ഇന്ത്യന്‍ ദേശീയതയും ഹിന്ദുത്വ ദേശീയതയും

പത്രാധിപർ

2020 ഫെബ്രുവരി 22 1441 ജുമാദല്‍ ആഖിറ 23

അഭിമാനത്തോടെ തലയുയര്‍ത്തി

നിന്നിരുന്ന ഇന്ത്യയിന്ന്

അപമാന ബോധത്താല്‍

തലതാഴ്ത്തി നില്‍പാണ്.

 

'നിങ്ങള്‍ ദേശീയവാദിയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഹിന്ദുവാകാതിരിക്കാനോ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഹിംസിക്കാതിരിക്കാനോ കഴിയില്ല' എന്ന ഒരാശയം നേരത്തെ തന്നെ സംഘപരിവാര്‍ ഇവിടെ പ്രചരിപ്പിച്ചിട്ടുണ്ട്. ഈ പ്രചാരണം ചില ഘട്ടങ്ങളിലെങ്കിലും ജനങ്ങളെ സ്വാധീനിക്കുകയും വഴിതെറ്റിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം മതനിരപേക്ഷമായ ദേശീയതയുടെ യഥാര്‍ഥ ധാരയോട് ആശയപരമായി സംവദിക്കാനാവാതെ ഭീതിയുടെ ബീജങ്ങള്‍ പേറുന്ന കപടദേശീയത ചില ഘട്ടങ്ങളില്‍ പിന്തിരിഞ്ഞ് പോയിട്ടുമുണ്ട്.

ഹിന്ദുത്വവാദികള്‍ വിഭാവനം ചെയ്‌തെടുത്ത ദേശീയത യഥാര്‍ഥ ദേശീയതയുമായി പ്രതിവര്‍ത്തിക്കുന്ന ചില തലങ്ങളുണ്ട.് ഒന്നാമതായി ഹിന്ദുത്വ ദേശീയത ഇസ്‌ലാം മതത്തോടും മുസ്‌ലിം സാമൂഹികതയോടുമുള്ള വിദ്വേഷത്തെ താത്വികവല്‍കരിക്കുന്നു. രണ്ടാമതായി ഹിന്ദുത്വ ദേശീയത ദുര്‍ബലമായ വൈകാരികതയെ അവലംബിക്കുന്നു. മൂന്നാമതായി അത് സമൂഹത്തിന്റെ ശാക്തീകരണത്തിനുപകരം ശിഥിലീകരണം സാധിക്കുന്നു. മറുവശത്ത് യഥാര്‍ഥമായ ദേശീയതയാവട്ടെ ഒരു മതത്തോടുമുള്ള ആഭിമുഖ്യമോ വിയോജിപ്പോ താത്വികമായി എടുക്കുന്നില്ല. തന്നെയുമല്ല ശക്തമായ യാഥാര്‍ഥ്യബോധത്തോടെ ദുര്‍ബല വൈകാരികതകളെ തീര്‍ത്തും മാറ്റിവെച്ചുകൊണ്ട് സമൂഹത്തെ കുറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അതോടുകൂടിത്തന്നെ സമൂഹത്തെ എല്ലാതരം ശിഥിലീകരണ ചിന്തകള്‍ക്കുമതീതമായി ഏകോപിപ്പിക്കുകയും ചെയ്യുന്നു.

ഏതുകാലഘട്ടത്തിലും ഇസ്‌ലാമിനെക്കുറിച്ചുള്ള ഭീതി വ്യാപിപ്പിക്കുന്നതില്‍ തെറ്റായ ചരിത്രം സുപ്രധാന ഉപാധിയായി വിനിയോഗിക്കപ്പെട്ടിട്ടുണ്ട്. വിഭജനാനന്തര ഘട്ടത്തില്‍ ഹിന്ദുത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കെട്ടഴിച്ചുവിട്ട ചരിത്രത്തിന്റെ മുഖംമൂടിയണിയിക്കപ്പെട്ട നുണകള്‍ പ്രധാനമായും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറ്റാരോപണ വിധേയമാക്കുന്നവയായിരുന്നു. അത്തരം കുറ്റാരോപണങ്ങളില്‍ കഴിഞ്ഞ നൂറ്റാണ്ടുകളിലെ മുസ്‌ലിം ഭരണകര്‍ത്താക്കള്‍, സുല്‍ത്താന്മാര്‍, വിവിധ നാട്ടുരാജ്യങ്ങളില്‍ ഭരണം നടത്തിയ മുസ്‌ലിം ഭരണാധികാരികള്‍ എന്നിവരുമായൊക്കെ ബന്ധപ്പെടുത്തിയുള്ള പല കഥകളും ഉണ്ടായിരുന്നു. ഇന്ത്യയില്‍ വിവിധ നൂറ്റാണ്ടുകളിലായി വിവിധയിടങ്ങളില്‍ ഭരണം നടത്തിയ എല്ലാ മുസ്‌ലിം നാമധാരികളും പൊതുവായി ചെയ്ത ഒരേയൊരു കാര്യം ഇവിടുത്തെ ഹിന്ദുക്കളെ കൊന്നൊടുക്കുകയും ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ഈ നാടിന്റെ പാരമ്പര്യ ശേഷിപ്പുകളെ നാമാവശേഷമാക്കുകയുമാണ് എന്ന് ചിലര്‍ പ്രചരിപ്പിച്ചു. സവര്‍ണ ഹിന്ദുക്കളുടെ സാമൂഹ്യഭീതിയില്‍ നിന്നാവിര്‍ഭവിച്ച പ്രത്യേകതരം വിദ്വേഷം പില്‍ക്കാലത്ത് കൃത്രിമമായ ചരിത്രനിര്‍മാണത്തോളം വികസിച്ചു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ദേശീയതയുടെ മറപിടിച്ചു വളര്‍ന്നുവന്ന മതവിദ്വേഷം കൃത്രിമ കഥകളുടെയും ഊഹാപോഹങ്ങളുടെയും വിതരണത്തിന് സുഗമമായ പശ്ചാത്തലമായിത്തീര്‍ന്നു.

ഇസ്‌ലാം വിരോധത്തിലൂന്നിയ ഹിന്ദുത്വ ദേശീയതാവാദത്തിന്റെ ഉല്‍പന്നമാണ് പൗരത്വ ഭേദഗതി ബില്ലും എന്‍.ആര്‍.സിയും എന്നത് പകല്‍ പോലെ  വ്യക്തമാണ്. ഹിന്ദുത്വ ദേശീയത ലക്ഷ്യമാക്കുന്നത് സവര്‍ണ മേല്‍ക്കോയ്മയുടെ ദേശമാണ് എന്നിരിക്കെ ഇപ്പോള്‍ സര്‍ക്കാരിന്റെ തലോടലില്‍ നിര്‍വൃതികൊള്ളുന്ന മറ്റു മതങ്ങളുടെയും അവര്‍ണ ഹിന്ദുക്കളുടെയും ഭാവിയും അത്ര സുരക്ഷിതമല്ല എന്ന് അവര്‍ മനസ്സിലാക്കുകയും ആത്മാര്‍ഥമായി മതേതര കക്ഷികളോടൊപ്പം ചേര്‍ന്ന് വര്‍ഗീയ ബില്ലിനെ ചെറുത്തു തോല്‍പിക്കാന്‍ മുന്നോട്ടുവരികയും ചെയ്യേണ്ടതുണ്ട്.