ഈജിപ്ഷ്യന്‍ ഭരണകൂടം സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളെ പരസ്യമായി പിന്തുണച്ചവരില്‍ സൗദി അറേബ്യയും ഉള്‍പ്പെടുന്നു.

അഭയാര്‍ഥികളായി രാജ്യത്തേക്ക് കടന്നുവന്ന ബ്രദര്‍ഹുഡ് അനുഭാവികളായ വിദ്യാസമ്പന്നര്‍ സൗദിഅറേബ്യയെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും, സംഘടനാപ്രവര്‍ത്തനവും രഹസ്യയോഗങ്ങളും പാടില്ലെന്ന നിര്‍ദേശത്തെ ലംഘിച്ചുകൊണ്ട് രാജ്യത്തിനെതിരില്‍ നീക്കങ്ങള്‍ നടത്തിയ ഇക്കൂട്ടര്‍ ഏറ്റവുംവലിയ വഞ്ചനയും കാപട്യവുമാണ് കാട്ടിയതെന്നും സൗദിയിലെ മുന്‍ അഭ്യന്തര മന്ത്രിയും രാജകുടുംബാഗവുമായിരുന്ന അമീര്‍ നായിഫ് പ്രമുഖ ദിനപ്പത്രത്തിന് നല്‍കിയ അഭിപ്രായം വന്‍ കോളിളക്കത്തിന് വഴിതെളിച്ചിരുന്നു. 40 വര്‍ഷം അഭയാര്‍ഥിയായി സൗദിയില്‍ കഴിഞ്ഞ പ്രമുഖ ബ്രദര്‍ഹുഡ് നേതാവിന് പിന്നീട് സൗദി അറേബ്യ പൗരത്വം നല്‍കിയെങ്കിലും, തനിക്ക് ഏറ്റവും സ്വീകാര്യനായ ഇഷ്ടപ്പെട്ട വ്യക്തിയായി അഭിമുഖത്തില്‍ അദ്ദേഹം വിശേഷിപ്പിച്ചത് ബ്രദര്‍ഹുഡ് നേതാവ് 'ഹസനുല്‍ബന്ന'യെ ആയിരുന്നുവെന്നും അമീര്‍ നായിഫ് തുറന്നുപറഞ്ഞിരുന്നു.(8)

'മുസ്‌ലിം നാടുകളിലേക്ക് അഭിസാരികമാരെ ഇറക്കുമതിചെയ്യുന്നുവെന്നും കള്ളും കളിയും കലയും നൃത്തവും വിനോദവും കൊണ്ടുവന്നെന്നും' ആരോപിച്ചാണ് ബ്രദര്‍ഹുഡ് സ്ഥാപകനായ ഹസനുല്‍ബന്ന സംഘടനാ പ്രചാരണം ആരംഭിച്ചത്. ഭൗതിക അധിനിവേശത്തെക്കാള്‍ ശക്തമാണ് സാംസ്‌ക്കാരിക അധിനിവേശമെന്ന് ഹസനുല്‍ബന്ന കാര്യമായി പ്രചരിപ്പിച്ചതോടെ സംഘടനയിലേക്ക് വിദ്യാസമ്പന്നരുടെ കുത്തൊഴുക്കുതന്നെയുണ്ടായി. 'ശ്രോതാക്കളില്‍നിന്നും തന്റെ പ്രസംഗം കൂടുതല്‍ സ്വാധീനിക്കുന്നുവെന്നു തോന്നിയ ആളുകളെ ബന്ന നോട്ടമിട്ടു, അവരെ പ്രത്യേകം വിളിച്ചു സംസാരിച്ചു.'(9)

