അതിനിയന്ത്രണകാലത്തെ പുണ്യറമദാന്‍

സുഫ്‌യാന്‍ അബ്ദുസ്സലാം

2020 മെയ് 02 1441 റമദാന്‍ 09
അനുഗ്രഹത്തിന്റെയും കാരുണ്യത്തിന്റെയും മാസമാണ് റമദാന്‍. എന്നാല്‍ ലോകത്തിന് മുഴുവന്‍ കടുത്ത പരീക്ഷണത്തിന്റെ നാളുകള്‍ കൂടിയായി മാറിയിരിക്കുകയാണ് ഇപ്രാവശ്യത്തെ റമദാന്‍. ആരാധനാലയങ്ങളിലെ സാന്നിധ്യവും സാമൂഹ്യ സമ്പര്‍ക്ക സാധ്യതകളും നിഷേധിക്കപ്പെട്ട സമകാലിക സാഹചര്യത്തില്‍ ആത്മ നിയന്ത്രണങ്ങള്‍ മാത്രമല്ല രാജ്യ സുരക്ഷാ നിയമങ്ങള്‍ കൂടി പാലിക്കേണ്ടതുണ്ട് വിശ്വാസി.

ലോകമാകമാനം അതിനിയന്ത്രണങ്ങള്‍ സമ്മാനിച്ചുകൊണ്ടുള്ള പകര്‍ച്ചവ്യാധിയുടെ കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ആരാധനാലയങ്ങളും ജോലിസ്ഥലങ്ങളും കച്ചവട, വ്യവസായ സമുച്ചയങ്ങളുമെല്ലാം അടച്ചുപൂട്ടി, താമസിക്കുന്ന വീടിന്റെ നാലതിര്‍ത്തിക്കുള്ളില്‍ മനുഷ്യര്‍ തളച്ചിടപ്പെട്ടിരിക്കുകയാണ്. വൈകുന്നേരങ്ങളില്‍ കാല്‍പന്തുകള്‍കൊണ്ട് സജീവമായിരുന്ന കളിസ്ഥലങ്ങളും വിഹായസ്സുകളില്‍ കണ്ണുംനട്ട് കുട്ടികള്‍ പട്ടം പറത്തിയിരുന്ന വെളിപ്രദേശങ്ങളും ശൂന്യമായിരിക്കുന്നു. കല്യാണങ്ങള്‍ക്കും സല്‍കാരങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നു. വാഹനങ്ങളും യാത്രകളും ആശുപത്രികളുമൊന്നുമില്ലാതെ തന്നെ ജീവിക്കാന്‍ നാം ശീലിച്ചുകഴിഞ്ഞു. അമിതഭോജനങ്ങളും ആഘോഷങ്ങളുമില്ലാതെ ഉള്ളതില്‍ തൃപ്തിപ്പെട്ടു ജീവിക്കാനും കഴിയുമെന്ന് മനുഷ്യര്‍ പഠിച്ചുകഴിഞ്ഞു. ആള്‍ക്കൂട്ട സമ്മേളനങ്ങള്‍ ഇല്ലാതെയും മത, രാഷ്ട്രീയ ചടങ്ങുകളും സമ്മേളനങ്ങളും പ്രതിഷേധങ്ങളുമെല്ലാം നടക്കുമെന്നും മനുഷ്യര്‍ക്ക് മനസ്സിലായി.

സ്വതന്ത്രമായ വിഹാരവും ജീവിതവും ആഗ്രഹിക്കുന്ന മനുഷ്യനുമേലുള്ള സ്രഷ്ടാവിന്റെ പരീക്ഷണമായിട്ടാണ് വിശ്വാസികള്‍ ഇതിനെ കാണേണ്ടത്. ഈ പരീക്ഷണ നാളുകളിലേക്കാണ് പരിശുദ്ധ റമദാനിന്റെ കടന്നുവരവ്. കാരുണ്യത്തിന്റെയും അനുഗ്രഹത്തിന്റെയും മാസമായ റമദാന്‍ ഇത്തവണ കടുത്ത പരീക്ഷണത്തിന്റെതു കൂടിയാണ്. റമദാനില്‍ മഹാമാരികള്‍ ഉണ്ടാകുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടല്ല. ഹി. 131ല്‍ ഉമവിയ്യ കാലഘട്ടത്തില്‍ ഇറാഖിലെ ബസ്വറയിലും ഹി. 749ല്‍ ശാമിലും പൊട്ടിപ്പുറപ്പെട്ട പകര്‍ച്ചവ്യാധികള്‍ വളരെ പ്രസിദ്ധമാണ്. മറ്റനേകം സംഭവങ്ങളും ചരിത്രത്തില്‍ കാണാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇസ്‌ലാമിക നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് റമദാനിലും അവര്‍ ജീവിച്ചിരുന്നത്. സാമൂഹിക അകലം പാലിക്കണമെന്ന് പഠിപ്പിക്കുന്ന 'ഹദീഥുല്‍ അസ്ല്‍' (വേറിട്ട് നില്‍ക്കണമെന്ന് ഉദ്‌ബോധിപ്പിക്കുന്ന ഹദീഥ്) ആയിരുന്നു എക്കാലവും മുസ്‌ലിംലോകം അവലംബമാക്കിയിരുന്നത്. വികാരങ്ങളോ ആവേശങ്ങളോ അല്ല വിശ്വാസിയെ നയിക്കേണ്ടത്. അനുഗ്രഹത്തിന്റെ നാളുകളിലും പരീക്ഷണത്തിന്റെ നാളുകളിലും വിശ്വാസിയെ നയിക്കേണ്ടത് അല്ലാഹുവിന്റെയും റസൂലിന്റെയും അധ്യാപനങ്ങളാണ്.

