ഗുരുജി ഗോള്‍വാള്‍ക്കറുടെ നാമകരണത്തിലെ മതവും രാഷ്ട്രീയവും

ഉസ്മാന്‍ പാലക്കാഴി

2020 ഡിസംബര്‍ 12 1442 റബീഉല്‍ ആഖിര്‍ 27
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാം കാമ്പസിന് എം.എസ് ഗോള്‍വാള്‍ക്കറുടെ പേരു നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ആരായിരുന്നു ഗോള്‍വാള്‍ക്കര്‍? അദ്ദേഹത്തിന്റെ പേര് കാമ്പസിനു നല്‍കുന്നതിലെ അനൗചിത്യമെന്ത്? ഒരു വിശകലനം.

തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ കാമ്പസിന് ആര്‍എസ്എസ് സര്‍സംഘ്ചാലക് ആയിരുന്ന എംഎസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വിവാദമായിരിക്കുകയാണല്ലോ.

ഹിന്ദു ബനാറസ് സര്‍വകലാശാലയില്‍ സുവോളജി അധ്യാപകനായിരുന്ന ഗോള്‍വാള്‍ക്കറുടെ പേരു നല്‍കരുത് എന്നു പറയുന്നത് എന്ത് അയോഗ്യതയുടെ അടിസ്ഥാനത്തിലാണ് എന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ ചോദിച്ചതായി 7-12-2020ലെ പത്രങ്ങളില്‍ കാണാനിടയായി. നെഹ്‌റു ഏതു വള്ളം തുഴഞ്ഞിട്ടാണ് ആലപ്പുഴയിലെ വള്ളംകളിക്കു നെഹ്‌റു ട്രോഫി വള്ളംകളി എന്നു പേരിട്ടത് എന്ന 'വായടപ്പന്‍' ചോദ്യവും അദ്ദേഹം ചോദിക്കുന്നുണ്ട്!

ഒരു സ്ഥാപനത്തിന് പേരു നല്‍കുന്നത് അത് ഏതുതരം സ്ഥാപനമാണോ അതുമായി ബന്ധപ്പെട്ട മഹാന്റെതായിരിക്കുന്നത് ഉചിതമാണന്നതില്‍ സംശയമില്ല. എന്നാല്‍ രാഷ്ട്രശില്‍പികളും സ്വാതന്ത്ര്യസമരനേതാക്കളും പോലുള്ളവരുടെ പേര് ഏതുതരം സ്ഥാപനത്തിനും നല്‍കുന്നതില്‍ അപാകതയൊന്നുമില്ല. അത് അവര്‍ രാജ്യത്തിനു നല്‍കിയ സേവനങ്ങളുടെയും സംഭാവനകളുടെയും അടിസ്ഥാനത്തിലും അവരെ സ്മരിക്കുന്നതിനുകൂടിയുമാണ്.

ആര്‍എസ്എസ്സോ ബിജെപിയോ സ്വന്തം സംഘടനയുടെ ചെലവില്‍ തുടങ്ങുന്ന ഒരു സ്ഥാപനത്തിന് സവര്‍ക്കറുടെയോ ഗോള്‍വാള്‍ക്കറുടെയോ പേരിടുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകാന്‍ തരമില്ല; ഒരുപക്ഷേ, അവര്‍ക്കിടയിലേ അതില്‍ വല്ല തര്‍ക്കവും ഉണ്ടാകാനിടയുള്ളൂ. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിന് പേരുനല്‍കുമ്പോള്‍ അതില്‍ അല്‍പം ഔചിത്യബോധം കാണിക്കല്‍ അനിവാര്യമാണ്.

ഗോള്‍വാള്‍ക്കര്‍ സുവോളജി അധ്യാകപനായിരുന്നു എന്നതാണ് മന്ത്രി ചൂണ്ടിക്കാണിക്കുന്ന ഏക യോഗ്യത! പറയുന്നതു കേട്ടാല്‍ തോന്നും ഇന്ത്യകണ്ട ഏക സുവോളജി അധ്യാപകനാണ് ഗോള്‍വാള്‍ക്കര്‍ എന്ന്.

എന്തുകൊണ്ട് ഗോള്‍വാള്‍ക്കറുടെ പേര് പാടില്ല എന്ന മന്ത്രി മുരളീധരന്റെയും മറ്റു സംഘപരിവാറുകാരുടെയും ചോദ്യത്തിന് പറയാന്‍ നമ്മുടെ പക്കല്‍ ഉത്തരങ്ങള്‍ ഏറെയുണ്ട്.