അക്വീദയില്‍ വെള്ളം ചേര്‍ക്കുന്നവരാണ് ഇഖ്‌വാനികളെന്നത് സലഫികളുടെ കേവല അധിക്ഷേപം മാത്രമാണെന്നാണ് ഇഖ്‌വാനിനെ ന്യായീകരിക്കുന്നവര്‍ പ്രചരിപ്പിച്ചുവരുന്നത്. എന്നാല്‍ തികഞ്ഞ സ്വൂഫിസത്തിന്റെ വക്താവും പ്രചാരകനുമായി ജീവിച്ച ഹസനുല്‍ ബന്നയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ ബറെലവികളുടെ ജീവിതത്തിന് സമാനമായിരുന്നുവെന്ന് ബന്നയുടെ രചനകള്‍ തെളിയിക്കുന്നുണ്ട്. സ്വുബ്ഹി നമസ്‌കാരത്തിന് ശേഷം മൂന്നുമണിക്കൂര്‍ കാല്‍നടയായി സഞ്ചരിച്ച് ദമന്‍ഹൂറിലെ ഔലിയാക്കളുടെ ജാറം സന്ദര്‍ശിക്കാന്‍ പതിവായി പോയിരുന്ന ഹസനുല്‍ബന്ന, ദമന്‍ഹൂറിലെ ഹസ്സ്വാഫിയാ ത്വരീക്വത്തുകാരുടെ ദിക്ര്‍ ഹല്‍ക്വയിലെ സ്ഥിരം സാന്നിധ്യമായിരുന്നുവെന്ന് ബന്ന രേഖപ്പെടുത്തിയിട്ടുണ്ട്. ശാദുലീ ത്വരീക്വത്തിന്റെ ഇജാസത്ത്, സയ്യിദ് അബ്ദുല്‍ വഹാബില്‍നിന്നും സ്വീകരിച്ചതും സ്വൂഫിസം സ്വീകരിച്ച് ആത്മീയ നിര്‍വൃതിയുണ്ടായതുമെല്ലാം ബന്നയുടെ നിഷ്‌കളങ്കമായ വരികളില്‍ സത്യാന്വേഷികള്‍ക്ക് കണ്ടെത്താന്‍ സാധിക്കും. സയ്യിദ് ദസൂഖിയുടെ ജാറം സന്ദര്‍ശിക്കാന്‍ 20 കിലോമീറ്റര്‍ കാല്‍നടയായി പോകുന്നതിന്റെ മാഹാത്മ്യവും(10) പുണ്യവുമെല്ലാം കൃത്യമായി തന്റെ മുരീദന്മാര്‍ക്കുവേണ്ടി രേഖപ്പെടുത്താനും ബന്ന മറന്നിരുന്നില്ല. നബിദിനത്തിന് പ്രത്യേക ഈരടികളും പാടിപ്പറഞ്ഞ് നബിദിന ജാഥ നടത്തിയിരുന്ന ഹസനുല്‍ബന്ന ബറെലവികള്‍ക്ക് പറ്റിയ നേതാവായിരുന്നുവെന്നതില്‍ സംശയമില്ല.

പണ്ഡിത പ്രമുഖനായിരുന്ന അല്ലാമാ സയ്യിദ്‌റഷീദ് രിളയുമായി ഹസനുല്‍ ബന്ന ഉയര്‍ന്നനിലവാരത്തിലുള്ള സംവാദം നടത്തിയെന്നാണ് കേരളത്തിലെ പ്രമുഖ ജമാഅത്ത് ജീവചരിത്രകാരന്‍ അവകാശപ്പെടുന്നത്. അതോടൊപ്പംതന്നെ അസ്ഹറിലെ സ്വൂഫി ത്വരീക്വത്തുകാര്‍ക്കെതിരില്‍ സയ്യിദ് റഷീദ്‌രിള നടത്തിയ ശക്തമായ കടന്നാക്രമണത്തില്‍ ഹസനുല്‍ ബന്നക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്ന ജമാഅത്ത് നേതാവിന്റെ വരികള്‍ ബന്നയുടെ മന്‍ഹജിനെ മനസ്സിലാക്കാന്‍ ഏറ്റവും ഉപയുക്തമായ തെളിവാണ്.

