വിവരമില്ലാത്ത ഭക്തരും തന്നിഷ്ടക്കാരായ പണ്ഡിതരും

പത്രാധിപർ

2020 ഒക്ടോബര്‍ 17 1442 സഫര്‍ 30

ഇഹലോകത്തിലെ സുഖഭോഗങ്ങളോട് അങ്ങേയറ്റം പ്രതിപത്തി പുലര്‍ത്തുകയും അതിന് പ്രാമുഖ്യം നല്‍കുകയും ചെയ്യുന്നവരായി പണ്ഡിതന്മാര്‍ മാറിയാല്‍ ദൈവത്തിന്റെ പേരില്‍ കള്ളം പറയാനും തന്നിഷ്ടപ്രകാരം മതവിധികള്‍ നല്‍കാനും അവര്‍ മടികാണിക്കില്ല എന്നതില്‍ സംശയമില്ല. കാരണം അവരുടെ ഏകലക്ഷ്യം ഭൗതിക വിഭവങ്ങളാണ്. അത് ലഭിക്കുവാന്‍ ഏതുവഴിയും സ്വീകരിക്കുവാന്‍ അവര്‍ തയ്യാറായിരിക്കും. ജനങ്ങള്‍ക്ക്  ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രം പറഞ്ഞും അവരുടെ ഇച്ഛകള്‍ക്കനുസരിച്ച് മതവിധികള്‍ നല്‍കിയും അവരുടെ ഇഷ്ടം പിടിച്ചുപറ്റാനും അതിലൂടെ സാമ്പത്തികമായി അവരെ ചൂഷണം ചെയ്യാനും ഈ പണ്ഡിതന്മാര്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.

പണ്ഡിതന്മാരും നേതാക്കളും സ്ഥാനമാനങ്ങളും നേതൃത്വവും കൊതിക്കുന്നവരും ദേഹേച്ഛകളെ പിന്‍പറ്റുന്നവരുമാണെങ്കില്‍ സത്യത്തിനെതിരായി നിലകൊള്ളാനേ അവര്‍ക്ക് കഴിയൂ. വ്യക്തമായ പ്രമാണവചനങ്ങളെ പോലും ദുര്‍വ്യാഖ്യാനിച്ച്അതിനെതിരായി വിധിപറയാന്‍ അവര്‍ തയ്യാറാകും.

തന്നിഷ്ടങ്ങളെ പിന്തുടരുന്നവര്‍ ദുര്‍മാര്‍ഗികളാണെന്നും അതിന്റെ തിക്തഫലം അവര്‍ അനുഭവിക്കുമെന്നും അല്ലാഹു അറിയിച്ചിട്ടുണ്ട്: ''എന്നിട്ട് അവര്‍ക്കുശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്‌കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്മൂലം ദുര്‍മാര്‍ഗത്തിന്റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്'' (ക്വുര്‍ആന്‍ 19:59).

ഇഹലോകത്തില്‍ ഭ്രമിച്ചവരും നേതൃസ്ഥാനം വഹിക്കുവാന്‍ ഏതറ്റംവരെ പോകാന്‍ തയ്യാറുള്ളവരും ഇച്ഛകളെ പിന്‍പറ്റുന്നവരുമായ പണ്ഡിതന്മാര്‍ എക്കാലത്തും സമൂഹത്തിന് ശാപമാണ്. തന്നിഷ്ടത്തെ പിന്തുടര്‍ന്ന ഒരു പണ്ഡിതനെ അല്ലാഹു വിശേഷിപ്പിക്കുന്നത് കാണുക:

''നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ട് അതില്‍ നിന്ന് ഊരിച്ചാടുകയും, അങ്ങനെ പിശാച് പിന്നാലെ കൂടുകയും, എന്നിട്ട് ദുര്‍മാര്‍ഗികളുടെ കൂട്ടത്തിലാവുകയും ചെയ്ത ഒരുവന്റെ വൃത്താന്തം നീ അവര്‍ക്ക് വായിച്ചുകേള്‍പിച്ചുകൊടുക്കുക. നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ (ദൃഷ്ടാന്തങ്ങള്‍) മൂലം അവന്ന് ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷേ, അവന്‍ ഭൂമിയലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ് ചെയ്തത്. അപ്പോള്‍ അവന്റെ ഉപമ ഒരു നായയുടെത് പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് തൂക്കിയിടും. അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുതള്ളിയവരുടെ ഉപമ...'' (ക്വുര്‍ആന്‍ 7:176,175).

മതത്തെക്കുറിച്ച് കാര്യമായ വിവരമൊന്നുമില്ലാത്ത ചില ഭക്തന്‍മാരുണ്ട്. എന്നാല്‍ സ്വന്തം അറിവില്ലായ്മ അംഗീകരിക്കാന്‍ അവര്‍ തയ്യാറാകില്ല. എന്നു മാത്രമല്ല വലിയ വിവരമുള്ളവരും ഭക്തരുമാണെന്ന ഭാവവും അവരില്‍ കാണാം. പലപ്പോഴും സ്ഥിരപ്പെട്ട പ്രവാചകചര്യകളില്‍ പലതിനെയും പുത്തനാചാരമായും പുത്തനാചാരങ്ങളെ പ്രവാചകചര്യകളായും ഇത്തരക്കാര്‍ പരിഗണിക്കുന്നത് കാണാനാവും. സൃഷ്ടികളോട് പ്രാര്‍ഥിക്കുന്നതില്‍ ഇവര്‍ തെറ്റുകാണില്ല. അതിനെ എതിര്‍ക്കുന്നവരെ പിഴച്ചവരായി മുദ്രകുത്തുകയും ചെയ്യും. ഇക്കൂട്ടര്‍ തങ്ങള്‍ അംഗീകരിക്കുന്ന പണ്ഡിതന്മാര്‍ എന്തുപറഞ്ഞാലും അത് അന്ധമായി പിന്‍പറ്റാന്‍ തയ്യാറുള്ളവരുമായിരിക്കും. ക്വുര്‍ആന്‍ സൂക്തങ്ങളുെടയോ പ്രാര്‍ഥനകളുടെയോ അര്‍ഥമറിയാത്തതിനാല്‍ ചിന്തയുടെ വാതായനങ്ങള്‍ തുറക്കാന്‍ ഇവര്‍ക്കു കഴിയില്ല. തന്നിഷ്ടക്കാരായ പണ്ഡിതന്‍മാരുടെ പിന്‍ബലം ഇത്തരം ആളുകളാണെന്ന് കാണാനാവും.

''നമ്മെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്തവരും, ഇഹലോകജീവിതം കൊണ്ട് തൃപ്തിപ്പെടുകയും അതില്‍ സമാധാനമടയുകയും ചെയ്തവരും, നമ്മുടെ തെളിവുകളെപ്പറ്റി അശ്രദ്ധരായി കഴിയുന്നവരും ആരോ; അവരുടെ സങ്കേതം നരകം തന്നെയാകുന്നു...'' (ക്വുര്‍ആന്‍ 10:7,8).