എന്തുകൊണ്ട് മധ്യകാല ഇന്ത്യാചരിത്രം?

സജ്ജാദ് ബിന്‍ അബ്ദുറസാക്വ്

2020 ജനുവരി 11 1441 ജുമാദല്‍ അവ്വല്‍ 16
പ്രൗഢ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. വര്‍ഗീയതയും അസഹിഷ്ണുതയും പെരുകിയ വര്‍ത്തമാനകാല സാഹചര്യത്തില്‍ നിന്ന് രാജ്യത്തിന്റെ ഭൂതകാലത്തെ അപഗ്രഥിക്കുമ്പോള്‍ നഷ്ടബോധം തോന്നുക സ്വാഭാവികം. ചരിത്രരചയിതാക്കള്‍ ഭാരതീയ ചരിത്രത്തെ പ്രധാനമായും മൂന്നായി തരം തിരിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍വ ചരിത്രത്തെയും ആധുനിക ചരിത്രത്തെയും മഹത്ത്വവല്‍ക്കരിക്കുമ്പോള്‍ തന്നെ മധ്യകാല ചരിത്രം പലരും തമസ്‌കരിക്കുകയോ വക്രീകരിക്കുകയോ ചെയ്തതായി കാണം. എന്തുകൊണ്ട് മധ്യകാല ചരിത്രം വസ്തുനിഷ്ഠമായി ലഭ്യമാവുന്നില്ല?തുറന്ന അന്വേഷണം.

പോയകാലത്തിന്റെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ് 'ചരിത്രം' എന്ന മലയാള വാക്ക് കൊണ്ട് അര്‍ഥമാക്കുന്നത്. History എന്ന ഇംഗ്ലീഷ് വാക്കിന്റെ മലയാളമാണല്ലോ ചരിത്രം. ഒരുവന്റെ അന്വേഷണ പരീക്ഷണങ്ങളുടെ രേഖപ്പെടുത്തല്‍ എന്നര്‍ഥം വരുന്ന ഹിസ്‌റ്റോറിയാ (Historia) എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഹിസ്റ്ററി എന്ന ഇംഗ്ലീഷ് പ്രയോഗം കടന്ന് വന്നത്.

പഠന സൗകര്യത്തിനായി സാധാരണ ഏതൊരു ചരിത്രത്തെയും വ്യത്യസ്ത ഭാഗങ്ങളാക്കി വേര്‍തിരിക്കാറുണ്ട്. ഇന്ത്യാ ചരിത്രത്തെയും ഇത്‌പോലെ മൂന്ന് ഭാഗങ്ങളാക്കി വേര്‍തിരിച്ചിട്ടുണ്ട്; പൗരാണികം (Ancient), മധ്യകാലം (Mideaval), ആധുനികം (Modern) എന്നിങ്ങനെ.

എന്നാല്‍ ഈ വിഭജനത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ ചരിത്രത്തെ മൂന്ന് ഭാഗങ്ങളായി  'സംസ്‌കാര'ങ്ങളുടെ പേരില്‍ ചിലര്‍ വേര്‍തിരിച്ചിട്ടുണ്ട്. പൗരാണിക ഇന്ത്യയെ 'ഹിന്ദുസംസ്‌കാരം' (Hindu Civilization) എന്നും മധ്യകാല ഇന്ത്യയെ 'മുസ്‌ലിം സംസ്‌കാരം' (Muslim Civilization) എന്നും ആധുനിക ഇന്ത്യയെ 'ബ്രിട്ടീഷ് സംസ്‌കാരം' (British Civilization) എന്നും അവര്‍ വേര്‍തിരിച്ചു. പ്രയോജനാവാദിയായ ജയിംസ് മില്‍ ആണ് ഇത്തരത്തില്‍ വര്‍ഗീയമായി ഇന്ത്യാ ചരിത്രത്തെ വേര്‍തിരിച്ചത്. അദ്ദേഹത്തിന്റെ 'ദ ഹിസ്റ്ററി ഓഫ് ബ്രിട്ടീഷ് ഇന്ത്യ' എന്ന പുസ്തകമാണ് അറിയപ്പെട്ട, ആദ്യത്തെ ഇന്ത്യാ ചരിത്രം വിശദീകരിക്കുന്ന പുസ്തകം എന്നത് കൂടി നമ്മള്‍ കൂട്ടിവായിക്കുക.

