രാഷ്ട്രീയ പകപോക്കലിന് ക്വുര്‍ആനിനെ കൂട്ടുപിടിക്കുകയോ?

പത്രാധിപർ

2020 സെപ്തംബര്‍ 26 1442 സഫര്‍ 09

ക്വുര്‍ആന്‍'സകലവിധ അധര്‍മങ്ങളെയും എതിര്‍ക്കുന്ന വേദഗ്രന്ഥമാണ്. എന്നാല്‍ ആ ക്വുര്‍ആനിനെത്തന്നെ അധര്‍മത്തിനും മറ്റു പല സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കും വേണ്ടി ഉപയോഗിച്ച സംഭവങ്ങള്‍ പലതും ചരിത്രത്തില്‍ കാണാവുന്നതാണ്. അതില്‍ ഭരണാധികാരികള്‍ക്കും പണ്ഡിതന്മാര്‍ക്കും പങ്കുള്ളതായി കാണാം.

ക്വുര്‍ആനില്‍ സ്വര്‍ണം ഒളിപ്പിച്ചുകടത്തിയ സംഭവം നമ്മുടെ നാട്ടില്‍ മുമ്പ് നടന്നിട്ടുണ്ട്. ചെറിയ തോതിലുള്ള ഒളിച്ചുകടത്തലായിരുന്നെങ്കിലും അന്നത് വലിയ വാര്‍ത്താപ്രാധാന്യം നേടിയതായി ഓര്‍ക്കുന്നു. കിലോകണക്കിന് സ്വര്‍ണം വിദേശത്തുനിന്ന് ഒളിപ്പിച്ചു കടത്തുന്നതും അത് പിടികൂടുന്നതും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നതും പിന്നെ അതിനെക്കുറിച്ച് ഒന്നും കേള്‍ക്കാതിരിക്കുന്നതുമെല്ലാം നമുക്ക് സുപരിചിതമായ കാര്യമാണ്. എന്നാല്‍ ഇൗയിടെ നടന്ന സ്വര്‍ണക്കടത്തു കേസ് പുതുമയുള്ളതാണ്. കാരണം വേലിതന്നെ വിളതിന്നുന്ന കേസാണത്. രാജ്യത്തിന്റെ നിയമങ്ങളെല്ലാം പാലിച്ച് മാതൃകയാകേണ്ട, ഉന്നതസ്ഥാനം വഹിക്കുന്ന ഉദ്യോഗസ്ഥരും ഭരണതലത്തിലുള്ളവരും ഇത്തരം കേസുകളില്‍ പങ്കാളികളാണെന്നു വരുന്നത് അത്ര നിസ്സാരമായി തള്ളിക്കളയേണ്ടതല്ല. പഴുതടച്ച അന്വേഷണം ആവശ്യമാണ്. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണം. രാഷ്ട്രീയമായ മുതലെടുപ്പിനായി വ്യാജാരോപണം ഉന്നയിക്കുന്നതാകട്ടെ പ്രബുദ്ധകേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതുമല്ല.

അതിരിക്കട്ടെ, ഇപ്പോള്‍ പ്രശ്‌നം മറ്റൊരുതലത്തിലേക്ക് വഴുതിവീണിരിക്കുന്നു. വിശുദ്ധക്വര്‍ആനിനെ കൂട്ടുപിടിച്ചാണ് ഇപ്പോള്‍ കളിനടക്കുന്നത്. ഒരു മന്ത്രി വിദേശത്തുനിന്ന് ക്വുര്‍ആന്‍ വരുത്തിച്ചതും വിതരണം ചെയ്തതും ഇന്ന് വന്‍വാര്‍ത്തയാണ്. ക്വര്‍ആനിന്റെ മറവില്‍ സ്വര്‍ണക്കടത്തു നടന്നിട്ടുണ്ട് എന്നതാണ് ആരോപണം. അതിനെക്കുറിച്ച് അന്വേഷിക്കേണ്ടവര്‍ അന്വേഷിക്കുകയും നിജസ്ഥിതി കണ്ടെത്തുകയും ചെയ്യട്ടെ.

