ക്വുര്‍ആന്‍ പഠനത്തിന്റെ അനിവാര്യത

പത്രാധിപർ

2020 നവംബര്‍ 21 1442 റബീഉല്‍ ആഖിര്‍ 06
വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ നടത്തുന്ന,  ക്വുര്‍ആനും കൂടെ ഹദീഥുകളും പഠിപ്പിക്കുന്ന 'ക്വുര്‍ആന്‍ ഹദീഥ് ലേണിംഗ് സ്‌കൂള്‍'  എല്ലാംകൊണ്ടും ശ്രദ്ധേയമാണ്. ക്വുര്‍ആന്‍ പഠനത്തോടൊപ്പം; ഹദീഥുകളോട് നിഷേധാത്മക സമീപനം വെച്ചുപുലര്‍ത്തുന്നവരുടെ കെണിയില്‍ പെടാതിരിക്കാനും ഹദീഥുകളുടെ പ്രാമാണികതയും പ്രധാന്യവും മനസ്സിലാക്കാനുംഈ സംരംഭം പഠിതാക്കളെ സഹായിക്കുന്നു.

ക്വുര്‍ആന്‍ സൂക്തങ്ങള്‍ തങ്ങളുടെ വാദങ്ങള്‍ക്ക് തെളിവായി ഉദ്ധരിക്കുമ്പോള്‍ 'അത് ക്വുര്‍ആനല്ലേ, ദലീല്‍ (തെളിവ്) എവിടെ' എന്ന് പണ്ഡിതന്മാര്‍ ചോദിച്ചിരുന്ന, ക്വുര്‍ആനിന്റെ അര്‍ഥം പഠിക്കേണ്ടതില്ലെന്നു പറഞ്ഞിരുന്ന, ക്വുര്‍ആന്‍ വിവര്‍ത്തനത്തെ നിശിതമായി എതിര്‍ത്തിരുന്ന ഒരു കാലഘട്ടം നമ്മുടെ നാട്ടില്‍ കഴിഞ്ഞുപോയിട്ടുണ്ട്. പണ്ഡിതന്മാരായിരുന്നു ക്വുര്‍ആനില്‍നിന്ന് സമുദായത്തെ ഇത്തരത്തില്‍ അകറ്റാന്‍ ശ്രമിച്ചിരുന്നത് എന്നത് ഖേദകരമായ വസ്തുതയാണ്.

എന്നാല്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ ശക്തമായ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഈ ശ്രമങ്ങളില്‍നിന്നെല്ലാം അവര്‍ക്ക് പിന്തിരിയേണ്ടിവന്നു. ക്വുര്‍ആനികാശയങ്ങളുടെ പഠനത്തിനും പ്രചാരണത്തിനുമായി മുജാഹിദുകള്‍ തുടങ്ങിവെച്ച എല്ലാ കാര്യങ്ങളെയും അതേപടി പിന്‍പറ്റാന്‍ അവര്‍ നിര്‍ബന്ധിതരായി. ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നതിനെതിരെ താക്കീതു നല്‍കുന്ന ഗ്രന്ഥം പോലും രചിച്ചവര്‍ക്ക് ക്വുര്‍ആന്‍ പരിഭാഷകള്‍ ഇറക്കേണ്ടിവന്നു. ക്വുര്‍ആന്‍ ക്ലാസ്സുകളെ പരിഹസിച്ചവര്‍ ഇന്ന് അതില്‍ മത്സരിക്കുന്നതാണ് നാം കാണുന്നത്. മുജാഹിദുകള്‍ തുടങ്ങിവെച്ച ക്വുര്‍ആന്‍ ലേണിംഗ് ക്ലാസ്സുകള്‍ക്ക് ബദലായി പല പേരുകളിലും ക്ലാസ്സുകള്‍ നടത്താന്‍ തുടങ്ങി. ഇത് സന്തോഷകരമായ ഒരു കാര്യമാണ്.

