'നേര്‍പഥ' വായനയുടെ വേറിട്ട ലോകം

പി.എന്‍ അബ്ദുല്ലത്തീഫ് മദനി

2020 ജൂലൈ 11 1441 ദുല്‍ക്വഅദ് 20

ആരു പറഞ്ഞു വായനക്ക് മാര്‍ക്കറ്റില്ലെന്ന്? ആശയ സംവേദനോപാധികളില്‍ ഇന്നും വില്ലന്‍ വായന തന്നെയാണ്. ദൃശ്യ, ശ്രാവ്യ മാധ്യമങ്ങള്‍ അതിക്രമിച്ചുകയറിയപ്പോള്‍ വായന കുറഞ്ഞുപോയിരിക്കാം. എന്നാലും ഒരു പുസ്തകമെടുത്തു കുറച്ചു വായിച്ച് അടയാളംവച്ച് വീണ്ടും വായിച്ചു നോക്കൂ. വായിച്ചു തീരുമ്പോള്‍ അറിയാം വായന തലച്ചോറില്‍ കോറിയിട്ട മാറ്റങ്ങള്‍!

ക്വുര്‍ആന്‍ വായിച്ചു പരിചിന്തനം നടത്താനുള്ളതാണ്. വെറും വായനക്ക് തന്നെ കൂലി കിട്ടുന്ന ഗ്രന്ഥം വേറെയില്ല. പ്രവാചകന്‍ ﷺ  പറഞ്ഞു: 'നിങ്ങള്‍ ക്വുര്‍ആന്‍ വായിക്കുക, അന്ത്യനാളില്‍ ക്വുര്‍ആന്റെ ആളുകള്‍ക്ക് അത് ശുപാര്‍ശകനായി വരും' (മുസ്‌ലിം).

ഹിറാഗുഹയില്‍ ജിബ്‌രീല്‍ വന്നുകൊണ്ട് വായന അറിയാത്ത പ്രവാചകനോട് വായിക്കാനാവശ്യപ്പെടുന്നത് വായനാശീലത്തിന്റെ മാഹാത്മ്യത്തിനു തെല്ലൊന്നുമല്ല ശക്തി പകരുന്നത്. ബദ്ര്‍ യുദ്ധത്തില്‍ ചങ്ങലയില്‍ വീണുപോയ എതിര്‍പക്ഷത്തുള്ളവര്‍ക്കു സ്വതന്ത്രമാകാനുള്ള ഉപാധി അവരിലെ എഴുത്തറിയുന്നവര്‍ മദീനക്കാരായ പത്തു കുട്ടികള്‍ക്ക് എഴുത്തും വായനയും പഠിപ്പിക്കുക എന്നതായിരുന്നു!

എഴുത്തും വായനയുമറിയാവുന്നവര്‍ക്കു കൂടുതല്‍ സ്വീകാര്യതയാണ് ഇസ്‌ലാമിലുണ്ടായിരുന്നത്. പ്രവാചകന് വരുന്ന ദിവ്യബോധനങ്ങള്‍ എഴുതി സൂക്ഷിച്ചിരുന്നത് വായന അറിയുന്നവരായിരുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ വിശ്വപ്രസിദ്ധ ഗ്രന്ഥാലയങ്ങള്‍ ബാഗ്ദാദിലും കൊര്‍ഡോവോയിലും കൈറോയിലും ട്രിപ്പോളിയിലുമെല്ലാം അറിവിനും സംസ്‌കാരത്തിനും കാവല്‍നിന്നു. വായന എക്കാലത്തും പ്രസക്തമായ ഉല്‍കര്‍ഷതയുടെ ഉപാധി തന്നെയാണ് എന്ന് വ്യക്തം.

ഇനി 'നേര്‍പഥ'ത്തിലേക്കു വരാം. വീട്ടില്‍, ഗ്രന്ഥാലയങ്ങളില്‍, വിദ്യാലയങ്ങളില്‍ അനിവാര്യമായ ഒരു കൂട്ടുകാരനാണ് ചുരുങ്ങിയ കാലംകൊണ്ട് മലയാളവായനക്കാരുടെ ആഭിമുഖ്യം ആകര്‍ഷിച്ച 'നേര്‍പഥം' വാരിക. കനപ്പെട്ട ലേഖനങ്ങള്‍, അവലോകനങ്ങള്‍, ചരിത്ര വിശകലനങ്ങള്‍, നിരൂപണങ്ങള്‍, സാമൂഹ്യാവബോധം നല്‍കുന്ന പഠനങ്ങള്‍... തുടങ്ങി വായനക്കാര്‍ക്ക് ഹൃദ്യമായ വിഭവങ്ങളുമായി ആഴ്ചവട്ടം കൂടുമ്പോള്‍ നേര്‍പഥം നിങ്ങളുടെ കൈകളിലെത്തുന്നു. കോവിഡ് രോഗംമൂലം വിതരണം പ്രയാസപ്പെട്ടപ്പോഴും ഓണ്‍ലൈന്‍വഴി മുടങ്ങാതെ മാഗസിന്‍ നിങ്ങളുടെ വായനക്കായി ഓടിയെത്തുന്നു. 2020 ജൂലായ് 5 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലം നേര്‍പഥത്തിന്റെ കാമ്പയിന്‍ മാസങ്ങളാണ്. നിങ്ങള്‍ക്കും ഈ നന്മയില്‍ പങ്കാളികളാവാം. സ്വന്തമായി വരിചേര്‍ന്നും ചേര്‍ത്തിയും നമുക്കീ കാലം വായനയുടെ ഉത്സവമാക്കാം.