അവധാനതയില്ലാതെപോയതാണ് ബ്രദര്‍ഹുഡിന്റെ ചരിത്രത്തിലെ മുഖ്യപരാജയമെന്നും രാവിലെ വിതക്കുന്നത് വൈകുന്നേരംതന്നെ കൊയ്യാനുള്ള ധൃതിയും ആവേശവും കാട്ടിയ പ്രവര്‍ത്തകര്‍ക്ക് നൂഹ്നബി(അ)യുടെ 950 വര്‍ഷത്തെ വിസ്മരിക്കുകയും മുഹമ്മദ് നബി ﷺ യുടെ 23 വര്‍ഷത്തെ ഓര്‍ക്കുകയും ചെയ്യുന്ന മനസ്സായിരുന്നുവെന്ന് നിരൂപകന്മാരും ചൂണ്ടിക്കാട്ടുന്നു. സര്‍വായുധ വിഭൂഷിതരായ ഭരണകൂടങ്ങളോട് എറ്റുമുട്ടാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ യുവാക്കള്‍ കാട്ടിയ ആവേശം അബദ്ധമായിരുന്നുവെന്നും സിറിയയിലും തുനീഷ്യയിലും ഈജിപ്തിലും അള്‍ജീരിയയിലും ഈ അവധാനതയില്ലായ്മ സംഭവിച്ചതായും പിന്നീടിവര്‍ സമ്മതിച്ചിട്ടുണ്ട്. തുനീഷ്യയിലെ 'അന്നഹ്ദ പാര്‍ട്ടി' സര്‍ക്കാരുമായി തുറന്ന ഏറ്റുമുട്ടലിനിറങ്ങി പരാജയപ്പെട്ട കഥയും പിന്നീട് അവര്‍ സമ്മതിച്ചിട്ടുണ്ട്.

'അന്നിളാമുല്‍ ഖാസ്' എന്ന പേരില്‍ രൂപികരിക്കപ്പെട്ട രഹസ്യ സായുധവിഭാഗം ഇഖ്‌വാനിന് പിന്നീട് വരുത്തിവെച്ച തലവേദനകള്‍ ചില്ലറയായിരുന്നില്ല. സായുധാക്രമണത്തിനായി രൂപീകരിക്കപ്പെട്ട ഈ വിഭാഗം ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മഹ്മൂദ് നഖ്‌റാഷിന്റെയും ജഡ്ജി അഹ്മദ് ഖാസന്ദാറിന്റെയും വധത്തിന് ചുക്കാന്‍ പിടിച്ചുവെന്ന് പിന്നീട് തെളിഞ്ഞു. ജമാല്‍ അബ്ദുന്നാസിറിന് നേരെ അന്നിളാമുല്‍ ഖാസ് ആസൂത്രണം ചെയ്ത വധശ്രമം പരാജയപ്പെട്ടതോടെ, ഈജിപ്ഷ്യന്‍ ജയിലറകളില്‍ ചോരപ്പുഴകളൊഴുകിയെന്ന് തടവുകാരായിരുന്ന ഡോ. ഖര്‍ദാവിയും മുഹമ്മദുല്‍ ഗസ്സാലിയും സാക്ഷ്യം വഹിക്കുന്നു. ജയിലറകളിലെ ക്രൂരമായ പീഡനത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങള്‍ കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞുകെട്ടി മരുഭൂമിയില്‍ രഹസ്യമായി കുഴിച്ചുമൂടാന്‍ കോണ്ടുപോകുന്ന നിരവധി കാഴ്ചകള്‍ക്ക് താന്‍ സാക്ഷ്യം വഹിച്ചതായി ഡോ. ഖര്‍ളാവി രേഖപ്പെടുത്തുന്നു. 1954 മുതല്‍ 1970വരെ തുടര്‍ന്ന ഈ കാലയളവിലാണ് വിവിധ ജി.സി.സി.രാജ്യങ്ങളിലേക്ക് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ കൂട്ടംകൂട്ടമായി ഇരുളിന്റെ മറവില്‍ പലായനം ചെയ്തത്.

ഇതില്‍നിന്നും ഒട്ടും കുറയാത്ത അവസ്ഥയായിരുന്നു സിറിയയില്‍. ഭേദപ്പെട്ടനിലയില്‍ സംഘടനാ പ്രവര്‍ത്തനവും ഭരണത്തില്‍ പങ്കാളിത്തവും വഹിച്ചിരുന്ന ഇഖ്‌വാനികള്‍ക്ക് ഒരുദിനം അവധാനത നഷ്ടപ്പെട്ടുവെന്ന് പറയാം. സിറിയയിലെ ഹമാതില്‍ ആവേശംമൂത്ത ഇഖ്‌വാനികള്‍ നയിച്ച അട്ടിമറിയെ ഭരണകൂടം അടിച്ചൊതുക്കി. ഹാഫിളുല്‍ അസദിന്റെ പട്ടാളം ചരിത്രത്തിലെ ഏറ്റവുംവലിയ നരഹത്യക്ക് ചുക്കാന്‍പിടിച്ചു. ഇഖ്‌വാനികളുടെ ഗൂഢാലോചനാ കേന്ദ്രങ്ങളെന്ന് സംശയിക്കപ്പെട്ട പള്ളികള്‍പോലും പട്ടാളം തവിടുപൊടിയാക്കി. മുപ്പതിനായിരത്തിലധികം ഇഖ്‌വാനികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. സ്ഥിരബുദ്ധിയും ഇസ്‌ലാമും നഷ്ടപ്പെട്ട ആവേശംമൂത്ത പ്രവര്‍ത്തകരായിരുന്നു ഇതിനെല്ലാം കാരണമായത്.