റമദാന്‍ നമ്മിലേക്ക് എത്തിക്കഴിഞ്ഞു. മാസപ്പിറവി ഉറപ്പാകുന്നതോടെ ആബാലവൃദ്ധം മുസ്‌ലിം ജനത പള്ളികളിലേക്ക് ഒഴുകുന്ന സന്ദര്‍ഭമാണിത്. പള്ളികള്‍ വിശ്വാസികളാല്‍ നിബിഡമാകുന്ന വേളയാണിത്. അഞ്ചുനേരത്തെ ജമാഅത്ത് നമസ്‌കാരങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ സൂക്ഷ്മത കാണിക്കുന്ന മാസമാണ് റമദാന്‍. പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളും പള്ളികളിലേക്കൊഴുകുന്നത് റമദാനിലാണ്. രാത്രിയില്‍ ഇശാഅ് നമസ്‌കാരവും തുടര്‍ന്നുള്ള തറാവീഹ് നമസ്‌കാരവും വളരെ കൃത്യമായി പള്ളിയില്‍ ഇമാമിന്റെ പിറകില്‍ നിന്നുകൊണ്ട് നമസ്‌കരിക്കുന്നതില്‍ വളരെയധികം നിഷ്‌കര്‍ഷത പുലര്‍ത്തല്‍ വിശ്വാസികള്‍ പരമ്പരാഗതമായി ശീലിച്ചുവന്നിട്ടുള്ള കാര്യമാണ്. പള്ളികളില്‍ ഒത്തുകൂടി വിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യാനും പ്രാര്‍ഥനകളില്‍ ഏര്‍പ്പെടാനും പരമാവധി പരിശ്രമിക്കുന്ന നാളുകളാണത്. ഭൗതിക ജീവിതത്തില്‍ നിന്നും വിരക്തി നേടി രാപ്പകലുകള്‍ പള്ളികളില്‍ ഇഅ്തികാഫ് ഇരുന്നു അല്ലാഹുവിലുള്ള സ്മരണകളില്‍ മുഴുകി പാപമോചനത്തിനും പശ്ചാത്താപത്തിനും വേണ്ടി മനസ്സുകള്‍ അല്ലാഹുവിലേക്ക് ഉയരുന്ന ദിനങ്ങളാണ് റമദാനിലേത്. അങ്ങനെ പള്ളികളുമായി അങ്ങേയറ്റം ബന്ധപ്പെട്ടുകൊണ്ടാണ് ഒരു വിശ്വാസിയുടെ റമദാന്‍ കടന്നുപോകേണ്ടത്.

പക്ഷേ, പള്ളികള്‍ മഹാമാരി കാരണം താഴിട്ടു പൂട്ടിയിരിക്കുകയാണ്. പൊതുജനങ്ങള്‍ക്ക് അങ്ങോട്ട് പ്രവേശനമില്ല. ബാങ്കുവിളിയുടെ ഉത്തരവാദിത്തമുള്ളയാള്‍ അത് നിര്‍വഹിക്കുന്നു; രണ്ടോ മൂന്നോ പേര്‍ പങ്കെടുത്ത് ജമാഅത്ത് മുടങ്ങാതിരിക്കാന്‍ ശ്രമിക്കുന്നു; ഇതാണ് മിക്ക പള്ളികളിലുമുള്ള അവസ്ഥ എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. മഹാമാരിയുടെ അവസരങ്ങളില്‍ പ്രവാചകന്‍ പഠിപ്പിച്ച നിര്‍ദേശത്തെ അക്ഷരംപ്രതി അനുസരിച്ചുകൊണ്ടാണ് വിശ്വാസി സമൂഹം നിര്‍ബന്ധ നമസ്‌കാരങ്ങളും വെള്ളിയാഴ്ച ജുമുഅയുമെല്ലാം വീടുകളില്‍ വെച്ച് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. വീടുകളില്‍ നമസ്‌കരിക്കുമ്പോഴും പള്ളിയിലേക്കെത്താന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന ആത്മാര്‍ഥമായ ആഗ്രഹവും പ്രാര്‍ഥനകളും വിശ്വാസിയുടെ മനസ്സില്‍ ഉരുണ്ടുകൂടുമെന്ന കാര്യത്തില്‍ സംശയമില്ല. പള്ളികളില്‍ നിന്നും ബാങ്കുവിളി കേള്‍ക്കുമ്പോള്‍ അങ്ങോട്ടെത്തിച്ചേരാന്‍ മനസ്സ് കൊതിക്കും. പക്ഷേ, ഇപ്പോള്‍ പള്ളികളിലേക്കുള്ള പ്രവേശനം താല്‍കാലികമായി നിരോധിച്ചിട്ടുള്ളത് മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നു വിശ്വാസി തിരിച്ചറിയുമ്പോള്‍ അവിടെ പോയി നമസ്‌കരിക്കാന്‍ അയാള്‍ മിനക്കെടില്ല. കാരണം അങ്ങനെയുള്ള നമസ്‌കാരത്തിന്റെ പേരില്‍ നന്മയ്ക്ക് പകരം തിന്മയായിരിക്കും രേഖപ്പെടുത്തപ്പെടുക എന്ന് അയാള്‍ക്കറിയാം. ഒരു തിന്മ ചെയ്തുകൊണ്ടല്ല നന്മ ചെയ്യേണ്ടത്.

പള്ളിയില്‍വെച്ച് നമസ്‌കരിക്കുമ്പോഴും വീടുകളില്‍വെച്ച് നമസ്‌കരിക്കുമ്പോഴും നാം പ്രാര്‍ഥിക്കുന്നത് ഒരേയൊരു ആരാധ്യനോടാണ്. സൃഷ്ടിലോകത്തിന്റെ സ്രഷ്ടാവും ഏകാരാധ്യനും സംരക്ഷകനും പരിപാലകനുമായ അല്ലാഹുവിനോടാണ് നാം പ്രാര്‍ഥിക്കുന്നത്. അല്ലാഹു പള്ളിമിഹ്‌റാബിലാണെന്ന വിശ്വാസത്തിലല്ല വിശ്വാസികള്‍ പള്ളികളില്‍ പോയി നമസ്‌കാരം നിര്‍വഹിക്കുന്നത്. ഇസ്‌ലാമിന്റെ സാമൂഹിക വീക്ഷണമാണ് വിശ്വാസികളെ പള്ളികളിലേക്കടുപ്പിക്കുന്നത്. സാമൂഹികബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും മനുഷ്യര്‍ പരസ്പരമുള്ള ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പിക്കാനുമാണ് ഇസ്‌ലാം ഉല്‍ബോധിപ്പിക്കുന്നത്. ഇസ്‌ലാമിലെ ആരാധനകള്‍ കേവലം ചടങ്ങുകളല്ല. ഒരു പുരോഹിതന്റെ സാന്നിധ്യത്തില്‍ നടത്തപ്പെടുന്ന ചടങ്ങല്ല ഇസ്‌ലാമില്‍ നമസ്‌കാരം. മസ്ജിദുകളില്‍നിന്നും വിളിക്കപ്പെടുന്ന ബാങ്കില്‍ 'നമസ്‌കാരത്തിനായി നിങ്ങള്‍ വരൂ, വിജയത്തിലേക്ക് നിങ്ങള്‍ വരൂ' എന്ന ആഹ്വാനം കേട്ട് പള്ളികളിലേക്ക് പോകുന്ന വിശ്വാസിക്ക് അവിടെ അയല്‍വാസികളെയും നാട്ടുകാരെയും കൂട്ടുകാരെയും കണ്ട് അവരുടെ വിഷമങ്ങളിലും സന്തോഷങ്ങളിലും പങ്കുചേരാന്‍ സാധിക്കുന്നു. ഇങ്ങനെ തോളോട് തോള്‍ചേര്‍ന്ന് വിശ്വാസികള്‍ നമസ്‌കാരത്തിലേര്‍പ്പെടുമ്പോള്‍ അവരില്‍ സ്‌നേഹവും കാരുണ്യവും വളരുന്നു. അവര്‍ക്കിടയില്‍ ഉച്ചനീചത്വങ്ങള്‍ ഇല്ലാതാവുന്നു. വര്‍ണവൈവിധ്യമോ കുടുംബ പാരമ്പര്യമോ ദരിദ്ര-ധനിക വ്യത്യാസമോ ഒന്നും അവര്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കില്ല; മറിച്ച് വിശ്വാസികളെന്ന പേരില്‍ അവര്‍ ഒരു സ്‌നേഹസമൂഹമായി മാറുന്നു. ഇത്രയും ഉന്നതമായ കാഴ്ചപ്പാടാണ് ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്നതെങ്കില്‍ തന്റെ നമസ്‌കാരമോ മറ്റു ഇടപെടലുകളോ തന്റെ കൂട്ടുകാരന് ഒരുനിലയ്ക്കും ദോഷകരമായി ഭവിക്കാന്‍ പാടില്ല എന്ന് വിശ്വാസി തിരിച്ചറിയണം. ഉള്ളി കഴിച്ച് പള്ളിയില്‍ വരരുതെന്ന പ്രവാചക നിര്‍ദേശം ഇതിനോടൊപ്പം കൂട്ടിവായിക്കാം. 'കോവിഡ് 19' പോലെയുള്ള ദുരന്തങ്ങള്‍ വിതയ്ക്കുന്ന വൈറസുകളെയും പേറി ഒരാള്‍ പള്ളിയില്‍ പോയാലുണ്ടാകുന്ന അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടാണ് അല്ലാഹുവിന്റെ റസൂല്‍ ﷺ  മഹാമാരികളുടെ സന്ദര്‍ഭങ്ങളില്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. പുറത്തിറങ്ങരുതെന്ന് പറയുമ്പോള്‍ അവിടെ കാലമോ സ്ഥലമോ പ്രസക്തമല്ല. റമദാനെന്നോ പള്ളിയെന്നോ വ്യത്യാസമില്ല എന്നര്‍ഥം.