രാഷ്ട്രീയ പകപോക്കലിനും മുതലെടുപ്പിനും ക്വുര്‍ആനിനെ കൂട്ടുപിടിക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കാനാവില്ല. ഖേദകരമെന്നു പറയട്ടെ ഇന്ന് അതാണു നാം കണ്ടുകൊണ്ടിരിക്കുന്നത്. മുസ്‌ലിം, ഇസ്‌ലാം, ക്വുര്‍ആന്‍ എന്നൊക്കെ കേള്‍ക്കുമ്പോഴേക്കും പാക്കിസ്ഥാന്‍, അല്‍ഖായിദ, ഐഎസ് എന്ന് മനസ്സില്‍ തികട്ടിവരുന്ന രൂപത്തില്‍ ജനങ്ങളെ പരുവപ്പെടുത്തിയെടുക്കുന്നതില്‍ ഒരളവോളം വിജയിച്ച നീതിബോധമില്ലാത്ത മാധ്യമങ്ങള്‍ക്ക് ആഹ്ലാദിക്കാന്‍ ഇതില്‍പരം ഇനിയെന്തുവേണം!

ക്വുര്‍ആന്‍ ഇറക്കുമതി ചെയ്തതിന്റെ മറവില്‍ മന്ത്രി 'എന്തോ' നടത്തിയതായി പ്രതിപക്ഷം. ക്വുര്‍നിനെതിരായ സമരമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് ഭരണപക്ഷം! ക്വുര്‍ആന്‍ കെട്ടുകഥയാണെന്ന് പറയാതെ പറയുന്ന തരത്തില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച മുത്തശ്ശി പത്രം! സംഘപരിവാര്‍ കൂടാരമാകട്ടെ 'ഗ്രഹണിപിടിച്ചവന്‍ ചക്കക്കൂട്ടാന്‍ കണ്ടപോലെ' ആക്രാന്തം കാണിച്ച് ചാടിവീണിരിക്കുകയാണ്. അതിന്റെ കൂടെ ആവശ്യത്തില്‍ കവിഞ്ഞ മസാലക്കൂട്ടുമായി എറണാകുളത്തുനിന്നും 'അല്‍ഖായിദ' പ്രവര്‍ത്തകരെ പിടികൂടിയ വാര്‍ത്തകൂടി വന്നപ്പോള്‍ അവര്‍ക്ക് സന്തോഷം അടക്കാനാവുന്നില്ല. ഇസ്‌ലാമോ ഫോബിയ വളര്‍ത്തുന്നതിന് ലഭിക്കുന്ന ഒരവസരവും അവര്‍ പാഴാക്കുകയില്ലല്ലോ. അവരെ സുഖിപ്പിക്കുവാനായി ചില മുഖ്യാധാരാമാധ്യമങ്ങള്‍ പരമാവധി പരിശ്രമിക്കുന്നത് നാം കാണാതിരുന്നുകൂടാ.

പ്രപഞ്ച സ്രഷ്ടാവിനോടു മാത്രമെ പ്രാര്‍ഥിക്കാവൂ എന്ന് കൃത്യമായും വ്യക്തമായും പഠിപ്പിക്കുന്ന വേദഗ്രന്ഥമാണ് ക്വുര്‍ആന്‍. ആ ക്വുര്‍ആനിലെ ചില വചനങ്ങളെ ദുര്‍വ്യാഖ്യാനിച്ച് സൃഷ്ടികളോട് വിളിച്ചുപ്രാര്‍ഥിക്കാന്‍ തെളിവായി ജനങ്ങളെ പഠിപ്പിക്കുന്ന പണ്ഡിതന്മാരും ഭൗതിക താല്‍പര്യങ്ങള്‍ക്കുവേണ്ടി ക്വുര്‍ആനിനെ ദുരുപയോഗം ചെയ്യുന്നവരാണ്; സ്വണക്കടത്തിനെക്കാള്‍ വലിയ കുറ്റം ചെയ്യുന്നവര്‍.