ഇസ്‌ലാമിക പ്രമാണങ്ങളുടെ അരികില്‍നിന്നും മൂലയില്‍നിന്നും ആവേശപൂര്‍വം അടര്‍ത്തിയെടുത്ത വാക്കുകളും വരികളും ഇഖ്‌വാനികള്‍ സമൂഹത്തിലേക്ക് വ്യാപകമായി വാരിവിതറി. മുസ്‌ലിം സമൂഹത്തെയും നേതാക്കളെയും 'ജാഹിലിയ്യത്തി'ന്റെ വക്താക്കളാക്കി സയ്യിദ് ഖുത്വുബ് നടത്തിയ നിരീക്ഷണങ്ങളായിരുന്നു ഇതില്‍ മുഖ്യം. ഇതിനെ വ്യാഖ്യാനിച്ചും അടിച്ചുപരത്തിയും പുതിയ തീവ്രവാദത്തിന്റെ വക്താക്കള്‍ സംഘടനയിലേക്ക് കടന്നുവന്നു. ബ്രദര്‍ഹുഡിനെ ഇവര്‍ നെടുകെ പിളര്‍ത്തി. 'ജമാഅത്തു തക്ഫീര്‍ വല്‍ഹിജ്‌റ,' 'അല്‍ജിഹാദ്' തുടങ്ങിയ ഗ്രൂപ്പുകള്‍ ഇങ്ങനെ പ്രത്യക്ഷപ്പെട്ടവയാണ്. സായുധകലാപത്തെ അനുകൂലിക്കണമെന്നും അതല്ല പ്രതികൂലിക്കണമെന്നും അവകാശപ്പെടുന്ന രണ്ടുവിഭാഗങ്ങള്‍ സിറിയയിലും പ്രത്യക്ഷപ്പെട്ടു. ഉസാമുല്‍ അത്ത്വാര്‍ മിതവാദികള്‍ക്ക് നേതാവായി.(11)

എന്തിനാണ് സംഘടന രൂപീകരിക്കപ്പെട്ടത്, എന്താണ് തങ്ങളുടെ മാര്‍ഗം, എന്തിനെയാണ് ലക്ഷ്യമിടുന്നത് എന്നതൊന്നും മനസ്സിലാക്കാനോ ചിന്തിക്കാനോ കഴിവോ പ്രാപ്തിയോ ഉള്ളവരായിരുന്നില്ല പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും. 'കാട്ടിലെ തടിയും തേവരുടെ ആനയും' മാതിരി കയ്യില്‍ കിട്ടിയതിനെയെല്ലാം തങ്ങള്‍ക്ക് അഭികാമ്യമായ നിലയില്‍ വ്യാഖ്യാനിക്കാനും നിലപാടുകള്‍ സ്വീകരിക്കാനും പരസ്പരം മത്സരിക്കുന്ന ആവേശക്കമ്മറ്റിക്കാരെ നിയന്ത്രിക്കാന്‍ 'മുര്‍ഷിദുമാരും' പരാജപ്പെട്ടു. പ്രാമാണിക രേഖകളായി ഉയര്‍ത്തിക്കാണിക്കപ്പെട്ട, സയ്യിദ് മൗദൂദി സാഹിബിന്റെ അറബിയിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട രചനകളാകട്ടെ ഇഖ്‌വാനികള്‍ക്കിടയില്‍ ചിന്താപരമായ സംഘട്ടനങ്ങള്‍ക്ക് തുടക്കമിട്ടു. ഈ ശൈഥില്യത്തെ പരിഹരിക്കാന്‍ പര്യാപ്തരായ നേതാക്കളും പണ്ഡിതന്മാരും നാടുവിടുകയോ ജയിലില്‍ അടക്കപ്പെടുകയോ ചെയ്തതോടെ സംഘടന തികച്ചും നാഥനില്ലാക്കളരിയായിത്തീര്‍ന്നു.

ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഒരു സലഫിപ്രബോധക സംഘമാണെന്ന ധാരണയാണ് അറബ് രാജ്യങ്ങളില്‍ ഇവര്‍ വ്യാപകമായി പടര്‍ത്തിയിട്ടുള്ളത്. ക്വുര്‍ആനിനോടും നബി ﷺ യുടെ ചര്യകളോടും വ്യക്തമായ പ്രതിബദ്ധതയുള്ള നല്ലൊരു വിഭാഗം നിഷ്‌ക്കളങ്കര്‍ അറിഞ്ഞോ അറിയാതെയോ ഇവര്‍ക്കൊപ്പം ചേരുകയും ഇവരുടെ ക്ലാസുകളില്‍ ശ്രോതാക്കളാവുകയും ചെയ്യാറുണ്ട്. തുടക്കത്തില്‍ ആത്മസംസ്‌കരണം, പരലോകചിന്ത, സമൂഹത്തിനോടുള്ള ബാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ നടത്തിവരാറുള്ള ഭക്തിനിര്‍ഭരമായ ക്ലാസ്സുകളാണ് ഇവരെ ആകര്‍ഷിക്കുന്നത്. ക്ലാസ്സുകളില്‍ കൃത്യനിഷ്ഠ പുലര്‍ത്തുകയും ബദ്ധശ്രദ്ധാലുക്കളാവുകയും ചെയ്യുന്നവരെ പ്രത്യേകം നോട്ടുചെയ്തായിരുന്നു സയ്യിദ് ഖുതുബും ഹസനുല്‍ബന്നയും സംഘടനയുടെ പോളിസി-പ്രോഗ്രാമുകള്‍ ഇഞ്ചക്റ്റ് ചെയ്തിരുന്നത്. പിന്നീട് ഒരിക്കലും പൊതുധാരയിലേക്ക് മടങ്ങിവരാന്‍ സാധിക്കാത്ത നിലയില്‍ ഇവര്‍ മസ്തിഷ്‌ക്ക പ്രക്ഷാളനത്തിന് വിധേയരാവുകയും സംഘടന നിര്‍ണയിച്ച 'അമീറിനുള്ള ബൈഅത്ത്' തുടങ്ങിയ നടപടിക്രമങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്നു. ഇതാണ് സാധാരണ കണ്ടുവരാറുള്ള നടപടിക്രമം.

ഇങ്ങനെ സംഘടനയുടെ ബൈഅത്ത് നടപടിക്രമങ്ങള്‍ സ്വീകരിച്ച യുവാക്കളില്‍ പലരും നെരിയാണിക്ക് മുകളില്‍ വസ്ത്രം ധരിച്ചവരും താടി നീട്ടിവളര്‍ത്തിയവരും സദാ അറാക്കിന്റെ കൊള്ളിക്കഷണം കൂടെ കരുതിയവരും ആയിരുന്നു. ഈ വേഷവിധാനവും നടപടിക്രമവും മിഡില്‍ ഈസ്റ്റിലും മറ്റു അറബ് രാജ്യങ്ങളിലും പൊതുവില്‍ ഇസ്‌ലാമിനെ അഗാധമായി സ്‌നേഹിക്കുകയും മുഹമ്മദ് നബി ﷺ യുടെ മഹനീയ ചര്യകളെ ആദരപൂര്‍വം സമീപിക്കുകയും ചെയ്യുന്ന യുവാക്കളെ സംശയത്തിന്റെ നിഴലില്‍നിര്‍ത്താന്‍ കാരണമായിട്ടുണ്ടെന്നതില്‍ സംശയമില്ല.

