ആയുസ്സിന്റെ പുസ്തകം

പത്രാധിപർ

2020 ജനുവരി 18 1441 ജുമാദല്‍ അവ്വല്‍ 23

 

'നിമിഷങ്ങള്‍ക്കുള്ളിലീ ജീവിതമാകുന്ന

ഹിമബിന്ദുമായും അതിനു മുമ്പെ

പതറാതെ, പാതിയില്‍ നിര്‍ത്താതെ, തളരാതെ

പറയുക പറയുവാനുള്ളതെല്ലാം'

 

ജാപ്പനീസ് കവിയായ ഇസായുടെ ഭാര്യയും കുട്ടികളും മരണപ്പെട്ടപ്പോള്‍ അദ്ദേഹം അതീവ ദുഃഖിതനായി. എന്തുകൊണ്ടാണ് ജീവിതം ഇത്രമാത്രം ദുഃഖപൂര്‍ണമാകുന്നത് എന്ന ചിന്ത അദ്ദേഹത്തെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. അദ്ദേഹം ഗുരുവിനെ സന്ദര്‍ശിച്ച് ചോദിച്ചു:

''എന്തുകൊണ്ടാണ് ജീവിതം ഇത്രമാത്രം ദുഃഖകരമായിത്തീരുന്നത്?''

ഗുരു പറഞ്ഞു: 'ജീവിതം ദുഃഖകരമാണെന്നത് വാസ്തവമാണ്. എന്നാല്‍ ജീവിതം ഒരു മഞ്ഞിന്‍തുള്ളി പോലെയാണെന്നത് അതിലേറെ വാസ്തവമാണ്. മഞ്ഞിന്‍തുള്ളി ഏത് നിമിഷവും അപ്രത്യക്ഷമാകാം. നിങ്ങളുടെ ഭാര്യയും മക്കളും അപ്രത്യക്ഷമായതു പോലെ നിങ്ങളും ഏത് നിമിഷവും അപ്രത്യക്ഷമാകാം. അതുകൊണ്ട് അനാവശ്യ കാര്യങ്ങളെ ഓര്‍ത്ത് സമയം കളയാതിരിക്കുക.''

ഇലയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുതുള്ളി പോലെ ഏത് നിമിഷവും ഇല്ലാതെയാകുന്ന ഒന്നാണ് ജീവിതം എന്ന് ആത്മാര്‍ഥമായി മനസ്സിലാക്കുന്നവനെ ഒന്നും അലട്ടുകയില്ല. മാത്രമല്ല കഴിയുന്നത്ര നന്മകള്‍ ചെയ്തുകൊണ്ട് ജീവിക്കാനും അവന് സാധ്യമാകും.

പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ പ്രതിഷേധ സമരങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോഴും തങ്ങള്‍ പൗരന്മാരല്ലാതായി മാറുമോ, തങ്ങള്‍ പുറത്താക്കപ്പെടുമോ, തടവിലാക്കപ്പെടുമോ എന്നൊക്കെയുള്ള ഭയം ആളുകള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.

ഭൗതികമായി ചെയ്യാനാകുന്നതെല്ലാം ചെയ്യുക; സ്രഷ്ടാവില്‍ ഭരമേല്‍പിക്കുക എന്നതാണ് ഏത് വിഷയത്തിലും ഒരു സത്യവിശ്വാസി സ്വീകരിക്കേണ്ട നിലപാട്. അല്ലാഹുവിന്റെ വിധിപോലെ എല്ലാം നടക്കും. എന്നാല്‍ വിധിയെ പഴിച്ച് വരുന്നത് വരട്ടെ എന്നു പറഞ്ഞ് ഒന്നും ചെയ്യാതിരിക്കുന്നത് സത്യവിശ്വാസിയുടെ നിലപാടല്ല.

എതിര്‍ക്കേണ്ടതിനെ എതിര്‍ക്കാനും അനുകൂലിക്കേണ്ടതിനെ അനുകൂലിക്കാനുമുള്ള ആര്‍ജവം കാണിക്കണം. 'സത്യം പറയുക, അനന്തരഫലം കയ്പുള്ളതാണെങ്കിലും' എന്ന പ്രവാചക വചനം സത്യവിശ്വാസി ധീരനായിരിക്കണം എന്ന് സൂചിപ്പിക്കുന്നു.

 രാജാവ് നഗ്‌നനാണെന്ന് കണ്ടാല്‍ 'രാജാവ് നഗ്‌നനാണ്' എന്ന് വിളിച്ചു പറയുവാന്‍ അറച്ചു നില്‍ക്കുന്നവനല്ല വിശ്വാസി. അക്രമിയായ രാജാവിന്റെ മുഖത്തു നോക്കി സത്യം ഉറക്കെ പ്രഖ്യാപിച്ച പാരമ്പര്യമുള്ളവരാണ് മുസ്‌ലിംകള്‍. ഞാനാണ് നിങ്ങളുടെ അത്യുന്നതായ ദൈവം എന്ന് പ്രഖ്യാപിച്ച അതിക്രുരനായ ഫിര്‍ഔനിന്റെ മുമ്പില്‍ പതറാതെ സത്യം വിളിച്ചു പറഞ്ഞ മൂസാനബി(അ)യും നംറൂദ് രാജാവിനെ ഭയപ്പെടാതെ നേരിട്ട ഇബ്‌റാഹീം നബിയും കാണിച്ച മാര്‍ഗം നമ്മുടെ മുമ്പിലുണ്ട്.

ജനിച്ചാല്‍ മരണം ഉറപ്പാണ്. ജീവിത യാത്രയില്‍ സന്തോഷം മാത്രം പ്രതീക്ഷിക്കുന്നവന്റെ ജീവിതം എന്നും ദുഃഖമയമായിരിക്കും. പരീക്ഷണങ്ങളെ ക്ഷമയോടെ നേരിടാന്‍ സാധിക്കണം. അനാവശ്യ ചിന്തകള്‍ സങ്കടവും കര്‍മവിമുഖതയും മാത്രമെ സമ്മാനിക്കൂ. വിശ്വാസം മുറുകെ പിടിക്കുക. സല്‍കര്‍മങ്ങള്‍ ചെയ്യുക. ആരെയും അന്യായമായി ദ്രോഹിക്കാതിരിക്കുക. അത്തരക്കാര്‍ക്ക് ഏത് നിമിഷം മരണം വന്നെത്തിയാലും പേടിക്കേണ്ടിവരില്ല. ശാശ്വത സമാധാനത്തിന്റെയും നിര്‍ഭയത്വത്തിന്റെയും തീരത്തേക്കാണ് അവരുടെ യാത്ര.