വയലേലകള്‍ അന്യമാകുന്ന മാമലനാട്

പത്രാധിപർ

2020 ആഗസ്ത് 22 1442 മുഹര്‍റം 03

ആഗസ്റ്റ് 17ലെ ഒരു മലയാള പത്രത്തിന്റെ ഉള്‍പേജില്‍ ഒരു മൂലയില്‍ '32 വര്‍ഷം: സംസ്ഥാനത്ത് അപ്രത്യക്ഷമായത് 6.75 ലക്ഷം ഹെക്ടര്‍ വയലേലകള്‍' എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്ത കണ്ടു. സ്വര്‍ണക്കടത്തുകേസും കോവിഡ് വ്യാപനവും ധോണിയുടെ പടിയിറക്കവും സംബന്ധിച്ച വിവരണങ്ങള്‍തന്നെ എമ്പാടും വായിക്കാനുള്ളപ്പോള്‍ ഈ വാര്‍ത്തയുടെ തലക്കെട്ടിനു താഴെയുള്ളത് വായിച്ചവരുടെ എണ്ണം തുലോം കുറവായിരിക്കാനാണ് സാധ്യത!

വാര്‍ത്തയില്‍ പറയുന്ന കണക്ക് ഏറെ ആശങ്കയുളവാക്കുന്നതാണ്. '32 വര്‍ഷത്തിനിടെ സംസ്ഥാനത്ത് 6.75 ലക്ഷം ഹെക്ടര്‍ വയലേലകള്‍ അപ്രത്യക്ഷമായി എന്നാണു കൃഷി വകുപ്പിന്റെ കണക്ക്. 1955-56 കാലയളവില്‍ 7.60 ലക്ഷം ഹെക്ടര്‍ നെല്‍പാടങ്ങള്‍ കേരളത്തിലുണ്ടായിരുന്നു. 65-66 വര്‍ഷത്തില്‍ സംസ്ഥാനത്ത് നെല്‍കൃഷി ഉല്‍പാദനം റെക്കോര്‍ഡിട്ടു. 70-71 കാലയളവില്‍ നെല്‍പാടങ്ങളുടെ എണ്ണം 8.80 ലക്ഷം ഹെക്ടറായി ഉയര്‍ന്നു. നിലവില്‍ 2.05 ലക്ഷം ഹെക്ടര്‍ പ്രദേശത്തു മാത്രമാണ് നെല്‍കൃഷിയുള്ളത്' എന്ന് വാര്‍ത്തയില്‍ പറയുന്നു.

പ്രതിവര്‍ഷം 40 ലക്ഷം ടണ്‍ അരി കേരളത്തിന് ആവശ്യമാണെന്നിരിക്കെ 8 ലക്ഷം ടണ്‍ മാത്രമാണ് ഉല്‍പാദനം. 32 ലക്ഷം ടണ്‍ അരിക്ക് തമിഴ്‌നാട്, ആന്ധ്ര, ബീഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ ആശ്രയിക്കണമെന്നര്‍ഥം!

