മികച്ച അധ്യാപകരും നല്ല ശിഷ്യന്മാരും

പത്രാധിപർ

2020 ജൂണ്‍ 20 1441 ശവ്വാല്‍ 28

അറിവിന് വളരെയധികം പ്രാധാന്യം നല്‍കുന്ന മതമാണ് ഇസ്‌ലാം. ആദ്യമായി നബി ﷺ ക്ക് ലഭിച്ച വഹ്‌യ് തന്നെ 'ഇക്വ്‌റഅ്' അഥവാ നീ വായിക്കുക എന്ന് തുടങ്ങുന്നതാണ് എന്നത് ശ്രദ്ധേയമാണ്. 'എന്റെ രക്ഷിതാവേ, നീ എനിക്ക് അറിവ് വര്‍ധിപ്പിച്ച് തരേണമേ' എന്ന് പ്രാര്‍ഥിക്കുവാന്‍ അല്ലാഹു നമ്മോട് കല്‍പിച്ചിട്ടുമുണ്ട്.

അറിവ് താനെ കൈവരുന്ന ഒന്നല്ല. അതിന് പഠിക്കുവാന്‍ തയ്യാറാകണം. പഠിപ്പിക്കുവാന്‍ പ്രാപ്തിയുള്ള ഗുരുനാഥന്മാരും വേണം. മനുഷ്യന് ഗുണകരമായ അറിവ് നേടുന്നതും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കുന്നതും പുണ്യകരമായ കാര്യമാണെന്നും ആകാശഭൂമികൡലുള്ള, അല്ലാഹുവിന്റെ ചെറുതും വലുതുമായ സൃഷ്ടികള്‍ അവരുടെ നന്മയ്ക്കായി പ്രാര്‍ഥിക്കുമെന്നും അറിവ് പകര്‍ന്ന് കൊടുക്കുന്നതിലൂടെ പകര്‍ന്നുകിട്ടിയ അറിവനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ നന്മ അത് പകര്‍ന്ന് കൊടുത്തയാള്‍ക്കും ലഭിക്കുമെന്നും നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്.നബി ﷺ യെ നിയോഗിച്ചതിനെ സംബന്ധിച്ച് അല്ലാഹു പറയുന്നു: ''അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു'' (ക്വുര്‍ആന്‍ 62:2).

അറിവുകളില്‍ ഏറ്റവും ഉന്നതമായ അറിവ് ആത്മീയമായ അറിവും അധ്യാപകരില്‍ ഉത്തമര്‍ ആത്മീയമായ അറിവ് പകര്‍ന്ന് കൊടുക്കുന്നവരുമാണ്. എന്നാല്‍ ഇത്തരം ഒരു വേര്‍തിരിവില്ലാതെ തന്നെ അറിവ് പകര്‍ന്ന് തരുന്ന ഗുരുനാഥന്മാരുടെ മഹത്ത്വം മനസ്സിലാക്കുകയും അവരെ ആദരിക്കുകയും ചെയ്യേണ്ടതുണ്ട്.

'വിദ്യാധനം സര്‍വധനാല്‍ പ്രധാന'മെന്ന് ഉദ്‌ഘോഷിക്കുകയും വിദ്യ പകര്‍ന്നുനല്‍കുന്ന അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം ബഹുമാനിക്കുകയും ചെയ്യുന്നതാണ് നമ്മുടെ സംസ്‌കാരം. ഒരു ഉപജീവനമാര്‍ഗമെന്നതിലുപരി സേവനമായി അധ്യാപകവൃത്തിയെ കണ്ടിരുന്നവരായിരുന്നു മിക്ക അധ്യാപകരും. അതിനാല്‍ ഗുരുക്കന്മാരെ വഴിയില്‍ കണ്ടുമുട്ടുമ്പോള്‍ എത്ര ഉന്നതിയില്‍ വിരാജിക്കുന്നവരും അവര്‍ക്ക് മുന്നില്‍ പഴയ വിദ്യാര്‍ഥിയായി മാറും. അധ്യാപകരുടെ നിലപാടുകളിലുണ്ടായ മാറ്റത്തിനനുസരിച്ച് അധ്യാപകരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിലും മാറ്റങ്ങളുണ്ടായിരിക്കുന്നു. സമൂഹത്തില്‍ മൊത്തത്തിലുണ്ടായിരിക്കുന്ന ധര്‍മച്യുതിയുടെ ഭാഗമായി ഗുരുശിഷ്യബന്ധങ്ങള്‍ക്ക് ആശാസ്യകരമല്ലാത്ത ഉലച്ചിലും വിടവും സംഭവിച്ചിരിക്കുന്നു. മത-ഭൗതിക വേര്‍തിരിവില്ലാതെ ഈ അപചയം വളരുകയാണോയെന്ന് ആശങ്കപ്പെടേണ്ട അവസ്ഥയാണുള്ളത്. വര്‍ത്തമാനകാലത്ത് ആശാസ്യകരമല്ലാത പല വാര്‍ത്തകളും നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നു.

മുടക്കിയ പണം തിരിച്ചുപിടിക്കാനുള്ള മാര്‍ഗമായും തങ്ങളുടെ വികലമായ ചിന്തകളും ആശയങ്ങളും അടിച്ചേല്‍പിക്കാനുള്ള പരീക്ഷണ വസ്തുവായും ചില ഗുരുനാഥന്മാര്‍ ശിഷ്യന്മാരെ കണക്കാക്കുന്നു. ചിലര്‍ വിദ്യനുകരാനെത്തുന്ന കുരുന്നുകള്‍ക്കിടയില്‍ ഭിന്നിപ്പും ചേരിതിരിവും ഉണ്ടാക്കുന്നു. അധ്യാപകവൃത്തി കേവലം ഒരു തൊഴിലായും ആ തൊഴിലിനു സമൂഹം നല്‍കുന്ന പിന്തുണ എന്തും ചെയ്യാനുള്ള അംഗീകാരമായും കരുതുന്നവര്‍ (അവര്‍ മത രംഗത്തായാലും ഭൗതിക രംഗത്തായാലും) പൊതു സമൂഹത്തിന്റെ നന്മയല്ല അഗ്രഹിക്കുന്നതെന്ന് വ്യക്തം. അധ്യാപകര്‍ എന്നും സമൂഹത്തിന് മാതൃകയായി വര്‍ത്തിക്കുന്നവരാകണം. അധ്യാപകന്റെ രീതികളും ചലനങ്ങളും വരെ വിദ്യാര്‍ഥികളില്‍ സ്വാധീനമുണ്ടാക്കും. ഒരു വിദ്യാര്‍ഥിയുടെ ജീവിതം മാറ്റി മറിക്കാന്‍ അധ്യാപകര്‍ക്ക് കഴിയുന്ന അനുഭവ പാഠങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്.

അധ്യാപകവൃത്തിയെന്ന മഹത്തായ കര്‍മത്തോട് നീതിപുലര്‍ത്തി സമൂഹത്തിനു നന്മ പകര്‍ന്ന് കൊടുക്കുന്ന, നല്ലത് ഉപദേശിക്കുന്ന, ഗുണകരമായതിനെ പിന്‍പറ്റാന്‍ അനുശാസിക്കുന്ന നല്ല അധ്യാപകരും അവരെ ബഹുമാനിക്കുന്ന വിദ്യാര്‍ഥികളും സമൂഹത്തിന്റെ മുതല്‍ക്കൂട്ടാണെന്നതില്‍ സംശയമില്ല.