പുറത്തിറങ്ങുന്നവരും 'പുറത്ത്' അടിക്കുന്നവരും

പത്രാധിപർ

2020 ഏപ്രില്‍ 11 1441 ശഅബാന്‍ 18

നിയമങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്; നിയമലംഘകര്‍ക്കും. നിയമങ്ങള്‍ അപ്പടി അനുസരിക്കാനുള്ളതല്ലെന്നും നിയമങ്ങള്‍ നിയമങ്ങളുടെ വഴിക്കും നമ്മള്‍ നമ്മുടെ വഴിക്കും പോകട്ടെ എന്നുമാണ് ചിലരുടെയെങ്കിലും മനോഗതി. നിയമങ്ങള്‍ പാലിക്കേണ്ടവരും നടപ്പിലാക്കേണ്ടവരും തന്നെ നിയമം ലംഘിക്കുന്നത് കാണുന്നവര്‍ ഇങ്ങനെ ചിന്തിക്കുന്നുവെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ. കൈക്കൂലി ചോദിക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമാണെന്ന് എഴുതിവച്ചതിനു താഴെ ഇരിക്കുന്ന ഉദേ്യാഗസ്ഥന്‍, തന്നെ സമീപിക്കുന്ന സാധാരണക്കാരനോട് അവന്റെ ആവശ്യം നടത്തിക്കൊടുക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടാല്‍ അവന്റെ കണ്ണില്‍ ആ നിയമത്തിന് എന്തുവില? ഇങ്ങനെ നിയമങ്ങളെക്കാള്‍ നിയമലംഘനം കണ്ടുമടുത്ത മലയാളികളുടെ മുന്നിലാണ് വഴിതടസ്സപ്പെടുത്തുന്ന രൂപത്തില്‍ ലോക്ക്ഡൗണ്‍ എന്ന വലിയ കല്ല് കൊണ്ടുവന്ന് ഇട്ടിരിക്കുന്നത്.

പറഞ്ഞുവരുന്നത് കൊറോണക്കാലത്തെ അനുസരണക്കേടുകളെക്കുറിച്ചാണ്. കേരളസര്‍ക്കാര്‍ ഏതാനും ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ 21 ദിവസത്തെ അടച്ചിടല്‍ പ്രഖ്യാപിച്ചത്! മലയാളികള്‍ പ്രബുദ്ധരും സാക്ഷരരുമാണ്. കാര്യം പറഞ്ഞാല്‍ തിരിയും. അതുകൊണ്ട് തന്നെ ഈ കല്‍പന ലംഘിക്കാനുള്ളതല്ലെന്നും തങ്ങളുടെയും രാജ്യത്തിന്റെയും നിലനില്‍പിനാണെന്നും അവര്‍ മനസ്സിലാക്കി. സാധ്യമാകുന്നത്ര വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടാന്‍ തയ്യാറായി. അപവാദമില്ലാതില്ല; അവരുടെ എണ്ണം തുലോം കുറവാണ്.

130 കോടി മനുഷ്യരില്‍ ഒരാളും വീട്ടില്‍നിന്ന് പുറത്തിറങ്ങാത്ത ഒരു ദിവസം എന്നത് പോകട്ടെ ഒരു മിനുട്ടെങ്കിലും ഉണ്ടാകുക എന്നത് അസംഭവ്യമാണ്. അപ്പോള്‍ പിന്നെ 21 ദിവസമോ? അങ്ങനെയൊരു നിര്‍ദേശം ഉണ്ടായിട്ടുമില്ല. കഴിയാവുന്നത്ര വീടുകളില്‍ ഒതുങ്ങിക്കൂടുക, ഇടകലരല്‍ ഒഴിവാക്കുക, അത് വൈറസ് വ്യാപനത്തെ തടയും. അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകേണ്ട എന്ന കല്‍പനയൊന്നുമുണ്ടായിട്ടില്ല.

അവശ്യവസ്തുക്കള്‍ വാങ്ങുവാനും ചികിത്സാര്‍ഥവും പുറത്തിറങ്ങേണ്ടി വരും. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും പോലീസുകാരുമൊക്കെ കഠിനമായി അദ്ധ്വാനിക്കുന്നത് സമൂഹത്തിന്റെ രക്ഷക്കു വേണ്ടിയാണ്. പൊരിവെയില്‍ വകവെക്കാതെ, കടകള്‍ തുറക്കാത്തതിനാല്‍ ചായയോ വെള്ളമോ പോലും ലഭിക്കാത്ത ചുറ്റുപാടില്‍ പൊലീസുകാര്‍ അനാവശ്യമായി ചുറ്റിക്കറങ്ങാനിറങ്ങുന്നവരെ തടഞ്ഞുനിര്‍ത്തി തിരിച്ചയക്കുന്നതും അടികൊടുത്ത് പിന്തിരിപ്പിക്കുന്നതും രാജ്യത്തിന്റെ രക്ഷയ്ക്ക് കൂടിയാണ്.

ലാത്തികൊണ്ട് പ്രഹരിക്കുവാനുള്ള അവകാശം ഏതൊക്കെ സന്ദര്‍ഭങ്ങളിലാണ് പോലീസിനുള്ളത് എന്ന നിയമപരമായ പ്രശ്‌നത്തിലേക്ക് പോകുന്നില്ല. എന്നാല്‍ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി പുറത്തിറങ്ങുന്നവരെ എന്തിന് പോകുന്നു എന്ന് ചോദിക്കാന്‍ പോലും നില്‍ക്കാതെ, അവര്‍ക്ക് എന്തെങ്കിലും ഉരിയാടാനുള്ള സമയം നല്‍കാതെ ലാത്തികൊണ്ട് പുറത്ത് പ്രഹരിക്കുന്നത് ന്യായീകരിക്കാവതല്ല. ന്യായമായ കാര്യങ്ങള്‍ക്ക് വേണ്ടി പുറത്തിറങ്ങാം എന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് പച്ചക്കറിയോ അരിയോ മരുന്നോ മറ്റോ വാങ്ങാന്‍ വേണ്ടി പുറത്തിറങ്ങുന്നത്. സാധനങ്ങളൊന്നും വാങ്ങാതെ അടിയേറ്റ് തിണര്‍ത്ത പാടുകളുമായി വേദനകടിച്ചുപിടിച്ച് വീട്ടില്‍ തിരിച്ചെത്തുന്ന യുവാക്കളുടെയും അവരുടെ മാതാപിതാക്കളുടെയും ഭാര്യമാരുടെയുമൊക്കെ മാനസികാവസ്ഥ മനസ്സിലാക്കാതെ പോകരുത്.

മനുഷ്യത്വത്തിന് മുന്‍തൂക്കം നല്‍കുക; നിയമപാലകരും ജനങ്ങളും. അപ്പോള്‍ ആരും അനാവശ്യമായി പുറത്തിറങ്ങില്ല. അനാവശ്യമായി നിയമപാലകര്‍ ആരെയും വേദനിപ്പിക്കുകയുമില്ല.