'ലാ യുകല്ലിഫുല്ലാഹു നഫ്‌സന്‍ ഇല്ലാ വുസ്അഹാ' (ഒരാളോടും അതിന്റെ കഴിവില്‍ പെട്ടതല്ലാതെ നിയമമാക്കുന്നില്ല) എന്ന പ്രസിദ്ധമായ ക്വുര്‍ആന്‍ വചനം നാം എപ്പോഴും ഓര്‍ത്തുവെക്കേണ്ടതാണ്.

പള്ളികളില്‍ പോയാല്‍ നമുക്ക് ലഭിക്കുന്ന ഉന്നതമായ പ്രതിഫലം നഷ്ടപ്പെടില്ലേ എന്ന ആശങ്ക വിശ്വാസിയില്‍ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ആ പ്രതിഫലത്തെ ആഗ്രഹിച്ചു കഴിയുന്ന ഒരു വിശ്വാസിക്ക് അതിനുള്ള കഴിവില്ലെങ്കില്‍ കഴിവനുസരിച്ച് അയാള്‍ നിര്‍വഹിക്കുന്ന ആരാധനകള്‍ക്ക് വമ്പിച്ച പ്രതിഫലമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. 'വത്തക്വുല്ലാഹ മസ്തത്വഅ്തും' (നിങ്ങള്‍ സാധിക്കുന്നത്ര അല്ലാഹുവിനെ സൂക്ഷിക്കുക) എന്ന അല്ലാഹുവിന്റെ കല്‍പനയുടെ സാക്ഷികളായി നാം മാറുക. ഇപ്പോള്‍ പള്ളികളില്‍ പോകാന്‍ നമുക്ക് സാധ്യമല്ല. എന്നാല്‍ പള്ളികളില്‍ പോകാന്‍ സാധിക്കുന്നില്ല എന്നതിന്റെ പേരില്‍ നമുക്ക് നമ്മുടെ ഇബാദത്തുകള്‍ നിര്‍വഹിക്കാന്‍ സാധിക്കില്ലേ? തീര്‍ച്ചയായും സാധിക്കും. വീടുകളില്‍ നമുക്കത് പൂര്‍ണമായ വിശ്വാസത്തോടെയും അടക്കത്തോടെയും പ്രതിഫലേച്ഛയോടെയും നിര്‍വഹിക്കാന്‍ സാധിക്കും.