ഇന്ത്യാ ഉപഭൂഖണ്ഡത്തെ മൊത്തത്തില്‍ നിരീക്ഷിക്കുന്ന ഒരു മതേതര ചരിത്രകാരന് ഇത്തരത്തിലൊരു വിഭജനം ഉള്‍ക്കൊള്ളാന്‍ തന്നെ കഴിയില്ല എന്നാണ് അറിയപ്പെടുന്ന ചരിത്ര വിചക്ഷണയായ റോമില ഥാപ്പര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

ഇന്ത്യാ ചരിത്രത്തില്‍ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടത് മധ്യകാല ഇന്ത്യാചരിത്രമാണ്. അതിന് കാരണമുണ്ട്; മധ്യകാല ഇന്ത്യാചരിത്രം മുസ്‌ലിം ഭരണം നിലനിന്നിരുന്ന കാലഘട്ടമായിരുന്നു!  

ഉപയോഗതാ ചരിത്ര രചനാ ശൈലി

മുസ്‌ലിംകള്‍ ഇന്ത്യ ഭരിച്ച കാലത്ത് ക്ഷേത്ര ധ്വംസനങ്ങളും നിര്‍ബന്ധ മതപരിവര്‍ത്തനവും നിലനിന്നിരുന്നു എന്ന കള്ളക്കഥകള്‍ പ്രചരിപ്പിച്ച്, ബ്രിട്ടീഷുകാരന്റെ പഴകിപ്പുളിച്ച ഉപയോഗതാ ചരിത്ര രചനാ ശൈലി കടമെടുത്ത് മധ്യകാല ഇന്ത്യാചരിത്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ചിലര്‍ ശ്രമിക്കാറുണ്ട്.

മുസ്‌ലിം രാജാക്കന്മാരായിരുന്ന ഔറംഗസീബും ടിപ്പു സുല്‍ത്താനുമെല്ലാം ക്ഷേത്ര ധ്വംസകരും നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരുമായിരുന്നു എന്ന കള്ളം പടച്ചുവിട്ട് ചരിത്രത്തെ വക്രീകരിച്ച് തന്നിഷ്ടങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ഗൂഢശ്രമമാണിവര്‍ നടത്തുന്നത്. യഥാര്‍ഥത്തില്‍ അവര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നവരാണ്. ക്ഷേത്ര ധ്വംസനത്തിന്റെ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കഥകള്‍ പ്രചരിപ്പിക്കുന്ന ഇവര്‍ ക്ഷേത്രങ്ങള്‍ക്ക് ഭൂസ്വത്തുക്കളും ജാഗീറും നല്‍കിയ ഔറംഗസീബിനെയും ടിപ്പു സുല്‍ത്താനെയും തമസ്‌കരിക്കുകയാണ് ചെയ്യുന്നത്.

ടിപ്പുവും ഔറംഗസീബുമെല്ലാം ക്ഷേത്ര ധ്വംസകരായിരുന്നു എന്ന് പാഠപുസ്തകങ്ങളിലൂടെ പോലും പരിചയപ്പെടുത്തുക. അതിലൂടെ അവര്‍ക്ക് വലിയൊരു ലക്ഷ്യമുണ്ട്. ഈ വികല ചരിത്രം പഠിക്കുന്ന ഒരു വിദ്യാര്‍ഥി സ്വാഭാവികമായും ചിന്തിക്കും; മുസ്‌ലിം ഭരണം ഇന്ത്യയില്‍ നിലനിന്നിരുന്ന കാലത്ത് ഇതായിരുന്നു അവസ്ഥയെങ്കില്‍ ഒരു മുസ്‌ലിം ഇനിയും അധികാര പദവിയില്‍ എത്തിക്കഴിഞ്ഞാല്‍ ഇത് തന്നെയായിരിക്കും ആധുനിക ഇന്ത്യയിലും സംഭവിക്കുക എന്ന്. ഉപയോഗത ചരിത്ര രചനാ ശൈലിയുടെ ഒരു ഉദാഹരണം മാത്രമാണിത്.