തന്ത്രശാലികളായ ഇഖ്‌വാനികള്‍, അവര്‍ കൃത്യമായ നമസ്‌കാരം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധയില്ലാത്തവരാണെങ്കില്‍പോലും 'ഞങ്ങള്‍ സലഫികളാണ്' എന്ന് അറബ് സമൂഹങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ച് വരുന്നുണ്ട്. ഇത് സ്ഥാപകനായ ഹസനുല്‍ബന്ന, സംഘടനയുടെ സുഗമമായ വേരോട്ടത്തിന് കണ്ടെത്തിയ ഒരു കുരുട്ടുബുദ്ധിയായിരുന്നു. എലിയെപ്പേടിച്ച് ഇല്ലംചുട്ട മാതിരിയായിരുന്നു ഇതിന്റെ തിക്താനുഭവങ്ങള്‍. നിഷ്‌ക്കളങ്കരായ സമൂഹം മതപ്രചാരണത്തെമാത്രം ലക്ഷ്യമിട്ട് ഒത്തുകൂടിയിരുന്ന പല സെന്ററുകളും ക്ലാസ്സുകളും അടച്ചുപൂട്ടേണ്ടിവന്നതിനു പിന്നിലെ രസതന്ത്രം ഇത്തരം ഇഖ്‌വാനിബാധയും അതിനെ തുടര്‍ന്നുള്ള സംശയങ്ങളുമായിരുന്നു. ഹസനുല്‍ബന്നയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരേസമയും സലഫിയും സുന്നിയും സൂ്വഫിയുമാണ് ഇഖ്‌വാനികള്‍.

ഹസനുല്‍ബന്നയിലൂടെ സയ്യിദ് ഖുതുബ് നട്ടുനനച്ച് വളര്‍ത്തിയെടുത്ത് ലോകം മുഴുവനും വ്യാപിച്ച ഈ 'ഖവാരിജ്' ചിന്തയുടെ യഥാര്‍ഥ ഉറവിടം ആരായിരുന്നുവെന്ന് പലരും വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. 1965ല്‍ തീവ്രവാദത്തിന്റെ പേരില്‍ ഈജിപ്ഷ്യന്‍ കോടതി വിചാരണചെയ്ത സയ്യിദ് ഖുതുബിനോട് കോടതിയില്‍ പ്രോസിക്യൂട്ടര്‍ ചോദിച്ച ചോദ്യത്തിന് ഉത്തരമായി അദ്ദേഹം സയ്യിദ് മൗദൂദിയുടെ പേരാണ് പറഞ്ഞിട്ടുള്ളത്. ഉര്‍ദുവിലുള്ള മൗദൂദിയുടെ ലേഖനങ്ങള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തി ഈജിപ്തിലേക്ക് അയച്ചുകൊടുത്തിരുന്നതായും അവ വായിച്ച് ഇഖ്‌വാനികള്‍ ആവേശംകൊണ്ടതായും ചരിത്രങ്ങളില്‍ കാണാനാകും.

സയ്യിദ് ഖുതുബും ഹസനുല്‍ബന്നയും മൗദൂദിയും ആവേശത്തിന്റെ പേരില്‍ വിളിച്ചുപറഞ്ഞ് വിലക്കുവാങ്ങിയ പലതും പരമ അബദ്ധങ്ങളായിരുന്നുവെന്ന് ഇഖ്‌വാന്‍ മാസ്റ്റര്‍ബ്രയിനും മുഖ്യ ആചാര്യനും ഖത്തറിലെ പ്രവാസിയുമായ ഡോ.യൂസുഫുല്‍ ഖര്‍ളാവി പിന്നീട് സമ്മതിച്ചിട്ടുണ്ട്. മൗദൂദിയുടെ ചിന്തകളെയും അബദ്ധങ്ങളെയും നിരൂപണം ചെയ്ത് ഗ്രന്ഥരചന നടത്താനും അദ്ദേഹം തയ്യാറായി.

1950-60 കാലയളവുകളില്‍ പ്രചരിപ്പിക്കപ്പെട്ട അനാരോഗ്യകരമായ ചിന്തകളെന്നാണ് ഈ പ്രതിഭാസത്തെ ഖര്‍ളാവി പരിചയപ്പെടുത്തിയത്. 'മറ്റുള്ളവരെ ഫാസിഖുകളെന്നും മുബ്തദിഉകളെന്നും, എന്തിനേറെ കാഫിറുകളായിപ്പോലും മുദ്രകുത്തുന്ന പ്രവണത വ്യാപമായി...' എന്നാണ് ഖര്‍ളാവി അതിനെപ്പറ്റി വിശേഷിപ്പിച്ചത്. സയ്യിദ് ഖുതുബിന്റെ രചകളെപ്പറ്റി ഖര്‍ളാവി എഴുതുന്നു: 'സമൂഹത്തെ കാഫിറാക്കുക, ഇസ്‌ലാമിക വ്യവസ്ഥകളിലേക്കുള്ള പ്രബോധനം നീട്ടിവെക്കണമെന്ന് വാദിക്കുക, ഫിക്വ്ഹിന്റെ പുനരാവിഷ്‌ക്കരണം, ഇജ്തിഹാദിന്റെ പുനരുജ്ജീവനം എന്നീ സങ്കല്‍പങ്ങളെ പരിഹസിക്കുക, സമൂഹത്തില്‍നിന്നുള്ള വൈകാരികമായ അകല്‍ച്ചക്കും മറ്റുള്ളവരുമായുള്ള ബന്ധവിഛേദനത്തിനും ആഹ്വാനം ചെയ്യുക, ജനങ്ങളോട് മുഴുവന്‍ കടന്നാക്രമണപരമായ ജിഹാദ് പ്രഖ്യാപിക്കുക, വിട്ടുവീഴ്ചയുടെ വക്താക്കളെ നിസ്സാരരാക്കുക, പാശ്ചാത്യന്‍ സംസ്‌ക്കാരത്തിന്റെ മുന്നില്‍ അവര്‍ മാനസികമായി പരാജയപ്പെട്ടതായി ആക്ഷേപിക്കുക എന്നീ പ്രവണതകള്‍ അവയില്‍ പ്രകടമാണ്...'