രാജ്യത്തെ ഒരു ഉന്നത സ്ഥാപനത്തിന് ഒരു വ്യക്തിയുടെ പേരുനല്‍കുകയാണെങ്കില്‍ അത് രാജ്യത്തോടും രാജ്യത്തെ ഭരണഘടനയോടും കൂറുള്ളയാളുടെതായിരിക്കണം. സ്വാതന്ത്ര്യസമര കാലത്തുള്ള വ്യക്തിയെയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ സ്വാതന്ത്ര്യസമര രംഗത്ത് മികച്ച സംഭാവനകളര്‍പ്പിച്ചയാളായിരിക്കണം. സ്വാതന്ത്ര്യസമരത്തില്‍ യാെതാരു പങ്കും വഹിക്കാത്ത, ഭരണഘടനയെ വിമര്‍ശിച്ച, ഇന്ത്യയെ മതരാഷ്ട്രമാക്കുവാന്‍ താത്വികാടിത്തറ പാകിയ ഒരു വ്യക്തിയുടെ പേര് നല്‍കുന്നത് രാജ്യത്തോടുതന്നെ ചെയ്യുന്ന അനീതിയാണ്. അത്തരത്തിലുള്ള നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ഗോള്‍വാള്‍ക്കര്‍ എന്നതിന് തെളിവുകള്‍ എമ്പാടുമുണ്ട്.

മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി കുറുപ്പിന്റെ ഈ വരികള്‍ ശ്രദ്ധിക്കുക: ''ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മുമ്പ് തിരുവനന്തപുരം തൈക്കാട് മൈതാനിയില്‍ ആര്‍.എസ്എസിന്റെ ഒരു യോഗം നടക്കുന്നു. ഗുരുജി ഗോള്‍വാള്‍ക്കര്‍ ആണ് പ്രഭാഷകന്‍. ദേശീയ ഐക്യത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച് അദ്ദേഹം എന്ത് പറയുന്നു എന്ന് കേള്‍ക്കാന്‍ കോളേജില്‍നിന്ന് ഞാനുള്‍പ്പെടെ ഒരു ചെറിയ സംഘം തൈക്കാട്ടേക്ക് പോയി. ഗോള്‍വാക്കര്‍ അതിനിശിതമായി ഗാന്ധിജിയെ വിമര്‍ശിച്ച് സംസാരിക്കുന്നു.

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ മലയാറ്റൂരും കരുനാഗപ്പള്ളി കാര്‍ത്തികേയനും യോഗാനന്തരം ചില ചോദ്യങ്ങള്‍ ഗോള്‍വാക്കറോട് ചോദിച്ചു. ശാന്തമായി മറുപടി പറയുന്നതിന് പകരം അയാള്‍ ഞങ്ങളെ തല്ലാന്‍ മൗനാനുവാദം നല്‍കുകയാണുണ്ടായത്. യോഗത്തിലുണ്ടായിരുന്നവര്‍  ഞങ്ങളെ തല്ലാന്‍ തുടങ്ങി. ഞങ്ങളും തിരിച്ചു തല്ലി.

രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം കോളേജില്‍നിന്ന് ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് ഗാന്ധിജി വെടിയേറ്റു മരിച്ച വിവരം അറിയുന്നത്. കനത്ത ദുഃഖത്തോടെ തൈക്കാട് മൈതാനത്തിന് സമീപത്ത് കൂടെ ഞങ്ങള്‍ നടന്നുപോകുമ്പോള്‍ അതിനടുത്ത് ഒരു ആര്‍എസ്എസുകാരന്റെ വീട്ടില്‍ മധുര പലഹാരം വിതരണം ചെയ്യുന്നത് കണ്ട് അക്രമത്തിന് തുനിഞ്ഞ ഞങ്ങളെ വരദരാജന്‍ നായര്‍ സമാധാനിപ്പിച്ച് കറുത്ത ബാഡ്ജ് ധരിപ്പിച്ച് ഒരു മൗന ജാഥയാക്കി മാറ്റി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ഗോള്‍വാക്കറുടെ പ്രസംഗവും മധുര പലഹാര വിതരണവും എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി അവശേഷിക്കുന്നു''(കലാകൗമുദി, 1991 ഫെബ്രുവരി 10).

'നമ്മള്‍, അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു' എന്ന പുസ്തകത്തില്‍ ഗോള്‍വാള്‍ക്കര്‍ ഹിന്ദു മുസ്‌ലിം വിദ്വേഷത്തിന്റെതായ ആര്‍എസ്എസ് നിലപാടിന്റ പരസ്യമായ വിളംബരമാണ് നടത്തിയിട്ടുള്ളത്.

'നാം ഹിന്ദുക്കളും മുസ്‌ലിംകളും ബ്രിട്ടീഷുകാരും എക്കാലത്തും ത്രികോണയുദ്ധത്തിലായിരുന്നു'വെന്ന് പറയുന്ന ഗോള്‍വാള്‍ക്കറുടെ ഉപദേശത്തിലുടനീളം മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷത്തിന്റെ നുരയുംപതയുമാണ് കാണുവാന്‍ കഴിയുക. മെയ്ന്‍കാംഫില്‍ ഹിറ്റ്‌ലര്‍ പറഞ്ഞതുപോലെ ഗോള്‍വാള്‍ക്കര്‍ ന്യൂനപക്ഷങ്ങളെ ഉപദേശിക്കുന്നത് കാണുക:

''ഹിന്ദുസ്ഥാനിലെ വിദേശ വംശജര്‍ ഒന്നുകില്‍ ഹൈന്ദവ സംസ്‌കാരവും ഭാഷയും സ്വീകരിക്കുകയും ഹിന്ദുമതത്തെ ആദരിക്കാനും അതിനു ശ്രേഷ്ഠസ്ഥാനം നല്‍കാനും പഠിക്കുകയും ഹിന്ദുത്വത്തെയും സംസ്‌കാരത്തെയും, അതായത് ഹിന്ദുരാഷ്ട്രത്തെ വാഴ്ത്തുന്നതൊഴികെ മറ്റൊരാശയവും വെച്ചുപുലര്‍ത്താതിരിക്കുകയും വ്യത്യസ്തമായ അസ്തിത്വം കൈവെടിഞ്ഞ് ഹിന്ദുവംശത്തില്‍ ലയിക്കുകയും ചെയ്യണം'' (വിചാരധാര).