റമദാനില്‍ വീടുകള്‍ ഇബാദത്തുകള്‍ കൊണ്ട് ധന്യമാക്കാന്‍ സാധിക്കുവാനുള്ള ഒരവസരം അല്ലാഹു നമുക്ക് ഒരുക്കിത്തന്നിരിക്കുകയാണ്. വീട് സമാധാനത്തിന്റെ കേന്ദ്രമാണെന്നാണ് ക്വുര്‍ആനിന്റെ താല്‍പര്യം. 'മനസ്സമാധാനം' എന്ന ആശയം വരുന്ന 'സകന്‍' എന്ന പദമാണ് താമസസ്ഥലത്തെ സൂചിപ്പിക്കാന്‍ ക്വുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ളത്. മനസ്സുകളുടെ സമാധാനമാവട്ടെ അല്ലാഹുവെ കുറിച്ചുള്ള സ്മരണയിലൂടെ മാത്രമെ ലഭ്യമാകൂ എന്നും ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. 'അലാ ബി ദിക്‌രില്ലാഹി തത്വ്മഇന്നുല്‍ ക്വുലൂബ്' (അല്ലാഹുവെ കുറിച്ചുള്ള സ്മരണ കൊണ്ട് മാത്രമെ ഹൃദയങ്ങള്‍ ശാന്തമാകൂ) എന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. ശാന്തിയുടെ ഗേഹങ്ങളായിരിക്കണം നമ്മുടെ വീടുകള്‍. ലോക്ഡൗണ്‍ കാലത്ത് കുടുംബങ്ങളില്‍ അശാന്തിയും അസമാധാനവും പടരുന്നുവെന്ന ഒരു റിപ്പോര്‍ട്ട് ഈയിടെ ചില മാധ്യമങ്ങള്‍ പുറത്തുവിടുകയുണ്ടായി. ഭാര്യയും ഭര്‍ത്താവും മക്കളും ഒരുമിച്ച് വീടുകളില്‍ എല്ലാ സമയവും ജീവിച്ചു തുടങ്ങിയപ്പോള്‍ വീടുകള്‍ കലുഷിതമാകുന്നുവെന്നാണ് ആ റിപ്പോര്‍ട്ട് പറയുന്നത്. ഇതൊരു താക്കീതാണ്. യഥാര്‍ഥ വിശ്വാസികളുടെ വീട് ഇതിന്റെ നേര്‍വിപരീതമാവണം. വീടിന്റെയും കുടുംബത്തിന്റെയും മഹത്ത്വമെന്തെന്നു തിരിച്ചറിയാനുള്ള ഒരു സന്ദര്‍ഭമായി ലോക്ഡൗണ്‍ കാലത്തെ കാണാന്‍ അല്ലാഹു നമുക്ക് അവസരം ഒരുക്കിയിരിക്കുകയാണ്. റമദാന്‍ അല്ലാഹുവെ ധാരാളം അനുസ്മരിക്കാനുള്ള സന്ദര്‍ഭമാണല്ലോ. വീടുകളില്‍ ദമ്പതികളും കുട്ടികളും പേരക്കിടാങ്ങളുമെല്ലാം ഒരുമിച്ചിരുന്നു അല്ലാഹുവിനെ ധാരാളമായി അനുസ്മരിക്കുന്ന വേളകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ കലുഷിതമായ കുടുംബാന്തരീക്ഷം സ്വച്ഛവും ശീതളവുമായ അവസ്ഥയിലേക്ക് പരിവര്‍ത്തിക്കപ്പെടും.

ക്വുര്‍ആന്‍ അവതീര്‍ണമായ മാസമാണ് റമദാന്‍. റമദാന്‍ പ്രധാനമായും ബന്ധപ്പെട്ടു നില്‍ക്കുന്നത് ക്വുര്‍ആനുമായാണ്. ക്വുര്‍ആന്‍ പാരായണം ചെയ്യുകയും മനഃപാഠമാക്കുകയും ചെയ്യുകയെന്നത് റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ വലിയ ഊന്നല്‍ നല്‍കുന്ന സല്‍കര്‍മമാണ്. എന്നാല്‍ ക്വുര്‍ആന്‍ പഠനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിലെ ആശയങ്ങള്‍ അറിയുക എന്നതാണ്. പത്തറുപത് വര്‍ഷം ജീവിച്ചിട്ടും ഓരോ റമദാനിലും ക്വുര്‍ആനിന്റെ 'ഖത്തം പൂര്‍ത്തിയാക്കിയിട്ടും' ക്വുര്‍ആനിലെ ആയത്തുകളില്‍ അടങ്ങിയ ആശയങ്ങള്‍ ഒരാള്‍ മനസ്സിലാക്കിയിട്ടില്ലെങ്കില്‍ അതിനര്‍ഥം ക്വുര്‍ആനിന്റെ ലക്ഷ്യം മനസ്സിലാക്കാതെയുള്ള പാരായണമാണ് അയാള്‍ നിര്‍വഹിക്കുന്നത് എന്നാണ്. റമദാനില്‍ വീടുകളില്‍ കഴിയുമ്പോള്‍ കുടുംബസമേതം ക്വുര്‍ആന്‍ പഠിക്കാനുള്ള അവസരങ്ങള്‍ ധാരാളമാണ്. അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് കുടുംബനാഥന്‍ ചെയ്യേണ്ടത്. റമദാനിലും സോഷ്യല്‍ മീഡിയ സമ്മാനിക്കുന്ന ഒട്ടനവധി പ്രസംഗങ്ങളും ക്ലിപ്പുകളുമായി സമയം തള്ളിനീക്കുകയാണെങ്കില്‍ ശരിയായ ക്വുര്‍ആന്‍ പഠനം നമ്മുടെ വീടുകളില്‍ നടക്കില്ല. മുസ്ഹഫ് തുറന്നുവെച്ച് ഓരോ ആയത്തും പാരായണം ചെയ്ത്, അമാനി മൗലവിയുടെ തഫ്‌സീര്‍ ഉപയോഗപ്പെടുത്തി, എല്ലാ കുടുംബാംഗങ്ങളെയും കൂടെയിരുത്തി ഗഹനമായി പഠിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തിയാല്‍ ക്വുര്‍ആനിന്റെ മാസമായ റമദാന്‍ ധന്യമായി.

റമദാനില്‍ വിശ്വാസികള്‍ വീഴ്ചകൂടാതെ നിര്‍വഹിച്ചുപോരുന്ന ആരാധനയാണ് തറാവീഹ് നമസ്‌കാരം. നിര്‍ബന്ധ നമസ്‌കാരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാതെ തറാവീഹിനു വേണ്ടി പള്ളികളിലേക്ക് ഓടിവരുന്ന ആളുകളുണ്ട്. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ കൃത്യമായി ജമാഅത്തായി നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തി തറാവീഹിനു വേണ്ടി ഒരുങ്ങുന്നതില്‍ യാതൊരു അര്‍ഥവുമില്ല. ഇത്തവണ വീടുകളിലാണ് നാം നമസ്‌കാരം നിര്‍വഹിക്കുന്നത്. ഓരോ വഖ്തിലും അതീവ സൂക്ഷ്മതയോടെ ഫജ്ര്‍, ദ്വുഹ്ര്‍, അസ്വ്ര്‍, മഗ്‌രിബ്, ഇശാഅ് എന്നീ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ വീടുകളില്‍ ജമാഅത്തായി നിര്‍വഹിക്കുക. പുരുഷന്മാരില്‍ ക്വുര്‍ആന്‍ കൂടുതല്‍ അറിയുന്നവര്‍ ഇമാമായി നില്‍ക്കുക. ഓരോ ജമാഅത്തിനും കൃത്യമായ സമയം വീടുകളിലാണെങ്കിലും നിശ്ചയിക്കുക. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് ബാങ്ക് വിളിക്കുകയും റവാതിബ് സുന്നത്തുകള്‍ നമസ്‌കരിച്ചു ഇക്വാമത്ത് കൊടുത്ത് ജമാഅത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുക. ജമാഅത്തിന് ശേഷമുള്ള റാവാതിബുകളും പാലിച്ചു പോരുക. തറാവീഹ് നമസ്‌കാരം സ്വാഭാവികമായും ദീര്‍ഘിച്ചു നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരമായതിനാല്‍ ഓരോ ദിവസവും നമസ്‌കാരത്തില്‍ പാരായണം ചെയ്യേണ്ട ഭാഗങ്ങള്‍ പകല്‍ സമയം പരിശോധിക്കുകയും തെറ്റുകള്‍ തിരുത്തി അവലോകനം ചെയ്തു രാത്രിയിലേക്ക് തയ്യാറാവുകയുമാണ് വേണ്ടത്. ക്വുര്‍ആന്‍ മനഃപാഠമാക്കി അതില്‍ നിന്നും എളുപ്പമായതാണ് തറാവീഹ് നമസ്‌കാരങ്ങളില്‍ പാരായണം ചെയ്യേണ്ടത്. ക്വുര്‍ആന്‍ ഒട്ടും മനഃപാഠമില്ലാത്തവര്‍ക്ക് മുസ്ഹഫ് നോക്കി ഓതുന്നതിന് വിരോധമില്ല എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. പാരായണത്തില്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍ പിറകില്‍ നമസ്‌കരിക്കുന്നവര്‍ തിരുത്തിക്കൊടുക്കുക. അന്യപുരുഷന്മാര്‍ ഇല്ലെങ്കില്‍ സ്ത്രീകള്‍ക്കും അബദ്ധങ്ങള്‍ പറഞ്ഞുകൊടുക്കാവുന്നതാണ്. ഓരോ ദിവസവും പാരായണം ചെയ്യുന്ന ഭാഗം ഇമാം നില്‍ക്കുന്ന ആളും മറ്റുള്ളവരും ഒരുപോലെ പകല്‍ സമയത്ത് പഠിക്കുകയാണെങ്കില്‍ രാത്രി നമസ്‌കാര വേളകളില്‍ അത് ഉപകാരപ്പെടും. പതിനൊന്ന് റക്അത്ത് ആണ് തറാവീഹ് നമസ്‌കാരം. അത് ഓരോരുത്തരുടെ അവസ്ഥക്കനുസരിച്ച് ഇടവേളകള്‍ നിശ്ചയിച്ച് നിര്‍വഹിക്കുന്നതാണ് ഉചിതം.