സയ്യിദ് ഖുതുബിന്റെ ചിന്താവൈകല്യങ്ങളെയും തീവ്രതയെയും കുറിച്ച് ഖര്‍ളാവി തുടരുന്നു: 'സയ്യിദ് ഖുതുബിന്റെ 'ഫീ ളിലാലില്‍ ക്വുര്‍ആന്റെ' രണ്ടാം പതിപ്പിലും, 'മആലിമുന്‍ ഫിത്ത്വരീക്വ്', 'അല്‍ഇസ്‌ലാം വ മുശ്കിലാത്തുല്‍ ഹള്വാറ' തുടങ്ങിയ കൃതികളിലും ഈ രീതി വളരെ പ്രകടമാണ്. മര്‍ഹും ശൈഖ് സഈദ് ഹവ്വയുടെ കൃതികളും ഈ ഗണത്തില്‍ പെടുന്നു. അതേശൈലിയില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ചിന്തകള്‍.

ഡോ. ഖര്‍ളാവിയും ജമാഅത്തു പരിഭാഷകരും ലളിത സുന്ദരഭാഷയില്‍ നവോത്ഥാന നായകന്റെ പരിവേഷത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് സയ്യിദ് ഖുതുബിനെ. കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന, യഥാര്‍ഥ ഖവാരിജി ചിന്തകളുടെ വക്താവായിരു സയ്യിദ് ഖുതുബ്. മതപണ്ഡിതന്‍ എന്നതിനെക്കാളും രാഷ്ട്രീയ വിപ്ലവനായകനെന്ന പേരാണ് അദ്ദേഹത്തിന് കൂടുതലായി ചേരുന്നത്. 'ഇന്ന് ഭൂമുഖത്ത് അല്ലാഹുവിന്റെ ശറഉം ഇസ്‌ലാമിക ഫിക്വ്ഹും നടപടിക്രമമായി സ്വീകരിച്ച ഒരു മുസ്‌ലിം സമൂഹമോ, മുസ്‌ലിംരാഷ്ടമോ നിലവിലില്ല' എന്നും 'നമ്മള്‍ ഇന്ന് ജീവിച്ചുകൊണ്ടിരിക്കുന്ന ജാഹിലീസമൂഹം, മുസ്‌ലിം സമൂഹമല്ല'(3) എന്നും മുദ്രയടിക്കുന്ന സയ്യിദ് ഖുതുബിന്റെ മാനസികാവസ്ഥ ഏറെ വിശദീകരണങ്ങളാവശ്യമില്ലാത്ത നിലയില്‍തന്നെ പ്രകടമാണ്.