ചരിത്രപരമായ അവകാശവാദങ്ങള്‍ നിരത്തിയാണ് സിയോണിസ്റ്റുകള്‍ ഫലസ്തീനിലേക്ക് കുടിയേറിപ്പാര്‍ത്തതും ഫലസ്തീന്‍കാരെ കൊന്നൊടുക്കിയും ആട്ടിയോടിച്ചും ഇസ്‌റായേല്‍ രാജ്യം സ്ഥാപിച്ചതും. അതേപോലെ ചരിത്രപരമായ അവകാശവാദങ്ങളുന്നയിച്ചാണ് ഗോള്‍വാള്‍ക്കറും െഹഡ്‌ഗേവാറും മറ്റും ഇന്ത്യയുടെ മൊത്തക്കുത്തക തങ്ങള്‍ക്കാണെന്ന് പറഞ്ഞതും മുസ്‌ലിംകളും ക്രിസ്ത്യാനികളുമെല്ലാം വിദേശവംശജരാണെന്നും ഹൈന്ദവ സംസ്‌കാരത്തില്‍ ലയിച്ചുചേരുവാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ അവര്‍ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ചതും. ആ പ്രഖ്യാപനങ്ങളുടെ സാക്ഷാത്കാരത്തിനായി ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ആത്മാര്‍ഥമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പകല്‍പോലെ വ്യക്തമാണ്. പൗരത്വഭേദഗതി നിയമം ഒരു ഉദാഹരണം മാത്രം.

ജര്‍മനിയിലെ ഹിറ്റ്‌ലറുടെ ഫാസിസം, ഇറ്റലിയിലെ മുസോളിനിയുടെ നാസിസം, ഇസ്‌റായേലിലെ സയണിസം എന്നിവ ക്രൂരതയുടെയും മനുഷ്യത്വരാഹിത്യത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും പ്രത്യയശാസ്ത്രങ്ങളാണെന്നതില്‍ അഭിപ്രായവ്യത്യാസമില്ല. അവയുമായെല്ലാം നേരില്‍ ബന്ധപ്പെട്ട, അവയുടെ മാതൃക പിന്‍പറ്റുകയും അവയില്‍നിന്ന് ആവേശം ഉള്‍ക്കൊള്ളുകയും ചെയ്ത പാരമ്പര്യം ഗോള്‍വാള്‍ക്കറുടെ തത്ത്വശാസ്ത്രത്തിനാണെന്ന യാഥാര്‍ഥ്യം നിഷേധിക്കുവാന്‍ കഴിയില്ല.  

''ഫാസിസത്തിന്റെ വസന്തകാലമായിരുന്ന 1939 മുതലേ സവര്‍ക്കറും അദ്ദേഹം നയിച്ച ഹിന്ദുമഹാസഭയും ആത്യന്തികമായി തെരഞ്ഞെടുത്ത അന്താരാഷ്ട്ര മാതൃക ഫാസിസ്റ്റ് ജര്‍മനിയുടെതായിരുന്നു. 1939 മാര്‍ച്ച് 25ന് ഹിന്ദുമഹാസഭയുടെതായി ഇറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു: ''ആര്യസംസ്‌കാരത്തിന്റെ ആത്മീയ ഉണര്‍ച്ചയ്ക്കുള്ള ജര്‍മനിയുടെ ആശയഗതിയും സ്വസ്തികയുടെ മഹിമവല്‍കരണവും, ഇന്ത്യയിലെ മതബോധവും വിവേകവുമുള്ള ഹിന്ദുക്കള്‍ സ്വാഗതം ചെയ്യുന്നു'' (മതം, മാര്‍ക്‌സിസം, മതേതരത്വം, നൈനാന്‍ കോശി, പേജ് 49).

