തലസ്ഥാനനഗരിയില്‍ ആസൂത്രിത കലാപം!

പത്രാധിപർ

2020 മാര്‍ച്ച് 07 1441 റജബ് 12

നീതിക്കായുള്ള ജനകീയ സമരങ്ങളെ

ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചവരെല്ലാം

ചരിത്രത്തിന്റെ ചവറ്റുകൂനയില്‍

ഒരുനാള്‍ അടിഞ്ഞുകുടുമെന്നതാണ് ചരിത്രം!

മുന്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ കപില്‍ മിശ്ര ദില്ലിയിലെ ജാഫറാബാദില്‍ വെച്ച് പൗരത്വ പ്രതിഷേധ സമരങ്ങള്‍ക്കെതിരായി ഒരു റാലി നടത്തി. ആ റാലിയില്‍ അയാള്‍ ഏറെ പ്രകോപനപരമായ പ്രസംഗമാണ് നടത്തിയത്. ഹിന്ദുത്വവാദികളെ ഇളക്കിവിടുന്ന വിധം ട്വിറ്റ് ചെയ്യുകയും ചെയ്തു. അതിനു പിന്നാതെ പൗരത്വബില്‍ അനുകൂലികള്‍ അക്രമാസക്തരായി സംഘടിച്ചു. പ്രതിഷേധക്കാരുമായി സംഘര്‍ഷം നടന്നു. കല്ലേറ് നടന്നു. ഒട്ടേറെ വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു.

ആദ്യം നടന്ന ഈ സംഘര്‍ഷത്തിന് ശേഷം കപില്‍ മിശ്ര ഒരു ഭീഷണികൂടി മുഴക്കി: 'ജാഫറാബാദിലെയും ചാന്ദ്ബാഗിലെയും റോഡുകളില്‍നിന്ന് സമരക്കാരെ നീക്കാന്‍ ദില്ലി പോലീസിന് ഞങ്ങള്‍ മൂന്നു ദിവസത്തെ സാവകാശം നല്‍കുന്നു. അതുകഴിഞ്ഞാല്‍ ഞങ്ങള്‍ ഇടപെടും. പിന്നെ നിങ്ങള്‍ പറഞ്ഞാലും ഞങ്ങള്‍ കേട്ടെന്നു വരില്ല.''

പിന്നീട് ലോകം കാണുന്നത് ദില്ലി കത്തുന്നതായാണ്. പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റുമായി ഗുജറാത്തില്‍ ആഘോഷം നടത്തുമ്പോള്‍ ദില്ലിയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിറഞ്ഞാടുകയായിരുന്നു. മാധ്യമശ്രദ്ധ മുഴുവന്‍ ഗുജറാത്തിലായിരിക്കുമ്പോള്‍ തലസ്ഥാന നഗരിയില്‍ രാപകല്‍ ഭേദമില്ലാതെ പ്രതിഷേധ സമരത്തില്‍ ഏര്‍പെട്ടുകൊണ്ടിരിക്കുന്നവരെ കയ്യൂക്കുകൊണ്ട് നേരിടാന്‍ ഇറങ്ങിയത് വളരെ ആസൂത്രിതമായാണ് എന്ന കാര്യം വ്യക്തമാണ്. കപില്‍ മിശ്ര എന്ന വര്‍ഗീയവാദി പരസ്യമായി അതിന് ആഹ്വാനം ചെയ്ത് രംഗത്തുവന്നത് കൃത്യമായ അജണ്ടയുെട ഭാഗം തന്നെയാണ്.

ജാമിഅ മില്ലിയ്യയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് നടത്തിയ നരനായാട്ട് നാം കണ്ടതാണ്. ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിലും കലാപകാരികള്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുന്നതില്‍ ദില്ലി പോലീസ് മുന്നില്‍ നില്‍ക്കുകയാണ്. ജയ് ശ്രീരാം വിളികളുമായി വാഹനങ്ങളില്‍ സംഘപരിവാര്‍ തീവ്രവാദികള്‍ മരണത്തിന്റെ ശംഖൊലിയുമായി റോന്ത് ചുറ്റുകയാണ്. മുസ്‌ലിം വീടുകള്‍ക്ക് നേരെ കല്ലെറിയുന്നു. പേര് ചോദിച്ചറിഞ്ഞ് മുസ്‌ലിമെന്ന് ഉറപ്പാക്കി ക്രൂരമായി മര്‍ദിക്കുന്നു. എല്ലാം പോലീസിന്റെ കാവലില്‍!

പൗരത്വ ഭേദഗതി ബില്ലിലൂടെ തങ്ങളുടെ ഗൂഢതാല്‍പര്യങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമം പരാജയപ്പെടുമോ എന്ന ഭീതിയിലാണ് കേന്ദ്ര സര്‍ക്കാര്‍. പ്രതിഷേധ സമരങ്ങള്‍ക്ക് നാള്‍ക്കുനാള്‍ ശക്തി കൂടിവരുന്നതും ജാതി, മത, പാര്‍ട്ടി വ്യത്യാസമില്ലാതെ എല്ലാവരും അതില്‍ അണിചേരുന്നതും തെല്ലൊന്നുമല്ല ഇവരെ ആശങ്കയിലാഴ്ത്തുന്നത്. ഈ പോക്ക് പോയാല്‍ സര്‍ക്കാര്‍ മുട്ടുമടക്കേണ്ടിവരും. ഈ ഭയമാണ് സമരത്തെ അടിച്ചമര്‍ത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ഭീതിവിതച്ച് വിജയം കൊയ്യുക എന്ന ഫാഷിസ്റ്റ് തന്ത്രം പയറ്റുകയാണിവര്‍. നീതിക്കും നിലനില്‍പിനും വേണ്ടിയുള്ള ജനകീയ പോരാട്ടങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള ഹീനശ്രമം വിജയിക്കാന്‍ പോകുന്നില്ല.

ദില്ലിയില്‍ ചില മേഖലകളില്‍നിന്ന് മുസ്‌ലിംകള്‍ കുടിയൊഞ്ഞു പോകുകയാണ്. ചില സ്ഥലങ്ങളില്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. എത്രയാളുകള്‍ കൊല്ലപ്പെട്ടു, എത്രപേര്‍ക്ക് പരിക്കേറ്റു, എത്ര കുടുംബങ്ങള്‍ക്ക് വീടു നഷ്ടപ്പെട്ടു, എത്രപേര്‍ തെരുവിലായി എന്നൊന്നും വ്യക്തമല്ല. എത്രയും പെട്ടെന്ന് കലാപം കെട്ടടങ്ങട്ടെയെന്നും പ്രയാസങ്ങള്‍ നേരിട്ടവര്‍ക്ക് സര്‍വശക്തന്‍ ക്ഷമിക്കാന്‍ കഴിവുനല്‍കട്ടെ എന്നും ന്യായമായ സമരത്തില്‍ വിജയം നല്‍കട്ടെ എന്നും പ്രാര്‍ഥിക്കാം നമുക്ക്.