സയ്യിദ് ഖുതുബിന്റെ വികലവാദങ്ങളെ നെഞ്ചിലേറ്റിയ ഇഖ്‌വാനികളുടെ വീക്ഷണത്തില്‍ അറബ് മുസ്‌ലിം സമൂഹത്തിന് കേവലം അഹ്‌ലുകിതാബികളായ യഹൂദ, നസ്വാറാക്കളുടെ പദവിയായിരുന്നു. ഖുതുബിന്റെ ആശയങ്ങളില്‍ കുടുങ്ങി ഈജിപ്തിലെ മുസ്‌ലിംകള്‍ അറുത്തതിനെ ഇനി ഭക്ഷിക്കില്ലെന്ന് തീരുമാനിച്ച ഇഖ്‌വാനികളും ഉണ്ടായിരുന്നുവെന്നും അവരോട് 'അഹ്‌ലുല്‍ കിതാബികള്‍ അറുത്തത് എന്ന നിലയില്‍ ഭക്ഷിച്ചുകൊള്ളാന്‍'(14) സയ്യിദ് ഖുതുബ് നിര്‍ദേശിച്ചതും ഇഖ്‌വാന്റെ ചരിത്രം രേഖപ്പെടുത്തിയ അലി അശ്മാവി എഴുതിയിട്ടുണ്ട്. ഇഖ്‌വാന്റെ രഹസ്യസൈനിക വിഭാഗത്തില്‍ പോരാളിയായിരു ന്നു അശ്മാവി എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇഖ്‌വാന്‍ ബാന്ധവത്തിന്റെ പേരില്‍ ജയിലില്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ജുമുഅ നമസ്‌കാരത്തിന്റെ സമയത്ത് പള്ളിയിലേക്ക് പോകാതെ; 'ഖിലാഫത്ത് നിലവിലില്ലാത്തതിനാല്‍ ജുമുഅ ഇല്ലെന്നും ഖിലാഫത്ത് നിലവില്‍ വന്നശേഷമെ ജുമുഅ ഉണ്ടാവുകയുള്ളൂ'(15)  എന്നും സയ്യിദ് ഖുതുബ് ഫത്‌വ നല്‍കി. പ്രമുഖന്മാരായ ഒട്ടുമിക്ക സ്വഹാബിമാരും ഇഖ്‌വാന്‍ നേതാവ് സയ്യിദ് ഖുതുബിന്റെ ക്രൂരമായ വിമര്‍ശനത്തിനിരയായിട്ടുണ്ട്. ഈ പരാമര്‍ശങ്ങള്‍ തിരുത്താനും സത്യത്തിന്റെ മാര്‍ഗത്തിലേക്ക് മടങ്ങിവരാനും അദ്ദേഹത്തെ പലരും ഉപദേശിച്ചുവെങ്കിലും അതിനൊന്നും സയ്യിദ് ഖുതുബിന്റെ ധാര്‍ഷ്ഠ്യം അദ്ദേഹത്തെ അനുവദിച്ചില്ല.

 

Ref:

1. https://www.spa.gov.sa/2155560 Saudi Press Agency

2. https://www.malayalamnewsdaily.com / മലയാളം ന്യൂസ് ദിനപ്പത്രം 12.11.2020 വ്യാഴം

3. https://twitter.com/Dr_Abdullatif_a

4. https://alarab.co.uk/ 2020/11/11

5. His first interview with an American television network, Mohammed bin Salman shared his thoughts on Iran, the humanitarian crisis in Yemen, his countries troubled past and its hopeful future. https://www.cbsnews.com/news/saudicrownprincetalksto60minutes/

6. https://www.alarabiya.net/ar/arabandworld/egypt/2020/11/11

7. https://www.aljazeera.net/news/2020/11/11

8. 28 November 2002 Asharqul Awsath Daily no: 8766 https://archive.aawsat.com/details.asp?issueno=8435&article= 138584#.X64TnN4zbIU

9. അല്‍ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, പേജ്: 40. ഡോ.അബ്ദുസ്സലാം വാണിയമ്പലം, ഐ.പി.എച്ച്, കോഴിക്കോട്. പതിപ്പ്: 2, ഡിസംബര്‍: 2006

10. മുദാകറാത്തുദ്ദഅ്‌വത്തി വദ്ദാഇയ്യ: ഹസനുല്‍ ബന്ന

11. അല്‍ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍: ഡോ.അബ്ദുസ്സലാം വാണിയമ്പലം

12. ഇസ്‌ലാമിക പ്രസ്ഥാനം മുന്‍ഗണനാക്രമം: ഡോ. യൂസുഫുല്‍ ഖര്‍ളാവി, ഐ.പി.എച്ച്- കോഴിക്കോട്, പേജ്: 76,77)

13. സയ്യിദ് ഖുതുബിന്റെ ഫീ ളിലാലില്‍ ഖുര്‍ആന്‍, വഴി അടയാളങ്ങള്‍ തുടങ്ങിയ രചനകള്‍ പരിശോധിക്കുക.

14. പേജ്: 172

15. പേജ്: 66-68