ബലിപെരുന്നാള്‍ നല്‍കുന്ന സന്ദേശം

പത്രാധിപർ

2020 ജൂലൈ 25 1441 ദുല്‍ഹിജ്ജ 04

ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ത്യാഗോജ്വലമായ സ്മരണകളുയര്‍ത്തിക്കൊണ്ട് ഒരു ഹജ്ജും—ബലിപെരുന്നാളുംകൂടി ആഗതമായിരിക്കുകയാണ്. ലോകമുസ്‌ലിംകള്‍ ഇൗ വര്‍ഷം ബലിപെരുന്നാള്‍ ആഘോഷിക്കുന്നത് വല്ലാത്തൊരു ആത്മസംഘര്‍ഷത്തോടെയാണ്. കാരണം കോവിഡ് എന്ന മഹാമാരി അത്രമാത്രം ലോകത്തെ കീഴടക്കിയിരിക്കുന്നു. പള്ളികളില്‍ ജുമുഅ, ജമാഅത്തുകള്‍ നിര്‍ത്തലാക്കിയിട്ട് മാസങ്ങളായി. പലയിടങ്ങളിലും പള്ളികള്‍ തുറന്നുകൊടുത്തിട്ടുണ്ടെങ്കിലും അത് നിശ്ചിത അംഗങ്ങളില്‍ പരിമിതമാണ്. സാഹചര്യമാകട്ടെ കൂടുതല്‍ ദുഷ്‌കരമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

മുപ്പത് ലക്ഷം വിശ്വാസികളെങ്കിലും പങ്കെടുക്കുന്ന ഹജ്ജ്കര്‍മം ഏതാനും ആയിരം പേരില്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ് ഇത്തവണ. ലോകത്തെ എല്ലാ രാഷ്ട്രങ്ങളില്‍നിന്നുമായി ഇത്തവണ ഹജ്ജ് ചെയ്യുവാന്‍ ആഗ്രഹിക്കുകയും അതിനുള്ള മുന്നൊരുക്കം നടത്തുകയും ചെയ്ത ലക്ഷക്കണക്കിനു വിശ്വാസികള്‍ അതിനുള്ള അവസരം നഷ്ടപ്പെട്ടതിന്റെ നിരാശയിലും സങ്കടത്തിലുമാണ്. അടുത്ത തവണയെങ്കിലും അതിനുള്ള അവസരം അവര്‍ക്കു ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം. അതിനിടയില്‍ മരണം സംഭവിക്കുന്നവര്‍ക്ക് ഉദ്ദേശ്യശുദ്ധിയനുസരിച്ച് ഹജ്ജിന്റെ പ്രതിഫലം നാഥന്‍ നല്‍കുമെന്നതില്‍ അവര്‍ക്ക് സന്തോഷിക്കാം.

വിശ്വാസത്തിലും ആദര്‍ശനിഷ്ഠയിലും അല്ലാഹുവിനോടുള്ള കൂറിലും ഏകദൈവ വിശ്വാസത്തോട് പുലര്‍ത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയിലുമെല്ലാം ഇബ്‌റാഹീം നബി(അ) മനുഷ്യരാശിക്കാകമാനം മാതൃകയാണ്. അല്ലാഹു പറയുന്നു: ''സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്‌റാഹീമിന്റെ മാര്‍ഗത്തോട് വിമുഖത കാണിക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും''(ക്വുര്‍ആന്‍ 2:130).

''നീ കീഴ്‌പെടുക എന്ന് അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ സര്‍വലോകരക്ഷിതാവിന് ഞാനിതാ കീഴ്‌പ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇബ്‌റാഹീമും യഅ്ക്വൂബും അവരുടെ സന്തതികളോട് ഇത് (കീഴ്‌വണക്കം) ഉപദേശിക്കുക കൂടി ചെയ്തു...'' (ക്വുര്‍ആന്‍ 2:132).

തന്റെ നാഥനെ നിരുപാധികം അനുസരിക്കുകയും അദ്ദേഹത്തിന്റെ കല്‍പനകള്‍ അനുസരിക്കുകയും ചെയ്യുന്നതില്‍ ഇബ്‌റാഹീം(അ) അതുല്യമായ മാതൃകയാണ് കാണിച്ചത്. ഏകദൈവ വിശ്വാസത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള സമര്‍പ്പണത്തിലൂടെയാണ് അദ്ദേഹം മാനവകുലത്തിന് മാതൃകയായിത്തീര്‍ന്നത്. ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗത്തിന്റെ ഏറ്റവും സുപ്രധാനമായ മേന്മ എന്ത് എന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നത് കാണുക: ''ആകയാല്‍ ശുദ്ധ മനഃസ്‌കനായ ഇബ്‌റാഹീമിന്റെ മാര്‍ഗം നിങ്ങള്‍ പിന്തുടരുക. അദ്ദേഹം ബഹുദൈവാരാധകരുടെ കൂട്ടത്തിലായിരുന്നില്ല'' (3:95).

ഈ മാര്‍ഗത്തില്‍ ജീവിച്ച് പരലോകവിജയം നേടാന്‍ ശ്രമിക്കുക എന്നതാണ് ബലിപെരുന്നാള്‍ നല്‍കുന്ന സന്ദേശം.