പാഠം ഒന്ന്: കോവിഡ് വാക്‌സിന്‍ കൊടുത്താല്‍ പൗരത്വനിയമം ഉണരും

പത്രാധിപർ

2020 ഡിസംബര്‍ 26 1442 ജുമാദല്‍ അവ്വല്‍ 11

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചാലുടന്‍ പൗരത്വനിയമം നടപ്പാക്കുന്നതിനുള്ള നടപടികളാരംഭിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചിരുക്കുന്നു. ബംഗാളിലെ തെരഞ്ഞെടുപ്പു റാലിയിലാണ് രാജ്യത്തിന്റെ നെഞ്ചിലേക്ക് ഈ വെടിയുതിര്‍ത്തിരിക്കുന്നത്. ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റംമൂലം ബംഗാളിലെ ജനങ്ങള്‍ അസന്തുഷ്ടരാണെന്നും ഇത് അവസാനിപ്പിക്കാന്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റംകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞതില്‍നിന്നുതന്നെ ഈ അവസരത്തിലുള്ള ഈ പ്രഖ്യാപനത്തിന്റെ ലക്ഷ്യം വ്യക്തമാണല്ലോ.

കോവിഡിന്റെ വരവാണ് പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെയുള്ള ജനകീയ സമരം അവസാനിപ്പിക്കാന്‍ കാരണമായത്. നിയമം നടപ്പിലാക്കാന്‍ സര്‍ക്കാരിനു തടസ്സമായതും കോവിഡുതന്നെ. എന്നാല്‍ രണ്ടും കല്‍പിച്ച് ഇറങ്ങാനുള്ള പുറപ്പാടിലാണ് സര്‍ക്കാര്‍ എന്നാണ് ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനത്തില്‍നിന്നു മനസ്സിലാകുന്നത്. ഒരുപക്ഷേ, ബംഗാളിലെ ഭരണം പിടിക്കാനുള്ള ആയുധം മാത്രമായേക്കാം ഈ പ്രഖ്യാപനം. ഫാസിസത്തിന് ഭരണം നിലനിര്‍ത്താനും പിടിച്ചെടുക്കാനും വൈകാരികമായ ഒരു കാരണം വേണം. ബാബരി മസ്ജിദും രാമക്ഷേത്ര നിര്‍മാണവും അത്തരത്തിലുള്ള ഒരു വൈകാരിക വിഷയമായിരുന്നു. അത് കത്തിച്ചുനിര്‍ത്തി രാഷ്ട്രീയ നേട്ടം ഏറെ കൊയ്‌തെടുക്കുവാന്‍ സംഘ്പരിവാറിനു കഴിഞ്ഞു. സുപ്രീം കോടതിയുടെ അന്തിമവിധിയോടെ അത് കെട്ടടങ്ങി.

അതോടെ പുറത്തെടുത്ത പുതിയ ഒരായുധമാണ് പൗരത്വവുമായി ബന്ധപ്പെട്ട ബില്‍. കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചെടുക്കുന്നതുവരെയോ അടുത്ത പാര്‍ലിമെന്റ് തെരഞ്ഞെടുപ്പുകൂടി കഴിയുന്നതുവരെയോ വിഷയം സജീവമായി നിലനിര്‍ത്തിയേക്കാം. നടപ്പിലാക്കല്‍ അത്ര എളുപ്പമായിരിക്കില്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പും രാജ്യത്തിനകത്തെ എതിര്‍പ്പും പാടെ അവഗണിച്ച് മുന്നോട്ടു പോയാല്‍ രാഷ്ട്രീയമായ ലാഭം നേടാന്‍ കഴിയുമെന്ന് ഉറപ്പില്ലല്ലോ. അതിനാല്‍ 'പുലി വരുന്നേ' എന്ന് ഇടയ്ക്കിടയ്ക്ക് വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കും. അത് വര്‍ഗീയ വിഷം ഉള്ളില്‍ കുമിഞ്ഞുകൂടിയവര്‍ക്ക് മനസ്സിന് ആനന്ദം നല്‍കാനും ഇരകളാകാന്‍ പോകുന്നവരെ പേടിപ്പിക്കാനുമുള്ള അടവും ആയിരിക്കാം.

ഒരുപക്ഷേ, പ്രഖ്യാപിച്ചതുപോലെ താമസിയാതെ പുറത്താക്കലും അകത്താക്കലുമൊക്കെ തുടങ്ങിയേക്കാം. ഇവിടെ, രാജ്യത്തെയും രാജ്യത്തിന്റെ ഭരണഘടനയെയും സ്‌നേഹിക്കുന്ന, മതനിരപേക്ഷതയും നാനാത്വത്തില്‍ ഏകത്വമെന്ന സവിശേഷതയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന, എല്ലാ മതക്കാര്‍ക്കും അവരവരുടെ വിശ്വാസാചാരങ്ങള്‍ പിന്തുടര്‍ന്ന് ജീവിക്കുവാനും അത് പ്രബോധനം ചെയ്യുവാനുമുള്ള സ്വാതന്ത്ര്യം അടയറവയ്ക്കില്ല എന്ന് വാശിയുള്ള ഓരോ പൗരനും കൈയും കെട്ടി നോക്കിനിന്നുകൂടാ. പുതിയ പൗരത്വ നിയമം നടപ്പാക്കുന്നതിനെതിരെ അതിശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകേണ്ടതുണ്ട്. ഇത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന വിഷയമാണ് എന്ന് ആരെങ്കിലും കരുതുന്നെങ്കില്‍ അത് മൂഢധാരണയാണ്. നാളെ മറ്റുള്ള മതക്കാര്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കുമെതിരെയും ഈ വാള്‍ ഉയരും. ഫാസിസ്റ്റുകള്‍ ആഗ്രഹിക്കുന്നത് സവര്‍ണാധിപത്യമാണ്. അതിനുകീഴില്‍ ദളിതുകളായ ഹൈന്ദവ ഭൂരിപക്ഷത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് മനുസ്മൃതി പറഞ്ഞുതരുന്നുണ്ട്.  

തലസ്ഥാന നഗരിയെ വിറപ്പിക്കുന്ന, ഭരണാധിപന്മാരുടെ ഉറക്കംകെടുത്തുന്ന കര്‍ഷകസമരം പോലെ പൗരത്വ നിയമം പിന്‍വലിക്കുംവരെ സമരം ചെയ്യാന്‍ തയ്യാറാകേണ്ടതുണ്ട്. അതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എല്ലാ മതവിഭാഗങ്ങളും തോളോടു തോള്‍ചേര്‍ന്ന് അണിനിരക്കണം. രാജ്യത്തിന്റെയും രാജ്യത്തെ മൊത്തം ജനങ്ങളുടെയും വിഷയമായി ഇതിനെ കാണാന്‍ സാധിക്കണം.

നാളുകളേറെ കഴിയുമ്പോള്‍ കര്‍ഷകര്‍ നിരാശപ്പെട്ട്, പരാജിതരായി സമരം അവസാനിപ്പിക്കും എന്ന ചിന്തയാലായിരിക്കണം ഭരണകൂടം അനുകൂലമായി പ്രതികരിക്കാത്തത്. അത് പരാജയപ്പെട്ടാല്‍ പൗരത്വബില്ലിനെതിരെയുള്ള സമരത്തെയും സര്‍ക്കാര്‍ ഈവിധം നേരിട്ടേക്കാം. ഏതായാലും കാത്തിരുന്നു കാണാം.