മിതത്വം ഇസ്‌ലാമിന്റെ മുഖമുദ്ര

ഉസ്മാന്‍ പാലക്കാഴി

2020 ഫെബ്രുവരി 29 1441 റജബ്‌ 05

ഇസ്‌ലാമിനെ തീവ്രതയുടെ മതമായും മുസ്‌ലിംകളെ തീവ്രവാദത്തിന്റെ ആളുകളായും കാണുന്നവര്‍ ഏറെയുണ്ട്. അറിവില്ലായ്മ കൊണ്ടും മനഃപൂര്‍വം ഇസ്‌ലാമിനെ കരിവാരിത്തേക്കുവാന്‍ ശ്രമിക്കുന്ന വിമര്‍ശകരുടെ വ്യാജമായ ആരോപണങ്ങള്‍ വിശ്വസിച്ചുമാണ് പലരും അത് സത്യമാണെന്ന് കരുതുന്നത്. തുറന്ന മനസ്സോടെ ഇസ്‌ലാമിക പ്രമാണങ്ങളെ സമീപിച്ചാല്‍ തീരുന്നതാണ് ഈ തെറ്റായ ധാരണകള്‍.

ഇസ്‌ലാം മിതത്വത്തിന്റെ മതമാണ്. ഒന്നിലും തീവ്രത പാടില്ലെന്ന് അത് നിഷ്‌കര്‍ഷിക്കുന്നു. വിശ്വാസത്തിലും ആരാധനകളിലും ഉണ്ണുന്നതിലും ഉറങ്ങുന്നതിലും അടക്കം എല്ലാറ്റിലും മിതത്വം പാലിക്കുവാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്.

ധനം ചെലവഴിക്കുന്ന വിഷയത്തിലും ഇതുതന്നെയാണ് ഇസ്‌ലാമിന്റെ നിലപാട്. അറുപിശുക്കനോ ധാരാളിയോ ആയി മാറരുതെന്ന് ക്വുര്‍ആനിലൂടെ അല്ലാഹു കല്‍പിക്കുന്നു:

''നിന്റെ കൈ നീ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത്. അത് (കൈ) മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്. അങ്ങനെ ചെയ്യുന്നപക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടി വരും'' (ക്വുര്‍ആന്‍ 17:29). ''ചെലവഴിക്കുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍ (ദൈവദാസന്മാര്‍)'' (25:67).

തിന്നുന്നതിലും കുടിക്കുന്നതിലും അതിരുകവിയരുതെന്നും ഇസ്‌ലാം കല്‍പിക്കുന്നു: ''...നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല'' (7:31).

സ്രഷ്ടാവിനെ അനുസരിച്ച് ജീവിക്കുക, അവനെ മാത്രം ആരാധിക്കുക; ഓരോമനുഷ്യന്റെയും കടമയാണത്. സത്യവിശ്വാസം കൈക്കൊണ്ടവര്‍ ഇതിനുവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അവന്റെ കര്‍മങ്ങളെല്ലാം നിഷ്ഫലമായിപ്പോകും. എന്നാല്‍ ഈ ആരാധനാകര്‍മങ്ങളിലും അതിരുകവിയുവാന്‍ പാടില്ല എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

അല്ലാഹു പറയുന്നു: ''നിന്റെ പ്രാര്‍ഥന നീ ഉച്ചത്തിലാക്കരുത്. അത് പതുക്കെയുമാക്കരുത്. അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊളുക'' (ക്വുര്‍ആന്‍ 17:110).

ഭക്തിയുടെ പേരില്‍ സ്വദേഹങ്ങളെ പോലും പീഡിപ്പിക്കുവാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. കാരണം ഇസ്‌ലാം പ്രകൃതിമതമാണ്. മനുഷ്യപ്രകൃതിക്ക് വിരുദ്ധമായ യാതൊന്നും അത് മനുഷ്യന്റെ മേല്‍ കെട്ടിവെക്കുന്നില്ല. പിന്നെ എങ്ങനെയാണ് ഒരു മുസ്‌ലിമിന് മതത്തിന്റെ പേരില്‍ നിരപരാധികളെ ദ്രോഹിക്കുവാന്‍ കഴിയുക?

 പ്രവാചകന്റെ ആരാധനകളെ സംബന്ധിച്ച് അന്വേഷിച്ചറിയുവാന്‍ ചെന്ന മൂന്നാളുകളില്‍ ഓരോരുത്തരും ദൈവവുമായി കൂടുതല്‍ അടുക്കുവാനുള്ള ആഗ്രഹത്തോടെ പുതിയ ചില തീരുമാനങ്ങളെടുക്കുകയുണ്ടായി. എല്ലാം നല്ല കാര്യങ്ങള്‍. എന്നിട്ടും അത് തന്റെ ചര്യയെ നിരാകരിക്കുന്നതും നിഷേധവുമായിട്ടാണ് പ്രവാചകന്‍ ﷺ   കണ്ടത്. സ്വദേഹങ്ങളോടും ഇണകളോടും സമൂഹത്തോടുമൊക്കെയുള്ള കടമകളില്‍നിന്നുള്ള ഒളിച്ചോട്ടം ഇസ്‌ലാം അനുവദിക്കുന്നില്ല. നല്ലതല്ലേ എന്ന ചിന്തയില്‍ മതത്തില്‍ സ്വതാല്‍പര്യാനുസരണം വല്ലതും കൂട്ടിച്ചേര്‍ക്കുവാനോ മതകാര്യങ്ങളില്‍നിന്ന് വല്ലതും ഒഴിവാക്കുവാനോ ആര്‍ക്കും ഇസ്‌ലാം അനുവാദം നല്‍കുന്നുമില്ല.