സലഫികളുടെ സവിശേഷത

പത്രാധിപർ

2020 ആഗസ്ത് 01 1441 ദുല്‍ഹിജ്ജ 11

പ്രമാണങ്ങള്‍ക്കു മുന്നില്‍ കീഴൊതുങ്ങുക എന്ന നയം സ്വീകരിച്ച് മുന്നോട്ടുപോകുന്നവരാണ് സലഫികള്‍. ഇത് ക്വുര്‍ആനിന്റെയും ഹദീഥിന്റെയും താല്‍പര്യമാണ് താനും. അല്ലാഹുവിന്റെ ഈ വചനം ശ്രദ്ധിക്കുക: ''ഇല്ല, നിന്റെ രക്ഷിതാവിനെ തന്നെയാണ് സത്യം! അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധികല്‍പിച്ചതിനെ പറ്റി പിന്നീട് അവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല'' (ക്വുര്‍ആന്‍ 3:65). ഈ സൂക്തത്തിന്റെ പ്രയോക്താക്കള്‍ സലഫിയ്യത്തിനെ ആദര്‍ശമായി ഉള്‍ക്കൊണ്ടവര്‍ മാത്രമാണ് എന്നത് തിരസ്‌കരിക്കാനാവാത്ത ഒരു യാഥാര്‍ഥ്യമാണ്.

മതത്തിന്റെ പേരില്‍ മുള പൊട്ടിയിട്ടുള്ള മുഴുവന്‍ പുതുനിര്‍മിതികളെയും അതിന്റെ നിര്‍മാതാക്കെളയും ശക്തമായി നിരാകരിക്കുന്ന നിലപാടാണ് സലഫിയ്യത്ത്. കാരണം ഇത്തരം പുതുനിര്‍മിതികള്‍ക്കെതിരെ ഗൗരവമേറിയ താക്കീതുകളാണ് നബി ﷺ  നടത്തിയിട്ടുള്ളത്. മതത്തില്‍ പുതുതായികടത്തിക്കൂട്ടപ്പെടുന്ന മുഴുവന്‍ കാര്യങ്ങളും നരകത്തിലേക്കുള്ള വഴികളാണെന്ന പ്രവാചകാധ്യാപനമാണ് സലഫികള്‍ക്ക് ഈ വിഷയത്തിലുള്ള വെളിച്ചം.

വിജ്ഞാനം, സംസ്‌കരണം, പ്രബോധനം എന്ന രീതിയാണ് സലഫികള്‍ സ്വീകരിച്ചുവരുന്നത്. പ്രവാചകരുടെ ശൈലിയും അതുതന്നെയാണ്. വിജ്ഞാനമാണ് പ്രബോധനത്തിന്റെ ആയുധം. വിജ്ഞാന സമ്പാദനത്തിലൂടെ സ്വയം സംസ്‌കൃതരായവര്‍ നടത്തുന്ന ബോധനം അതുല്യമായ മാറ്റം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.

തൗഹീദ് (ഏകദൈവവിശ്വാസം) പ്രബോധനത്തിന് പ്രഥമപരിഗണന നല്‍കുന്നവരാണ് സലഫികള്‍.  പ്രവാചകന്‍മാരുടെ പ്രബോധനരീതികള്‍ പഠിക്കുന്ന ആര്‍ക്കും സലഫികള്‍ സ്വീകരിച്ച ഈ വഴിയുടെ പ്രാമാണികത ബോധ്യപ്പെടും. അടിത്തറ ശരിയാവാതെ എടുപ്പുകള്‍ നിര്‍മിക്കുന്നത് നിരര്‍ഥകമാണെന്ന് തിരിച്ചറിയാനുള്ള ശേഷി സലഫികള്‍ക്കുണ്ട്. കേവലം ഉപരിപ്ലവമായ സേവനപ്രവര്‍ത്തനങ്ങളല്ല, മനസ്സറിഞ്ഞ; ഹൃദയത്തില്‍നിന്ന് ഹൃദയത്തിലേക്കുള്ള ആശയസംവേദനമാണ് പ്രബോധനം.

തൗഹീദ് പ്രബോധനത്തിന്റെ ഭാഗമാണ് ശിര്‍ക്കിനും അതിന്റെ പ്രചാരകര്‍ക്കുമെതിരായ പ്രവര്‍ത്തനം. സമൂഹത്തെ വഴിതെറ്റിക്കുന്ന ചൂഷണ കേന്ദ്രങ്ങള്‍ക്കെതിരില്‍ സന്ധിയില്ലാസമരം പ്രഖ്യാപിച്ചവരാണ് സലഫികള്‍. മാരണക്കാര്‍, ജ്യോല്‍സ്യന്‍മാര്‍, കൈനോട്ടക്കാര്‍, ജാറവ്യവസായക്കാര്‍, തിരുശേഷിപ്പിന്റെ പേരില്‍ ധനസമ്പാദനം നടത്തുന്നവര്‍ തുടങ്ങിയ ചൂഷകരായ ഇരുട്ടിന്റെ ശക്തികളെ സമൂഹത്തിന് മുന്നില്‍ വിചാരണ നടത്തുന്നതില്‍ സലഫികളാണ് മുന്നില്‍ നിന്നിട്ടുള്ളത്.

ഭീകരത, തീവ്രവാദം തുടങ്ങിയവക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് അവരോട് എതിര്‍ പക്ഷത്തുനിന്ന് പോരാട്ടം നയിച്ചവരും നയിച്ചുകൊണ്ടിരിക്കുന്നവരുമാണ് സലഫികള്‍. ഭീകരതയുടെ നാമ്പുകള്‍ കണ്ടെത്തി അതിനെ മുളയിലെ നുള്ളിയിടാന്‍ എന്നും നേതൃത്വം നല്‍കിയത് സലഫികളായിരുന്നു എന്നത് ചരിത്രം പരിശോധിക്കുന്നവര്‍ക്കെല്ലാം വ്യക്തമാവും. എന്നിട്ടും സലഫികളെ തന്നെ ഭീകരതയുമായി കൂട്ടിക്കെട്ടാന്‍ പാടുപെടുന്ന ജൂത, ശിയാ, സ്വൂഫി ലോബികളെ ലോകം തിരിച്ചറിഞ്ഞ് വരുന്നുണ്ട് എന്നതും ആശ്വാസകരമാണ്.