വ്യക്തിജീവിതത്തില്‍ പരമാവധി സൂക്ഷ്മത പാലിച്ച് ജീവിച്ച, പൊതുമുതലില്‍ നിന്ന് പണം അപഹരിക്കാതെ, രാജ്യത്തിന്റെ സ്വത്ത് കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് തീറെഴുതിക്കൊടുക്കാതെ, രാജ്യത്തിന് വന്‍കിടക്കാരില്‍നിന്ന് കിട്ടാനുള്ള പണം എഴുതിത്തള്ളാതെ, ഭരണത്തിലിരിക്കുമ്പോഴും തൊപ്പി തുന്നിയും ക്വുര്‍ആന്‍ പകര്‍ത്തി എഴുതിയും ലളിതജീവിതം നയിച്ച ഔറംഗസീബിന്റെ സുന്ദരമായ ജീവിതം സുന്ദരമായ ശൈലിയില്‍ ആലേഖനം ചെയ്ത് അവസാനം അദ്ദേഹത്തെ ക്ഷേത്ര ധ്വംസകനും നിര്‍ബന്ധ മതപരിവര്‍ത്തകനും കൂടി ആക്കിയിട്ട് പാഠം അവസാനിപ്പിക്കും.

അതോട് കൂടി ഈ ചരിത്രം പഠിക്കുന്ന ഒരു വിദ്യാര്‍ഥി തന്റെ മനസ്സില്‍ കൊത്തിവയ്ക്കും; മതബോധത്തോട് കൂടി ജീവിക്കുന്ന ഏതൊരു മുസ്‌ലിമിന്റെയും അവസ്ഥ ഇതു തന്നെ എന്ന്! അവരൊക്കെ ക്ഷേത്ര ധ്വംസനം പോലുള്ള കാര്യങ്ങള്‍ ലക്ഷ്യം വെക്കുന്നവരും അന്യമതക്കാരോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവരുമായിരിക്കും എന്ന്!

ഒരു ചരിത്ര വിദ്യാര്‍ഥിയുടെ മനസ്സില്‍ അത്തരത്തിലുള്ള ചിന്തകള്‍ അങ്കുരിക്കുന്നിടത്ത് 'ഉപയോഗത ചരിത്ര രചനാ ശൈലി' വിജയിച്ചു തുടങ്ങുന്നു.

 

ഔറംഗസീബ് ക്ഷേത്ര ധ്വംസകനോ?

തങ്ങളുടെ സാമ്രാജ്യത്തിന്റെ വികസനത്തിന്റെ ഭാഗമായി ഒരു പക്ഷേ, രാജാക്കന്മാര്‍ക്ക് ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നിരിക്കും. സാമ്രാജ്യത്തിന്റെ വികസനത്തിനായി ക്ഷേത്രങ്ങള്‍ നശിപ്പിച്ച ഹിന്ദു രാജാവായിരുന്നു ഹര്‍ഷവര്‍ധനന്‍. ക്ഷേത്രങ്ങള്‍ നശിപ്പിച്ച് ഭരണം സ്ഥാപിച്ച ആളായിരുന്നു ഔറംഗസീബ് എന്ന് തെറ്റിദ്ധരിപ്പിക്കുന്നവര്‍ അതിന് ആധികാരികമായ തെളിവുകളൊന്നും ഹാജറാക്കുന്നില്ല. ഔറംഗസീബിനെ ക്ഷേത്ര ധ്വംസകനാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അല്ലാമാ ശിബിലി നല്‍കിയ മറുപടി ഇ. മൊയ്തു മൗലവി അദ്ദേഹത്തിന്റെ ഔറംഗസീബ് എന്ന പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്. ആ ഭാഗം കാണുക:

''25 വര്‍ഷം ആലംഗീര്‍ ചക്രവര്‍ത്തി ഡെക്കാന്‍ മണ്ണില്‍ താമസിക്കുകയുണ്ടായി. നൂറുകണക്കിനായ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ഉള്‍കൊള്ളുന്ന പ്രദേശമാണ് ഡെക്കാന്‍. അവിടെയുള്ള ഒരൊറ്റ ക്ഷേത്രം പോലും ഔറംഗസീബ് തകര്‍ത്തതായി തെളിവില്ല. ആള്‍വാറില്‍ നിന്ന് രണ്ട് മൈല്‍ അകലെയുള്ള ഒരു സ്ഥലത്താണ് ഔറംഗസീബ് കബറടക്കപ്പെട്ടത്.അവിടെ വേറെയും മുസ്‌ലിം രാജാക്കന്മാരുടെ കബറിടങ്ങളുണ്ട്. ആള്‍വാറില്‍ അറിയപ്പെടുന്ന ഒരു ക്ഷേത്രവും അതില്‍ ഒരുപാട് വിഗ്രഹങ്ങളുമുണ്ട് . അവയെല്ലാം ഇന്നും അവിടെതന്നെയുണ്ട്. ഒന്നും നശിപ്പിക്കപ്പെട്ടിട്ടില്ല...''(ഔറംഗസീബ്: ഇ.മൊയ്തു മൗലവി, പേജ് 126,127).

ജിസ്‌യ

നേരത്തെ നാം സൂചിപ്പിച്ച പോലെ, ഇന്ത്യാ ചരിത്രത്തില്‍ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടത് മധ്യകാല ഇന്ത്യാ ചരിത്രമാണ്. അതില്‍ തന്നെ ഏറെ തെറ്റിദ്ധാരണകള്‍ക്ക് വിധേയരായ മുസ്‌ലിം ഭരണാധികാരികളാണ് ഔറംഗസീബ്, ടിപ്പു സുല്‍ത്താന്‍ തുടങ്ങിയവര്‍. ഇവരോട് വിദ്വേഷം വെച്ച് പുലര്‍ത്താന്‍ മാത്രം ഇത്തരക്കാര്‍ക്ക് ചില കാരണങ്ങളുമുണ്ട്; അവയെല്ലാം വിശദമായി ചര്‍ച്ച ചെയ്യേണ്ട മറ്റൊരു മേഖലയാണ്. അതിന് ഇവിടെ മുതിരുന്നില്ല.

ഇസ്‌ലാമിന്റെ ശത്രുക്കള്‍ പലപ്പോഴും ഇസ്‌ലാം വിമര്‍ശനത്തിനായി എടുത്തുദ്ധരിക്കാറുള്ള ഒന്നാണ് ജിസ്‌യയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍.

ഇസ്‌ലാമിലെ ചില സാങ്കേതിക പ്രയോഗങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിക്കുന്ന പോലെത്തന്നെ വിമര്‍ശകര്‍ ഉപയോഗിച്ച് നോക്കാറുള്ള ഒരു അറബി സാങ്കേതിക പദമാണ് 'ജിസ്‌യ' എന്നതും.

