ഇസ്‌ലാം വിദ്വേഷത്തിന്റെ തീയില്‍ എരിയുന്ന സ്വീഡന്‍

പത്രാധിപർ

2020 സെപ്തംബര്‍ 05 1442 മുഹര്‍റം 17

ഇസ്‌ലാമോ ഫോബിയയും ഇസ്‌ലാം വിരോധവും ഉള്ളില്‍ കൊണ്ടുനടക്കുന്നവര്‍ പല രൂപത്തില്‍ അത് പ്രകടിപ്പിക്കാറുണ്ട്. 2019 മാര്‍ച്ച് മാസത്തില്‍ ന്യൂസീലാന്റില്‍ നടന്ന കൂട്ടക്കൊല നാമാരും മറന്നിട്ടില്ല. ബ്രന്റണ്‍ ടെറാന്റ് എന്ന വ്യക്തിയാണ് അന്ന് വ്യക്തമായ ഇസ്‌ലാം വിരോധത്താല്‍ മുസ്‌ലിംകളെ കൂട്ടക്കൊല നടത്തിയത്.  ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു പള്ളികളില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നടക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ഡീന്‍സ് അവന്യൂവിലെ അല്‍നൂര്‍ മോസ്‌കില്‍ നടത്തിയ ആക്രമണം ടെറാന്റ് സോഷ്യല്‍ മീഡിയയിലൂടെ തത്സമയം സംപ്രേഷണം ചെയ്യാനും മടികാണിച്ചില്ല. മലയാളി അടക്കമുള്ള ഇന്ത്യക്കാരും വെടിവെപ്പില്‍ മരണപ്പെട്ടിരുന്നു. 50ല്‍ പരം ആളുകള്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ആ ഭീകരാക്രമണത്തിലെ പ്രതിക്ക് കോടതി മരണംവരെ തടവുശിക്ഷ വിധിച്ചതിനു തൊട്ടുപുറകെയാണ് സ്വീഡനില്‍ വലതുപക്ഷ തീവ്രവാദികളുടെ ഇസ്‌ലാം വിരോധം ക്വുര്‍ആന്‍ കത്തിക്കല്‍ റാലിയായി മറനീക്കി പുറത്തുവന്നിട്ടുള്ളത്.

സ്വീഡനിലെ മാല്‍മോയിലാണ് സംഭവം. ക്വുര്‍ആന്‍ കത്തിക്കല്‍ റാലി സംഘടിപ്പിക്കാനുള്ള തീവ്ര വലതുപക്ഷ സംഘടനയുടെ നീക്കം സര്‍ക്കാര്‍ തടയുകയും പരിപാടിയില്‍ പങ്കെടുക്കേണ്ട ഡെന്‍മാര്‍ക്കില്‍ നിന്നുള്ള തീവ്ര വലതുപക്ഷ നേതാവായ റസ്മുക് പലുഡാനെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. തനിക്ക് വിലക്കേര്‍പ്പെടുത്തിയ കാര്യം പലുഡാന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതോടെ മാല്‍മോ നഗരത്തില്‍ വലതുപക്ഷ വംശീയവാദികള്‍ കലാപം അഴിച്ചുവിടുകയായിരുന്നു. മാല്‍മോ നഗരത്തിലെ റോഡുകള്‍ കലാപകാരികള്‍ തടസ്സപ്പെടുത്തി. പലുഡാന് എത്താന്‍ പറ്റിയില്ലെങ്കിലും 300ഓളം പേര്‍ ക്വുര്‍ആന്‍ കത്തിക്കല്‍ റാലിയില്‍ പങ്കെടുത്തു. ഇതോടെ നഗരം പൂര്‍ണമായി സ്തംഭിച്ചു.

ഡെന്‍മാര്‍ക്കിലെ ഹാര്‍ഡ് ലൈന്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണ് പലുഡാന്‍. വെള്ളിയാഴ്ച ജുമുഅ നടക്കുന്ന വേളയില്‍ തന്നെ ക്വുര്‍ആന്‍ കത്തിക്കുമെന്നാണ് സംഘടന അറിയിച്ചിരുന്നത്. കലാപത്തില്‍ പങ്കെടുത്ത ഏതാനും പേരെ പോലീസ് അറസ്റ്റ് ചെയ്തു. കലാപം അടിച്ചമര്‍ത്തുന്നതിനിടെ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു.

ഒരു കുടിയേറ്റ കേന്ദ്രത്തില്‍ വെച്ചാണ് ക്വുര്‍ആന്‍ കത്തിക്കല്‍ പരിപാടി സംഘടിപ്പിക്കാന്‍ സംഘടന തയ്യാറെടുത്തത്. ഒരു പള്ളിക്ക് സമീപമായിരുന്നു ഇത്. സ്വീഡനിലെ തെരുവുചിത്രകാരനും തീവ്രവലതു നേതാവുമായ ഡാന്‍ പാര്‍ക്കാണ് ക്വുര്‍ആന്‍ കത്തിച്ചതെന്നും അതല്ല 300ഓളം പേര്‍ ചേര്‍ന്ന് ക്വുര്‍ആന്‍ കത്തിച്ചു എന്നുമൊക്കെയാണ് റിപ്പോര്‍ട്ടുകള്‍. ക്വുര്‍ആന്‍ കത്തിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് അക്രമം നടന്നെന്നാണ് മറ്റുചില റിപ്പോര്‍ട്ടുകള്‍.  

കഴിഞ്ഞവര്‍ഷവും ഇയാള്‍ ക്വുര്‍ആന്‍ കത്തിച്ചിരുന്നുവത്രെ. പന്നിയിറച്ചിയില്‍ പൊതിഞ്ഞാണ് ഇയാള്‍ ക്വുര്‍ആന്‍ കത്തിച്ചത് എന്നറിയുമ്പോഴാണ് അയാളുടെ മനസ്സിലെ വിദ്വേഷത്തിന്റെ വിഷം എത്രമാത്രം കടുത്തതാണ് എന്ന് വ്യക്തമാകുന്നത്.

ഏതായാലും ഇതിന്റെ പേരില്‍ മുസ്‌ലിംകള്‍ പ്രകോപിതരായി രംഗത്തിറങ്ങിയിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അക്രമികള്‍ ആഗ്രഹിക്കുന്ന പോലെ തിരിച്ചടിക്കാന്‍ തുനിഞ്ഞാല്‍ നഷ്ടം മുസ്‌ലിംകള്‍ക്കു തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല. തീവ്രവാദത്തിന്റെ ചാപ്പകുത്തിയിരിക്കുന്നത് ഇസ്‌ലാമിന്റെ മുതുകിലായതിനാല്‍ മുസ്‌ലിംകളുടെ പ്രതിരോധത്തെ പോലും തീവ്രവാദമെന്ന് മുദ്രകുത്തുന്നതാണല്ലോ അനുഭവം. ഏതാനും ക്വുര്‍ആന്‍ കോപ്പികള്‍ കത്തിക്കുകയോ, കുറെ മുസ്‌ലിംകളെ കൊന്നൊടുക്കുകയോ ചെയ്താല്‍ തകരുന്നതല്ല ഇസ്‌ലാമെന്നും തളരുന്നവരല്ല മുസ്‌ലിംകള്‍ എന്നും എല്ലാ ഇസ്‌ലാം വിരോധികളും തിരിച്ചറിയേണ്ടതുണ്ട്. അതെല്ലാം ഇസ്‌ലാമിന്റെ വളര്‍ച്ചക്ക് ആക്കംകൂട്ടിയിട്ടേയുള്ളൂ എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്.