റമദാന്‍ ആത്മീയ വിഭവങ്ങള്‍ കൂടുതല്‍ കരഗതമാക്കേണ്ട മാസമാണ്. അതിനര്‍ഥം ഭൗതിക വിഭവങ്ങള്‍ തീരെ വേണ്ട എന്നല്ല. പൊതുവില്‍ റമദാന്‍ മാസം ആഗതമായാല്‍ വിവിധതരം ഭക്ഷണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും പരസ്യങ്ങളും സജീവമാകാറുണ്ട്. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് രാത്രി മുഴുവന്‍ അമിതഭോജനം നടത്തുകയാണ് പലരുടെയും പതിവ്. ഇത് റമദാനിന്റെ സന്ദേശത്തിന് കടകവിരുദ്ധമാണ്. റമദാനിനെ അപമാനിക്കുന്നതിന് തുല്യമാണത്. റമദാനില്‍ അടുക്കളയുടെ ചുവരുകള്‍ക്കുള്ളില്‍ സ്ത്രീസമൂഹം തളിച്ചിടപ്പെടാന്‍ പാടില്ല. വീട്ടിലെ ഓരോ അംഗവും അവരവരുടെ കഴിവനുസിച്ച് വിശപ്പ് മാറാന്‍ പര്യാപ്തമായ ലളിതമായ ഭക്ഷണങ്ങള്‍ ഉണ്ടാക്കി പരസ്പരം സഹകരിക്കുകയാണ് വേണ്ടത്. നോമ്പ് തുറക്കാനും അത്താഴത്തിനുമുള്ള ഭക്ഷണം ലളിതമാക്കുമ്പോള്‍ മാത്രമെ ക്വുര്‍ആന്‍ പഠിപ്പിച്ച, പ്രവാചകന്‍ ﷺ  മാതൃകയാക്കിത്തന്ന ശരിയായ ഭക്ഷണ രീതിയുടെ വക്താക്കളായി നാം മാറുകയുള്ളൂ. ഭക്ഷണവും വെള്ളവും തുല്യമാക്കുകയും വയറിന്റെ മൂന്നിലൊന്ന് ഒഴിച്ചിടുകയും ചെയ്യുക എന്നത് ഇഫ്താര്‍ വേളകളിലും അത്താഴ സമയങ്ങളിലും നിര്‍ബന്ധമാണ്. ഇഫ്താറും അത്താഴവും കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നു നിര്‍വഹിക്കണം. ഓരോരുത്തരുടെ സൗകര്യമനുസരിച്ചല്ല, ഒരുമിച്ചിരുന്നു കഴിക്കുകയാണ് ഇസ്‌ലാം പഠിപ്പിക്കുന്ന ശീലം.

റമദാനില്‍ കണ്ടുവരുന്ന മറ്റൊരു ദുഃശീലമാണ് അമിതമായ പകലുറക്കം. പകല്‍ മുഴുവന്‍ കിടന്നുറങ്ങുകയും രാത്രി മുഴുവന്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ ഏറെയാണ്. ഒരു മനുഷ്യന്‍ ആവശ്യത്തിന് ഉറങ്ങണം. രാത്രികാലങ്ങളില്‍ മുഴുവന്‍ ഉറക്കമുപേക്ഷിച്ച് ആരാധനകള്‍ നിര്‍വഹിക്കുന്നത് പോലും റസൂല്‍ ﷺ  എതിര്‍ക്കുകയാണുണ്ടായത്. അപ്പോള്‍ പിന്നെ രാത്രികാല വിനോദങ്ങളെക്കുറിച്ച് പറയാനുണ്ടോ! സ്മാര്‍ട്ട് ഫോണുകളാണ് ഇന്ന് മിക്കവരുടെയും ഉറക്കം കെടുത്തുന്നത്. നല്ല നല്ല ഇസ്‌ലാമിക പ്രോഗ്രാമുകള്‍ കേള്‍ക്കുക എന്ന രൂപത്തിലായിരിക്കും പലരും റമദാനില്‍ മൊബൈലുകളിലേക്ക് പ്രവേശിക്കുന്നത്. ചിലര്‍ക്ക് അതും ഒരു വിനോദമാണ്. വാട്‌സാപ്പിലും ടെലഗ്രാമിലും ഫെയ്‌സ് ബുക്കിലുമുള്ള നൂറു നൂറായിരം ഗ്രൂപ്പുകളില്‍ വരുന്ന സന്ദേശങ്ങളും നോക്കി സമയം കളയുന്നതിലൂടെ നഷ്ടമാകുന്നത് റമദാനിന്റെ ചൈതന്യമാണ് എന്ന് പലരും ഓര്‍ക്കാറില്ല. ഇങ്ങനെ സമയം കളഞ്ഞ് നമസ്‌കാര സമയമാകുമ്പോള്‍ പലരിലും അലസതയും മടിയും പിടികൂടി കഴിഞ്ഞിട്ടുണ്ടാകും. അതോടെ അവരുടെ നമസ്‌കാരം ചടങ്ങായി ചുരുങ്ങുകയും ചെയ്യും. പിശാച് ഒരുക്കുന്ന കെണികളെ നാം ശ്രദ്ധിച്ചില്ലെങ്കില്‍ നമുക്കാണ് നഷ്ടം സംഭവിക്കുക എന്ന് ഓര്‍ത്തുവയ്ക്കുക.

