നിയമം കയ്യിലെടുക്കുന്ന ഫെമിനിസ്റ്റുകളും വൃത്തികേടു വിളമ്പുന്ന യുട്യൂബര്‍മാരും

പത്രാധിപർ

2020 ഒക്ടോബര്‍ 03 1442 സഫര്‍ 16

മൂന്നു വനിതകള്‍ ചേര്‍ന്ന് ഒരു പുരുഷനെ അയാളുടെ ഓഫീസ് മുറിയില്‍ കയറി മര്‍ദിക്കുകയും തെറിപറയുകയും അയാളുടെ ശരീരത്തില്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്ത സംഭവവും അതിനുശേഷമുണ്ടായ പുകിലുകളും സാമൂഹ്യമാധ്യമങ്ങളും ചാനലുകളും ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ യുട്യൂബ് ചാനലിലൂടെ ഫെമിനിസ്റ്റുകളെ, പ്രത്യേകിച്ച് അവരില്‍ പെട്ട ചില വ്യക്തികളെ പേരെടുത്തു പറഞ്ഞ് അധിക്ഷേപിച്ചതാണ് ഫെമിനിസ്റ്റുകളും ആക്ടിവിസ്റ്റുകളുമൊക്കെയാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന സ്ത്രീകളെ പ്രകോപിപ്പിക്കാന്‍ കാരണം. അയാള്‍ പേരെടുത്തുപറഞ്ഞ് വൃത്തികെട്ട ഭാഷയില്‍ അവഹേളിച്ച വനിതതന്നെയാണ് അയാളെ 'പാഠം പഠിപ്പിക്കാന്‍' തുനിഞ്ഞ് വരമ്പത്തുകൂലി കൊടുക്കാന്‍ ചെന്നിരിക്കുന്നത്.

അയാളുടെ പ്രമാദമായ വീഡിയോ കണ്ടപ്പോള്‍ ഈ സ്ത്രീകള്‍ ഇത്രയല്ലേ ചെയ്തുള്ളൂ, ഇതു പോരായിരുന്നു എന്ന് തോന്നിപ്പോയി. കാരണം അത്രയും മോശമായ രൂപത്തിലാണ് അയാള്‍ ഈ വന്ന വനിതകളില്‍ ഒരാളെക്കുറിച്ച് പറയുന്നത്. എന്നോട് വേറൊരാള്‍ പറഞ്ഞതേ ഞാന്‍ പറഞ്ഞിട്ടുള്ളൂ എന്ന് ന്യായീകരിക്കുന്ന അയാള്‍ എന്നാല്‍ താന്‍ ഇത്തിരി മസാലകൂട്ടി പറഞ്ഞിട്ടുണ്ട് എന്ന് സമ്മതിക്കുന്നുമുണ്ട്. കേരളത്തിലെ അനേകം 'മുസ്‌ലിം തീവ്രവാദികള്‍' ഗള്‍ഫ് രാജ്യങ്ങളിലുണ്ടെന്നും എന്തിനായും തയ്യാറായി നടക്കുന്ന ഈ ഫെമിനിസ്റ്റുകള്‍ക്ക് ഫണ്ട് സ്വരൂപിച്ചു കൊടുക്കുകയും ശാരീരികമായി അവരെ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട് എന്നുമുള്ള'വമ്പിച്ച രഹസ്യം' ഇതിയാന്‍ വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്! ഒരുകാര്യം ഉറപ്പ്, ഇയാള്‍ ചെയ്തത് വമ്പിച്ച അപരാധം തന്നെയാണ്. ഇനിയും ഇത്തരം പ്രവൃത്തിയിലേര്‍പ്പെടാതിരിക് കത്തക്കവിധം അയാള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. ചില വനിതകളെ പേരെടുത്തു പറഞ്ഞ് അവരുടെ ദുസ്സ്വഭാവം അയാള്‍ വിവരിച്ചതില്‍ വല്ല കഴമ്പുമുണ്ടോ ഇല്ലേ എന്നറിയില്ല. ഉണ്ടെങ്കിലും ഇല്ലെങ്കിലും നിര്‍ലജ്ജം ലോകരുടെ മുമ്പില്‍ അത്തരം വൃത്തികേടുകള്‍ വാരിവിളമ്പുവാന്‍ നമ്മുടെ നാട്ടിലെ നിയമവും നമ്മുടെ സംസ്‌കാരവും അനുവദിക്കുന്നില്ലല്ലോ. മാന്യതയുള്ളവര്‍ക്ക് നിരക്കുന്നതുമല്ല അത്.