ലാഭകരമല്ല എന്ന കാരണം പറഞ്ഞ് കൃഷിയെ അവഗണിക്കുന്ന അവസ്ഥ ഇന്നുണ്ട്. ലാഭം കൂടുതല്‍ നല്‍കുന്നതിലേക്ക് ചാഞ്ചാടുന്നവരാണ് മലയാളികള്‍ പൊതുവെ.ലാഭനഷ്ടങ്ങളെന്ന അളവുകോലില്‍ പെടുത്തിയാല്‍ ജീവല്‍പ്രധാനമായ കൃഷികള്‍ പലതും നഷ്ടത്തില്‍ തന്നെയാണെന്നാണ് കാണാന്‍ സാധിക്കുക. കൃഷിയെ ലാഭനഷ്ടങ്ങളുടെ മാറ്റുരക്കലിന് വിധേയമാക്കാതിരിക്കാന്‍ നാം പാകപ്പെടുകയാണ് വേണ്ടത്. എന്നാല്‍ സ്ഥിരമായി നഷ്ടം സഹിച്ച് മുന്നോട്ടുപോകുവാന്‍ കര്‍ഷകര്‍ക്കു കഴിയില്ലല്ലോ. സര്‍ക്കാര്‍ സബ്‌സിഡിയും കാര്‍ഷിക വായ്പ വ്യവസ്ഥയില്‍ ഇളവും കൊടുക്കുന്നുണ്ട് എന്നത് ശരിയാണ്. നാമമാത്രമായ സബ്‌സിഡി പോരാ, കര്‍ഷകരെ കടക്കെണിയില്‍നിന്ന് രക്ഷിക്കാന്‍ സാധിക്കുന്ന വിധത്തില്‍ തന്നെ സഹായിച്ചാലേ കൃഷി നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ആനുകൂല്യങ്ങളും സൗജന്യങ്ങളും നേടുന്നതിനുള്ള ഉപാധിയായി മാത്രം കൃഷിയെ കാണുന്ന ചിലരുണ്ട്. അത് അവസാനിപ്പിക്കുകയും വേണം.

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം കൃഷി ഒരു പുണ്യകര്‍മമാണ്. തനിക്ക് സ്വന്തമായി ഉപയോഗിക്കാന്‍ ഫലമോ ധാന്യമോ ലഭിക്കുമോ എന്ന ആധിയില്ലാതെതന്നെ കൃഷി നടത്താന്‍ വിശ്വാസിയെ തയ്യാറാക്കുകയും അതിനു പ്രതിഫലം വാഗ്ദാനം നല്‍കുകയും ചെയ്യുന്നു ഇസ്‌ലാം.

ഒരു വിശ്വാസി കൃഷിചെയ്താല്‍ അതില്‍നിന്ന് അവന്‍ ഭക്ഷിക്കുന്നതും അതില്‍നിന്ന് മോഷണം പോകുന്നതും പക്ഷികളും മറ്റും ഭക്ഷിക്കുന്നതുമെല്ലാം അയാള്‍ക്ക് ദാനധര്‍മത്തിന്റെ പ്രതിഫലം ലഭിക്കുന്ന കാര്യമാണ് എന്ന് നബി ﷺ  പറഞ്ഞതായി ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാം.

'ഭൂമിയുള്ളവര്‍ അതില്‍ കൃഷി ചെയ്യട്ടെ, അല്ലെങ്കില്‍ തന്റെ സഹോദരന് കൃഷി ചെയ്യാനായി നല്‍കട്ടെ' (ബുഖാരി) എന്ന പ്രവാചക വചനം കൃഷിയുടെ പ്രാധാന്യം അറിയിക്കുന്നു.

അധ്വാനിച്ച് ജീവിതവിഭവം കണ്ടെത്താന്‍ ഏവര്‍ക്കും സാധിക്കും വിധമാണ് ഭൂമിയെ അല്ലാഹു സംവിധാനിച്ചിരിക്കുന്നത്. സാങ്കേതകമായ ജ്ഞാനം നേടിയവര്‍ക്ക് അങ്ങനെയും പരമ്പരാഗത രീതി സ്വീകരിക്കുന്നവര്‍ക്ക് അങ്ങനെയും കൃഷി ചെയ്തു ജീവിക്കാന്‍ സാധിക്കുന്ന സാഹചര്യം അല്ലാഹുവിന്റെ അനുഗ്രഹമാണ്.

കോവിഡ് തീര്‍ത്ത സാമ്പത്തികപ്രതിസന്ധിയും ജോലി നഷ്ടപ്പെട്ട് മടങ്ങിയ പ്രവാസികളും കാര്‍ഷിക രംഗത്ത് ഒരു മാറ്റത്തിന് സഹായകമാകുമെന്ന് പ്രത്യാശിക്കാം.