എന്താണ് ജിസ്‌യ എന്നും എന്തല്ല ജിസ്‌യ എന്നും വിശദീകരിക്കേണ്ടതുണ്ട്. പാഠപുസ്തകങ്ങളില്‍ പോലും ജിസ്‌യ പരിചയപ്പെടുത്തപ്പെട്ടിട്ടുള്ളത് ശരിയായ രീതിയിലല്ല. ഒരു ഉദാഹരണം കാണുക:

''മുസ്‌ലിം രാജാക്കന്മാര്‍ ഇന്ത്യ ഭരിച്ചപ്പോള്‍ ഇസ്‌ലാം സ്വീകരിച്ചിട്ടില്ലാത്ത ഇവിടുത്തെ അമുസ്‌ലിംകളില്‍ നിന്ന് അവര്‍ തലവരി വസൂലാക്കി.''

ഇത് വായിക്കുന്ന ആരാണ് തെറ്റിദ്ധരിക്കാതിരിക്കുക?

ഇസ്‌ലാം സ്വീകരിക്കാത്ത അമുസ്‌ലിം സഹോദരങ്ങളില്‍ നിന്ന് മുസ്‌ലിം രാജാക്കന്മാര്‍ ഈടാക്കിയിരുന്ന നികുതിയാണോ യഥാര്‍ഥത്തില്‍ ജിസ്‌യ? അല്ല, അതല്ല ജിസ്‌യ! പിന്നെ എന്താണ് ജിസ്‌യ?

ഒരു രാജ്യം ഇസ്‌ലാമിക രാജ്യമായിത്തീരുമ്പോള്‍ അവിടെ ജീവിക്കുന്ന അമുസ്‌ലിം സഹോദരങ്ങള്‍ നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് വിധേയമാക്കപ്പെടുന്ന പതിവ് ഉണ്ടായിരുന്നില്ല. ഉണ്ടെന്ന് പറയുന്നതില്‍ കഴമ്പില്ല. ഇസ്‌ലാമിക രാജ്യത്ത് ജീവിക്കുന്ന അന്യമതസ്ഥര്‍ അവിടുത്തെ മുസ്‌ലിം ഭരണകൂടത്താല്‍ സരക്ഷണം ഉറപ്പ് വരുത്തപ്പെട്ട ആളുകളായിരിക്കും. അവരാണ് ദിമ്മികള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

അവര്‍ അവരുടെ മതമനുസരിച്ച് അവിടെ ജീവിക്കുന്നു. അവരുടെ ആചാരാനുഷ്ഠാനങ്ങളും മതസ്വാതന്ത്രവുമെല്ലാം അവര്‍ക്ക് വകവെച്ച് നല്‍കുന്നു. അവയെല്ലാം സരക്ഷിക്കേണ്ട ഉത്തരാവാദിത്തംഅവിടുത്തെ മുസ്‌ലിം ഭരണകൂടത്തിനാണ്. തങ്ങളുടെ സംരക്ഷണച്ചുമതല ഏറ്റെടുത്ത ഭരണകൂടത്തിന് ദിമ്മികള്‍ നല്‍കിയിരുന്ന നികുതിയായിരുന്നു ജിസ്‌യ. സംരക്ഷണം ഉറപ്പ് നല്‍കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ വാങ്ങിച്ച ജിസ്‌യ തിരിച്ച് കൊടുത്തിരുന്നു എന്ന് പോലും ഡോ. തരാചന്ദിനെപ്പോലെയുള്ള ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്.

വൃദ്ധന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍, സന്ന്യാസിമാര്‍, വികലാംഗര്‍, പണ്ഡിതന്മാര്‍, ബുദ്ധിമാന്ദ്യം ബാധിച്ചവര്‍ തുടങ്ങിയവരെല്ലാം ജിസ്‌യയുടെ പരിധിയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടവരായിരുന്നു എന്ന വസ്തുത ബ്രിട്ടിഷുകാര്‍ പോലും സമ്മതിച്ചിരുന്നതാണ്. ഈ വിഭാഗങ്ങളെ മാറ്റിനിര്‍ത്തിയാല്‍ പിന്നെ ബാക്കിയാവുന്നത് നല്ല ആരോഗ്യമുള്ള യുവാക്കളായിരിക്കും.

