കള്ളക്കഥകള്‍ മെനയുന്നവര്‍ ഓര്‍ക്കാനിഷ്ടപ്പെടാത്ത സത്യങ്ങള്‍

പത്രാധിപർ

2020 ഒക്ടോബര്‍ 31 1442 റബിഉല്‍ അവ്വല്‍ 13

ബാബരി മസ്ജിദ് തകര്‍ക്കുക എന്ന നീചകൃത്യം ചെയ്തവരെല്ലാം കുറ്റവിമുക്തരായതിന്റെയും മസ്ജിദ് നിലനിന്നിരുന്ന സ്ഥലം മുഴുവന്‍ ക്ഷേത്രമുണ്ടാക്കാന്‍ അനുവദിച്ചുകിട്ടിയതിന്റെയും സന്തോഷത്തിലാണ് ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയവാദികള്‍. ഇന്ത്യയില്‍ മതേതരത്വവും നാനാത്വത്തില്‍ ഏകത്വവും നിലനിന്നുകാണുവാന്‍ ആഗ്രഹിക്കുന്ന വര്‍ഗീയവാദികളല്ലാത്ത ഭൂരിപക്ഷം ഹിന്ദുക്കളും ഈ സന്തോഷത്തില്‍ പങ്കാളികളല്ല എന്നതാണ് വാസ്തവം.

എന്നാല്‍ 'അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും പട്ടി മുന്നോട്ട്' എന്ന മട്ടില്‍ കാശിയിലും മധുരയിലും മറ്റുമുള്ള പല പള്ളികളും ഇപ്പോഴും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇടയ്ക്കിടെ ഈ അസഹിഷ്ണുതയുടെ വക്താക്കളില്‍ ചിലര്‍ പ്രഖ്യാപിക്കുന്നുണ്ട്. കള്ളക്കഥകള്‍ പ്രചരിപ്പിച്ചും മുസ്‌ലിം ഭരണാധികാരികളുടെ ക്ഷേത്രധ്വംസന കഥകള്‍ ആവോളം തട്ടിവിട്ടും അതിന് കൊഴുപ്പേകാറുണ്ട്. ഭൂതകാലത്തിന്റെ തെറ്റുകള്‍ തിരുത്തുകയും 3000ത്തില്‍ പരം പള്ളികള്‍ തകര്‍ത്ത് ക്ഷേത്രം നിര്‍മിക്കുകയും ചെയ്യുമെന്ന് ബാബരി മസ്ജിദ് തകര്‍ത്ത ശേഷം ഇവര്‍ പ്രഖ്യാപിച്ചത് അന്ന് പത്രവാര്‍ത്തയായി വന്നത് ഓര്‍ക്കുന്നു.

ഒരു രാജ്യത്തിന്റെ ഭരണാധികാരം പിടിച്ചെടുക്കാനും അത് നിലനിര്‍ത്താനും ഇറങ്ങിപ്പുറപ്പെട്ടവരോടൊപ്പം ചേര്‍ന്ന് മുസ്‌ലിം വിരോധം ആവോളം കോരിക്കുടിച്ച് മത്തുപിടിച്ചിരിക്കുന്നവര്‍ ഓര്‍ത്തിരിക്കേണ്ട ചില യാഥാര്‍ഥ്യങ്ങളുണ്ട്. മധ്യകാലഘട്ടത്തില്‍ ഇന്ത്യയിലെ രാജാക്കന്മാരില്‍ അധികവും -ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ഭേദമില്ലാതെ- ഒരുപോലെ നടത്തിയിരുന്ന കാര്യമാണ് ക്ഷേത്രധ്വംസനമെന്നത്. ക്ഷേത്രങ്ങള്‍ സമ്പത്തിന്റെ ഉറവിടങ്ങളും അതിന്റെ സൂക്ഷിപ്പുകേന്ദ്രങ്ങളുമായിരുന്നു എന്നതാണ് അതിന്റെ പ്രധാന കാരണം. സാമൂഹ്യ ചൂഷണത്തിന്റെ നീക്കിയിരിപ്പ് സുരക്ഷിതമായി സൂക്ഷിച്ചുവെക്കാന്‍ സവര്‍ണരും നാടുവാഴികളും ക്ഷേത്രങ്ങള്‍ തെരഞ്ഞെടുത്തതാണ് അവയെ അക്രമിക്കുവാന്‍ രാജാക്കന്‍മാരെ പ്രേരിപ്പിച്ചത്. സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ള ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും ഒഴികെയുള്ളവര്‍ക്ക് ക്ഷേത്രാരാധനയ്ക്ക് അനുമതി കൊടുക്കാതിരുന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കാശ്മീരിലെ ഹര്‍ഷദേവന്‍ എന്ന ക്ഷത്രിയ രാജാവ് നിയമിച്ച 'ദേവോത്പന്ന നായകന്മാര്‍' എന്ന ഉദ്യോഗസ്ഥരുടെ ജോലി ദേവന്മാരെ, അതായത് വിഗ്രഹങ്ങളെ തകര്‍ക്കുക എന്നതായിരുന്നുവത്രെ! ആവശ്യമുള്ളപ്പോള്‍ ഇവര്‍ ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും സമ്പത്ത് അപഹരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയൊട്ടാകെ ആയിരക്കണക്കിന് ബുദ്ധ, ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്ത ഹിന്ദുരാജാക്കന്മാരുടെ വിവരങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്.

മംഗോളിയര്‍ മധ്യേഷ്യയിലെ മുസ്‌ലിം പള്ളികള്‍ തകര്‍ത്തത് അധിനിവേശ താല്‍പര്യത്താലായിരുന്നു. മധ്യകാലത്ത് ക്ഷേത്രധ്വംസനം അധികാരം പിടിക്കലിന്റെ ഭാഗമായിരുന്നതുപോലെ ആധുനിക കാലത്ത് ഈ ധ്വംസന കഥകള്‍ ഉപയോഗിച്ച് അധികാരം പിടിക്കാനും കിട്ടിയത് നിലനിര്‍ത്താനുമുള്ള കുറുക്കുവഴി തേടുകയാണ് ഹിന്ദുത്വ തീവ്രവാദികള്‍.

ഇന്ത്യയില്‍ ഇനി ഒരു ആരാധനാലയവും തകര്‍ക്കപ്പെട്ടുകൂടാ. ഒരു വിഭാഗവും മറ്റൊരു വിഭാഗത്തിന്റെ ആരാധനാലയത്തിന്റെ മേല്‍ അവകാശവാദം ഉന്നയിച്ചുകൂടാ. അതിനായി ആരുതന്നെ തുനിഞ്ഞിറങ്ങിയാലും അവരെ കൈകാര്യം ചെയ്യാനുള്ള ആര്‍ജവം ഭരണകൂടങ്ങള്‍ കാണിക്കണം.