ഈ വനിതകള്‍ അയാളോടു ചെയ്ത അതിക്രമത്തെയും ന്യായീകരിക്കാനാവില്ല. അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത് അവര്‍ തന്നെയാണല്ലോ. അതില്‍ അവര്‍ പറയുന്ന അറപ്പുതോന്നുന്ന തെറിവാക്കുകള്‍ അവര്‍ പേറുന്ന ഫെമിനിസത്തിന്റെ അര്‍ഥതലങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പോലീസില്‍ പരാതികള്‍ ഏറെ നല്‍കിയിട്ടും നടപടിയെടുക്കാത്തതിനാലാണത്രെ ഇവര്‍ നിയമം കയ്യിലെടുത്തതും അക്രമം കാണിച്ചതം. ഇവര്‍ ചെയ്തതിനെ ന്യായീകരിച്ച്, നിയമം കയ്യിലെടുത്തതില്‍ തെറ്റില്ല എന്നു പ്രസ്താവിച്ച് പ്രഗത്ഭയായ കവയിത്രിയും രംഗത്തെത്തിയിട്ടുണ്ട്. (അയാള്‍ ഇവര്‍ക്കെതിരെയും തന്റെ വീഡിയോയില്‍ ആരോപണമുന്നയിക്കുന്നുണ്ട്).

വാളയാറിലും കേരളത്തിലെ മറ്റു പല സ്ഥലങ്ങളിലുംപീഡനത്തിനിരകളായ എത്രയോ പെണ്‍കുട്ടികളുണ്ട്. അവര്‍ക്കൊന്നും വേണ്ടി ഒരക്ഷരം ഉരിയാടാനോ പീഡനവീരന്മാര്‍ക്കെതിരെ രംഗത്തിറങ്ങാനോ മനസ്സുകാണിക്കാത്ത, തങ്ങളുടെ പേരില്‍ ആരോപണമുന്നയിക്കപ്പെട്ടപ്പോള്‍ മാത്രം സടകുടഞ്ഞെണീറ്റ ഫെമിനിസ്റ്റുകള്‍ എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പലരും ചോദിച്ചുകൊണ്ടിരിക്കുന്നതില്‍ കഴമ്പില്ലാതില്ല.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലായാലും ഫെമിനിസത്തിന്റെ പേരിലായാലും ഒരാളുടെയും അഭിമാനത്തിന് ക്ഷതമേല്‍പിക്കുവാന്‍ അനുവദിച്ചുകൂടാ. അത് വലിയ അപരാധം തന്നെയാണ്. ഈ വിഷയത്തില്‍ ഇസ്ലാം മഹത്തായ മാര്‍ഗദര്‍ശനമാണ് നല്‍കുന്നത്.  ഇസ്‌ലാമിക നിയമത്തിന്റെ ദൃഷ്ടിയില്‍ ഒരു വ്യക്തിയുടെ അഭിമാനത്തിന്റെ മാനദണ്ഡം അയാളുടെ സാമൂഹ്യപദവിയോ സാമ്പത്തിക സ്ഥിതിയോ അല്ല. ഏതൊരു വ്യക്തിയുടെയും അഭിമാനം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഒരു വാക്കുമതി അന്യന്റെ അഭിമാനത്തെ നശിപ്പിക്കാന്‍. നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കല്‍ ദുഷ്‌ക്കരമാണ്. എന്തെങ്കിലും ഭൗതിക താല്‍പര്യത്തിന്റെ പേരില്‍, അല്ലെങ്കില്‍ വ്യക്തി വിരോധത്തിന്റെ പേരില്‍ അന്യന്റെ അഭിമാനം കശക്കിയെറിയാന്‍ കച്ചകെട്ടി ഇറങ്ങുന്നവര്‍ ചിന്തിക്കുക.