സഹായം അര്‍ഹിക്കുന്നവരെ കണ്ടെത്തുക

പത്രാധിപർ

2020 മെയ് 09 1441 റമദാന്‍ 16

എല്ലാ മനുഷ്യര്‍ക്കും അല്ലാഹു ഒരേ സാമ്പത്തികാവസ്ഥയല്ല നല്‍കിയിരിക്കുന്നത്. മനുഷ്യരുടെ ഉപജീവനമാര്‍ഗവും വ്യത്യസ്തമാണ്. അല്ലാഹു പറയുന്നു: ''ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്റെ അധീനത്തിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം അവന്‍ വിശാലമാക്കുന്നു. (മറ്റുള്ളവര്‍ക്ക്) അവന്‍ അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ ഏതുകാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 42:12).

മനുഷ്യരെ സംബന്ധിച്ചിടത്തോളം ഐഹികജീവിതം പരീക്ഷണ ഘട്ടമാണ്. തനിക്ക് സര്‍വശക്തന്‍ കനിഞ്ഞുനല്‍കിയ ജീവന്‍, ആരോഗ്യം, സമ്പത്ത് തുടങ്ങിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും പകരമായി ആ സ്രഷ്ടാവിനോട് നന്ദി കാണിക്കുക എന്നത് അവന്റെ കടമയാണ്. ചിലരെ സമ്പന്നരും മറ്റു ചിലരെ ദരിദ്രരുമായി മാറ്റിയതും അവര്‍ക്കുള്ള പരീക്ഷണമാണ്. ഏത് അവസ്ഥയിലും സ്രഷ്ടാവിനെ മറക്കാതിരിക്കുക എന്നത് സത്യവിശ്വാസികള്‍ക്കുണ്ടായിരിക്കേണ്ട സദ്ഗുണമാണ്.

ഉള്ളവന്‍ ഇല്ലാത്തവനെ സഹായിക്കണം. അത് മനുഷ്യത്വത്തിന്റെ അടയാളമാണ്. സമ്പന്നരുടെമേല്‍ നിര്‍ബന്ധദാനം അഥവാ സകാത്ത് ഇസ്‌ലാം നിര്‍ബന്ധമാക്കിയിരിക്കുന്നത് ഈ മാനുഷികഗുണം ഊട്ടിയുറപ്പിക്കുവാന്‍ വേണ്ടി കൂടിയാണ്.  

യാചിക്കേണ്ട അവസ്ഥയുണ്ടായിട്ടും മാന്യത കാത്തുസൂക്ഷിച്ചുകൊണ്ട് യാചനയുടെ മാര്‍ഗം സ്വീകരിക്കാത്തവരും സമൂഹത്തിലുണ്ടായിരിക്കും. അത്തരക്കാരെ കണ്ടെത്തുവാനും അവരെ സഹായിക്കുവാനും സത്യവിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ട്.

നബി ﷺ  പറഞ്ഞു: ''ജനങ്ങളുടെ സമീപം കറങ്ങിനടക്കുകയും ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ കാരക്കയോ കിട്ടിയാല്‍ തിരിച്ചുപോകുകയും ചെയ്യുന്നവനല്ല സാധു.'' അനുചരന്മാര്‍ ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, എങ്കില്‍ പിന്നെ ആരാണ് സാധു?'' നബി ﷺ  പറഞ്ഞു: ''തന്നെ പര്യാപ്തനാക്കുന്ന സമ്പത്ത് അവനില്ല. ആരെങ്കിലും അവനെ ശ്രദ്ധിച്ച് ധര്‍മം നല്‍കുന്നുമില്ല. അവനാകട്ടെ ജനങ്ങളോട് ഒന്നും ചോദിക്കുന്നുമില്ല. അവനാണ് സാധു'' (മുസ്‌ലിം).

യാചകരില്‍ പലരും യഥാര്‍ഥത്തില്‍ ദരിദ്രരല്ല എന്നതും അവരില്‍ പലരും സമ്പന്നരാണ് എന്നതും യാഥാര്‍ഥ്യമാണ്. ദിവസേന വലിയ തുക യാചനയിലൂടെ കരസ്ഥമാക്കുന്നര്‍ എങ്ങനെയാണ് ദരിദ്രരാവുക?

പലരുടെയും ദാനധര്‍മങ്ങള്‍ ഇന്ന് അര്‍ഹരായവര്‍ക്കല്ല ലഭിക്കുന്നത്. യഥാര്‍ഥ അവകാശികള്‍ക്കത് കിട്ടാതെ പോകുന്നുണ്ട്. യാതൊരു മടിയും കൂടാതെ യാചിച്ചു നടക്കുന്നവര്‍ മാത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. ദാരിദ്ര്യം സഹിച്ച്, ദുഃഖം കടിച്ചിറക്കി ലജ്ജ കാരണം വിഷമം പുറത്തു പറയാതെ മാന്യത പുലര്‍ത്തി ജീവിക്കുന്ന അധികമാളുകളും സാധുസംരക്ഷകരുടെയും ധര്‍മിഷ്ഠരുടെയും ലിസ്റ്റിലുണ്ടാകാറില്ല.

ലോക്ക് ഡൗണ്‍ കാലത്ത് പ്രയാസമനുഭവിക്കുന്നവരില്‍ ദരിദ്രര്‍ മാത്രമല്ല ഉള്ളത് എന്നത് വലിയൊരു യാഥാര്‍ഥ്യമാണ്. ലോക്ക് ഡൗണ്‍ പലരെയും ദരിദ്രരാക്കിയിട്ടുമുണ്ട്. ചിലര്‍ക്ക് പലരില്‍നിന്നുമായി സഹായം കിട്ടിക്കൊണ്ടേയിരിക്കുന്നു. കാരണം അവര്‍ ഇല്ലാത്തവരാണെന്നഎല്ലാവര്‍ക്കുമറിയാം. എന്നാല്‍ സമൂഹത്തിന്റെ കണ്ണില്‍ ഉള്ളവര്‍ പലരും ഇന്ന് ഇല്ലാത്തവരാണ്. അത് ആരും അറിയുന്നില്ല. അവര്‍ അറിയിക്കുകയുമില്ല. പരിശുദ്ധ റമദാനില്‍ നാം ചെയ്യുന്ന ദാനധര്‍മങ്ങളും സകാത്തും അര്‍ഹരായവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക.