നിറംമങ്ങിയ പെരുന്നാളും ദുര്‍ബലമാകാത്ത വിശ്വാസവും

പത്രാധിപർ

2020 മെയ് 30 1441 ശവ്വാല്‍ 06

അങ്ങനെ ഹിജ്‌റ വര്‍ഷം 1441ലെ റമദാനിന് പരിസമാപ്തിയായിരിക്കുന്നു. മുസ്‌ലിംകളുടെ രണ്ട് ആഘോഷങ്ങളില്‍ ഒന്നായ ശവ്വാല്‍ ഒന്നിലെ ഈദുല്‍ ഫിത്വ്ര്‍ കടന്നുവന്നിരിക്കുന്നു. ലോക മുസ്‌ലിംകള്‍ക്ക് ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു നോമ്പും പെരുന്നാളും. പള്ളിയില്‍ ജുമുഅ,ജമാഅത്തുകളും തറാവീഹ് നമസ്‌കാരവും നടക്കാത്ത നോമ്പുകാലവും, പെരുന്നാള്‍ നമസ്‌കാരം വീട്ടില്‍വച്ച് നടത്തേണ്ടിവരുന്ന ഈദുല്‍ ഫിത്വ്‌റും ജീവിതത്തില്‍ ആരാണ് പ്രതീക്ഷിച്ചിരുന്നത്?

പ്രപഞ്ചത്തെയും അതിലുള്ള സകലതിനെയും സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സര്‍വശക്തനായ അല്ലാഹുവിന്റെ തീരുമാനം അലംഘനീയമാണ്. നമ്മള്‍ പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ കാര്യങ്ങളെല്ലാം നടക്കണമെങ്കില്‍ നാമായിരിക്കണം എല്ലാം നിയന്ത്രിക്കുന്നത്. എന്നാല്‍ കാര്യം അങ്ങനെയല്ലല്ലോ. സ്രഷ്ടാവിന്റെ തീരുമാനങ്ങള്‍ക്കു മുമ്പില്‍ കീഴടങ്ങുകയും അവയെ സര്‍വാത്മനാ അംഗീകരിക്കുകയുമല്ലാതെ നമ്മുടെ മുമ്പില്‍ മാര്‍ഗമൊന്നുമില്ല. അതിനാണ് നാം കല്‍പിക്കപ്പെട്ടിരിക്കുന്നതും.

കോവിഡിന്റെയും തല്‍ഫലമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിന്റെയും കാരണത്താല്‍ പള്ളിയില്‍ പോക്കും ജുമുഅ, ജമാഅത്തുകളും മുടങ്ങി എന്നത് ശരിയാണ്. എന്നാല്‍ ഒരു മുസ്‌ലിമിന്റെ വിശ്വാസത്തെയും കര്‍മങ്ങളെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ? വിശ്വാസം ചോര്‍ന്നുപോകുവാന്‍ കാരണമായിട്ടുണ്ടോ? ഒരിക്കലുമില്ല! വെള്ളിയാഴ്ച ജുമുഅ മുടങ്ങി. അനിവാര്യമായ കാരണങ്ങളാല്‍ ജുമുഅ നിറുത്തിവെക്കേണ്ടിവന്നാല്‍ അങ്ങനെ ചെയ്യുക എന്നത് മതത്തിന്റെ അനുശാസനയാണ്. അഞ്ചു സമയത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ മുടങ്ങിയിട്ടില്ല; പള്ളിയില്‍ വെച്ച് സംഘടിതമായി ചെയ്യുന്നത് തല്‍ക്കാലം ഇല്ലാതായി എന്നു മാത്രം. ഇസ്‌ലാമിന്റെ പ്രായോഗികതയും കാലാതിവര്‍ത്തിത്വവുമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

ഒരു സല്‍കര്‍മം ചെയ്യുവാന്‍ തീരുമാനിക്കുകയോ ആഗ്രഹിക്കുകയോ ചെയ്ത ഒരാള്‍ക്ക് വ്യക്തമായ കാരണത്താല്‍ അത് ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ അയാള്‍ക്ക് അത് ചെയ്തതിന്റെ പ്രതിഫലം ലഭിക്കും എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അപ്പോള്‍ ഈ കോവിഡ് കാലത്ത് ചെയ്യാന്‍ സാധിക്കാതെ വന്നതിനും പ്രതിഫലം ലഭിക്കും; അത് ചെയ്യാനുള്ള ആഗ്രഹം ഉള്ളിലുണ്ടായിരുന്നവര്‍ക്ക്. ചെയ്യാന്‍ സാധിക്കാതിരുന്നത് സാഹചര്യം അനുകൂലമല്ലാത്തതിനാലാണ്.

ധൂര്‍ത്തിന്റെ അകമ്പടിയില്ലാതെ, മിതത്വത്തില്‍ അധിഷ്ഠിതമായ ഒരു റമദാന്‍ അവസാനിച്ചു എന്നത് വലിയ കാര്യം തന്നെയാണ്. നമുക്ക് അതിനു സാധിക്കും എന്ന് വ്യക്തം. പെരുന്നാള്‍ നമസ്‌കാരം പള്ളികളിലോ ഈദ്ഗാഹുകളിലോ ഇല്ലാത്തതും കുടുംബ സന്ദര്‍ശനമടക്കമുള്ള കാര്യങ്ങള്‍ക്ക് അനുകൂല സാഹചര്യമില്ലാത്തതിനാലും പെരുന്നാളിനും നിറംമങ്ങിയിട്ടുണ്ട്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഒരു സത്യവിശ്വാസിയുടെ വിശ്വാസത്തിന്റെ നിറം മങ്ങിക്കൂടാ. ഈമാന്‍ ദുര്‍ബലമാകാന്‍ ഇതൊന്നും കാരണമായിക്കൂടാ. വാസ്തവത്തില്‍ ഈമാന്‍ അഥവാ വിശ്വാസം വര്‍ധിക്കുവാനുള്ള നിമിത്തങ്ങളായി മാറേണ്ടതണ്ട് ഇതെല്ലാം. മനുഷ്യന്റെ നിസ്സഹായതയും നിസ്സാരതയും ബോധ്യപെടുത്തിയ, ശാസ്ത്രത്തിനും മനുഷ്യന്‍ ആര്‍ജിച്ച അറിവിനും നോക്കുകുത്തിയായി നില്‍ക്കേണ്ട സാഹചര്യം സമ്മാനിച്ച കൊറോണ വൈറസ് ദൈവത്തിന്റെ അജയ്യതയും ശക്തിയും വിളിച്ചറിയിക്കുമ്പോള്‍ നാം വിനീത വിനയ ദാസന്മാരായി മാറുകയാണ് വേണ്ടത്. നമ്മുടെവിശ്വാസത്തിന് കരുത്ത് വര്‍ധിക്കുകയാണ് വേണ്ടത്.

പ്രയാസത്തിന്റെ സാഹചര്യത്തില്‍ വന്നെത്തിയ ഈദ് പരിമിതമായ തോതില്‍ ആഘോഷിക്കാം. ആത്മാര്‍ഥമായി നാം പ്രാര്‍ഥിക്കുക; ലോകത്തെല്ലായിടത്തും കോവിഡ് പൂര്‍ണമായും ഇല്ലാതാകുവാനും പഴയ അവസ്ഥയിലേക്ക് ലോകം തിരിച്ചുപോകുവാനും വേണ്ടി. എല്ലാ വായനക്കാര്‍ക്കും 'നേര്‍പഥ'ത്തിന്റെ ഈദുല്‍ ഫിത്വ്ര്‍ ആശംസകള്‍.