ആരോഗ്യമുണ്ടായിട്ടും യുദ്ധത്തിനോ പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്കോ പോകേണ്ട ആവശ്യമില്ലാത്തവര്‍ രാജ്യത്ത് സ്വസ്ഥതയോട് ജീവിക്കുമ്പോള്‍ അവരുടെ സംരക്ഷണം പോലും നോക്കുന്നത് രാജ്യത്തെ ഭരണകൂടമാണ്. അവര്‍ ജിസ്‌യ കൊടുക്കുന്നതില്‍ എന്ത് അനീതിയാണുള്ളത്?

ഇനി ജിസ്‌യയെ ഒരു മത നികുതിയായി കണ്ടാല്‍ പോലും അതൊരിക്കലും അമുസ്‌ലിം സഹോദരങ്ങളോട് കാണിക്കുന്ന അനീതിയാകുന്നില്ല. കാരണം മുസ്‌ലിംകള്‍ അവരുടെ നിര്‍ബന്ധ ദാനമായ സകാത്തും ഐഛികദാനധര്‍മങ്ങളും നല്‍കുമ്പോള്‍ സംരക്ഷണം വാഗ്ദാനം ചെയ്യപ്പെട്ട അവിടുത്തെ അമുസ്‌ലിംകള്‍ ജിസ്‌യ നല്‍കുന്നു. അതൊരിക്കലും അവരോടുള്ള അനീതിയല്ല എന്ന് ഹെര്‍ബന്‍സ് മുഖിയ അദ്ദേഹത്തിന്റെ medival indian history and communal approach എന്ന തലക്കെട്ടില്‍ അദ്ദേഹം എഴുതിയ ഒരു ലേഖനത്തില്‍ കുറിക്കുന്നുണ്ട് (ഉദ്ധരണം: ഫാഷിസം വളരുന്ന വഴി,  എം.എം.അക്ബര്‍).

എന്ത്‌കൊണ്ട് മധ്യകാല ഇന്ത്യാ ചരിത്രം മാത്രം ഇത്രയധികം തെറ്റിദ്ധാരണകള്‍ക്ക് വിധേയമായി? ഉത്തരം വ്യക്തമാണ്! ആ കാലഘട്ടത്തിലെ ഭരണചക്രം തിരിച്ചത് മുസ്‌ലിം ഭരണാധികാരികളാണ് എന്നത്‌കൊണ്ട് തന്നെ.

എന്നാല്‍ മുന്‍വിധികളില്ലാതെ ചരിത്രത്തെ വായിക്കുന്ന ആര്‍ക്കും അവ്യക്തത കാണാന്‍ കഴിയില്ല. കാരണം ആധികാരികമായ രൂപത്തില്‍ ഈ പറയപ്പെട്ട കാര്യങ്ങളെല്ലാം ചരിത്രത്തില്‍ കൊത്തിവെക്കപ്പെട്ടിട്ടുണ്ട്. മുസ്‌ലിം ഭരണം ഇവിടെ നിലനിന്നിരുന്ന കാലത്ത് വിമര്‍ശകര്‍ പറയുന്ന പോലെ നിര്‍ബന്ധ മതപരിവര്‍ത്തനങ്ങളോ ക്ഷേത്ര ധ്വംസനങ്ങളോ പീഡനങ്ങളോ ഒന്നും നടന്നിട്ടില്ല. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി, ഷോവനിസ്റ്റുകളുടെ കൂലിയെഴുത്തുകാരായ ചില ചരിത്രകാരന്മാരല്ലാതെ സത്യസന്ധരായ മതേതര ചരിത്രകാരന്മാരില്‍ ഒരാളും ഇത്തരത്തില്‍ കാര്യങ്ങളെ വളച്ചൊടിച്ചതായി കാണാന്‍ സാധ്യമല്ല.

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക, അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 5:8).