കൊറോണ പടര്‍ന്നുപിടിക്കുമ്പോള്‍...

പത്രാധിപർ

2020 മാര്‍ച്ച് 21 1441 റജബ് 26

കൊറോണ വൈറസ് ബാധയെ അമിതമായി ഭയക്കേണ്ടതില്ലെന്നും ജാഗ്രതയുണ്ടായാല്‍ മതിയെന്നും സര്‍ക്കാരും ആരോഗ്യരംഗത്തെ വിദഗ്ധരും ആവര്‍ത്തിച്ചു പറയുമ്പോഴും കൊറോണയെപ്പറ്റി ഊഹാ പോഹങ്ങളും വ്യാജവിവരങ്ങളും സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്. സര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുകയും രോഗവ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളോടു സഹകരിക്കുകയുമാണ് ഈ അവസരത്തില്‍ വേണ്ടത്. വ്യാജവിവരങ്ങളും ഭീതിപരത്തുന്ന സന്ദേശങ്ങളും വിശ്വസിക്കുകയോ മറ്റുള്ളവര്‍ക്കു ഫോര്‍വേഡ് ചെയ്യുകയോ അരുത്.

വൈറസ് ബാധിച്ചവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റുള്ളവരിലേക്കു പകരാം. രോഗിയുടെ സമീപമുള്ള വസ്തുക്കളില്‍ വീഴുന്ന സ്രവങ്ങളില്‍ നിന്നും മറ്റുള്ളവരിലേക്കു രോഗം പകരാം. ഇത്തരം ഇടങ്ങളില്‍ സ്പര്‍ശിച്ചതിനു ശേഷം കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് മറ്റൊരാളുടെ ശരീരത്തിലെത്തുക. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങള്‍ നേരിട്ടു ശ്വസിച്ചാലും രോഗം പരക്കാം. രോഗം ബാധിച്ച ആളില്‍നിന്ന് ഒരു മീറ്ററെങ്കിലും (3 അടി) അകലെ നില്‍ക്കണമെന്ന് വിദഗ്ധര്‍ പറയുന്നു.

മനുഷ്യരിലും മൃഗങ്ങളിലും രോഗം പരത്തുന്ന വൈറസാണ് കൊറോണ. മനുഷ്യരില്‍ ജലദോഷപ്പനി മുതല്‍ മാരകരോഗങ്ങള്‍ക്കുവരെ കാരണമാകാം. ക്ഷീണം, വരണ്ട ചുമ, പനി എന്നിവയാണു പൊതുലക്ഷണങ്ങള്‍. ചിലര്‍ക്കു ശരീരവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന, വയറിളക്കം എന്നിവ വരും. ചിലരില്‍ ലക്ഷണങ്ങളൊന്നും കാണില്ല. രോഗികളില്‍ 80% പേരും ചികിത്സയില്ലാതെതന്നെ രോഗമുക്തി നേടും. രോഗം ബാധിക്കുന്ന ആറില്‍ ഒരാള്‍ എന്ന കണക്കിലാണു ഗുരുതരമാകുക. ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തലില്‍ മരണനിരക്ക് 4 ശതമാനത്തില്‍ താഴെയാണ്. പക്ഷേ, വയോജനങ്ങളില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, കാന്‍സര്‍, ഹൃദയ, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവയുള്ളവരെയും ഗുരുതരമായി ബാധിക്കാം.

അസ്വസ്ഥത തോന്നിയാല്‍ വീട്ടില്‍ തുടരുക. ചുമയോ പനിയോ ശ്വസിക്കാന്‍ ബുദ്ധിമുട്ടോ നേരിട്ടാല്‍ വൈദ്യസഹായം തേടുക. പ്രാദേശികമായി നല്‍കിയിട്ടുള്ള ഹെല്‍പ് നമ്പറില്‍ സഹായം തേടുക. ആരോഗ്യ വകുപ്പിന്റെ 1056 എന്ന 'ദിശ' ഹെല്‍പ്‌ലൈന്‍ നമ്പറില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കും.

രോഗബാധ തിരിച്ചറിഞ്ഞ മേഖലയില്‍ നിന്നുള്ളവര്‍, രോഗസാധ്യതയുള്ള സ്ഥലങ്ങളില്‍ യാത്ര ചെയ്തവര്‍ തുടങ്ങിയവരാണ് ഇത്തരം ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടത്. മറ്റുള്ളവര്‍ കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെ അറിയിക്കേണ്ടതുള്ളൂ. കോവിഡ് ബാധയുടെ തുടക്കത്തില്‍ ചെറിയ ലക്ഷണങ്ങള്‍ മാത്രം കാണിക്കുന്ന സംഭവങ്ങളുണ്ട്. അത്തരം രോഗികളില്‍നിന്നും രോഗം പകരാം. 14 ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണാതിരിക്കാം എന്നു വിദഗ്ധര്‍ പറയുന്നു.

കൈകളിലെ വൈറസിനെ ഇല്ലാതാക്കാന്‍ സോപ്പും വെള്ളവും ഉപയോഗിച്ചു കൈകഴുകുന്നതു ശീലമാക്കുക. ഉള്ളംകയ്യിലും പുറംകയ്യിലും വിരലുകള്‍ക്കിടയിലുമായി 20 സെക്കന്‍ഡ് നേരമെങ്കിലും കഴുകണം. പൂച്ച, നായ പോലുള്ള മൃഗങ്ങളെ ഈ രോഗം ബാധിച്ചതായോ അവയില്‍നിന്നു മനുഷ്യരിലേക്കു പടര്‍ന്നതായോ കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങള്‍ ഉള്ളവരും അവര്‍ക്കൊപ്പം വീട്ടിലോ ആശുപത്രിയിലോ കഴിയുന്നവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.

ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുവാനും സ്രഷ്ടാവില്‍ ഭരമേല്‍പിക്കുവാനും പാപങ്ങള്‍ വെടിയുവാനും പ്രാര്‍ഥിക്കുവാനുമാണ് സത്യവിശ്വാസികള്‍ ശ്രദ്ധിക്കേണ്ടത്.