'എക്കണോമിക്ക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി'യിലെഴുതിയ '1930കളിലെ ഹിന്ദുത്വത്തിന്റെ വൈദേശിക ബന്ധങ്ങള്‍' എന്ന ലേഖനത്തില്‍ (ജനുവരി 22, 2000) മാര്‍സിയ കാസലാരി, ഹിന്ദുത്വത്തിന്റെ ആവിര്‍ഭാവത്തിലും വളര്‍ച്ചയിലുമുള്ള വിദേശബന്ധത്തിന് ശക്തമായ തെളിവ് ഹാജരാക്കിയിരുന്നു:

''ഹിന്ദു ദേശീയ പ്രസ്ഥാനങ്ങളും അതിലുപരി അവരുടെ പ്രതിയോഗികളും പൊലീസും സൃഷ്ടിച്ച പ്രാഥമിക രേഖകളുടെ സൂക്ഷ്മമായ പരിശോധന ഇറ്റാലിയന്‍ ഫാസിസവും ഹിന്ദുസംഘടനകളുമായുള്ള ബന്ധം വെളിച്ചത്തുകൊണ്ടുവരുന്നവയാണ്. വളരെ പ്രധാനപ്പെട്ട ഹിന്ദു ദേശീയ പ്രസ്ഥാനങ്ങള്‍ യഥാര്‍ഥത്തില്‍ ബോധപൂര്‍വമായി ഫാസിസ്റ്റ് ആശയങ്ങള്‍ പിന്തുടര്‍ന്നു എന്നു മാത്രമല്ല ഫാസിസ്റ്റ് ഇറ്റലിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തു.''

''ഫാസിസ്റ്റ് ഭരണകൂടവുമായും മുസോളിനിയുമായും ബന്ധം പുലര്‍ത്തിയ ആദ്യ ഹിന്ദുദേശീയവാദി ബി.എസ് മുണ്‍ജെ എന്ന ആര്‍.എസ്.എസ് നേതാവായിരുന്നു. ഹെഡ്‌ഗെവാറിന്റെ ഉപദേഷ്ടാവും ആത്മാര്‍ഥ സുഹൃത്തുമായിരുന്നു മുണ്‍ജെ. 1931 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വട്ടമേശ സമ്മേളനത്തില്‍ പോയി മടങ്ങിവന്ന വേളയില്‍ മുണ്‍ജെ യൂറോപ്പാെക ചുറ്റിസഞ്ചരിച്ചു. ഇറ്റലി സന്ദര്‍ശിക്കാനാണ് ഏറെ സമയം ചെലവഴിച്ചത്. അവിടെ അദ്ദേഹം വളരെ പ്രധാനപ്പെട്ട സൈനിക സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. വളരെ പ്രാധാന്യം അര്‍ഹിക്കുന്നത് അദ്ദേഹം മുസോളിനിയെ സന്ദര്‍ശിച്ചതാണ്''  (മതം, മാര്‍ക്‌സിസം, മതേതരത്വം, നൈനാന്‍ കോശി, പേജ് 48).

ആര്‍എസ്എസ് ഒരു ഫാസിസ്റ്റ് സംഘടനയാണെന്ന്, ഹെഡ്‌ഗെവാറിന്റെ ഉപദേഷ്ടാവും ആര്‍.എസ്.എസ് നേതാവുമായിരുന്ന മുണ്‍ജെ ഇറ്റലി സന്ദര്‍ശന വേളയില്‍ ഫാസിസ്റ്റ് സംഘടനയായ ബലീലയെ പ്രകീര്‍ത്തിച്ചുകൊണ്ട് എഴുതവെ ഡയറിയില്‍ കുറിച്ചിട്ടുണ്ട്! കാണുക: ''ഫാസിസ്റ്റ് ആശയം ശരിക്കും ജനങ്ങള്‍ക്കിടയില്‍ ഐക്യം എന്ന ധാരണ സ്പഷ്ടമാക്കുന്നു... ഇന്ത്യക്ക്, പ്രത്യേകിച്ച് ഹിന്ദു ഇന്ത്യക്ക് സൈനികവല്‍കരിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും അത്തരം ഒരു സംഘടന ആവശ്യമാണ്. തികച്ചും സ്വതന്ത്രമായി ആവിഷ്‌കരിച്ചതാണെങ്കിലും നമ്മുടെ സംഘടനയായ രാഷ്ട്രീയ സ്വയം സേവക സംഘം അത്തരത്തിലൊന്നാണ്'' (മതം, മാര്‍ക്‌സിസം, മതേതരത്വം, നൈനാന്‍ കോശി, പേജ് 48-49).

ഗോള്‍വാള്‍ക്കറുടെ 'വിചാരധാര'യിലെ 'ആന്തരിക ഭീഷണികള്‍' എന്ന അധ്യായത്തിലെ മൂന്ന് ഉപശീര്‍ഷകങ്ങള്‍ അവര്‍ എത്രത്തോളം ന്യൂനപക്ഷങ്ങള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും എതിരാണെന്നതിന്റെ വ്യക്തമായ അടയാളമാണ്. കൊളോണിയല്‍ ഭരണത്തിന്റെ പരിലാളനയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച ആര്‍എസ്എസിന് ഇന്ത്യയില്‍നിന്ന് നിര്‍മാര്‍ജനം ചെയ്യേണ്ട ശത്രുക്കള്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളുമാണ്.

ഗോള്‍വാള്‍ക്കറുടെ 'വിചാരധാര'യും ഹിറ്റ്‌ലറുടെ ആത്മകഥയായ 'മെയ്ന്‍കാംഫും' വായിക്കുന്ന ഒരാള്‍ക്ക് രണ്ടും ഒരേ രീതിശാസ്ത്രമാണ് തുടരുന്നത് എന്ന് എളുപ്പം മനസ്സിലാകും. ഹിറ്റ്‌ലറുടെ ജൂതമതവിദേ്വഷത്തിന്റെതായ നാസിമാതൃകയില്‍ ഗോള്‍വാള്‍ക്കര്‍ ആവേശം കൊള്ളുന്നുണ്ട്:

''ഇന്ന് ലോകം ശ്രദ്ധിക്കുന്ന രാജ്യമാണ് ജര്‍മനി. ഈ രാഷ്ട്രം ലക്ഷണമൊത്ത ദൃഷ്ടാന്തമാണ്... വംശത്തിന്റെയും സംസ്‌കാരത്തിന്റെയും വിശുദ്ധി നിലനിര്‍ത്താന്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ജര്‍മനിസെമിറ്റിക് വിഭാഗക്കാരെ (ജുതരെ) പുറത്താക്കി. വംശാഭിമാനം അതിന്റെ ഉച്ചകോടിയില്‍ എത്തുന്ന കാഴ്ചയാണ് അവിടെ ദൃശ്യമാകുന്നത്. അടിസ്ഥാനപരമായി വ്യത്യസ്തമായ വംശങ്ങള്‍ക്കും സംസ്‌കാരങ്ങള്‍കും ഒന്നായി വര്‍ത്തിക്കാന്‍ കഴിയില്ലെന്ന വസ്തുതയാണ് ജര്‍മനി കാണിച്ചുതരുന്നത്... ഹിന്ദുസ്ഥാന് ഇതില്‍നിന്നു നല്ലൊരു പാഠം പഠിക്കാനുണ്ട്.'' (വിചാരധാര).

ഹിന്ദുരാഷ്ട്രത്തിന്റെ മതം ഹിന്ദുമതമാണെങ്കില്‍ ഹിന്ദുക്കളുടെ ൈദവം ആരാണെന്നുകുടി ഗോള്‍വാള്‍ക്കര്‍ തന്റെ അനുയായികള്‍ക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്:

''മനുഷ്യന്റെ ജന്മദൗത്യം ഈശ്വരസാക്ഷാത്കാരമാണ്. ബിംബങ്ങളെ ആരാധിക്കുന്നതുകൊണ്ട് നമുക്ക് തൃപ്തിവരില്ല... ആവശ്യങ്ങള്‍ കേള്‍ക്കുകയും തദനുസൃതമായി പ്രതികരിക്കുകയും ചെയ്യുന്ന ദൈവം ആണ് വേണ്ടത്. ജീവിക്കുന്ന ദൈവം. ദൈവം ഓരോ മനുഷ്യരിലും ഉണ്ടെന്ന വിവേകാനന്ദനെപ്പോലെയുള്ള ദാര്‍ശനികരുടെ നിര്‍ദേശം പ്രായോഗികമല്ല. മനുഷ്യവര്‍ഗത്തെ മുഴുവന്‍ സേവിക്കുകയെന്ന ആശയം ഏറ്റെടുത്തവര്‍ ശൂന്യതയിലേക്കാണ് എത്തിയത്. അതുകൊണ്ട് മനുഷ്യവര്‍ഗമെന്ന വിശാല അര്‍ഥം ഉപേക്ഷിച്ച് 'ഹിന്ദു'ജനതയെന്ന പരിമിത അര്‍ഥം നമ്മള്‍ എടുത്താല്‍ മതി. ഹിന്ദുവെന്ന് അവര്‍ പറഞ്ഞില്ലയെങ്കിലും മനുസ്മൃതി അത് വ്യക്തമാക്കുന്നുണ്ട്. അതായത് ബ്രാഹ്മണര്‍ തലയും ക്ഷത്രിയര്‍ ബാഹുക്കളും ൈവശ്യര്‍ ഉരുക്കളും ശൂദ്രര്‍ പാദങ്ങളുമായ ചതുര്‍വ്യവസ്ഥയിലെ ൈദവം-ജീവനുള്ള ദൈവം- ബ്രാഹ്മണനാണെന്നും ബ്രാഹ്മണനെ സേവിക്കുകയെന്നത് തന്നെയാണ് ഈശ്വരസേവയെന്നതിന്റെ അര്‍ഥമെന്ന് ഇതിലും വ്യക്തമായി പറഞ്ഞുതരുന്നതെങ്ങനെ?''(വിചാരധാര).

ബ്രാഹ്മണന്‍ സ്വയം ഈശ്വരനാണെന്നും അയാളുടെ പൂജയാണ് ഈശ്വരപൂജയെന്നും അയാളുടെ നീതിശാസ്ത്രമാണ് ഈശ്വരന്റെ നീതിശാസ്ത്രമെന്നും അതിന്റെ സംസ്ഥാപനമാണ് മനുഷ്യകര്‍മമെന്നും പ്രഖ്യാപിക്കുന്ന ഗോള്‍വാള്‍ക്കറെ അംഗീകരിക്കുവാന്‍ ഇന്ത്യയിലെ പൊതുസമൂഹത്തിനെന്നല്ല ഹൈന്ദവരിലെ തന്നെ ബഹുഭൂരിഭാഗത്തിനും സാധിക്കുമോ, ന്യൂനപക്ഷമായ സവര്‍ണവര്‍ഗത്തിനല്ലാതെ?

''ഹിന്ദുരാഷ്ട്രത്തെ പുനര്‍നിര്‍മിക്കുകയും ഇന്നത്തെ അവസ്ഥയില്‍നിന്ന് മോചിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയ പ്രസ്ഥാനങ്ങള്‍ മാത്രമെ ശരിക്കും ദേശീയമായിരിക്കുകയുള്ളൂ. സ്വന്തം ഹൃദയത്തിന് തൊട്ടടുത്തായി ഹിന്ദുവംശത്തെയും ഹിന്ദുരാഷ്ട്രത്തെയും മഹത്ത്വവത്കരിക്കാനുള്ള അഭിലാഷത്താല്‍ പ്രചോദിതരായി പ്രവര്‍ത്തനനിരതമാവുകയും ലക്ഷ്യസാക്ഷാത്കാരത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മാത്രമെ ദേശീയവാദികളായ ദേശാഭിമാനികളായിരിക്കുകയുള്ളൂ. മറ്റു സകലരുംഒന്നുകില്‍ രാജ്യദ്രാഹികളും രാഷ്ട്രതാല്‍പര്യത്തിന്റെ ശത്രുക്കളോ അല്ലെങ്കില്‍ ഔദാര്യപൂര്‍വം പറഞ്ഞാല്‍ വിഡ്ഢികളോ ആകുന്നു''(വിചാരധാര).

നിരവധി ഭാഷകളുള്ള ഇന്ത്യയില്‍ അവയ്‌ക്കോരോന്നിനും അതിന്റെതായ ചരിത്രവും സംസ്‌കാരവും പാരമ്പര്യവുമുണ്ടെങ്കിലും ഗോള്‍വാള്‍ക്കര്‍ അതെല്ലാം തള്ളിക്കളയുന്നു:

''ഭാഷാപരമായ ഐക്യം കമ്മിയാണെന്നും ഭാഷാവ്യത്യാസങ്ങള്‍ വേര്‍തിരിക്കപ്പെട്ട 'രാഷ്ട്രങ്ങള്‍' ആണുള്ളതെന്നും തോന്നാം. വാസ്തവത്തില്‍ അങ്ങനെയല്ല. ഭാഷ ഒന്നേയുള്ളൂ; സംസ്‌കൃതം. മറ്റെല്ലാ ഭാഷകളും അതിന്റെ മുളകള്‍ അഥവാ മാതൃഭാഷയുടെ കുഞ്ഞുങ്ങള്‍ മാത്രം. ദേവഭാഷയായ സംസ്‌കൃതം ഹിമാലയംമുതല്‍ തെക്ക് സമുദ്രംവരെയും കിഴക്കുമുതല്‍ പടിഞ്ഞാറുവരെയും എല്ലാവര്‍ക്കും പൊതുവായുള്ളതാകണം.''

''ഇവയ്‌ക്കെല്ലാമുള്ള പ്രചോദനത്തിന്റെ ഉറവിടം ഭാഷകളുടെ റാണിയും ദേവവാണിയുമായ സംസ്‌കൃതമാണ്. ആ ഭാഷയ്ക്കു മാത്രമെ അതിന്റെ സമ്പന്നതെകാണ്ടും പവിത്രബന്ധങ്ങള്‍കൊണ്ടും നമ്മുടെ ദേശീയബന്ധം നിലനിര്‍ത്തിപ്പോരുന്നതിനുള്ള മാധ്യമമാകാന്‍ കഴിയൂ. സംസ്‌കൃതം അത്യാവശ്യം കൈകാര്യം ചെയ്യുവാനുള്ള കഴിവുനേടുക വലിയ പ്രയാസമുള്ള കാര്യവുമല്ല. നാളിതുവരെ നമ്മുടെ ദേശീയഐക്യത്തെ കൂട്ടിയിണക്കി നിര്‍ത്തിയ ഒരു ഘടകമാണത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്നതു സാധാരണ ഉപയോഗത്തിലില്ല. അതു നടപ്പിലാക്കുവാനാവശ്യമായ ധാര്‍മികാഭിമാനവും ചങ്കൂറ്റവും നമ്മുടെ ഭരണാധികാരികള്‍ക്കില്ലതാനും'' (വിചാരധാര).

തമിഴിന്റെയോ മലയാളത്തിന്റെയോ ജന്മം സംസ്‌കൃതത്തില്‍നിന്നല്ലെന്നതോ ഇന്തോ യൂറോപ്യന്‍ ഭാഷകളുടെ ശാഖയാണ് സംസ്‌കൃതമെന്നതോ ഇന്ത്യയില്‍തന്നെ രൂപപ്പെട്ട ഉറുദുവിന്റെ തനിമ അംഗീകരിക്കുവാനോ ഗോള്‍വാള്‍ക്കറും ആര്‍എസ്എസും തയ്യാറല്ല.

കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ വിദ്യാഭ്യാസനയത്തില്‍ സംസ്‌കൃതത്തിനു നല്‍കിയ അമിതപ്രാധാന്യത്തിന്റെയും ഉറുദുവിനെ പാടെ അവഗണിച്ചതിന്റെയും രഹസ്യം ഇതില്‍നിന്നും വ്യക്തമാണല്ലോ.

ഹിറ്റ്‌ലറുടെ വംശോച്ഛാടന ഭരണവ്യവസ്ഥയെ മാതൃകയാക്കുന്ന ഗോള്‍വാള്‍ക്കര്‍ അത്തരം ഒരു രാഷ്ട്രത്തിലെ സാമൂഹ്യക്രമത്തിന് നിദാനമാക്കുന്നത് മനുസ്മൃതിയെയാണ്.

''ലോകത്തിലെ സകല ജനങ്ങളോടും ഹിന്ദുസ്ഥാനില്‍ േപായി അവിടുത്തെ 'അഗ്രജരാ'യ ബ്രാഹ്മണരില്‍നിന്ന് തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ പഠിച്ചുകൊള്ളാന്‍ വിധിച്ച ഒന്നാമനും ഏറ്റവും വലിയവനുമായ നിയമദാതാവായി'' അദ്ദേഹം മനുവിനെ വാഴ്ത്തുന്നുണ്ട്.

എന്താണ് മനുസ്മൃതി നല്‍കുന്ന ഉത്തമ നിയമങ്ങള്‍? ബ്രാഹ്മണരൊഴികെയുള്ളവരെ വധിക്കല്‍ നിസ്സാരമായ കുറ്റമാണ്. ശൂദ്രന്റെ സ്വത്ത് ബ്രാഹ്മണന് കീഴ്‌പെട്ടതാണ്. നായ്ക്കളും കുതിരകളുമായിരിക്കണം ശൂദ്രന്റെ സ്വത്ത്. അവര്‍ പൊട്ടച്ചട്ടികളില്‍ മാത്രം ഭക്ഷണം കഴിക്കണം. സ്ത്രീകള്‍ക്ക് വേദത്തിന് അവകാശമില്ലാത്തതിനാല്‍ അവള്‍ അസത്യത്തിന് തുല്യയാണ്. ശൂദ്രന് വിദ്യ അഭ്യസിക്കാന്‍ അവകാശമില്ല. സ്ത്രീകള്‍ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല... ഇങ്ങനെ പോകുന്നു മനുവിന്റെ ധര്‍മശാസ്ത്രം. ഇത് ഇന്ത്യയില്‍ നടപ്പിലാക്കുവാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ വ്യക്തിയാണ് ഗോള്‍വാള്‍ക്കര്‍.

'നാം, നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു' എന്ന പുസ്തകത്തില്‍ രാഷ്ട്രത്തെ നിര്‍വചിക്കുന്ന അഞ്ച് സവിശേഷതകള്‍ ഗോള്‍വാള്‍ക്കര്‍ അവതരിപ്പിക്കുന്നുണ്ട്. ഭൂമിശാസ്ത്രപരം, വംശീയം, മതപരം, സാംസ്‌കാരികം, ഭാഷാപരം എന്നിവയാണവ. ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് ഈ സവിശേഷതകളെല്ലാം ഉണ്ട് എന്ന് അദ്ദേഹം സ്ഥാപിക്കാന്‍ പാടുപെടുന്നുണ്ട്.

''മറിച്ചുള്ള ചരിത്രമല്ലാം വ്യാജമാണ്. നമ്മുടെ ചരിത്രം നാം തന്നെ പഠിക്കുകയും മനസ്സിലാക്കുകയും എഴുതുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു'' എന്ന് അദ്ദേഹം എഴുതുന്നു.

ഗോള്‍വാള്‍ക്കറുടെ ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ 1998ല്‍ ദേശീയാധികാരത്തില്‍ കയറിയതുമുതല്‍ ബിജെപി ശ്രമിച്ചുപോന്നിട്ടുണ്ട്. ഗുജറാത്തിലും രാജസ്ഥാനിലും സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഈ 'സ്വന്തം ചരിത്രം' എഴുതിച്ചേര്‍ത്തുകഴിഞ്ഞിട്ട് വര്‍ഷങ്ങളായി.

ചുരുക്കിപ്പറഞ്ഞാല്‍; എംഎസ് ഗോള്‍വാള്‍ക്കര്‍ എന്ന വ്യക്തി സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയാവാത്തയാളും സ്വാതന്ത്ര്യാനന്തരം ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ ഒരു സംഭാവനയും നല്‍കാത്തയാളുമാണ്.

ഇന്ത്യയിലെ ബഹുമത സമൂഹത്തെ ഇല്ലായ്മചെയ്ത് ഏകശിലാത്മകമായ മതരാഷ്ട്ര സങ്കല്‍പം യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളാണ്.

സ്വാതന്ത്ര്യം യാഥാര്‍ഥ്യമാവുക ഹിന്ദുരാഷ്ട്രത്തില്‍ മാത്രമാണെന്നും അതുവരെ പാരതന്ത്ര്യം മാത്രമാണെന്നും പ്രഖ്യാപിച്ചയാളാണ്.

