ഹത്രാസില്‍ നടന്നത് സവര്‍ണ പത്രാസിന്റെ പൈശാചിക വിളയാട്ടം

പത്രാധിപർ

2020 ഒക്ടോബര്‍ 10 1442 സഫര്‍ 23

ആദിത്യയോഗി എന്ന സംഘ്പരിവാര്‍ മുഖ്യമന്ത്രി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍നിന്ന് അദ്ദേഹം ഭരണം കയ്യാളാന്‍ തുടങ്ങിയ നാള്‍തൊട്ടേ കേള്‍ക്കുന്നതാണ് നരനായാട്ടിന്റെ വാര്‍ത്തകള്‍. ആധുനികലോകത്ത് ജീവിക്കുന്ന ഒരു മനുഷ്യന് എത്രകണ്ട് നീചമായ രീതിയില്‍ അധഃപതിക്കുവാന്‍ സാധിക്കുമെന്ന് അദ്ദേഹം അനുദിനം വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്. പോലീസിനെയും ഭരണസംവിധാനങ്ങളെയും ഉപയോഗിച്ച് ന്യൂനപക്ഷസമുദായത്തെയും ദലിതുകളെയും വേട്ടയാടിക്കൊണ്ടിരിക്കുന്ന ആ മനുഷ്യന്‍ ജനാധിപത്യ, മതനിരപേക്ഷ ഇന്ത്യക്ക് ഏറ്റവും വലിയ അപമാനമാണെന്ന് പറയാതിരിക്കാന്‍ വയ്യ.

യുപിയില്‍ ആദ്യമായല്ല ബലാല്‍സംഗവും കൊലപാതകവും നടക്കുന്നത്. അത് അവിടെ ഒരു തുടര്‍ക്കഥയാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ പ്രജകളെവേര്‍തിരിച്ച് പരസ്പരം പോരടിപ്പിക്കുന്ന, ദലിതര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും പച്ചയായി നീതിനിഷേധിക്കുന്ന, അവരെ മനുഷ്യരായി പോലും കണക്കാക്കാന്‍ കൂട്ടാക്കാത്ത, പശുക്കള്‍ക്ക് നല്‍കുന്ന പരിഗണനപോലും നല്‍കാത്ത ഒരു ഭരണകൂടത്തിന്റെ കണ്ണില്‍ ദലിത് സ്ത്രീകള്‍ ബലാല്‍സംഗത്തിന് ഇരയാകുന്നതും കൊല്ലപ്പെടുന്നതും ഒരു കുറ്റകൃത്യമേ അല്ല. ഹത്രാസില്‍ ഒരു പശുവായിരുന്നു കൊല്ലപ്പെട്ടിരുന്നതെങ്കില്‍ ഭരണകൂടം നിമിഷങ്ങള്‍ക്കകം'പ്രതികളെ പിടികൂടാന്‍ കല്‍പന പുറപ്പെടുവിക്കുമായിരുന്നില്ലേ? ഒട്ടും വൈകാതെ 'പ്രതി'കളെ പിടികൂടുമായിരുന്നില്ലേ? ഉന്നത ജാതിത്തമ്പുരാക്കന്‍മാര്‍ തന്നെ പ്രതികളെ കല്ലെറിഞ്ഞും അടിച്ചും കൊലപ്പെടുത്തി 'പൊറുക്കാന്‍ പറ്റാത്ത അപരാധ'ത്തിന് ശിക്ഷ നടപ്പിലാക്കുമായിരുന്നില്ലേ?