എന്നാല്‍ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ നടത്തുന്ന, ക്വുര്‍ആനും കൂടെ ഹദീഥുകളും പഠിപ്പിക്കുന്ന 'ക്വുര്‍ആന്‍ ഹദീഥ് ലേണിംഗ് സ്‌കൂള്‍' ഇതില്‍നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നതാണ്. ഹദീഥുകളോട് നിഷേധാത്മക സമീപനം വെച്ചുപുലര്‍ത്തുന്ന പ്രവണതക്കെതിരെ ജാഗ്രപാലിക്കാന്‍ സമുദായത്തെ ഇതിലൂടെ ഉദ്‌ബോധിപ്പിക്കുന്നു. എല്ലാവര്‍ഷവും പാഠഭാഗങ്ങള്‍ നിശ്ചയിച്ച്, അതിനെ അടിസ്ഥാനമാക്കി പരീക്ഷ നടത്തിവരുന്നുണ്ട്. കോവിഡ് കാരണത്താല്‍ ഈ വര്‍ഷത്തെ പരീക്ഷ നവംബര്‍ 29ന് ഓണ്‍ലൈനായി നടത്താനാണ് തീരുമാനം.

മാനവരാശിയെ എല്ലാവിധ അന്ധകാരങ്ങളില്‍നിന്നും പ്രകാശത്തിലേക്ക് നയിക്കുവാനാണ് അല്ലാഹു വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിച്ചത്: ''നിങ്ങളെ ഇരുട്ടില്‍നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരാന്‍വേണ്ടി തന്റെ ദാസന്റെ മേല്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ ഇറക്കിക്കൊടുക്കുന്നവനാണ് അവന്‍...'' (ക്വുര്‍ആന്‍ 57:9).

ആറാം നൂറ്റാണ്ടില്‍ ഇരുളിന്റെ ലോകത്ത് ഇരുളടഞ്ഞ മനസ്സുമായി ജീവിച്ചിരുന്ന ഒരു ജനതതിയെ വെളിച്ചത്തിലേക്ക് നയിച്ചതും അവരുടെ മനസ്സുകളെ പ്രകാശമാനമാക്കിയതും ക്വുര്‍ആനായിരുന്നു. പാരമ്പര്യ വിശ്വാസങ്ങളെയും ആചാരങ്ങളെയും കയ്യൊഴിക്കുവാന്‍ അവര്‍ തയ്യാറായത് വിശുദ്ധ ക്വുര്‍ആന്‍ അവരുടെ ചിന്തയെ തട്ടിയുണര്‍ത്തിയതുകൊണ്ടായിരുന്നു. ക്വുര്‍ആനിന്റ അര്‍ഥവും ആശയവും പഠിക്കാന്‍ തയ്യാറാകാത്തവര്‍ എങ്ങനെ ക്വുര്‍ആന്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും?

''നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീതമായ ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചുനോക്കുന്നതിനും ബുദ്ധിമാന്മാര്‍ ഉദ്ബുദ്ധരാകേണ്ടതിനും വേണ്ടി'' (38:29). ''അപ്പോള്‍, അവര്‍ ക്വുര്‍ആന്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്മേല്‍ പൂട്ടുകളിട്ടിരിക്കുകയാണോ?'' (47:24).

ക്വുര്‍ആന്‍ പഠിക്കുന്നവനും പഠിപ്പിക്കുന്നവനുമാണ് നിങ്ങളില്‍ ഉത്തമന്‍ എന്നാണ് നബി ﷺ  പറഞ്ഞിട്ടുള്ളത്. മനുഷ്യന്റെ ഇഹപര ജീവിത വിജയത്തിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഗ്രന്ഥം എന്ന നിലയ്ക്ക് അത് പഠിക്കല്‍ സത്യവിശ്വാസികളുടെ ബാധ്യതയാണ്.