മനുഷ്യന്‍ എത്ര ദുര്‍ബലന്‍!

പത്രാധിപർ

2020 ഫെബ്രുവരി 15 1441 ജുമാദല്‍ ആഖിറ 16

ഇഹലോക ജീവിതം അത്ര സുഖകരവും ക്ലേശരഹിതവുമല്ല. അധ്വാനിക്കുകയും പ്രയാസങ്ങള്‍ സഹിക്കുകയും ചെയ്യാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ ഒരാള്‍ക്കും സാധ്യമല്ല. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവനും ജീവിതത്തില്‍ പലവിധ കഷ്ടപ്പാടുകളും രോഗങ്ങളുമൊക്കെ അനുഭവിക്കേണ്ടിവരും.

പ്രയാസങ്ങള്‍ കടന്നുവരുമ്പോള്‍ ദൈവത്തെ ഓര്‍ക്കുകയും സന്തോഷ ഘട്ടത്തില്‍ ദൈവത്തെ വിസ്മരിക്കുകയും ചെയ്യല്‍ പൊതുവെ മനുഷ്യന്റെ സ്വഭാവത്തില്‍ പെട്ടതാണ്. ചെറിയ ഒരു വിഷമസന്ധിയില്‍ അകപ്പെടുമ്പോഴേക്കും പലരും അസ്വസ്ഥരാകുന്നു; അനുഭവിച്ചുകൊണ്ടിരിക്കുന്ന എണ്ണമറ്റ സുഖാനുഗ്രഹങ്ങളെ മറന്നുകൊണ്ട് ദൈവധിക്കാരത്തിന്റെ വാക്കുകളും പ്രവൃത്തികളും അവരില്‍നിന്നുണ്ടാകുന്നു. ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയാല്‍ ധിക്കാരികളും അഹങ്കാരികളുമായി മാറുന്നവരുമുണ്ട്. എല്ലാം നേട്ടങ്ങളും തങ്ങളുടെ സ്വന്തം കഴിവിന്റെയും അധ്വാനത്തിന്റെയും ഫലമാണെന്ന് അവര്‍ കരുതുന്നു.

വാസ്തവത്തില്‍ മനുഷ്യന്‍ എത്ര ദുര്‍ബലനായ ജീവിയാണ്! കുതിരയുടെ ശക്തിയോ ആനയുടെ ശരീരവലിപ്പമോ സിംഹത്തിന്റെ ശൗര്യമോ അവനില്ല. എന്നാല്‍ മറ്റൊരു ജീവിക്കുമില്ലാത്ത ബുദ്ധിശക്തികൊണ്ട് അവന്‍ അനുഗൃഹീതനാണ്. ആ ബുദ്ധി ഉപയോഗിച്ച് അവന്‍ പഠനങ്ങളും ഗവേഷണങ്ങളും നടത്തി പലതും കണ്ടുപിടിക്കുന്നു. ആ കണ്ടുപിടിത്തങ്ങളുടെ സഹായത്തോടെ എല്ലാ ജീവജാലങ്ങളെയും കീഴ്‌പെടുത്താനും വരുതിയിലാക്കുവാനും അവന് കഴിയുന്നു. അതിന്റെ പേരില്‍ അവന്‍ അഹങ്കരിക്കുന്നു. ശാസ്ത്രം ജയിച്ചു, മനുഷ്യന്‍ തോറ്റു എന്ന് പ്രഖ്യാപിക്കുന്നു!

ചിന്തിച്ചു നോക്കുക. അഹങ്കരിക്കുവാന്‍ മാത്രം എന്താണ് മനുഷ്യന്റെ കയ്യിലുള്ളത്? ആക്രമിക്കാന്‍ വരുന്ന ആനയെയും പുലിയെയും തോക്കുകൊണ്ട് കീഴ്‌പെടുത്താന്‍ കഴിവുള്ള മനുഷ്യന്‍ നഗ്‌ന നേത്രങ്ങള്‍കൊണ്ട് കാണുവാന്‍ കഴിയാത്ത, ഒരു വസ്തുവിനെ അതിന്റെ ലക്ഷക്കണക്കിന് ഇരട്ടി വലുതായി കാണിക്കുന്ന മൈക്രോസ്‌കോപ്പിലൂടെ മാത്രം കാണാന്‍ കഴിയുന്ന സൂക്ഷ്മ ജീവികളായ വൈറസുകളെയും മറ്റു രോഗാണുക്കളെയും കീഴ്‌പെടുത്താന്‍ കഴിയാതെ കടുത്ത ഭയത്തിലും ആശങ്കയിലും കഴിഞ്ഞുകൂടുന്നത് വിളിച്ചുപറയുന്നതെന്താണ്?

നിപ വൈറസും കൊറോണ വൈറസുമൊന്നും ഭീമാകാരമായ ഭീകരജീവിയല്ല. എന്നിട്ടും ആനയെക്കാളും സിംഹത്തെക്കാളും മനുഷ്യന്‍ അവയെ ഭയപ്പെടുന്നു! അവയുടെ പിടിയിലമര്‍ന്ന് ജനങ്ങള്‍ മരിച്ചുതീരുന്നതു കണ്ട് കിടുകിടാ വിറക്കുന്നു. രാജ്യങ്ങളില്‍ യുദ്ധസമാനമായ അവസ്ഥയുണ്ടാകുന്നു. ഓരോരുത്തരും ഓരോരുത്തരെയും ഭയപ്പെടുന്നു; വൈറസ്‌വാഹകനാണോ, എനിക്കും പകരുമോ എന്ന ഭയം. രോഗം ബാധിച്ച സ്വന്തക്കാരെ പോലും പലരും കയ്യൊഴിയുന്നു. വല്ലാത്തൊരു അവസ്ഥയാണിത്.  

അഹങ്കാരം കൈവെടിയുക. മനുഷ്യന്റെ നിസ്സാരതയും സ്രഷ്ടാവിന്റെ മഹത്ത്വവും തിരിച്ചറിയുക. അവന്റെ തീരുമാനത്തെ മറികടക്കാന്‍ കഴിയില്ലെന്ന ബോധത്തോടെ അവന്റെ കല്‍പനകള്‍ക്ക് കീഴ്‌പെട്ട് ജീവിക്കുക. പ്രതിരോധ നടപടികള്‍ സ്വീകരിക്കുക. ചികിത്സിക്കുക. പ്രാര്‍ഥിക്കുക. വിനീത ദാസരായി ജീവിക്കുക.