അനീതിക്കെതിരെ നിലകൊള്ളുക

മുഖമൊഴി

2020 ആഗസ്ത് 29 1442 മുഹര്‍റം 10

അക്രമവും അനീതിയും ഇല്ലാത്ത ഭൗതികലോകം എന്നത് അസാധ്യമാണ്. കാരണം മനുഷ്യന്‍ തിന്മകളിലേക്ക് കൂടുതല്‍ ചായ്‌വുകാണിക്കുന്ന പ്രകൃതമുള്ളവനാണ്. മനുഷ്യരുള്ള കാലത്തോളം തിന്മകളുമുണ്ടാകും. അക്രമവും അനീതിയുമുണ്ടാകും. പ്രവാചകന്മാരൊഴിച്ച് ആരും പാപമുക്തരല്ല. വാക്കിലോ നോക്കിലോ എങ്കിലും തെറ്റു ചെയ്യാത്തവര്‍ മറ്റാരുണ്ട്?

എന്നാല്‍ ചിന്താശേഷിയുള്ള മനുഷ്യന് തെറ്റില്‍നിന്ന് അകന്നുനില്‍ക്കാനും തെറ്റു ചെയ്യാനും കഴിയും. തെറ്റാണെന്ന് ബോധ്യമുള്ള കാര്യം ചെയ്യാതിരിക്കുക എന്നത് മൂല്യബോധത്തിന്റെ അടയാളമാണ്. അക്രമവും അനീതിയും കൊടികുത്തിവാഴുമ്പോള്‍ അതിന്റെ ഒപ്പം സഞ്ചരിക്കുന്നതിനു പകരം അതിനെതിരെ ശബ്ദിക്കുവാനാണ് ശ്രമിക്കേണ്ടത്.  

സാധാരണക്കാരന്‍ ചെയ്യുന്ന അനീതിയും അക്രമവും വാഗ്ദാന ലംഘനവും ഒരു ഭരണാധികാരിയോ ന്യായാധിപനോ ചെയ്യുന്ന അക്രമവും അനീതിയും വാഗ്ദാന ലംഘനവും ഒരുപോലെയല്ല സമൂഹത്തെ ബാധിക്കുക. ഭരണാധികാരിയുടെയും ന്യായാധിപന്റെയും അനീതി ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും. സമൂഹത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കും. ജനങ്ങളിലാകമാനം ഭീതിപരത്തും. നിലനില്‍പിനെക്കുറിച്ച് ആശങ്കയുണ്ടാക്കും.

ഭരണാധികാരികളുടെ അഴിമതി, സ്വജനപക്ഷപാതിത്വം, വ്യാജ ഏറ്റുമുട്ടല്‍കൊലപാതകങ്ങള്‍, ഭരണത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തി ജയിലിലടയ്ക്കല്‍, പട്ടിണിപ്പാവങ്ങളെ കണ്ടില്ലെന്നു നടിക്കുകയും കോര്‍പ്പറേറ്റുകളെ വാരിപ്പുണരുകയും ചെയ്യല്‍... ഇങ്ങനെ ഒട്ടനേകം 'കലാപരിപാടികള്‍' നമ്മുടെ രാജ്യത്ത് നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്നു. പുറത്തുവരുന്നതിനെക്കാള്‍ വലിയ വാര്‍ത്തകള്‍ ഇരുമ്പുമറയ്ക്കകത്തുണ്ടെന്നതാണ് നേര്.

ഇസ്‌ലാം പഠിപ്പിക്കുന്നത് ഒരാള്‍ തെറ്റുചെയ്യുകവഴി അയാള്‍ തന്നോടു തന്നെയാണ് അന്യായംകാണിക്കുന്നത് എന്നാണ്. ക്വുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്; ഒരാള്‍ തെറ്റു ചെയ്യുകവഴി തന്നോടു തന്നെ അക്രമം പ്രവര്‍ത്തിക്കുന്നു''എന്ന്.

ഒരാള്‍ ദൈവത്തെ നിഷേധിക്കുന്നത്, മറ്റൊരാളോട് അന്യായം പ്രവര്‍ത്തിക്കുന്നത് എല്ലാം ആത്മവഞ്ചനയാണ്. അന്യായം അഥവാ അക്രമം എന്നത് അര്‍ഥമാക്കുന്നത് ഒന്നിനെ അതിന്റെതല്ലാത്ത സ്ഥാനത്ത് പ്രതിഷ്ഠിക്കലാണ്, മാറ്റി സ്ഥാപിക്കലാണ്, ദുരുപയോഗം ചെയ്യലാണ്, പരിധി ലംഘിക്കലാണ്, ശരിയായ പാതയില്‍നിന്നുള്ള വ്യതിയാനമാണ്, സത്യമെന്തെന്നറിഞ്ഞിട്ടും കളവു പറയലാണ്.

നബി(സ്വ) പറഞ്ഞു: 'നിശ്ചയം, അക്രമം അന്ത്യനാളില്‍ അന്ധകാരങ്ങളാകുന്നു' (ബുഖാരി, മുസ്ലിം).

വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ സമ്പത്തുകൊണ്ടോ സ്വാധീനംകൊണ്ടോ അധികാരം കൊണ്ടോ ആരെയും ഉപദ്രവിക്കാനോ ആരോടെങ്കിലും അനീതികാണിക്കാനോ പാടില്ല എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അക്രമികളെ സഹായിക്കാന്‍ ഇഹലാകത്ത് പലരുമുണ്ടാകും. എന്നാല്‍ പരലോകത്ത് ആരുമുണ്ടാകില്ല. '...അക്രമകാരികള്‍ക്ക് യാതൊരു സഹായിയും ഇല്ല' (ക്വുര്‍ആന്‍ 22:71). '...അക്രമകാരികള്‍ക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാര്‍ശകനായോ ആരും തന്നെയില്ല' (ക്വുര്‍ആന്‍ 40:18).

ഈ ബോധമാണ് ഉമറുബ്‌നുല്‍ ഖത്ത്വാബിറ)നെ പോലുള്ള ഭരണാധികാരികളെ ലോകം കണ്ട ഏറ്റവും നീതിമാന്മാരായ ഭരണാധികാരികളാക്കി മാറ്റിയത്.