ആത്മനിയന്ത്രണമാണ് റമദാനില്‍ നാം ശീലിക്കേണ്ട നല്ല ഗുണം. മനസ്സിനോടൊപ്പം ശരീരത്തിലെ ഓരോ അവയവങ്ങളെയും നിയന്ത്രിച്ചു നിര്‍ത്തുകയാണ് വിശ്വാസി ചെയ്യേണ്ടത്. ഏറ്റവും വിശിഷ്ടമായ സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനാണ് റസൂല്‍  ﷺ  നിയോഗിക്കപ്പെട്ടത്. നാവിലൂടെ സംഭവിക്കുന്ന അബദ്ധങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നോമ്പുകാരന് സാധിക്കണം. എപ്പോഴും വീടുകളില്‍ കഴിയുമ്പോള്‍ പകല്‍ സമയങ്ങളിലെ മാനസികവും ശാരീരികവുമായ വൈകാരിക ക്ഷോഭങ്ങളെ വിശ്വാസി അടക്കി നിര്‍ത്തേണ്ടതുണ്ട്. നോമ്പ് ദുര്‍ബലായിപ്പോകുന്ന അവസ്ഥയിലേക്ക് നമ്മുടെ വികാരങ്ങള്‍ വഴുതിപ്പോവാതെ നോക്കണം.

റമദാന്‍ ദാനധര്‍മ്മങ്ങളുടെ മാസമാണ്. കോവിഡ് കാലമായതിനാല്‍ നമുക്കുചുറ്റും ജോലിയും വരുമാനവുമില്ലാത്തവരുടെ എണ്ണം വളരെ കൂടിക്കൊണ്ടിരിക്കുകയാണ്. സാമൂഹിക അകലം കാരണം പലരുടെയും പ്രശ്ങ്ങളെക്കുറിച്ച് നേരിട്ടറിയാന്‍ സാധിക്കുന്നില്ല. ഏതൊക്കെ വീടുകളില്‍ പുക ഉയരുന്നില്ലെന്നു പോലും അറിയാന്‍ സാധിക്കാത്തവിധം നാം സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിലാണ്. ടെലിഫോണിലൂടെയും മറ്റു മാര്‍ഗങ്ങളുപയോഗിച്ചും മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ ശ്രമിക്കുകയും അവരുടെ പ്രയാസങ്ങള്‍ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുക. ബന്ധങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ മാത്രം പോരാ. ഓരോരുത്തരെ കുറിച്ചും അന്വേഷിച്ച് അവര്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കല്‍ ഒരു വിശ്വാസിയുടെ കടമയാണ്. സഹായ പദ്ധതികള്‍ രൂപീകരിച്ച് സന്നദ്ധ ഭടന്മാരായി ചിലരെങ്കിലും രംഗത്തിറങ്ങി നിയമങ്ങള്‍ പാലിച്ചുകൊണ്ട് സേവനങ്ങള്‍ ചെയ്യല്‍ അനിവാര്യമാണ്. അധികാരികള്‍ നിയമങ്ങളുടെ അക്ഷരവായന അവസാനിപ്പിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയാണ് വേണ്ടത്. പ്രാദേശികമായി വെല്‍ഫെയര്‍ ഫണ്ടുകള്‍ രൂപീകരിച്ചും മറ്റുള്ള സംഘടനകളുമായി സഹകരിച്ചും ലോക്ഡൗണ്‍ കാലത്തെ പ്രയാസങ്ങള്‍ നീക്കിക്കൊടുക്കാന്‍ മുമ്പോട്ടുവരേണ്ടതുണ്ട്. ഫിത്ര്‍ സകാത്തും ഇതേ രൂപത്തില്‍ നിര്‍വഹിക്കാന്‍ നമുക്ക് സാധിക്കും.

ലോക്ഡൗണ്‍ അല്ലാഹുവിന്റെ പരീക്ഷണമാണ്. പരീക്ഷണങ്ങളെ ക്ഷമയോടെ അവലംബിച്ച് നമുക്കനുകൂലമാക്കാന്‍ സാധിച്ചാല്‍ നാം വിജയിച്ചു. നബി ﷺ  പറഞ്ഞു: 'വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെയാണ്. ദുരിതം ബാധിച്ചാല്‍ അവന്‍ ക്ഷമിക്കും; അതവന് നന്മയാണ്. സന്തോഷകരമായ കാര്യം വന്നെത്തിയാല്‍ അവന്‍ നന്ദി കാണിക്കും. അതും അവന് നന്മയാണ്.'

പള്ളികളിലേക്ക് പോകാന്‍ സാധിക്കാത്ത വിധം റമദാന്‍ മാസത്തില്‍ നാം പരീക്ഷിക്കപ്പെടുമ്പോള്‍ കൃത്യമായ ജമാഅത്തുകള്‍ വീടുകളില്‍ നിര്‍വഹിച്ചും ക്വുര്‍ആന്‍ പഠനങ്ങളുമായി ബന്ധപ്പെട്ടും കുടുംബാംഗങ്ങള്‍ക്ക് സേവനം ചെയ്തും രാത്രി നമസ്‌കാരം നിര്‍വഹിച്ചും സോഷ്യല്‍ മീഡിയകളില്‍ നിന്നും അകന്നുനിന്നും നമുക്ക് ലഭ്യമാകുന്ന സമയങ്ങളെ അല്ലാഹുവിന് ഇഷ്ടമുള്ളതാക്കി മാറ്റാന്‍ നാം ശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.