എന്നാല്‍ പീഡനത്തിന് ഇരയായതും കൊല്ലപ്പെട്ടതും ഒരു 'താഴ്ന്ന ജാതി'യില്‍ പെട്ട പെണ്‍കുട്ടിയാണ്. പ്രതികളാകട്ടെ 'ഉന്നത ജാതി'ക്കാരും! മനുസ്മൃതി പ്രകാരം ബ്രാഹ്മണന്റെ ഏതു തെറ്റും വളരെ നിസ്സാരമാണല്ലോ. ബ്രാഹ്മണന്‍ സ്വയം ഈശ്വരനാണെന്നും അയാളുടെ പൂജയാണ് ഈശ്വരപൂജയെന്നും അയാളുടെ നീതിശാസ്ത്രമാണ് ഈശ്വരന്റെ നീതിശാസ്ത്രമെന്നും അതിന്റെ സംസ്ഥാപനമാണ് മനുഷ്യകര്‍മമെന്നും പ്രഖ്യാപിച്ച ഗോര്‍വാള്‍ക്കറുടെ അനുയായികളുടെ കണ്ണില്‍ അവര്‍ണര്‍ വെറും പുഴുക്കള്‍ മാത്രം. ഹത്രാസില്‍ നടക്കുന്നത് ബ്രാഹ്മണരോടുള്ള വിരോധം തീര്‍ക്കലാണ് എന്ന് കേരളത്തിലെ ഒരു ബിജെപി നേതാവ് പ്രസ്താവിച്ചത് ഇതിനോട് ചേര്‍ത്തുവായിക്കുക.

മരണപ്പെട്ട പെണ്‍കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനോ അവസാനമായി വീട്ടിലെത്തിച്ച് ഒന്നു കാണാനോ പോലും സ്വന്തക്കാര്‍ക്ക് അനുവാദം നല്‍കാതെ പോലീസ് കത്തിച്ചു വെണ്ണീറാക്കിയത് എന്തിനായിരുന്നു? ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടില്ല എന്നതിന് തെളിവുകള്‍ ഉണ്ടാക്കിക്കഴിഞ്ഞു! റീപോസ്റ്റ് മോര്‍ട്ടം നടത്താന്‍ അവസരമുണ്ടായിക്കൂടാ. കത്തിച്ചുകളഞ്ഞാല്‍ പിന്നെന്ത് പോസ്റ്റ് മോര്‍ട്ടം!

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കോ വീടിന്റെ പരിസരത്തിലേക്കോ മാധ്യമപ്രവര്‍ത്തകരെയും പാര്‍ട്ടി നേതാക്കളെയും കടത്തിവിടാതെ യുദ്ധസമാനമായ രീതിയില്‍ പോലീസ് ഇടപെടലുണ്ടായത് എന്തിനായിരുന്നു? എല്ലാറ്റിനും പിന്നില്‍ തയ്യാറാക്കിയ തിരക്കഥയുണ്ട്. ബലാല്‍സംഗം നടന്നിട്ടില്ല എന്ന് എഡിജിപി പ്രഖ്യാപിച്ചു! ഫോറന്‍സിക് അന്വേഷണത്തിലും പ്രാഥമിക മെഡിക്കല്‍ പരിശോധനയിലും പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലും ബലാല്‍സംഗം നടന്നിട്ടില്ല എന്നാണത്രെ വ്യക്തമാക്കുന്നത്!

ഗത്യന്തരമില്ലാതെ അന്വേഷണം സിബിഐക്കു വിട്ടിരിക്കുന്നു. കൂട്ടിലെ തത്തയെന്ന് ഒരിക്കല്‍ സുപ്രീംകോടതിതന്നെ വിശേഷിപ്പിച്ച സിബിഐയുടെ അന്വേഷണഫലം എന്താകുമെന്ന് ഇപ്പോള്‍തന്നെ വ്യക്തമാക്കുന്ന രൂപത്തില്‍ കുറ്റാരോപിതര്‍ നിരപരാധികളാണെന്ന് സിബിഐ തെളിയിക്കുമെന്ന് ബിജെപി നേതാവ് രജ്‌വീര്‍ സിങ് പഹല്‍വന്‍ പറഞ്ഞുവച്ചിരിക്കുന്നു.