വെറുക്കുവാനല്ല; സ്‌നേഹിക്കുവാന്‍ ശീലിക്കുക

പത്രാധിപർ

2020 ജനുവരി 25 1441 ജുമാദല്‍ അവ്വല്‍ 30

വാശിയും ദേഷ്യവും കൊണ്ട്

പലരും മനസ്സില്‍ തീര്‍ക്കുന്ന

വറ്റിവരണ്ട നീരുറവ

നിറഞ്ഞൊഴുകുവാന്‍

സ്‌നേഹത്തിന്റെ ചെറിയൊരു

ചാറ്റല്‍ മഴ മതിയാകും

 

ചെറുതും വലുതുമായ നന്മകളെല്ലാംഇസ്‌ലാം മാനവ സമൂഹത്തെ പഠിപ്പിക്കുന്നുണ്ട്. ആ നന്മകള്‍ സ്വജീവിതത്തില്‍ പകര്‍ത്തുന്നത് പുണ്യകര്‍മമാണെന്ന് ഇസ്‌ലാം അറിയിക്കുന്നു. മുഹമ്മദ് നബി ﷺ  സംഭവബഹുലമായ തന്റെ ജീവിതത്തിലൂടെ അവയെല്ലാം പ്രാവര്‍ത്തികമാക്കി കാണിക്കുകയും ചെയ്തു.

അബൂദര്‍റ് ജുന്‍ദബ് ഇബ്‌നുജുനാദ(റ)യില്‍നിന്ന് നിവേദനം; നബി ﷺ  എന്നോട് പറഞ്ഞു: ''നന്മയില്‍ യാതൊന്നിനെയും നീ നിസ്സാരമാക്കരുത്; നിന്റെ സഹോദരനെ പ്രസന്നവദനനായി കണ്ടുമുട്ടുന്നതുപോലും''(മുസ്‌ലിം).

ഇസ്‌ലാം നന്മകള്‍ക്കു നല്‍കുന്ന സ്ഥാനം ഈ നബിവചനത്തില്‍നിന്നു തന്നെ വ്യക്തമാണ്. നല്ലതായ ഒരു കാര്യവും ഒരു മുസ്‌ലിം നിസ്സാരമായി ഗണിക്കാന്‍ പാടില്ല. സ്രഷ്ടാവിന്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ആത്മാര്‍ഥതയോടെ അവന്‍ ചെയ്യുന്ന ഏതൊരു നല്ല കാര്യവും അല്ലാഹു സ്വീകരിക്കും.

പുഞ്ചിരിയോടെ ഒരാളെ അഭിമുഖീകരിക്കുക എന്നതുപോലും അവഗണിക്കാവുന്നതല്ല. മനസ്സില്‍ പകയും വിദ്വേഷവും ഇല്ലാത്തവര്‍ക്കേ അതിനു സാധിക്കുകയുള്ളൂ. ചില്ലറ പിണക്കം പോലും ഒരു പുഞ്ചിരിയില്‍ മാഞ്ഞുപോകുമെന്നതാണ് യാഥാര്‍ഥ്യം.  

മനസ്സില്‍ എന്തിന്റെയൊക്കെയോ പേരില്‍ മറ്റുള്ളവരോട് വാശിയും ദേഷ്യവും കൊണ്ടുനടക്കുന്നവരുണ്ട്. പലപ്പോഴും കാരണം നിസ്സാരമായിരിക്കും. ചിലപ്പോള്‍ തെറ്റുധാരണകൊണ്ടായിരിക്കാം. കാരണം എന്തായാലും അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചാല്‍, സ്‌നേഹത്തോടെ പെരുമാറിയാല്‍ പിണക്കമെല്ലാം നിമിഷനേരം കൊണ്ട് മാഞ്ഞുപോകുന്നത് കാണുവാന്‍ സാധിക്കും.

ഒരു മുസ്‌ലിമിന്റെ മനസ്സില്‍ ആരോടും സ്ഥായിയായ വെറുപ്പുണ്ടാകുവാന്‍ പാടില്ല. സ്‌നേഹമാണ് അവനില്‍ നിറഞ്ഞുനില്‍ക്കേണ്ടത്. നമ്മില്‍ നൂഴ്ന്നുകേറുന്ന വെറുപ്പിന്റെ തേരട്ടകളെ സ്‌നേഹത്തിന്റെ ചൂടും ശക്തിയും കൊണ്ട് നശിപ്പിക്കാനാവണം. ആത്മാര്‍ഥ സ്‌നേഹത്തോടെ അന്യരോട് പെരുമാറുന്ന ഒരു വ്യക്തിക്ക് ജീവിതത്തിന്റെ മാധുര്യം അനുഭവിക്കുവാന്‍ കഴിയും. മറ്റൊരാള്‍ നമ്മോട് സ്‌നേഹം പ്രകടിപ്പിച്ചാല്‍ അതിനോട് സ്‌നേഹത്തോടെ പ്രതികരിക്കാന്‍ നാം തയ്യാറാകണം. അവിടെ മതവും ജാതിയും കക്ഷിരാഷ്ട്രീയവും മറ്റും പ്രതിബന്ധമായിക്കൂടാ.  

സ്രഷ്ടാവിനോടുള്ള കടമകളും സൃഷ്ടികളോടുള്ള കടമകളും എന്തെല്ലാമെന്ന് പഠിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യല്‍ സത്യവിശ്വാസിയുെട കടമയാണ്.

''...നല്ലതെന്ത് നിങ്ങള്‍ പെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 2:215).

''അപ്പോള്‍ ആര്‍ ഒരണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും'' (ക്വുര്‍ആന്‍ 99:7).

''വല്ലവനും ഒരു നന്മ കൊണ്ടുവന്നാല്‍ അവന്ന് അതിന്റെ പതിന്മടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്മ കൊണ്ടുവന്നാല്‍ അതിനു തുല്യമായ പ്രതിഫലം മാത്രമെ അവന്ന് നല്‍കപ്പെടുകയുള്ളൂ. അവരോട് യാതൊരനീതിയും കാണിക്കപ്പെടുകയില്ല'' (ക്വുര്‍ആന്‍ 6:161).