ഇന്ത്യന്‍ ഭരണഘടനയെ മനുസ്മൃതിയെ ഉള്‍ക്കൊള്ളാത്തത്, ഹിന്ദുവിരുദ്ധം, അഭാരതീയം എന്നിങ്ങനെ ആക്ഷേപിച്ച് തള്ളിക്കളഞ്ഞയാളാണ്.

ശാസ്ത്ര ബോധത്തിന്റെയും മാനവികതയുടെയും സ്വതന്ത്ര ചിന്തയുടെയും ശത്രുപക്ഷത്ത് മാത്രം നിലയുറപ്പിച്ച ഒരു പ്രത്യയശാസ്ത്രത്തിന്റെ ആചാര്യനാണ് ഗോള്‍വാള്‍ക്കര്‍.

മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്യുണിസ്റ്റുകാരും ഹിന്ദു രാഷ്ട്രത്തിന്റെ ആന്തരിക ശത്രുക്കളാണെന്ന് പ്രഖ്യാപിച്ചയാളാണ്.

സെമിറ്റിക് വംശങ്ങളെ ഉന്‍മൂലനം ചെയ്ത് ലോകത്തെ ഞെട്ടിച്ച, വംശീയാഭിമാനം അതിന്റെ പരകോടിയിലെത്തിയ ജര്‍മനിയില്‍നിന്ന് ഹിന്ദുസ്ഥാന് പഠിക്കാനും പ്രയോജനപ്പെടുത്താനും നല്ലൊരു പാഠമുണ്ട് എന്നും ഹിന്ദുവംശത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് 'പൗരാവകാശങ്ങള്‍' പോലും നല്‍കരുത് എന്നും പറഞ്ഞ് വെറുപ്പിന്റെ പ്രത്യയശാസ്ത്രം  പ്രചരിപ്പിച്ച വ്യക്തിയാണ്.

ഗാന്ധിവധത്തിന്റെ പേരില്‍ സര്‍ദാര്‍ പട്ടേല്‍ ആര്‍എസ്എസിനെ നിരോധിച്ചപ്പോള്‍ അതിന്റെ മേധാവിയായിരുന്ന വ്യക്തിയാണ് ഗോള്‍വാള്‍ക്കര്‍.

ഹിന്ദുസ്ഥാനിലെ വിദേശവംശജര്‍ വ്യത്യസ്തമായ അസ്തിത്വം കൈവെടിഞ്ഞ് ഹിന്ദുവംശത്തില്‍ ലയിക്കണം എന്നു പറഞ്ഞ്; നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയുടെ സവിശേഷതയെ തകര്‍ക്കാന്‍ ശ്രമിച്ചയാളാണ്.

 ബ്രാഹ്മണനെ സേവിക്കുകയെന്നത് തന്നെയാണ് ഈശ്വരസേവയെന്നു പറഞ്ഞ് ബ്രാഹ്മണരെ മാത്രം മഹത്ത്വവത്കരിച്ച്, ബ്രാഹ്മണരല്ലാത്ത ഭൂരിപക്ഷത്തെയും അവരുടെ പാദസേവകരാക്കി മാറ്റുവാന്‍ ശ്രമിച്ചയാളാണ്.  

ഇന്ത്യയില്‍ നിലനില്‍ക്കുന്ന അനേകം ജീവല്‍ഭാഷകളെ അവഗണിച്ച് സാധാരണ ഉപയോഗത്തിലില്ലാത്ത സംസ്‌കൃതഭാഷയെ ഇന്ത്യയുടെ പൊതുഭാഷയാക്കാന്‍ ആഹ്വാനം ചെയ്തയാളാണ്.

അപരിഷ്‌കൃതവും അമാനവികവുമായ നിയമനിര്‍ദേശങ്ങളുടെ സമാഹാരമായ മനുസ്മൃതിയെ താന്‍ സ്വപ്‌നം കാണുന്ന ഭാരതമെന്ന ഹിന്ദുരാഷ്ട്രത്തിന്റെഭരണഘടനയുടെ ഭാഗമാക്കാന്‍ ശ്രമിച്ചയാളാണ്.

ഇതൊക്കെ മതിയല്ലോ എംഎസ് ഗോള്‍വാള്‍ക്കറുടെ പേര് രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ കാമ്പസിന് നല്‍കാതിരിക്കാനുള്ള അയോഗ്യതയായി.

ഇങ്ങനെയൊരാളുടെ പേര് ഒരു ദേശീയ സ്ഥാപനത്തിന് നല്‍കുന്നത് അനീതിയും അക്രമവുമാണ്. എത്രയോ നല്ല സ്വാതന്ത്ര്യ സമരസേനാനികളും രാജ്യസ്‌നേഹികളും ശാസ്ത്രജ്ഞരും രാജ്യത്ത് കഴിഞ്ഞുപോയിട്ടുണ്ട്. എന്നിട്ടും ഇങ്ങനെയൊരാളെത്തന്നെ തെരഞ്ഞെടുക്കുന്നതിന്റെ രാഷ്ട്രീയം മനസ്സിലാക്കാന്‍ കഴിയാത്തവരല്ല കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ എന്നേ പറയാനുള്ളൂ.