സമൂഹവും മാധ്യമങ്ങളും

പത്രാധിപർ

2020 ആഗസ്ത് 08 1441 ദുല്‍ഹിജ്ജ 18

വിദ്യാഭ്യാസം മുതല്‍ രാഷ്ട്രീയം വരെയുള്ള മണ്ഡലങ്ങളില്‍ മതേതര, പുരോഗമന, ജനാധിപത്യ നിലപാടുകള്‍ പിന്തള്ളപ്പെടുകയും ശാസ്ത്രീയവും യുക്തിബദ്ധവുമായ കാഴ്ചപ്പാടുകള്‍ നിരാകരിക്കപ്പെടുകയും ചെയ്യുന്ന ഒരവസ്ഥ നമ്മുടെ രാജ്യത്ത് വ്യാപകമായിക്കഴിഞ്ഞു. മാധ്യമങ്ങള്‍ ഇതിനൊപ്പമാണ് പൊതുവെ നിലയുറപ്പിച്ചിട്ടുള്ളത്. പൊതുസമൂഹത്തില്‍ രൂപംകൊള്ളുന്ന ന്യൂനപക്ഷവിരുദ്ധ സമീപനങ്ങള്‍ക്കു മേല്‍ക്കൈ ലഭിക്കുംവിധം അവ തങ്ങളുടെ നിലപാടുകള്‍ രൂപപ്പെടുത്തുന്നു.  

വംശീയത, മതവിദ്വേഷം, ജാതിവാദം തുടങ്ങിയവയൊക്കെ പലനിലകളില്‍ ഊട്ടിയുറപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് മാധ്യമങ്ങള്‍ സ്വീകരിക്കുന്ന സമീപനം പലപ്പോഴും അത്രമേല്‍ വിമര്‍ശനാത്മകമാകാറില്ല എന്നതാണ് വസ്തുത. 'മൃദുവര്‍ഗീയത' എന്ന ഒന്ന് പൊതുവില്‍ സ്വീകാര്യമായിക്കഴിഞ്ഞിരിക്കുന്നു! ന്യൂനപക്ഷ, മത, ജാതിവിവേചനങ്ങളുടെ സ്വരം മാധ്യമങ്ങളില്‍ നേരിട്ടും അല്ലാതെയും മുഴങ്ങാറുണ്ട് എന്നതാണ് വസ്തുത.

ബഹുജനമാധ്യമങ്ങളുടെ അടിസ്ഥാനസ്വഭാവങ്ങളിലൊന്ന് ഭരണകൂട വിമര്‍ശനമായിരുന്നു. അതുകൊണ്ടുതന്നെ പലനിലകളിലുള്ള മാധ്യമ നിയന്ത്രണനിയമങ്ങള്‍ സര്‍ക്കാരുകള്‍ കാലാകാലങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്. ചില ഭരണകൂടങ്ങള്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനംതന്നെ നിരോധിച്ച ചരിത്രമുണ്ട്. റേഡിയോ മാത്രമാണ് ഇതില്‍നിന്നു ഭിന്നമായത്. കാരണം ഭരണകൂട ഉടമസ്ഥതയിലായിരുന്നു അതു നിലനിന്നത്. ദൃശ്യമാധ്യമങ്ങളും അച്ചടിമാധ്യമങ്ങളും പലഘട്ടങ്ങളിലും ഭരണകൂടത്തിന്റെ ചട്ടുകമായും ചിലപ്പോഴൊക്കെ ചാട്ടവാറായും പ്രവര്‍ത്തിച്ച ചരിത്രം നമുക്കുണ്ട്.

നവമാധ്യമങ്ങള്‍ കുറെക്കൂടി സ്വതന്ത്രവും ജനാധിപത്യപരവും ഭരണകൂടനിയന്ത്രണത്തില്‍നിന്നു മുക്തവുമാണ്. അതേസമയം 'സ്വകാര്യതയുടെ അന്ത്യം' എന്നുപോലും വിശേഷിപ്പിക്കാവുന്നവിധം നവമാധ്യമങ്ങളില്‍ ഭരണകൂട ഇടപെടല്‍ ശക്തമാകുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. അടിസ്ഥാനപരമായി ജനാധിപത്യത്തിന്റെ കാവലാളുകളാകേണ്ട മാധ്യമങ്ങള്‍ക്ക് അതിനു കഴിയാതെവരുന്നതിന്റെ മുഖ്യകാരണം ഭരണകൂട ഇടപെടലും നിയന്ത്രണവും തന്നെയാണ്.

ബഹുജനമാധ്യമങ്ങളുടെ വര്‍ത്തമാനകാലം നമ്മെ ഭീതിപ്പെടുത്തുന്നതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് ഈ രംഗം കയ്യടക്കിക്കഴിഞ്ഞ നിഗൂഢമായ നിക്ഷേപങ്ങളാണ്. പരമ്പരാഗതമായി പത്രങ്ങള്‍ക്ക് ഇത്തരമൊരു അവസ്ഥയുണ്ടായിരുന്നില്ല. ചില കുടുംബങ്ങളോ, ട്രസ്റ്റുകളോ, സംഘടനകളോ ഒക്കെ നിയന്ത്രിച്ചിരുന്നവയാണ് പത്രങ്ങള്‍. എന്നാല്‍ ടെലിവിഷന്‍ രംഗം അങ്ങനെയല്ല. ഡസന്‍ കണക്കിന് ചാനലുകളുണ്ട് മലയാളത്തില്‍ തന്നെ. തൊണ്ണൂറു ശതമാനം ചാനലുകളുടെയും ഉടമസ്ഥത, നിക്ഷേപം, മൂലധനം തുടങ്ങിയവയൊക്കെ നിഗൂഢമാണ് എന്ന് പറയപ്പെടുന്നു. അപ്പോള്‍ സ്വാഭാവികമായും സാമ്പത്തിക ലാഭം മാത്രമല്ല ഇത്തരം സ്ഥാപനങ്ങളുടെ ലക്ഷ്യം എന്നുവരുന്നു. ഭരണകൂടത്തെ സ്വാധീനിക്കുക, സ്വകാര്യവത്കരണം നടപ്പാക്കുക, പൊതുസമൂഹത്തിന്റെ നയസമീപനങ്ങളെ സ്വാധീനിക്കുകയും പരുവപ്പെടുത്തുകയും ചെയ്യുക, മുതലാളിത്ത, മതാത്മക, സാമ്രാജ്യത്ത…അജണ്ടള്‍ക്കു പ്രാമാണ്യം നേടിക്കൊടുക്കുക തുടങ്ങിയ; തരാതരം പോലെ മാറി മറിയുന്ന  സ്വകാര്യതാല്‍പര്യങ്ങളുടെ മണ്ഡലമായി മാധ്യമങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്.

സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനം ഇനിമേല്‍ അത്ര എളുപ്പമാകാന്‍ തരമില്ല. ഭീഷണിയായും പ്രലോഭനമായും ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ സത്യത്തിനും നീതിക്കും ധര്‍മത്തിനുമൊപ്പം നിലകൊള്ളുക എന്നത് ദുഷ്‌കരം തന്നെയാണ്. നവ-സാമൂഹ്യമാധ്യമങ്ങളില്ലായിരുന്നുവെങ്കില്‍ എത്രയോ സത്യങ്ങള്‍ ഇതിനകം കുഴിച്ചുമൂടപ്പെടുമായിരുന്നു.